സോഷ്യൽ മീഡിയ പലപ്പോഴും ഒരു മാറ്റൊലി മാധ്യമമാണ്. പ്രതിധ്വനി പൂരിതമായ എക്കോ ചേംബർ. പലപ്പോഴും വിർച്വൽ റിയാലിറ്റി കാട്ടി തരുന്ന പലതും അടിസ്ഥാന തലങ്ങളിൽ നടക്കുന്ന കാര്യങ്ങളെ പലതും skewed representation ആയി കാണിക്കും.
ഉദാഹരണത്തിന് കഴിഞ്ഞ പ്രളയകാലത്ത് പെട്ടന്ന് സോഷ്യൽ മീഡിയയിൽ പാനിക് പരന്നു. കാരണം പെട്ടന്ന് പത്തനംതിട്ട ജില്ലയുടെ ചില ഭാഗങ്ങളിയിലെ വീടുകളിൽ വെള്ളം കയറി. അവിടെ പലപ്പോഴും പ്രായമുള്ളവർ താമസിക്കുന്നിടത്തു അവരുടെ മക്കളും കൊച്ചു മക്കളും ഇന്ത്യയിലെയോ വിദേശത്തെയോ മെട്രോ നഗരങ്ങളിൽ നവ മാധ്യമങ്ങളിൽ സജീവമായിരുന്നു. അവരിൽ ഒരാൾ please rescue so and so at so and so village, എന്നു ഫേസ് ബുക്കിലോ വാട്സ്ആപ്പിലോ ഇട്ടപ്പോൾ അത് നൂറു പേർ ഷെയർ ചെയ്തു. അങ്ങനെ പത്തു പേർ വീട്ടിൽ കുടുങ്ങി കിടന്നപ്പോൾ ഇവിടെ ആയിരം പേര് കുടുങ്ങി എന്നു തോന്നും. കാരണം ആയിരം പേര് അത് ഷെയർ ചെയ്തു. ഈ പത്തു പേര് സുരക്ഷിതമായിട്ടും ആ പോസ്റ്റുകൾ വീണ്ടും വീണ്ടും കറങ്ങി പാനിക് വർധിപ്പിച്ചു. ചെങ്ങന്നൂർ എം എൽ എ യുടെ ടി വി കരച്ചിലും കൂടെയായപ്പോൾ സോഷ്യൽ മീഡിയയിൽ പാനിക് കൂടി ഇന്ത്യൻ പട്ടാളത്തെ മാത്രമല്ല വിദേശ പട്ടാളത്തെ വേണം എന്നു ആളുകൾ പരിഭ്രാന്തിയിൽ പറഞ്ഞു. അവസാനം നമ്മുടെ സ്വന്തം സഹോദരങ്ങൾ തീരദേശത്തു നിന്നും ബോട്ടിറക്കി രണ്ടു ദിവസം കൊണ്ടു പ്രശ്നം പരിഹരിച്ചു.
അത് പോലെ ഏതോ ചില എമണ്ടൻ കക്ഷി തെക്കന്മാർ മലബാറിൽ ഒന്നും ചെയ്യുന്നില്ല എന്നു ഒന്നാം ദിവസം ഒരു നിലവിളി പോസ്റ്റിട്ടു. അത് കുറെ പേർ ഷെയർ ചെയ്തു. അത് ഏറ്റുപിടിച്ചു കാര്യ വിവരം ഇല്ലാതെ കുറെ പോസ്റ്റുകൾ വന്നപ്പോൾ സത്യത്തിൽ പത്തു പേർ പറഞ്ഞ കാര്യങ്ങൾ 'പൊതു വികാര' മായി സമൂഹ മാധ്യമങ്ങളിൽ പ്രതിധ്വനിയോട് കൂടി എക്കോ ചേമ്പർ മാറ്റൊലിയായി. അപ്പോൾ അതിന് ബദലായി തെക്കു നിന്ന് സ്മാർട്ട് റെസ്പോൺസ് വന്നു. ഇപ്പറയുന്ന ഞാനടക്കം എഴുതി.
സത്യത്തിൽ അടിസ്ഥാന തലത്തിൽ കേരളത്തിലെ എല്ലാം ജില്ലകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘടനകളും രണ്ടാം ദിവസം മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാധനങ്ങൾ അയച്ചു കൊടുത്തു. അടൂരിൽ നിന്നും, പത്തനംതിട്ടയിൽ നിന്നും തിരുവല്ലയിൽ നിന്നും അങ്ങനെ പോയി എന്ന് നേരിട്ട് അറിയാം. അത് പോലെ പല ജില്ലകളിൽ നിന്നും. എന്നാൽ അവയൊന്നും സോഷ്യൽ മീഡിയയിൽ ലൈവ് ഇടാൻ അവർക്കു സമയം കിട്ടിയില്ല. പൈസയും സാധനങ്ങളും കൊടുത്തത്ത് സാധാരണക്കാരാണ്. ആയിരക്കണക്കിന് ആളുകൾ. പക്ഷെ അവർ സോഷ്യൽ മീഡിയയായിൽ ലൈവ് ആയില്ല.
അത് കൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ലോറി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്റ പടമിട്ടവരും സജീവമായി ചില സ്ഥിതി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തവരും കാരണം ആണ് ഇതെല്ലാം സംഭവിച്ചത് എന്ന ധാരണ പരന്നു. അങ്ങനെ സോഷ്യൽ മീഡിയ പ്രെസെൻസ് ഉള്ളവർ അവിടെ സജീവമായവർ ഹീറോകളായി. അവിടെ അനുദിനം ദുരന്ത നിവാരണ വിർച്വൽ ഉപദേശം നൽകുന്നവർ, അത് സാമാന്യ വിവരങ്ങൾ ആണെങ്കിൽ പോലും ഉടനടി ദുരന്ത നിവാരണ വിദഗ്ദ്ധരായി. ഈ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നവ മാധ്യമങ്ങളും സർക്കാർ ലോയലിസ്റ്റുകളും സർക്കാർ വിരോധികളും പാർട്ടി നോക്കി വീട്ടിൽ സുഖമായിരുന്നു മൊബൈൽ കുത്തി കളിച്ചു വിർച്വൽ വാർ ഗെയിമിൽ അഭിരമിച്ചു.
എന്നാൽ കഴിഞ്ഞ ചില ദിവസങ്ങളായി അടിസ്ഥാന തലത്തിൽ രാപകൽ ദുരിത്വാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന പഞ്ചയത് മെമ്പർമാരും വൊലെന്റിയർമാർക്കും സോഷ്യൽ മീഡിയ നോക്കുവാനോ അതിൽ പോസ്റ്റാനോ ലോറി ലൈവ് ആയി പോസ്റ്റാനോ സമയം ഇല്ലായിരുന്നു. അവർ കടകളിലും വീടികളിലും കയറിയത് ലൈവ് ഇട്ടില്ല. അത് കൊണ്ടു തന്നെ സമൂഹ മാധ്യമങ്ങൾ അവരെ കണ്ടില്ല.
കഴിഞ്ഞ പ്രളയ സമയത്ത് എന്റെ ഇരുപതോളം സഹപ്രവർത്തകർ രാ പകൽ ദുരിത്വാശ്വാസ പ്രവർത്തങ്ങളിലായിരുന്നു. എന്നാൽ അത് സോഷ്യൽ മീഡിയയിലോ പത്ര മാധ്യമങ്ങളിലോ കൊടുക്കണ്ട എന്നായിരുന്നു തീരുമാനം. അതിന് മോറൽ കാരണങ്ങൾ ആയിരുന്നു പ്രധാനം.
ചുരുക്കത്തിൽ സോഷ്യൽ മീഡിയക്ക് അപ്പുറം ഒരു ലോകം ഉണ്ട്. അവിടെ ഈ ലോറിയിൽ വടക്കോട്ട് അയച്ചു സാധനങ്ങൾ എല്ലാം കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ കൊടുത്താണ്. അവിടെയുള്ള നൂറു കണക്കിന് സാധാരണക്കാർ കൊടുത്ത ദുരന്തം മുഖത്തെ മാനവിക ഐക്യ ദാർഢ്യമാണ്. അവർ കൊടുത്തത് സോഷ്യൽ മീഡിയയിൽ ഫ്ലാഗ് ഓഫ് ചെയ്തും തിരുവനന്തപുരത്തു കാർക്ക് കോഴിക്കോറ്റ്കരോടുള്ള ഐക്യം ദാർഢ്യം കാണിച്ചത് നല്ല കാര്യം. അങ്ങനെയുള്ള ഒരുപാടു ഐക്യദാർഢ്യങ്ങൾ ഗ്രാമങ്ങളിലും മറ്റു ജില്ലകളിലും ഉണ്ടെന്നും ഫേസ് ബുക്കിൽ കാണാത്ത പല റിയൽ ഹീറോകളും പല പട്ടണങ്ങളിലും നഗരങ്ങളിലും ഉണ്ട്.
ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇൻവിസിബിൾ ആയ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർക്കും പഞ്ചായത്തു പ്രതിനിധികൾക്കും ഒരു സല്യൂട്ട്.
ജേ എസ് അടൂർ
ഓഗസ്റ് 15, 2019
No comments:
Post a Comment