Monday, September 9, 2019

ഭാഷയും മനുഷ്യരും സമൂഹവും


മനുഷ്യൻ ജീവിക്കുന്നത് ഓർമ്മകളിൽ കൂടിയും വാക്കുകകളിൽ കൂടിയുമാണ് .വാക്കുകൾ വാചകങ്ങളും വാചകങ്ങൾ ചിട്ടപ്പെടുത്തി ഓർമ്മയിൽ നിന്ന് ആവശ്യങ്ങളും ആശയങ്ങളും ചിന്തകളും പരസ്പരം മനുഷ്യർ തമ്മിൽ പറഞ്ഞും അറിഞ്ഞും വിനിമയം ചെയ്യുന്ന മസ്തിഷ്‌ക ക്ഷമതയെയാണ് നമ്മൾ ഭാഷയെന്നു വിളിക്കുന്നത് . മനുഷ്യനെ ഒരു സാമൂഹിക ജീവിയായി ജീവിക്കുവാനും അടയാളപ്പെടുത്തുവാനും ഭാഷയെല്ലെങ്കിൽ അസാധ്യമാണ് .
വാക്കും നാക്കും പിന്നെ തലച്ചോറിലെ ജൈവീക ക്ഷമതക്കാവശ്യമായ ഓർമ്മകളെ ആശ്രയിച്ചിരിക്കും .എനിക്ക് ചക്കപ്പഴം ഇഷ്ടമാകുന്നത് ഞാൻ ട്രോപ്പിക്കൽ പ്രദേശത്തു ജനിച്ചു അത് രുചിച്ചു അതിന്റ രുചിയും മണവും ഓർമ്മയിൽ ഒരു മെമ്മറി ചിപ്പായി മാറിയത് കൊണ്ടാകാം .യൂറോപ്പിൽ ഉള്ളയൊരാൾക്ക് അത് ആപ്പിളിന്റെ രുചിയാകാം .ചുരുക്കത്തിൽ രുചി മുകളുങ്ങളും വാക്കുകളും അതിന്റ അർത്ഥ വ്യൂഹങ്ങളും എല്ലാം തലച്ചോറിൽ പതിപ്പിച്ചു വച്ചിരിക്കുന്ന ഓർമ്മയുടെ ഓളങ്ങളാണ് . മനുഷ്യന്റ തലച്ചോറിൽ അങ്ങനെ അനുദിനമുണ്ടാകുന്ന ഓർമ്മയുടെ ഓളങ്ങളെയാണ് മനസ്സ് എന്ന് പൊതുവെ പറയുന്നത് . മനസ്സിലായോ എന്ന് ചോദിക്കുന്നത് കേട്ടത് മനസ്സിലുള്ള വാക്കുകളുടെ ഓർമ്മകളുമായോ താദാത്മ്യം പ്രാപിച്ചോ എന്നാണ് .
ഭാഷ ശാസ്ത്രത്തിൽ ഇതിനെകുറച്ചു പ്രതിപാദിച്ചിട്ടുണ്ട് .നോം ചോംസ്കിയുടെ പ്രധാനപെട്ട ഒരു പുസ്തകമാണ് ഭാഷയും മനസ്സും എന്നത് language and mind .അദ്ദേഹം language competence and performance എന്നതിനെകുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട് . എന്നാൽ ഡെൽ ഹിംസ് ഉപയോഗിക്കുന്ന കമ്മ്യുണിക്കേറ്റിവ് കോമ്പിറ്റെൻസ് (ഭാഷ വിനിമയ ക്ഷമത ) എങ്ങനെയാണ് ഭാഷയിലൂടെ ആവശ്യങ്ങളുടെയും ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും ഓർമ്മകളുടെയും സാമൂഹികവൽക്കരണം നടക്കുന്നത് എന്ന് വിവരിക്കുന്നുണ്ട് .അതിനെ അധികരിച്ചാണ് സ്പീച് കമ്മ്യുണിറ്റി അഥവാ സംസാര സമൂഹം എന്ന ആശയം ഉന്നയിച്ചത് .
ഭാഷയാണ് നമ്മൾ ഓരോരുത്തരെയും ഒരു സമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണി . ഓർമ്മകളിലൂടെയും ഭാഷയിലൂടെയാണ് നമ്മൾ ഓരോരുത്തരും ജനിക്കുന്നതും ജീവിക്കുന്നതും പ്രവർത്തിക്കുന്നതും മരിക്കുന്നതും . അർത്ഥവും അനർത്ഥവും ആചാരങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം ഓർമ്മകളും മനസ്സും വാക്കും വിനിമയങ്ങളാകുന്നത് മനുഷ്യരിലൂടെയാണ് .അത് ജൈവീകമാണ് .അത്‌കൊണ്ട് തന്നെ അതിനെ ദൈവീകമെന്നും പറയാറുണ്ട് . ആദിയിൽ വാക്കുണ്ടായിരുന്നു .വാക്ക് ദൈവത്തോട് കൂടെയായിരുന്നു .വാക്ക് ദൈവമായി എന്ന് പറയുന്നത് വാക്കില്ലേൽ മനുഷ്യന് ദൈവത്തെകുറിച്ച് പോലും ചിന്തിക്കാനാകില്ല .
ഭാഷ രാഷ്ട്രീയമാണ് .ദേശീയ അസ്തിത്വ അടയാളമാണ് . ഹിന്ദി ഇന്ന് അധികാര ചിഹ്നമാണ് .ഇരുനൂറ് കൊല്ലം മുമ്പ് അല്ലായിരുന്നു .ദേവ് നാഗരി(ആ 'ദേവ ' എന്നതും 'നാഗരി ' എന്നതും രാഷ്ട്രീയ വാക് പ്രായഗങ്ങളാണ് ) ഉപയോഗിക്കുന്ന ഹിന്ദിയും അറബിക് /പേർഷ്യൻ ലിപി ഉപയോഗിക്കുന്ന ഉർദുവും തമ്മിൽ സംസാര ഭാഷയിൽ വ്യതാസം അധികമില്ലാത്തതു കൊണ്ട് രണ്ടു കൂട്ടർക്കും മനസ്സിലാകും .പക്ഷെ അവയുടെ രാഷ്ട്രീയം ഇന്ത്യയും പാകിസ്താനും പോലെ വ്യത്യസ്തമാണ്. ഭാഷയുടെ രാഷ്ട്രീയവും രാഷ്ട്രീയ അധികാരത്തിന്റെ ഭാഷയെയും കുറിച്ച് ജോഷ്വാ ഫിഷ്മാൻ വിശദമായി ഗവേഷണം ചെയ്ത് എഴുതിയിട്ടുണ്ട് .
അത് കൊണ്ട് തന്നെ മനുഷ്യന്റ അസ്തിത്വത്തിന്റെ അടയാളമാണ് ഭാഷ .ഭാഷയില്ലെങ്കിൽ മനുഷ്യരില്ല. അത് കൊണ്ട് തന്നെ ഭാഷയിലൂടെയാണ് നമ്മൾ മനുഷ്യരും സമൂഹവും രാഷ്ട്രവും ലോകവുമൊക്കെയാകുന്നത് .ഭാഷയിലൂടെയും സമൂഹവും അറിവും തിരിച്ചറിവും ശാസ്ത്രവും സാഹിത്യവും മതങ്ങളും ചരിത്രവും രാഷ്ട്രീയവും എല്ലാം മനസ്സിൽ ഓർമ്മകളുടെ ഓളങ്ങളായി നിരന്തരം ഒഴുകി കൊണ്ടിരിക്കുന്നത് .
ഭാഷയാണ് നമ്മൾ ഓരോ രുത്തരെയും അടയാളപ്പെടുത്തുന്നത് .ഒരു മനുഷ്യന് അടിസ്ഥാന തിരിച്ചറിയൽ സ്വത്വം പേര് എന്നത്തിലൂടെയാണ് .ഒരാൾ കൃഷ്ണനോ , അയ്യപ്പനോ , സിദ്ധാർത്ഥനോ , മുരളിയോ മുഹമ്മദോ മാർട്ടിനോ , മാലതിയോ , വത്സലയോ , വത്സലനോ ഒക്കെയാകുന്നത് ഭാഷയിലെ വാക്കുകളിൽ കൂടിയാണ് .സത്യത്തിൽ നാമോരുത്തരും ജനിപ്പിച്ചവർ ചാർത്തി തരുന്ന ഓരോ വാക്കുകളാണ് .പേര് എന്ന വക്കിലൂടെയാണ് നമ്മൾ സാമൂഹിക ജീവിയായി മാറുന്നത് .നമ്മുടെ ലിംഗം , ജാതി , മത , ഭാഷ അടയാളങ്ങൾ എല്ലാം തുടങ്ങുന്നത് ഒറ്റ വാക്കായ ഒരു പേരിൽ നിന്നാണ് .ആ പേരിൽ ജനിച്ചു ഭോഗിച്ചും ഉപഭോഗിച്ചും ചിരിച്ചും കരഞ്ഞും സന്തോഷിച്ചും സങ്കടപെട്ടും സൃഷ്ടിച്ചും അസൂയപ്പെട്ടും സ്നേഹിച്ചും ദ്വേഷിച്ചും മരിക്കുന്നതും ആ പേരിലാണ് .പേരിലാണ് സ്വത്വവും സത്വ ബോധവും രാഷ്ട്രീയവും തുടങ്ങുന്നത് .ഭാഷയിലൂടെയാണ് അധികാരമാളുന്നത് .ഭാഷ ചിട്ടപ്പെടുത്തി വരുതിയിലാക്കിയ പുരുഷന്മാർ അവരുടെ പുരുഷ മേധാവിത്തം നടത്തിയതും ഭാഷ അധികാര ചിഹനമായി ഉഒയോഗിച്ചാണ് .
ഭാഷ ജീവിതമാണ് .ഭാഷ സാമൂഹികമാണ് .ഭാഷ സ്വതമാണ് സ്വത ബോധമാണ് .അത് കൊണ്ട് ഭാഷ രാഷ്ട്രീയമാണ് .വാക്കുകളെയും വാചകങ്ങളെയും അർത്ഥങ്ങളേയും വ്യാകരഞങ്ങളെയും ചിട്ടപ്പെടുത്തി മാനനീയ ഭാഷനിർമ്മിച്ച് അതിലൂടെ അറിവുകളെയും ശാസ്ത്ര സാഹിത്യ സാങ്കതിക വിവരങ്ങളെയെയും വരുതിയിൽ നിർത്തിയാണ് അധികാരവും അധികാര ഘടനകളും അതിനെ സാധൂകരിക്കുന്ന വിശ്വാസങ്ങളും അത് നിലനിർത്താൻ ഭരണ ക്രമങ്ങളുമുണ്ടാക്കുന്നത് .ഭാഷയിലൂടെടെയുള്ള വിനിമയങ്ങൾ നിയന്ത്രിച്ചു മനിഷ്യനെ വരുതിയിൽ നിർത്താനാണ് മതങ്ങളും വിശ്വാസങ്ങളും അതിന്റ തുടർച്ചയായ രാഷ്ട്രീയ അധികാര ഘടനകളും ചരിത്രത്തിൽ ഉണ്ടായത് .
അങ്ങനെയാണ് ദേവ ഭാഷയും അടിമ ഭാഷയും ദൈവീക ഭാഷയും അധിനിവേശ മാനനീയ ഭാഷയുമുണ്ടായത് . അതു കൊണ്ട് തന്നെ എന്ത് എങ്ങനെ സാഹിത്യവും സംസ്കാരവും ആകുന്നു എന്നതും ഭാഷയിലൂടെയുള്ള അധികാര പ്രയോഗങ്ങളാണ് .അതി കൊണ്ട് തന്നെ അധികാര ഭാഷകളെയും അധികാരത്തിന്റെ ഭാഷയും അട്ടിമറിച്ചാണ് ഇപ്പോഴും ബദൽ രാഷ്ട്രീയവും അധികാരവും ഉണ്ടാകുന്നത് .അങ്ങനെയാണ് ബുദ്ധനും യേശുവും മൊഹമ്മദ് നബിയും അധികാര ഭാഷയെ അട്ടിമറിച്ചത് .പക്ഷെ അതെ വിശ്വാസങ്ങൾ ഭാഷയിലൂടെ വ്യവസ്ഥവൽക്കരിക്കപ്പെടുമ്പോൾ അത് വീണ്ടും അധികാര ഭാഷയും അധികാരത്തിന്റെ ഭാഷയുമാകും ..
ഇന്ന് കേരളം എന്ന് പറയുന്ന സ്ഥലത്തു ഒരു ഇരുന്നൂറ് കൊല്ലത്തിന് മുമ്പുള്ള അധികാര ഭാഷ മലയാളമല്ലായിരുന്നു .അത് തിരുവിതാംകൂറിൽ തമിഴായിരുന്നു .മറാത്തി വരെ ഉപയോഗിച്ചിട്ടുണ്ട് .പിന്നെ ഇഗ്ളീഷ് .കാരണം അധികാര വിനിമയും സാമ്പത്തിക വിനിമയവും ഭാഷ വിനിമയത്തിന്റെ അധികാര ഭാവങ്ങളാണ് .ഈ രണ്ടു വ്യവസ്ഥകളുമാണ് ഭാഷയിലൂടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകളെ നിയന്ത്രിക്കുന്നത് . ഭാഷ പഠിപ്പിച്ചു ചിട്ടപ്പെടുത്തി മനുഷ്യനെ വിലയിരുത്തി വില കൊടുത്ത വാങ്ങി ആ വ്യവസ്ഥക്കു വേണ്ടി പണിയെടുത്തു പ്രവർത്തികാർ ആകുന്നതിനെയാണ് ജോലി എന്ന് പറയുന്നത് .
അത് കൊണ്ട് തന്നെ ഭാഷ വിദ്യാഭാസം സമ്പത് വ്യവസ്ഥയിലും പിന്നെ സർക്കാർ വ്യവസ്ഥയിലും ജോലിഎടുക്കാൻ ഉള്ള ആളുകളെ സൃഷിട്ടിക്കുന്നതിന് വേണ്ടിയാണ് പത്തൊമ്പതാം നൂറ്റാണ്ടു മുതൽ വ്യാപകമായി പൊതു വിദ്യാഭ്യസമുണ്ടായത് .മക്കളേ വരുന്നതിന് മുമ്പ് ഇന്ത്യയിലെ അധികാര ഭാഷ പേർഷ്യനായിരുന്നു
ഭാഷ മാറി ക്കൊണ്ടേയിരിക്കും .മനുഷ്യൻ ഭാഷയെ മാറ്റുന്നത് അനുസരിച്ചു ഭാഷ മാറും .ഭാഷ മാറുന്നത് അന്യസരിച്ചു മനുഷ്യനും മാറും .സാങ്കതിക വിദ്യ മാറുന്നത് അനുസരിച്ചു മനുഷ്യനും ഭാഷയും വിനിമയവും പിന്നെ സമൂഹവും മാറും .ഇതെല്ലാം മാറിയാൽ രാഷ്ട്രീയവും മാറും .
അത് കൊണ്ട് പി എസ് സി മസിൽ പിടിക്കാതെ മലയാളത്തിൽ കൂടി പരീക്ഷ എഴുതാൻ അവസരം കൊടുത്താൽ അത് വച്ച് മലയാള ഭാഷ അറിയാവുന്നവർക്ക് ജോലിക്ക് അവസരം കിട്ടും .
എന്നാൽ സാമ്പത്തിക വ്യവസ്‌ഥ ടെക്നൊലെജി മാറുന്നത് അനുസരിച്ചു ഭാഷയും ജോലിയും ശമ്പളവും എല്ലാം മാറും .മലയാളത്തിൽ ജനിച്ചു ജീവിച്ചു പഠിച്ച ഞാൻ ഇഗ്ളീഷ് പഠിച്ചത് ലോക സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയിൽ ജീവിക്കാനാണ് .കാരണം വളരെ സിംപിൾ .ഒരു ഡോളർ 70 രൂപ .ഇന്ന് അമേരിക്കൻ ഡോളറാണ് കാര്യം .നാളെ ഇന്ത്യൻ രൂപ ലോക കറൻസിയായാൽ ഒരുപാട് പേര് ഹിന്ദി പഠിക്കും .ഇപ്പോൾ തന്നെ ഒരുപാട് ആളുകൾ ചൈനീസ് പഠിക്കാൻ തുടങ്ങി .
ചുരുക്കത്തിൽ ഭാഷ കാര്യത്തിൽ കുറെ പേർ മസിലു പിടിച്ചിട്ടു കാര്യമില്ല .ഭാഷയും മനുഷ്യനും മാറി കൊണ്ടേയിരിക്കും .സാങ്കതിക വിദ്യയും സാമ്പത്തിക വ്യവസ്ഥയും അന്യസരിച്ചു ഭാഷയുടെ പൊളിറ്റിക്കൽ ഇക്കോണോമിയും ഭാഷയും മാറിക്കൊണ്ടേയിരിക്കും .
ജെ എസ് അടൂർ
9-9-19

No comments: