Friday, February 8, 2019

മാറ്റങ്ങളുടെ കുത്തൊഴുക്കുകളിലുഴറുന്ന രാഷ്ട്രീയം


മാറ്റം എല്ലാ തലത്തിലുള്ള അധികാര ബന്ധങ്ങളിലും അധി കാരത്തിനോടുള്ള പ്രതികരണങ്ങളിലും ദൃശ്യമാണ്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നിലവിൽ വന്ന രാഷ്ട്രീയ വിനിമയങ്ങളും സ്ഥാപനങ്ങളും പലരീതിയിലും പൂരിതാവസ്ഥയെ പ്രാപിച്ചി രിക്കുന്നു. കഴിഞ്ഞ 15 വര്ഷങ്ങളായി പണ്ഡിതരും ഗവേഷകരും ആഗോള വല്ക്കരണത്തിന്റെ സാമ്പത്തിക-സാങ്കേതിക- സാമൂഹ്യ സാഹചര്യങ്ങളുടെ ഫലമായുണ്ടായ ബഹുമുഖ ചലനങ്ങളെ സിദ്ധാന്തീകരിക്കാൻ ശ്രമിക്കുകയുണ്ടായി . ഇൻഫോസിസിന്റെ, ലോക നിലവാരത്തിൽ തിളങ്ങുന്ന ബാംഗ്ലൂർ കാമ്പസ് കണ്ടു ലോകം പരന്നതാണെന്നു ജോണ്‍ ഫ്രീഡ്മാൻ നിരീക്ഷിക്കുകയുണ്ടായി .
ഐ ടി കാമ്പസുകളിൽ നിന്ന് ഏതാനും കിലോ മീറ്ററുകൾക്കപ്പുറത്ത് ചേരികളിലും ലോകം പരന്നതാണെന്നു കണ്ടറിയുവാനുള്ള അവസരം ഫ്രീഡ് മാന് ലഭിച്ചിട്ടുണ്ടാവുകയില്ല. അതെന്തായാലും വീക്ഷണങ്ങളിൽ വന്ന മാറ്റത്തിന്റെ സൂചന ഫ്രീഡ് മാന്റെ വാക്കുകളിൽ പ്രകടമാണ് .
സാങ്കേതിക രീതികൾ മാറുമ്പോൾ ആശയ പ്രചാരണ രീതികൾ മാറുന്നു. ആശയവിനിമയ രീതികൾ മാറുമ്പോൾ വീക്ഷണങ്ങൾ മാറുന്നു; വീക്ഷണ രീതികൾ മാറുമ്പോൾ ചിന്താ രീതികൾ മാറുന്നു; ചിന്തയും പ്രവൃത്തിയും മാറുമ്പോൾ സംഘാടനത്തിന്റെയും സ്ഥാപനങ്ങളുടെയും രീതികൾ മാറുന്നു. ഇതെല്ലാം ചേർന്ന് സമൂഹത്തിലും രാജ്യത്തിനുള്ളിലും രാജ്യങ്ങൾ തമ്മിലും നിലനിന്ന അധികാര സൂത്രവാക്യങ്ങൾ മാറുന്നു.തൽഫലമായി ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും രാഷ്ട്രീയത്തിന് മാറ്റം സംഭവിക്കുന്നു.
ഏതായാലും അത്തരം ചലനങ്ങൾ അടിത്തട്ടിലും അനുരണനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവ പ്രകടമാവാൻ ചിലപ്പോൾ ദശാബ്ദങ്ങൾ ആവശ്യമായെന്നിരിക്കും.
അച്ചുകൂടത്തിന്റെ കണ്ടു പിടുത്തവും ബൈബിളിന്റെ പ്രാദേശിക ഭാഷാന്തരവും 17 മുതൽ 20 ആം നൂറ്റാണ്ട് വരെയുള്ള നവ സാക്ഷരത പ്രസ്ഥാനവും ചേർന്ന് ലോക രാഷ്ട്രീയത്തിന്റെയും കവിതയുടെയും മുഖച്ഛായ മാറ്റി..കഴിഞ്ഞ 400 വര്ഷമായി ഇത് ലോകത്തെ സ്വാധീനിച്ചു .
നവ സാങ്കേതികതയിലേക്കുള്ള കുതിച്ചു ചാട്ടം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ആരംഭിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തിലും സമ്പദ് വ്യവസ്ഥയിലും ബഹുമുഖ സ്വാധീനം ചെലുത്തി.അച്ചടിക്കപ്പെട്ട വാക്ക് പല വ്യാഖ്യാനങ്ങൾ സാദ്ധ്യമാക്കുകയും അതുവഴി കവിത, തത്വജ്ഞാനം, രാഷ്ട്രീയം, ഘടനാ വിന്യാസങ്ങൾ എന്നിവയ്ക്ക് ജന്മം നല്കുകയും ചെയ്തു. 17 -18 നൂറ്റാണ്ടുകളിലെ നവോത്ഥാനവും അവയെ തുടർന്നുണ്ടായ വിപ്ലവങ്ങളും കഴിഞ്ഞ 150 വര്ഷങ്ങളിലെ ദേശ രാഷ്ട്രങ്ങളുടെ ആവിർഭാവവും സംഭവിക്കുമ്പോൾ ഒപ്പം സാങ്കേതികതയിലും ആശയ വിനിമയത്തിലും രാഷ്ട്രീയ സാമ്പത്തിക ഘടനയിലും ചലനങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ 15 വർഷങ്ങൾക്കിടെ ഓടി മറയുന്ന വാക്കുകൾ അച്ചടി വാക്കുകൾക്കു മുകളിൽ മേൽ കോയ്മ നേടി. ദ്രുതചലനം ചെയ്യുന്ന ബിംബങ്ങൾ നിശ്ചല ഛയാ ഗ്രഹണത്തിന് മേൽ ആധിപത്യം സ്ഥാപിച്ചു. മിന്നി മറയുന്ന വാക്കുകളും പറക്കുന്ന ബിംബങ്ങളും അതിദ്രുത വിനിമയ മാധ്യമങ്ങളും ചേർന്ന് പ്രണയം, ജീവിതം, സ്ഥാപനങ്ങൾ, രാഷ്ട്രീയം എന്നിവയെയെല്ലാം മാറ്റിമറിച്ചു. ആശയ വിനിമയത്തിലും പ്രണയത്തിലും ജീവിത ശൈലിയിലും സംഭവിച്ച മാറ്റങ്ങൾ പുതിയ വ്യക്തി ത്വ സ്ഥാപനത്തിനും ബന്ധങ്ങൾക്കും വഴിവെച്ചു.സമൂഹത്തിലെ മൗലിക ഘടകമായ കുടുംബം കൂട്ടുകുടുംബത്തിൽ നിന്ന് അണു കുടുംബത്തിലേക്കും അണു-അനന്തര കുടുംബത്തിലേക്കും നീങ്ങി. അണുകുടുംബാനന്തര അവസ്ഥയിൽ കുടുംബാംഗങ്ങൾ ഒരു മേൽക്കൂരയ്ക്കു കീഴിലും ഒരു നിശ്ചിത രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിലും ജീവിക്കുന്ന സമ്പ്രദായം ഇല്ലാതായി.ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഒരേ കുടുംബത്തിലെ അംഗങ്ങൾ വ്യത്യസ്ത സമയ സ്ഥലികളിൽ വേർതിരിഞ്ഞു വസിക്കുന്നത് സാധാരണമായിരിക്കുന്നു.ഇവരെ ബന്ധിപ്പിക്കുന്നത് സോഷ്യൽ നെറ്റ്‌വർക്കുകൾ ആണ്. ജന്മദിനങ്ങളും വിവാഹ വാര്ഷികവും ആഘോഷിക്കപ്പെടുന്നത് എഫ്. ബി. യിൽ .സ്നേഹ ചുംബനങ്ങൾ പകരുന്നത് 'വാട്സ് അപ്പി'ൽ
.ഇൻറർനെറ്റിൽ പ്രണയങ്ങൾ മുളപൊട്ടുകയും വാടി കൊഴിയുകയും ചെയ്യുന്നു. അറിവിന്റെ പാതയോരങ്ങളിലും
പ്രണയവും കാമവും വാങ്ങിക്കാൻ കഴിയുമെന്നായി. മുഖപുസ്തകത്തിൽ മുഴുകുന്നവരുടെഎണ്ണം വര്ദ്ധിച്ചു വരുന്നു. Skype ൽ സമ്മേളനങ്ങളും പ്രാർഥനകളും സംഘടിപ്പിക്കപ്പെടുന്നു ദൈവങ്ങൾ പോലും സോഷ്യൽ നെറ്റ് വര്ക്കിലൂടെ ലോക സഞ്ചാരം നടത്തുന്നു. എഫ് ബി യിലൂടെ മാർപാപ്പയെ തൊടാം. ആളുകൾ സോഷ്യൽ നെറ്റ് വർക്കിൽ അനുഗൃഹീതരും തിരസ്ക്രുതരും ആവുന്നു.
കോളനി വാഴ്ച ക്കാലത്തെ വിജ്ഞാന ശേഖരമായിരുന്ന എന്സൈക്ലോപീഡിയ ബ്രിട്ടാനികയുടെ പ്രൗഡിക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് വിക്കിപീഡിയ കടന്നു വന്നു.അറിവും വിജ്ഞാനവും സ്പർശ ഗ്രാഹിയായ സ്ക്രീനിൽ വിരൽതുമ്പിലെത്തി. വായനശാലകൾ പതുക്കെ സൂക്ഷിപ്പ് ശാലകൾ ആവുകയാണ്. എഫ് ബിയിലും മൊബൈൽ ഫോണിലും കൂടുതൽ സമയം ചിലവഴിക്കുന്ന യുവാക്കൾക്ക് അയൽ വാസികളെക്കാളും അടുപ്പം നാനാ രാജ്യത്തുള്ളവരോടായി. മൊബൈൽ ഫോണിന്റെയും നെറ്റിന്റെയും അഭാവത്തിൽ അവർ അന്യവൽകരണത്താൽ അസ്വസ്ഥരാവുന്നു.
മാറുന്ന ആശയ വിനിമയ രീതികൾ ജീവിത ശൈലിയെയും കൂട്ടായ്മകളുടെ രൂപീകരണത്തെയും എല്ലാ തലത്തിലുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെയും മാറ്റിമറിക്കുന്നു എന്ന് ചുരുക്കം. രാഷ്ട്രീയം കാതലായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, ദേശീയ അന്തർദേശീയ തലങ്ങളിൽ.
തുരുമ്പെടുക്കുന്ന ഘടനയും ദുർബ്ബലമാവുന്ന വിശ്വാസ പ്രമാണങ്ങളും:
മുകളിൽ നിന്ന് താഴോട്ടു പ്രവര്ത്തിക്കുന്ന വ്യവസ്ഥാപിത സംഘടനകൾ താഴത്തുനിന്നു നിന്ന് ദുര്ബ്ബലമാവുകയും ജീർണ്ണതയാർന്ന് നിലംപൊത്താറാവുകയും ചെയ്തിരിക്കുന്നു. പഴയ രീതിയിലുള്ള വിവര ശേഖരണത്തിനും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആശയ വിനിമയത്തിലൂടെ നടപ്പാക്കുന്ന അച്ചടക്കത്തിനും പുതിയ കാലത്ത് സ്ഥാനമില്ല. വ്യക്തികൾക്ക് അറിവിന്റെയും പരസ്പര വിനിമയത്തിന്റെയും അധികാരം ലഭിക്കുമ്പോൾ സ്ഥാപനങ്ങളുടെ അച്ചടക്കം അപ്രസക്തമാവുന്നു. പടിപടിയായുള്ള അധികാര ശ്രേണി കളായി സംഘടനകൾ കെട്ടിപ്പടുക്കുകയും മുകളിൽ നിന്ന് ഭരണം നടത്തുകയും ചെയ്യുന്ന പഴയ രീതി ഇനി ഫലപ്രദമാവുകയില്ല. ഇതിന്റെ ഫലമായി കേന്ദ്രീകൃത അധികാരവും കീഴ് ഘടകങ്ങളും എന്ന ഘടനയിൽ നില നിന്നിരുന്ന പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്ന് ഗുരുതരമായ ആന്തരിക പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ആശയ വിനിമയവും ബന്ധങ്ങളും വ്യക്തിത്വ നിര്മ്മിതിയും പുനര്നിർവചിക്കപ്പെടുന്ന ഇന്റർനെറ്റ്‌ യുഗത്തിൽ വിധേയരായ അണികൾ നിലനില്ക്കുകയില്ല. പൊതു താല്പര്യങ്ങളും ആദർശങ്ങളും തകർന്നു വീഴുന്നു; ആ സ്ഥാനത്ത് വിവിധ ആനൂകൂല്യങ്ങൾ ആണ് വ്യവസ്ഥാപിത സംഘടനകളിൽ തുടരുന്നതിന് അണികൾ ലക്ഷ്യമാക്കുന്നത്. വാർത്തകൾ പത്രങ്ങളുടെയും ടി. വി. യുടെയും ഏകപക്ഷീയമായ പ്രക്ഷേപണത്തിൽ നിന്ന് വിടുതൽ നേടി ബഹുമുഖ ചര്ച്ചകളിലേക്കും വാഗ്വാദങ്ങളി ലേക്കും ആൾക്കൂട്ടത്തിന്റെ ആവിഷ്കാരങ്ങളിലേക്കും കൂടു മാറി.
ഇതിന്റെ ഫലമായി തൽക്ഷണ ആൾകൂട്ടങ്ങളും ക്ഷിപ്ര പ്രതികരണങ്ങളും ഭാവനാ പൂര്ണ്ണമായ ആവിഷ്കാര സാദ്ധ്യതകളും , നേതൃത്വമില്ലാത്ത സന്ഘാടനങ്ങളും രൂപപ്പെട്ടു. ഇത് വ്യക്തിക്ക്, സ്വന്തം നിലക്ക് ആശയം പ്രകടിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും സാധിക്കുമെന്ന, ഇതുവരെയില്ലാത്ത ഒരു സ്വാതന്ത്ര്യ ബോധം നല്കി.
യഥാർത്ഥ ലോകത്തെ അന്തര്മുഖൻ സൈബർ ലോകത്ത് വാചാലനാവാം. സൗമ്യശീലൻ പരാക്രമിയാവാം. പുരുഷാധിപത്യ കുടുംബത്തിലെ മാതൃകാകുടുംബിനി സ്ത്രീ വിമോചനത്തിന്റെ വക്താവാവാം. സോഷ്യൽ മാധ്യമങ്ങൾ മുന്നോട്ടു വെക്കുന്ന അനന്ത സാധ്യതകൾ ലോകത്ത് തികച്ചും വ്യത്യസ്തമായ അധികാര ബന്ധങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.
സമയ ദൂരങ്ങൾക്കതീതമായി സംഘടിക്കുവാനും സംഘടിപ്പിക്കുവാനും ഇന്ന് സാധിക്കുന്നു. ലോകത്തിന്റെ ഏതോ കോണിൽ ഒറ്റപ്പെട്ടിരിക്കുന്ന വ്യക്തിക്ക് ഇന്റർനെറ്റ്‌ കൂട്ടങ്ങളിലെ സജീവാംഗമാവാൻ കഴിയും. അതിന്റെ ഫലമായി ദേശീയാന്തർദേശീയ രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധികൾ ഉടലെടുത്തിരിക്കുന്നു. അവയ്ക്ക് പല കോണിൽ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു
വ്യവസ്ഥാപിത അധികാര ഘടനയിലെ സംഘർഷങ്ങൾ പ്രതികരണ രാഷ്ട്രീയത്തിലേക്കും പ്രതിലോമ രാഷ്ട്രീയത്തിലേക്കും പുതിയ രാഷ്ട്രീയ വാഞ്ചയിലേക്കും നയിക്കുന്നു. ഈ തുടർചലനങ്ങൾ തുടർ പ്രതികരണങ്ങൾക്കും സംവേദനങ്ങൾക്കും വഴിവെക്കുന്നു. ജീവിത ശൈലിയിലും വിനിമയ രീതികളിലും ഞെട്ടിപ്പിക്കുന്ന ദ്രുതചലനങ്ങൾ ഉണ്ടാവുമ്പോൾ ഏറ്റവും പ്രകടമാവുക പാരമ്പര്യ , യാഥാസ്ഥിക മൂല്യങ്ങൾ സംരക്ഷിക്കുവാനും ഉറപ്പിക്കുവാനും ഉള്ള വ്യഗ്രതയാണ്.
ഇതോടെ പുതിയ ചലനങ്ങൾ പിന്നോട്ട് തള്ളപ്പെടുന്നു. ചരിത്രത്തിൽ അറിവിലും ജീവിതക്രമങ്ങളിലും ആശയ പ്രചാരണത്തിലും ബഹുമുഖ ചലനങ്ങൾ ഉണ്ടായപ്പോഴൊക്കെ അവയെ അടിച്ചമർത്താൻ പ്രതിലോമ ശക്തികൾ മുന്നിട്ടിറ ങ്ങിയിട്ടുണ്ട്. പക്ഷെ സാങ്കേതിക മുന്നേറ്റങ്ങളോട് ചേർന്ന് ഈ രംഗങ്ങളിൽ ഉണ്ടാവുന്ന നിർണ്ണായക മാറ്റങ്ങളെ അധികകാലം തടയുവാൻ യാഥാസ്ഥിക ശക്തികൾക്ക് ആവുകയില്ല.
സ്വാഭാവികമായും പുരോഗമന പ്രവണതകൾക്ക് തടയിടാൻ പ്രതിലോമശക്തികളും അവലംബിക്കുക നവ മാധ്യമ സങ്കേതങ്ങളെയാണ്. തീവ്ര വാദികളും വിഘടന വാദികളും അവരുടെ പിന്തിരിപ്പൻ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ആധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് നവീകരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന മൊബൈൽ ഫോണുകളിലൂടെ ലോകത്തിന്റെ ഏ തു കോണിൽ നടക്കുന്ന അക്രമ സംഭവത്തെയും ഞൊടിയിടയിൽ ലോകം മുഴുവൻ പ്രദർശിപ്പിക്കുവാൻ സാധിക്കുന്നു. നവ മാധ്യമങ്ങൾ പഴയ മാധ്യമങ്ങൾക്ക്‌ മങ്ങലേൽപിച്ചു.
പത്രങ്ങൾ ഈ നൂറ്റാണ്ടിൽ അപ്രത്യക്ഷമാവാനാണിട. അതിവേഗ മാധ്യമങ്ങൾ വേറെ പലതുണ്ടെന്നിരിക്കെ വാർത്തകളെ ന്യുനീകരിക്കുകയും പർവതീകരിക്കുകയും ചെയ്യുന്ന പത്ര രീതി അപ്രത്യക്ഷമാവും .വ്യക്തികൾക്കും കൂട്ടായ്മകൾക്കും അവർ ഉദ്ദേശിക്കുന്ന പ്രാധാന്യത്തോടെ വാർത്തകൾ ഉദ്ദേശിക്കുന്നവർക്കിടയിൽ വിക്ഷേപണം ചെയ്യുക ഇന്ന് സാധ്യമാണ്
ജെ എസ് അടൂർ

No comments: