Monday, August 26, 2019

ആർക്ക് വേണ്ടിയാണ് നിയമം?

ആർക്ക് വേണ്ടിയാണ് നിയമം?
ഇന്ത്യൻ ഭരണഘടനയിൽ അടിസ്ഥാന അവകാശങ്ങളിൽ പ്രധാനം ആർട്ടിക്കിൾ 14 ആണ് നിയമത്തിനു എല്ലാവർക്കും തുല്യത ഉറപ്പ് വരുത്തുന്നു. ഇവിടെ ഏറ്റവും കൂടുതൽ ലംഘിക്കപ്പെടുന്ന അവകാശമിതാണ്.
ഒരു രാജ്യത്തെ റൂൾ ഓഫ് ലോ എന്നു പറയുന്നത് ആ രാജ്യത്തിലെ സമൂഹത്തിൽ ഉള്ള ഓരോരുത്തരും എങ്ങനെ പാലിക്കുന്നു എന്നുള്ളതാണ്. ഓസ്ലോയിൽ ജീവിക്കുമ്പോൾ കണ്ട ചില കാര്യങ്ങളുണ്ട്. രാത്രി പന്ത്രണ്ടു മണിക്ക് റോഡ് വിജനമാണെങ്കിലും അവിടുത്തുകാർ റോഡ് മുറിച്ചു കടക്കാൻ ഉള്ള ഗ്രീൻ സിഗ്നലിന് കാത്തു നിൽക്കും. ക്ഷമയോടെ. കാരണം ഒന്നാം ക്ലാസ് തൊട്ട് പഠിപ്പിക്കുന്ന കാര്യമാണ്. അവിടെ മിക്കവാറും ലൈറ്റും തെക്കും വടക്കും നോക്കാതെ റോഡ് മുറിച്ചു കടക്കുന്നത് സൌത്ത് ഏഷ്യയിൽ നിന്നോ ആഫ്രിക്കയിൽ നിന്നോ ഒക്കെ അവിടെ വന്നു താമസിക്കുന്നവർ. കാരണം നമ്മൾ പഠിച്ചത് അതാണ്. അവിടെ ചെന്ന് ഒരു മാസം എടുത്തു അവിടുത്തെ ശീലം പഠിക്കാൻ.
ഞാൻ സ്ഥിരം യാത്ര ചെയ്യുന്ന റോഡാണ് തിരുവനന്തപുരം അടൂർ എം സി റോഡ്. അവിടെ മാക്സിമം അനുവദിക്കപ്പെട്ട സ്പീഡ് 80 കിലോ മീറ്റർ. ഞാൻ മിക്കപ്പോഴും 60ഇൽ കൂടുതൽ പോകാറില്ല. എന്നാൽ ചിലപ്പോൾ ഹോണടിച്ചു ' വഴി മാറെടാ തെണ്ടി ' എന്ന മട്ടിൽ ചീറി പാഞ്ഞു നൂറു കിലോമീറ്റർ സ്പീഡിൽ പോകുന്നത് കേരള സ്റ്റേറ്റ് എന്ന ബോഡ് വച്ച മന്ത്രി ഏമാന്മാരുടെയും പോലീസ് ഏമാന്മാരുടെയും ഐ എ എസ് ഏമാന്മാരുടെയും വണ്ടികൾ. ചിലപ്പോൾ അതു പഞ്ചായത്ത്‌ ബോഡ് വച്ച ബൊലേറോ ജീപ്പുകൾ. ചിലതിൽ എം പി, എം എൽ എ എന്ന ബോഡ് കാണും. ഇതൊന്നും അല്ലെങ്കിൽ ' ജീവൻ വേണോങ്കിൽ വഴീന്ന് മാറു ' എന്ന മട്ടിൽ ഓവർടേക്ക് ചെയ്യന്ന കെ എസ് ആർ ടി സി മിന്നൽ വണ്ടികൾ. ഇവർക്ക് ആർക്കും റോഡ് നിയമങ്ങളോ സ്പീഡോ പ്രശ്നമല്ല.
തിരുവനന്തപുരത്തു നിന്ന് ഇറങ്ങി വീട്ടിൽ വന്നാലേ എന്റെ അമ്മക്ക് സമാധാനമുള്ളൂ. കാരണം ഞങ്ങളുടെ വീട്ടിലും നാട്ടിലുമായി ഏറ്റവും കൂടുതൽ ആളുകൾ പെട്ടന്ന് മരിച്ചത് ഈ എം സി റോഡിലാണ്. കഴിഞ്ഞ ജൂണിലാണ് എന്റെ പ്രിയ അധ്യാപകനും ബോധി ഗ്രാം അംഗവും സി പി എം മുൻ ലോക്കൽ സെക്രെട്ടറിയുമായ ഗോപാലകൃഷണ കുറുപ്പുസാർ കൊട്ടാരക്കരക്ക്‌ അടുത്തു വച്ചു വാഹന അപകടത്തിൽ മരിച്ചത്. അതിന്റെ സങ്കടം ഇന്നും തീർന്നിട്ടില്ല. അങ്ങനെ കേരളത്തിൽ ഒരു വർഷം മരിക്കുന്നത് 4500 പേർ ഭയങ്കര പരിക്കുകളോടെ മുപ്പതിനായിരം പേർ ആശുപത്രിയിൽ എത്തുന്നു. ചുരുക്കത്തിൽ കേരളത്തിൽ പലപ്പോഴും യാത്ര ചെയ്തു വീട്ടിൽ എത്തിയാൽ ഭാഗ്യം
എന്താണ് പ്രശ്നം? ഒരു ഫ്യുഡൽ ബ്രമ്മിനിക്കൾ സമൂഹത്തിൽ അധികാരം എന്നു പറഞ്ഞാൽ മേലാള വരേണ്യ പ്രിവിലേജാണ്. അധികാര അധികം ഉത്തരവാദിത്ത ബോധമോ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കാൻ ബാധ്യസ്തർ ആണെന്ന ധാരണ ഭരണ അധികാരത്തിന്റെ അകത്തളങ്ങളിൽ ഉള്ള ഒരുപാടു പേർക്കില്ല അതു ഏത് പാർട്ടി ഭരിച്ചാലും അങ്ങനെ തന്നെ. സാധാരക്കാരൻ സർക്കാർ ഇന്നോവയിൽ ആ പച്ച -വെള്ള ടൗവ്വലും ഇട്ട് കേറി ഇരുന്നാൽ പെട്ടെന്ന് അസാധാരണർ ആകും. പിന്നെ അവരറിയാതെ തന്നെ ഭരണ -അധികാര മേലാള പ്രിവിലേജുകൾ വരും. സർക്കാർ റോഡ്, സർക്കാർ വണ്ടി, സർക്കാർ ഭരണം, 'വഴി മാറെടാ തെണ്ടികളെ 'എന്ന മട്ടിലാണ് ചീറി പ്പായുന്നത്.
എന്റെ അടുത്ത ഒരു സുഹൃത്തു കുറെ നാൾ ആഭ്യന്തര മന്ത്രിയായി. ഞാൻ കോട്ടയത്തു നിന്ന് അറുപത് കിലോമീറ്ററിൽ വണ്ടി ഓടിച്ചു വരുംപോഴാണ് പുറകെ നോൺ സ്റ്റോപ്പ് ഹോണടിച്ചു ഒരു പോലീസ് പൈലറ്റ്. അതിന് പിന്നിൽ വേറെ ഒരു പത്തു സർക്കാർ പോലീസ് ഇന്നോവകൾ. ഞാൻ ഭയ ഭക്തി ബഹുമാനത്തോടെ വണ്ടി ഒതുക്കി ഏമാന്മാരുടെ നൂറ്റി ഇരുപതിൽ സഞ്ചരിക്കുന്ന വാഹന വ്യൂഹത്തിന് വഴിമാറി. എന്നിട്ട് ഉടനെ സുഹൃത്തിനെ വിളിച്ചു പറഞ്ഞൂ 120 ലാണ് പോക്ക്, ആരെയും തട്ടാതെ പോകണം എന്നു.
അതാണ് പ്രശ്നം നിയമം പാലിക്കാൻ ബാധ്യസ്ഥരായ പോലീസിനും പോലീസ് മന്ത്രിക്കും ഇതു പ്രശ്നമല്ല. എന്തിനാണ് ഒരു പോലീസ് മന്ത്രിക്ക് അഞ്ചും ആറും പോലീസ് എസ്‌കോർട്ട്. ഇവരുടെ വണ്ടിയിടിച്ചു ഈ നാട്ടിൽ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്തിനാണ് ചിലർക്ക് പത്തും പതിനഞ്ചും എസ്‌കോർട്ട്? ഈ സർക്കാർ അധികാരത്തിൽ കയറിയപ്പോൾ എസ്‌കോർട്ട് അധികാര സന്നാഹം നിർത്തും എന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ല. ഇപ്പോളും പൂർവാധികം ഭംഗിയായി എസ്‌കോർട്ട് വ്യൂഹം ചീറിപ്പായുന്നുണ്ട്
ആളെക്കൊല്ലി ട്രാൻസ്‌പോർട്ട് ബസിലെ എത്ര ഡ്രൈവർമാർ ശിക്ഷിക്കപ്പെട്ടു.?
വിദേശത്ത് പലയിടത്തും ഹോൺ അടിക്കുക എന്നാൽ പച്ച തെറി വിളിക്കുന്നത് പോലെയാണ്. കേരളത്തിൽ ഹോൺ അടിക്കാതെ ഒരുത്തനും വണ്ടി ഓടിക്കാൻ അറിയില്ല എന്നു തോന്നും. ഇന്നലെ കഴകൂട്ടതു നിന്നും മാനം മര്യാദക്ക്‌ വണ്ടി ഓടിച്ചു വന്നപ്പോൾ ഒരണ്ണൻ നിർത്താതെ ഹോൺ അടിച്ചു പുറകിൽ. ഉടനെ വഴി മാറി കൊടുത്തു. പക്ഷെ പുള്ളി ഹോണടി നിർത്താതെ എല്ലാ ഓവർ ടേക്ക് ചെയ്യാൻ ഉള്ള മൂഡിലാണ്. അപ്പിയിടാൻ മുട്ടി പോകുന്ന പൊക്കിൽ മുമ്പിലെ ട്രാൻസ്‌പോർട് ബസിനെ ഓവർടേക്ക് ചെയുമ്പോൾ എതിരെ വന്ന ഒരു മോട്ടർ സൈക്കിൾകാരൻ ഭാഗ്യം കൊണ്ടു രക്ഷപെട്ടു.
അത് പോലെ മിനിഞ്ഞാന്ന് കവടിയാർ റോഡിൽ ഒരു ഇരുപത് വയസുള്ള പയ്യൻ നൂറു കിലോമീറ്റർ സ്പീഡിൽ ഹെൽമെറ്റ്‌ ഇല്ലതെ സിഗ് സാഗ് മോഡിൽ സർക്കസ് കാട്ടി പാഞ്ഞു പോകുന്നു. എന്തായാലും അവന്റ പോക്കിൽ തന്നെ ഒരു പ്രിവിലേജ് ഉണ്ട്.
കാരണം ഇന്ത്യയിൽ ഈ റൂൾ ഓഫ് ലോ എന്ന് പറയുന്ന സൂത്രം പല രീതിയിലാണ് പലർക്കും അപ്ലൈ ചെയ്യുന്നത്.
നിയമത്തിന് മുന്നിൽ എല്ലാവരും സമാനരല്ല എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രശ്നം. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരെന്റ് മകൻ വിലകൂടിയ കാറിൽ അതിവേഗം ഓടിച്ച കാർ ഇടിച്ചു ഒരു പാവപ്പെട്ടവനെ കൊന്നു. അയാളുടെ സെക്യൂരിറ്റികാറിൽ കയറി വീട്ടിൽ പോയി കിടന്നു സുഖമായി ഉറങ്ങി. വേറൊരാൾ കുറ്റം ഏറ്റെടുത്തു. ഒരൊറ്റ മാധ്യമങ്ങളും അത് കഴിഞ്ഞു അനങ്ങിയില്ല..
ചുരുക്കത്തിൽ അധികാരവും അതിന്റെ പ്രിവിലേജ് ഉള്ളവർക്ക്‌ ഒരു നിയമം. അതെ സമയം അത് ഏറ്റവും കുറഞ്ഞവർക്ക് വേറെരു നിയമം.
നോർവേയിൽ ഒരു നഗരത്തിലെ പോലീസ് ചീഫ് ഒരു വീക്കെൻഡ് പാർട്ടിയിൽ നന്നായി മദ്യപിച്ചു. അവിടെ വണ്ടി ഓടിക്കുന്നവർ ഒരു കാരണവശാലും മദ്യപിക്കില്ല. പോലീസ് ചീഫ് പാർട്ടി കഴിഞ്ഞു മദ്യപിക്കാത്ത ഭാര്യ ഓടിച്ച വണ്ടിയിൽ വീട്ടിൽ പോയി. പിറ്റേന്ന് രാവിലെ പത്തു മണിക്ക് പോലീസ് ചീഫ് കാറോടിച്ചു പോകുന്ന ഒരാൾ ഉടനെ ട്രാഫിക് പോലീസിനെ വിവരം അറിയിച്ചു. കാരണം ആയാളും തലേന്നത്തെ പാർട്ടിയിൽ ഉണ്ടായിരുന്നു. ട്രാഫിക് പോലിസ് അവരുടെ ബോസ്സായ പോലീസ് ചീഫ് മദ്യപിച്ചോ എന്ന് ബ്ലഡ് ചെക്ക് ചെയ്തു. അയാളുടെ ബ്ലേഡിൽ മദ്യത്തിന്റ അളവ് കൂടുതൽ. അയാളുടെ ലൈസൻസ് പോയി സസ്പെൻഷനിലുമായി.
ഇതു ഒരിക്കലും ഇന്ത്യയിൽ സംഭവിക്കില്ല. അതാണ് ഇവിടെ ഭരണ അധികാര പ്രിവിലേജുള്ള പാർട്ടികൾക്കും, ഉദ്യോസ്ഥന്മാര്ക്കും അവരുടെ ശിങ്കിടി മുതലാളിമാർക്കും ഒരു നിയമം മറ്റുള്ള സാധാരണക്കാർക്ക് വേറെരു നിയമം.
അതു കൊണ്ടാണ് ചില വക്കീലുമാർ പറയുന്നത് ഒരാളെ കൊന്നാലും ചിലർക്ക് ഭരണ -അധികാര മേലാള ജാതികുടകൾ ഉണ്ടെങ്കിൽ വെറും ഒരു രൂപയും കോടതി പിരിയുന്നത് വരെ ഒരു ദിവസത്തെ തടവും എന്ന് നിസ്സാരമായി സംഗതിയാണെന്നു . കാരണം നിയമ നിർവഹണത്തിൽ ഇന്ത്യയിൽ കണ്ണും കാലും ജാതിയും മതവും അധികാരവും ഉണ്ടെന്നതാണ്. ഇതു ഈ ഇടക്ക് തെളിച്ചു പറഞ്ഞയൊരാൾ ജസ്റ്റിസ് ചിതംബരേഷ് എന്ന മാന്യദേഹമാണ്.
ലോകത്തു ഏറ്റവും കൂടുതൽ സമയം ഏറ്റവും കൂടുതൽ അണ്ടർ ട്രയൽ ആളുകൾ ഉള്ളത് ഇന്ത്യൻ ജയിലുകളിലാണ്. അവരുടെ ജാതിയും മതവും പണവും ഒന്നും ശരിയാകാത്തതാണ് കാരണം.
ഇന്ത്യ മഹാരാജ്യത്തു അംബാനിക്ക് ഒരു നീതിയും അടിയന്മാർക്ക് വേറൊന്നും .ഭരിക്കുന്ന പാർട്ടികൾക്ക് ഒരു നീതി , ഭരണത്തിന് പുറത്തു വേറെന്ന് .ആര് ഭരിച്ചാലും കാശും പദവിയുമുള്ളവർക്കും ഉദ്യോഗസ്ഥ മേലാണ്മർക്കും വേറൊരു നീതി .സർക്കാർ ജനങ്ങളുടെ പേരിൽ ഏമാന്മാർ ഏമാൻമാർക്ക് വേണ്ടി നടത്തുന്ന ഒരു പ്രിവിലേജ്ഡ് ഏർപ്പാട് ആകുമ്പോഴാണ് നിയമ നീതി ന്യായ വ്യവസ്ഥ പലർക്കും പലതാകുന്നത് .
ജേ എസ് അടൂർ

No comments: