സത്യത്തിൽ ദൂരെ നിന്ന് നോക്കിയാൽ കേരളം മനോഹരമാണ്. ദൂര കാഴ്ച്ചയിൽ എല്ലാ രംഗങ്ങളിലും ആന ചന്തമുള്ള നാടാണ് നമ്മുടേത്. ഇത്രമാത്രം ഫോട്ടോജനിക്കായ ഒരു നാടും നാട്ടുകാരും കേരളത്തിലെപ്പോലെ വേറെ എവിടെങ്കിലും ഉണ്ടോയെന്നു സംശയമാണ്. ദൂരെ കാഴ്ചയിൽ ആരോഗ്യ കാര്യത്തിലും വിദ്യാഭ്യാസത്തിലും സ്ത്രീ വികസനത്തിലും, സാമ്പത്തിക വികസനത്തിലും എങ്ങും പച്ച പിടിച്ചു നിൽക്കുന്ന പ്രകൃതിയിലും ഗവർനൻസിലും മത സൗഹാർദത്തിലും നമ്മൾ ചന്തമുള്ളവരാണ്.
കഴിഞ്ഞ ചില ആഴ്ചകൾക്കു മുമ്പ് പൂനയിൽ നിന്നും കൊച്ചിക്ക് പറന്നിറങ്ങുന്നതിന് മുമ്പേ കേരളത്തിലെ പുഴകളെയും തീരങ്ങളെയും പച്ച ഭൂമിയിൽ തിങ്ങി നിറഞ്ഞ വീടുകളെയും റോഡിലോടുന്ന കാറുകളേയും ഞാൻ കണ്ണ് നിറയെ ആകാശ കാഴ്ചയിൽ കണ്ടു മനം നിറഞ്ഞു. ഇത്രമാത്രം ഞാൻ സ്നേഹിക്കുന്ന ഒരു നാടും നാട്ടുകാരും ലോകത്തു എവിടെയുമില്ല. കൊച്ചി എയർപൊട്ടിലെ മൂന്നാം ടെർമിനലിൽ നിരന്നു നിൽക്കുന്ന നെറ്റി പട്ടം കെട്ടിയ ഗജ വീരന്മാരുടെ ആന ചന്തത്തിൽ ആനന്ദം തോന്നി. അവിടുത്തെ സോളാർ വെട്ടത്തിൽ സന്തോഷിച്ചു. എന്നിട്ട് ഫോർട്ട് കൊച്ചിക്ക് നേരെ പോയി ആസ്പിൻ ഹാളിൽ ബിനാലെയുടെ ബഹുതല ഇൻസ്റ്റലേഷൻ കണ്ടു നമ്മുടെ കേരളവും ഒരു ഇൻസ്റ്റലേഷൻ കാഴ്ചയല്ലേ എന്ന് തോന്നി. അവിടെ നിന്ന് എറണാകുളം ഗ്രാന്റിൽ നിന്ന് ഗ്രാന്റായി ഡിന്നർ കഴിച്ചു തിരിയെ നെടുമ്പാശ്ശേരിയിലേക്കു പോകുമ്പോൾ ആനച്ചന്തമുള്ള കേരളത്ത വീണ്ടും അടുത്തു മനസ്സിന്റെ മൈക്രോസ്കോപ്പിലൂടെ നോക്കി. വേറൊരു കേരളമാണ് അപ്പോൾ കണ്ടത് .
അപ്പോൾ ഞാൻ കണ്ടത് ദൂരെ നിന്ന് നോക്കിയാൽ ചേതോഹരമായ കുമരകം കായലിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങളാണ്. ആ കായലിൽ പൂരിതമായ പഴകിയ മനുഷ്യ അമേധ്യത്തിന്റെ വാട. കോഴിക്കോട് ബീച്ചിൽ വച്ച് അടിച്ച ഓപ്പൺ ഡ്രയിനേജിന്റെ ഗന്ധം. വയനാട് ചുരം കയറുമ്പോൾ മലകളും താഴ്വാരങ്ങളും ദൂര കാഴ്ചയിൽ മനോഹരം. വണ്ടി നിർത്തി താഴേക്ക് നോക്കിയപ്പോൾ ടൻ കണക്കിന് തള്ളിയ മാലിന്യ കൂമ്പാരങ്ങൾ പ്ലാസ്റ്റിക് കുപ്പികൾ. അത് തന്നെയാണ് വാഗമണ്ണിലും ഗവിയിലും പൊൻ മൂടിയിലും കണ്ടത്. മലിനമായ പുഴകളും കായലുകളും മലകളും തീരങ്ങളും ചപ്പു ചവറുകൾ നിറഞ്ഞ തെരുവോരങ്ങളും എവിടെ നിന്നും മൂത്രമൊഴിക്കുന്ന ആണുങ്ങളും വഴിയിൽ കാർക്കിച്ചു തുപ്പുന്ന മനുഷ്യരും ഉള്ള കേരളം കണ്ടപ്പോൾ സിനിമയിൽ കണ്ട ഒരു ഇന്നസെന്റ് ഡയലോഗാണ് കേരളത്തോടെ ചോദിക്കണമെന്ന് തോന്നിയത് " എന്തിനാ നീ പഠിക്കുന്നത്? അതിന് ഉത്തരം വേണമെങ്കിൽ ബി എ ന്നോ. എം എം ന്നോ പറയാം. അപ്പോൾ വീണ്ടും വേറെ ഒരർത്ഥതലത്തിൽ ടിപ്പിക്കൽ ഇന്നസെന്റ് സ്റ്റൈലിൽ ' അതല്ലടാ, എന്തിനാ നീയിങ്ങനെ പഠിക്കുന്നേ എന്ന്? ". അതാണ് കേരള സമൂഹം സ്വയം ചോദിക്കണ്ട ചോദ്യം.
കേരളത്തിലെ വിദ്യാഭാസവും ആരോഗ്യവും സ്ത്രീ വികസനവുമെല്ലാം വൈറ്റൽ സ്റ്റാറ്റിറ്റിക്സിൽ ബഹുകേമം തന്നെയാണ്. പക്ഷെ അടുത്തു നിന്ന് നോക്കുമ്പോഴാണ് ' കാര്യോ വീര്യോം പമ്പരം പോലെ കോണകം കണ്ടാൽ ചാണോം പോലെ ' എന്റെ വല്യമ്മച്ചി പണ്ട് ചിലരെപ്പോലെ പറഞ്ഞത് ഓർമ്മ വരും. കേരള എം ജി യൂണിവേഴ്സിറ്റിയിൽ നിന്നൊക്കെ ഉന്നത ബിരുദമെടുത്തു ഉന്നതമായി പാസായ പല പിള്ളേർക്കും ഒരു പാരഗ്രാഫിൽ നല്ല ഇഗ്ളീഷോ മലയാളമോ എഴുതാനറിയാത്ത അവസ്ഥ. കഴിഞ്ഞ മാസം ഞാൻ ആറു സ്‌കൂളുകളിൽ പോയി പെരുവന്താനം എൽ പി സ്‌കൂളിൽ അഞ്ചു സാറുമാരും 25 കുട്ടികളും. മനോഹരമായി പെയിന്റടിച്ച കെട്ടിടം മുറ്റം നിറയെ പഴയ മേൽക്കൂര പൊളിച്ചിട്ട ഓടുകൾ. അവിടെ പഠിപ്പിക്കുന്ന സാറ്മാരുടെ മക്കൾ പോലും പ്രൈവറ്റ് സ്‌കൂളുകളിൽ പോകുന്നു. പെരുമേട്ടിൽ ഒരു സ്‌കൂളിന്റെ പുറകിൽ തുറന്നു കിടന്ന ക്ലാസ് റൂമിന് സൈഡിൽ ഉപയോഗിച്ച കൊണ്ടങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നു. എന്റെ നാട്ടിലെ നൂറു, കൊല്ലം പഴക്കമുള്ള സ്‌കൂളിൽ ഞാൻ പഠിക്കുമ്പോൾ കുട്ടികൾ 258. കഴിഞ്ഞ ചില വര്ഷങ്ങളായി 50 പേർ. ഇപ്പോൾ എം എൽ എ ഫണ്ടിൽ നിന്ന് സ്‌കൂൾ ബസ്സൊക്കെ വാങ്ങി ഇനഗ്‌ളീഷ് പഠനം ഒക്കെ തുടങ്ങിയപ്പോൾ അത് നൂറിൽപരമായി. എറണാകുളം ബി ടി എച്ചിൻറ് അടുത്തു മറൈൻ ഡ്രൈവ് റോഡിനടുത്തു ദളിത് -ആദിവാസി കുട്ടികൾക്കു പഠിക്കുവാൻ ഉള്ള ഒരു ഹോസ്ടലുണ്ട്. ഒരു ദിവസം മോണിങ് വാക്കിക്കിന് പോയപ്പോൾ അതിനകത്ത് കയറി നോക്കി. ആ പരമ ദയനീയത കണ്ട് ' ഇതാണോ പുരോഗമന കേരളം എന്ന് എന്നോട് തന്നെ ഞാൻ ചോദിച്ചു.
സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും വരാന്തയിൽ കിടക്കുന്ന രോഗികളെ കണ്ടത് കഴിഞ്ഞ വർഷമാണ്. സ്ത്രീ വികസനത്തിലും ആരോഗ്യത്തിലും കണക്കു വിവരങ്ങളിൽ നാം മുന്നിൽ തന്നെ. കുടുംബ ശ്രീ ഇന്ത്യയിലെയും ലോകത്തിലെ തന്നെ വലിയ സംഘടനയാണ് എന്ന് നമ്മൾ അഭിമാനം കൊള്ളും. എന്നാൽ സ്ത്രീകൾക്കുനേരെ പുരുഷ അതിക്രമവും ചീത്തവിളിയും ഗർഹിക പീഡനങ്ങളും കാണണമെങ്കിൽ സ്റ്റാറ്റിറ്റിക്സിൽ നിന്ന് താഴെയിറങ്ങി സമൂഹത്തെ അടുത്തു നിന്ന് നോക്കണം. അങ്ങനെ മാസത്തിൽ ഒരിക്കലെങ്കിലും ഗ്രാസ് റൂട്ടിൽ ഇടപെടുന്ന ഒരാളാണ് ഞാൻ.
കേരളത്തെ കുറിച്ച് ദൂര കാഴ്ചകൾ ഉള്ള എനിക്ക് കേരളത്തിന്റെ സമൂഹത്തിന്റെ ഉള്ളിന്റെ ഉള്ളിലെ കാഴ്ചകൾ മൈക്രോക
സ്‌കോപ്പിലൂടെ കാണുമ്പോഴാണ് നമ്മുടെ കിണറുകളിലും പുഴകളിലും പുളക്കുന്ന കോലിഫോമ് ബാക്ടീരിയകളുടെ കൂട്ടത്തെ കാണുന്നത്.
സ്‌കോപ്പിലൂടെ കാണുമ്പോഴാണ് നമ്മുടെ കിണറുകളിലും പുഴകളിലും പുളക്കുന്ന കോലിഫോമ് ബാക്ടീരിയകളുടെ കൂട്ടത്തെ കാണുന്നത്.
ചില വര്ഷങ്ങള്ക്കു മുമ്പിൽ തിരുവന്തപുരം ബൈപാസിലെ ടോൾ ബൂത്തിന് അടുത്തു വച്ച് ഓവർ ടേക് ചെയ്ത് ഒരു കാർ എന്റെ കാറിനെ തേമ്പിയിട്ട് സ്പീഡിൽ ഓടിച്ചു പോയി. തിരുവന്തപുരം ഡൊമസ്റ്റിക് ടെർമിനലിന് പോകുന്ന വഴി ഞങ്ങൾ കാറു ജനസൗഹൃദ പോലീസ് സ്റ്റേഷന്റെ മുന്നിൽ നിർത്തി. ഞാൻ അകത്തു കയറാൻ പോയപ്പോൾ ഒരു പോലീസ്കാരൻ എന്റെ ഡ്രൈവരിനോട് " എടാ തായോളി വണ്ടി എടുത്തു മാറ്റാടാ ". അത് കേട്ട ഞാൻ പോലീസ്കാരനോട് ചോദിച്ചു സാറെ മാന്യമായി സംസാരിച്ചു കൂടെ 'അത് ചോദിയ്ക്കാൻ നീയാരാടാ "മറുപടി പറയാതെ ഞാൻ അകത്തു പോയി. ഒരു കംപ്ലിൻറ് എഴുതി കൊടുത്തു എ സി പി യുടെ നമ്പർ വാങ്ങി സ്ഥലം വിടാൻ ഒരുങ്ങിയപ്പോൾ പഴയ പോലീസ്കാരൻ "സോറി സാർ ആളറിഞ്ഞില്ല . അബദ്ധം പറ്റിയതാണ്" ചോദിച്ചപ്പോൾ ബിജു പറഞ്ഞു. ' ബിജുവിനെ കൊണ്ട് ഊതിപ്പിച്ചു ' എന്നിട്ട് ചോദിച്ചു പുള്ളിയാരാണ് എന്ന് ' ബിജു പറഞ്ഞു അത് സാർ തിരുവഞ്ചൂർ സാറിനോടോ മുഖ്യ മന്ത്രിയോടോ ചോദിച്ചാൽ പറഞ്ഞു തരും '. അതാണ് കേരളത്തിലെ ഗവര്ണൻസിന്റ പ്രശനവും. പിടി പാടുള്ളവനെ പേടി. അല്ലാത്തവരോട് ' താ '' 'പൂ ' മൈ '" കൂ '. എല്ലാ തലത്തിലും ആ സമീപനത്തിൽ വലിയ മാറ്റമൊന്നും ഇല്ല.
തമിഴ് നാട്ടിൽ നിന്ന് ഒരാഴ്ച്ച പച്ചക്കറികളും കോഴിയും ആന്ത്രയിൽ നിന്ന് അരിയും ബംഗാളിൽ നിന്ന് തൊഴിലാളികളും, പ്രവാസികളിൽ നിന്ന് പണവും വന്നില്ലേൽ അറിയാം നമ്മുടെ വികസനം എവിടം വരെയുണ്ടെന്ന്. ഒരാഴ്ച്ച നിർത്താതെ മഴ പെയ്താൽ നമ്മുടെ കാര്യം എങ്ങനെയാണ് എന്ന് നമ്മളറിഞ്ഞത് ആഗസ്റ്റിലാണ് . ജോയി ആലുക്കാസും മലബാർ മാളും കല്യാൺ സിൽക്കും ലുലു മാളും, ലേക്ക് ഷോറും ,കിംസും ,അമൃതയുമൊന്നുമല്ല സാധാരണകാരായ ബഹു ഭൂരി പക്ഷം മലയാളികൾക്കും കേരളം എന്ന് തിരിച്ചറിയുക. അവരുടെ കയ്യിൽ ഉള്ള ചെറിയ സ്വർണ്ണ ആഭരങ്ങളും പണയത്തിലായിരിക്കും .ആശുപത്രി ചിലവിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്ക് ബ്ലേഡ് പലിശയിൽ കടം വാങ്ങിയാണ് ഒരുപാട് പേർ പിടിച്ചു നിൽക്കുന്നത് . വീട്ടിൽ ഉള്ള ഒട്ടുമുക്കാൽ സാധനങ്ങളും ഇന്സ്ടാൽമെന്റിൽ മേടിക്കുന്നവർ .അങ്ങനെയുള്ളവർ കേരളത്തിൽ ഒരുപാടുണ്ടെന്ന് നമ്മൾ ഇടക്കിടക്ക് ഓർത്താൽ നല്ലത് .
കൂടുതൽ ഒന്നും പറയുന്നില്ല. കാരണം കേരളത്തിൽ ജീവിക്കുന്ന എല്ലാവരും എല്ലാ ദിവസവും വികസനത്തിന്റ വിരോധാഭാസങ്ങൾ അനുഭവിക്കുന്നവരാണ്. വെള്ളം വന്നു വിഴുങ്ങിയിട്ടും നമ്മൾ പഠിച്ചില്ല എന്നതാണ് രണ്ടു മാസത്തിനകം നമ്മൾ കേരളത്തിൽ കണ്ടത്
ദൂര കാഴ്ചയിലെ ആനച്ചന്തങ്ങൾ കണ്ട് ' Let us not get carried away'. ആരെങ്കിലും എന്തെങ്കിലും ചോദ്യം ചോദിച്ചാൽ ' ഹം കിസി സെ കം നഹി ' എന്നോ ചോദിച്ചിട്ടോ ട്രോളിയിട്ടോ ഡിഫെൻസീവായിട്ടോ ഒരു കാര്യവുമില്ല. സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. കാരണം കാല കാലങ്ങളിൽ വരുന്ന സർക്കാർ നമ്മുടെതാണ്. അത് നമ്മൾ തന്നെയാണ്.
Let us not be a complacent society.
Where are we going? Where are our public education and public health? Where is our women empowerment? Where is our legendary communal communal harmony? Where are our rivers? Where are our beaches? Where is our western ghats?
We need to ask hard questions to ourselves if we love this beloved land of ours. We need to work together to challenge and change it. We are responsible for the present and future of our people and land.
ജെ എസ് അടൂർ
No comments:
Post a Comment