സർക്കാർ സർവീസിന് സിവിൽ സർവീസ് എന്നാണ് പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥർ പബ്ലിക് സെർവന്റ്സ് എന്നാണ് വെപ്പ്. ഇത് രണ്ടും സെർവെൻറ് ലീഡര്ഷിപ്പിന് ഉദാഹരണങ്ങൾ എന്നാണ് വെപ്പ്. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലരൊക്കെ ജന സേവകരാണ് എന്നത് മറക്കുന്നില്ല. എന്നാൽ യഥാർത്ഥത്തിൽ ഭൂരി ഭാഗം പേരും പെരുമാറുന്നത് സർക്കാർ യജമാനന്മാരാരെയോ ജന്മികളെ പ്പോലെയോ ഒക്കെയാണ്.
സർക്കാർ സർവീസിൽ ജനങ്ങളുമായി നിരന്തരം ഇടപെടുന്ന ഒന്നാണ് പോലീസ്. പോലീസ് പ്രധാന പെട്ട പബ്ലിക് സർവീസ് അഥവാ പൊതു ജന സേവന സേനയാണ്. പൊതുജനങ്ങൾക്ക് സുരക്ഷയും അടിയന്തര സഹായവും ഉറപ്പാക്കുക നിയമ വ്യവസ്ഥയെ പരി രക്ഷിക്കുക എന്നതൊക്കെയാണ് പോലീസ് എന്ന പൊതു ജന സേവന വകുപ്പിന്റ പ്രധാന ചുമതലകൾ. അങ്ങനെയുള്ള പോലീസ് എല്ലാ പൗരന്മാരെയും ബഹുമാനത്തോടെയും തുല്യതയോടുമാണ് കാണേണ്ടത്. അതിൽ ജാതി മത പാർട്ടി തിരിവോ പാടില്ലന്നാണ് വെപ്പ്. അവർ ആരെയും അധിക്ഷേപിക്കികയോ അക്രമിക്കുകയോ മര്ദിക്കുകയോ ചെയ്യാതെ ഭരണ ഘടനേയും മനുഷ്യ അവകാശങ്ങളെയും ബഹുമാനിച്ചു സ്വതന്ത്രമായും ന്യായയുക്തമായി പ്രവർത്തിക്കേണ്ട നീതിപാലകരാവാൻ ബാധ്യസ്ഥരാണ്. അതാണ് ഒരു ജനായത്ത ജനാധിപത്യ സംവിധാനത്തിൽ പോലീസിന്റെ ഉത്തരവാദിത്തം. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന പൊതു ജനസേവന പ്രവർത്തനമാണ് വിദ്യാഭ്യസവും , ആരോഗ്യ പരിപാലനവും പോലീസ് പരിപാലനവും.
പ്രശ്‌നം പിന്നെ എന്താണ്. ? മേല്പറഞ്ഞതൊന്നും സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിൽ ഇപ്പോഴും നടക്കാത്ത സ്വപ്നങ്ങളാണ് എന്നുള്ളതാണ്. കാരണം പണ്ട് 1860 കളിൽ കൊളോണിയൽ ഭരണം ജനങ്ങളെ ഭയപ്പെടുത്തിയും അടിച്ചമർത്തിയും അധികാരം ഉറപ്പിക്കാനുള്ള കൊളോണിയൽ സ്റ്റേറ്റിന്റെ മർദ്ദന ഉപകാരണങ്ങളായാണ് പോലീസിനെ വിഭാവന ചെയ്തത്. അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവരുടെ കാവൽ നായക്കളായി പോലീസിനെ കാണുന്നതായിരുന്നു കൊളോണിയൽ പോലീസിങ്ങിന്റെ പ്രധാന പ്രത്യേകത. കൊളോണിയൽ ഭരണത്തിലുള്ളവർക്ക് വാലാട്ടി ആശ്രിതത്വം കാട്ടുക മറ്റുള്ളവരുടെ നേരെ കുരക്കുക സർക്കാർ അധികാരികളെ വിമർശിക്കുന്നവരെ കടിക്കുക എന്ന കോളോനിയൽ പോലീസ് പാരമ്പര്യ ആചാരം ഇന്ത്യ സ്വതന്ത്രമായ ഒരു ജനാധിപത്യ രാഷ്ട്രമാകുമ്പോൾ മാറേണ്ടതായിരുന്നു. പക്ഷെ അത് മാറിയില്ലെന്നതാണ് പല അനുഭവങ്ങളും ചരിത്രവുമൊക്കെ കാണിക്കുന്നത്.
ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായെങ്കിലും പോലീസ് അതിക്രമങ്ങളും അധികാര അഹങ്കാര ഭീഷണിയും അധികാര ഭരണ മേലാളൻമാരോടുള്ള ആശ്രിത മനോഭാവവും ജനങ്ങൾക്ക് നേരെയുള്ള മർദ്ദന ഉപാധി എന്ന റോളും അധികം കുറഞ്ഞിട്ടില്ല എന്നതാണ് വർത്തമാന കാല ഇന്ത്യയിൽ ജനാധിപത്യവും ഭരണാധിപത്യവും തമ്മിലുള്ള വിത്യാസം.
അടിയന്തര അവസ്ഥകാലത്തു യാതൊരു സങ്കോചവുമില്ലാതെ ഭരണാധിപത്യത്തിന്റെ കാവൽക്കാരും മർദ്ദന ഉപാധിയുമായിരിന്നു പോലീസ്. പുലിക്കോടനും ജയറാം പടിക്കലും അത് പോലെ ഉരുട്ടൽ വിദഗ്‌ധരും എല്ലാം അതിന്റെ ചില ചെറിയ സാമ്പിളുകളായിരിന്നു. പോലീസ് ലോക്കപ്പിൽ ഉരുട്ടി മർദിച്ചു കൊലപ്പെടുത്തിയ ഒരു രാജനെകുറച്ചു മാത്രമേ നമ്മൾക്ക് അറിയുകയുള്ളൂ. അതും ഒരച്ഛൻ നടത്തിയ ഒറ്റായാൾ യുദ്ധം കൊണ്ട്. എന്നാൽ എത്രയോ ആയിരക്കണക്കിന് അറിയപ്പെടാത്ത രാജന്മാർ പോലീസ് ലോക്കപ്പിലെ മർദ്ദനത്തിൽ കൊല്ലപ്പെട്ടു എന്നതാണ് പൊലീസിൻറെ പഴയ കൊളോണിയൽ ഡി എൻ എ മാറിയില്ലതിന് തെളിവ്. ഇന്നും കേരളത്തിൽ ഉൾപ്പെടെ എൻകൗണ്ടർ കില്ലിംഗ് എന്ന പോലീസ് എക്സ്ട്രാ ജുഡീഷ്യൽ കില്ലിംഗ് എന്ന ക്രിമിനൽ കൊലപാതകങ്ങൾക്ക് വലിയ കുറവൊന്നും ജനാധിപത്യ ഇന്ത്യയിൽ സംഭവിക്കുന്നില്ല എന്നിടത്താണ് നമുക്ക് ഈ രാജ്യത്തിന് വേണ്ടി കരയുവാൻ തോന്നുന്നത്. 1984 ഡൽഹിയിൽ സിഖു കാർക്കെതിരെ കൂട്ടക്കൊല നടന്നപ്പോഴും 2002 ഇൽ അഹമ്മദബാദിൽ ആയിരക്കണക്കിന് മുസ്ലീങ്ങളെ വർഗീയ വിഷ ജീവികൾ ആക്രമിച്ചു വക വരുത്തിയപ്പോഴും 1992 ഇൽ ബാബറി മസ്ജിദ് തകർത്തപ്പോഴും ഒന്നും ചെയ്യാതെ ഭരണാധിപത്യത്തിൽ ഉള്ള മേലാള വർഗ്ഗത്തിന്റെ ആശ്രിതരായി നിന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഇന്ത്യൻ പോലീസിന്റെയും ഏറ്റവും നിഷ്ട്ടൂരവും നാണം കെട്ടതുമായ അധ്യായങ്ങളാണ്.
പോലീസ് റിഫോമിനെ കുറിച്ചും മറ്റും പല മാന്യന്മാരായ പോലീസ് അധികാരികളും വാ തോരാതെ സംസാരിക്കുമെങ്കിലും ഇപ്പോഴും സാധാരണ ജനങ്ങള്ക്ക് പോലീസ് എന്നാൽ പേടിയുടെയും ഭീഷണിയുടെയും അധികാര അഹങ്കാര ദാർഷ്ട്ട്യങ്ങളുടെയും നേർ രൂപങ്ങളാണ്. നാക്കെടുത്താൽ തന്തക്കു വിളിക്കുന്ന, 'മ ' യും 'പു ' യും 'കൂ 'വും 'താ ' യും ചേർത്തല്ലാതെ മലയാളം സംസാരിക്കാനറിയാത്ത പോലീസുകാർ ഇപ്പോഴും കേരളത്തിൽ നിരവധി ഉണ്ടെന്നുള്ളതാണ് കഷ്ട്ടം. ആക്ഷൻ ഹീറോ ബിജുവിനെ കണ്ടു കൈയ്യടിച്ചു സന്തോഷിക്കുന്നവരേറെയാണ് .
പക്ഷെ ഇതൊക്കെയാണെങ്കിലും ഒരു മാടമ്പി ഫ്യൂഡൽ ജനാധിപത്യ അവിയൽ ചേരുവയിൽ ഈ ഐ എ എസ്, ഐ പി എസ്സ് കാരെയൊക്കെ സ്നേഹ ബഹുമാനാദരങ്ങളോടെ സർക്കാർ യജമാന വർഗ്ഗമായി കാണുന്നവരാണ് ഒരുപാട്പേർ. കിങ്ങും കംമീഷണറും പോലുള്ള സിനിമ കണ്ടു അതിലേ മമ്മൂട്ടിയെ പോലുള്ള ഐ എ എസ് കാരും എന്ത് പറഞ്ഞാലും 'ഷിറ്റില്ലാതെ ' പറയാനറിയാത്ത സുരേഷ് ഗോപി കഥാ പാത്രങ്ങളെയുപോലെ സൂപ്പർ ഐ എ എസ് കാരേയും സൂപ്പർ കോപ്പുകളെയുമൊക്കെ കണ്ടു കണ്ടു ചെറുപ്പക്കാരിൽ ഒരുപാട് പേർ സിവിൽ സർവീസ് പരീക്ഷ വൃതത്തിന് പുറകെ പോകുന്നു. ഈ സൂപ്പർ കോപ്പ് ഇമേജ് സിനിമയിൽ തുടങ്ങി മാധ്യമങ്ങൾ ആഘോഷിച്ചു കിട്ടുന്ന ചെറുപ്പക്കാരെ സെലിബ്രിറ്റികളാക്കി വെടക്കാക്കുന്ന ഒരു പൈങ്കിളി അധികാര മാധ്യമ വ്യവഹാരം കേരളത്തിലുണ്ട്. അത് കൊണ്ട് തന്നെ ഈ മൂന്നക്ഷര അധികാര ചിഹ്നം കിട്ടിയാൽ അര്മാദിച്ചു അധികാര സന്തോഷത്തിൽ അഭിരമിക്കുന്ന കുറെ ആളുകളുണ്ട്. പത്രങ്ങളാണെങ്കിൽ ഈ കുഞ്ഞനും വലിയതയും ആയ സൂപ്പർ കോപ്പുകളുടെയും സൂപ്പർ ഐ എ എസ് കാരുടെയും ജാതകവും പിന്നെ കുടുംബ പുരാണവുമൊക്കെ കൊടുത്തു ഉദ്യാഗസ്ഥ സെലിബ്രിറ്റികളെ ഉടനടി നിർമ്മിക്കും . പക്ഷെ എന്തിലെങ്കിലും പെട്ട് പോയാൽ പിന്നെ അത് പോലെ തന്നെ അതേ പത്രക്കാർ ആക്രമിക്കും .എന്തായാലും അതിൽ ചിലർക്ക് ഒരു എട്ട് കൊല്ലങ്ങൾക്കം കണ്ടും അനുഭവിച്ചും കാര്യം മനസ്സിലാകും.
നല്ല പോസ്റ്റിങ് ഒക്കെ വേണമെങ്കിൽ ജനാധിപത്യത്തിന്റെ പേരിൽ ഭരണാധിപത്യവും പണാധിപത്യവും നടത്തുന്ന അതാത് കാലത്തേ കക്ഷി രാഷ്ട്രീയ നേതാക്കളുടെ കടാക്ഷം വേണമെന്ന്. അതിൽ തന്നെ പ്രായോഗിക അധികാര ത്വരയുള്ളവർ കാറ്റിന് അനുസരിച്ചു തൂറ്റും. അധികാരത്തിൽ ഉള്ള രാഷ്ട്രീയ മേലാളന്മാരുടെ കൊടിയുടെ നിറത്തിന് അനുസരിച്ചു പ്ളേറ്റ് മാറ്റും. കൊണ്ഗ്രെസ്സ് ഭരിക്കുമ്പോൾ കൊണ്ഗ്രെസ്സ് അനുഭാവികളും കമ്മ്യുണിസ്സ്റ്റ്കാർ വരുമ്പോൾ ലാൽ സലാമിന്റെ ആളുകളും ബി ജെ പി ആണെങ്കിൽ മോഡി സ്തുതിക്കാരുമൊക്കെ ആകുന്നവരാണ് ഉദ്യോഗത്തിൽ 'ശോഭിക്കുന്നത് '. അങ്ങനെ സ്മാർട്ടായി ശോഭിച്ചു ശോഭിച്ചു വളർന്ന് റിട്ടയർ ചെയ്ത് സൂപ്പർ കോപ്പ് ആകാൻ ശ്രമിക്കുന്നവരാണ് അധികാരത്തിന്റ പുതിയ താക്കോൽ സ്ഥാനങ്ങൾ നോക്കി വർഗീയ ഡെമോഗ്രാഫിയുടെ വക്ത്വാകുന്നത് .
ഇതിനോടൊപ്പം വായിക്കേണ്ട ഒന്നാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രയോഗ പ്രവർത്തനത്തിലെ വിരോധാഭാസം. ഒരു ഫ്യുഡൽ ജാതി മത സമൂഹത്തിന് മേലിൽ ചാർത്തിയ കൊട്ട് മാത്രമാണ് ഇന്ത്യൻ ജനാധിപത്യം. ചില പഴയ പട്ട മാന്യന്മാർ അടിയിൽ പൂണൂലും താഴെ പഴയ അണ്ടർ വെയറും മുണ്ടും ഷർട്ടും അതിന് മുകളിൽ ഒരു കോട്ടും ഇടുന്നത് പോലെ. ആ മുകളിക്കത്തെ കോട്ടാണ് ഇന്ത്യൻ ജനാധിപധ്യ പ്രയോഗം. വീട്ടിൽ ചെല്ലുമ്പോൾ കോട്ടും മുണ്ടും മാറ്റി ചീട്ടി തുണിയുടെ അണ്ടർ വെയറും പൂണൂലും ധരിക്കുന്ന പാരമ്പര്യ വാദികളാകുമവർ. അത് കൊണ്ടാണ് പൊതു മണ്ഡലത്തിൽ സെക്കുലർ ജനാധിപത്യ വാദികളാവർ പലരും വീട്ടിനകത്തു കയറിയാൽ പാരമ്പര്യ വാദികളും ജാതി സ്നേഹികളും അല്പം വർഗീയ വാദികളുമാകുന്നത്.
അത് പോലെ പരിണാമം സംഭവിക്കുന്ന ഒരു സ്പീഷിസ്സ് ആണ് കക്ഷി രാഷ്ട്രീയ നേതാക്കൾ. 'പാലം കടക്കുവോളം നാരായണ, നാരായണ ' എന്ന് വിളിക്കുന്നവർ പാലം കടന്നാൽ പിന്നെ 'കൂരായണ ' കൂരായണ ' എന്ന സ്ഥിതിയാണ്. ദോഷം പറയരുതല്ലോ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പും പിമ്പും ജനാധിപത്യ വിശ്വാസികളായ നേതാക്കൾ സെവന്റി എം എം ചിരിയുമായി ഇപ്പൊ എല്ലാം ശരിയാക്കി തരാം എന്ന വാഗ്ദാന തോരണങ്ങളുമായി ജനകീയരായി നിലത്തിറക്കി നിലത്തിറങ്ങി മണ്ണിലും പൊടിയിലും വെയിലിലും രാത്രീയും പകലും നമ്മളുടെ വോട്ടുകൾ വിനീതമായി ചോദിച്ചുകൊണ്ട് വരും. അത് കഴിഞ്ഞു സത്യ പ്രതിജ്ഞ കല്യാണം കഴിഞ്ഞു ഒരു ആറു മാസത്തെ ഹണിമൂൺ പീരിയഡ് കഴിഞ്ഞാൽ ജനാധിപത്യം ഭരണാധിപത്യമായി പരിണമിക്കും.
പിന്നെ കുറെ കഴിയുമ്പോൾ ഭരണാധിപത്യവും പണാധിപത്യവും തമ്മിൽ ബാന്ധവം തുടങ്ങി ശിങ്കിടി മുതലാളിമാരെയും കുടുംബത്തിലുള്ളവരെയും എല്ലാവിധത്തിലും പരിപോഷിപ്പിക്കും. ആ സമയങ്ങളിൽ പിന്നെ സെവെൻറ്റി എം എം ചിരി കാണാൻ ഫ്ലെക്സിലും പത്രത്തിലും ടി വി യിലും നോക്കിയാൽ മതി . ഇപ്പോൾ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മോഡി സാറാണ്. നമ്മുടെ പോക്കറ്റിൽ നിന്ന് പോയ വെറും അയ്യായിരം കോടി മാത്രമാണ് അദ്ദേഹം നീണ്ട നാലു കൊല്ലത്തിൽ ചെലവിട്ടത്. എന്തോരം നല്ല മനുഷ്യൻ
മോഡി സാർ അച്ഛാ ദിൻ പറഞ്ഞത് പോലെ ഇപ്പോൾ എല്ലാം ശരിയാക്കി തരാം എന്ന് തരാ തരം പോലെ പറഞ്ഞു വോട്ടു നേടി വിജയിച്ച വിജയൻ സാർ സത്യ പ്രതിജ്ഞ കല്യാണത്തിന് ശേഷം പറഞ്ഞു. മന്ത്രിമാരൊന്നും ഇനിയും അകമ്പടി വാഹനങ്ങൾ ഉപയോഗിക്കില്ല. ട്രാഫിക്ക് തടസ്സം ഉണ്ടാക്കില്ല. ആദ്യം തന്നെ ഒരു കാര്യം ശരിയായി എന്ന് സന്തോഷി ച്ചു. ഫേസ് ബുക്ക് ന്യായീകരണ ഫ്രാക്ഷൻ അന്ന് കയ്യടിച്ചു 'കണ്ടോ കണ്ടോ, ഞങ്ങളടെ മന്ത്രിമാർ ' എന്ന് കൈയടിച്ചു സ്തുതി ഗീതം പാടി.
കഴിഞ്ഞ മാസം കോഴിക്കോട്ട് കട്ട ട്രാഫിക് ബ്ലോക്ക്. കാര്യം തിരക്കി്യപ്പോൾ നമ്മുടെ പ്രിയങ്കരനായ മുഖ്യ മന്ത്രി സ്ഥലത്തുണ്ടെന്ന് അറിഞ്ഞു. കുറെ കഴിഞ്ഞപ്പോൾ കീ കീ മുഴക്കി പൈലറ്റ് പോലീസ്. അതിന്റെ പിന്നാലെ പതിനാല് അകമ്പടി വാഹനങ്ങളും ഒരു ആംബുലൻസും എണ്ണി. അതിനിടയിൽ മിന്നായം പോലെ കേരള സ്റ്റേറ്റ് നമ്പർ 1 ഇന്നോവയും കണ്ടു ഇത് എല്ലാക്കാലത്തും സംഭവിക്കുന്നതാണ്. പാർട്ടി വ്യത്യാസമേന്യ അധികാര സന്നാഹങ്ങൾക്ക് അതിന്റെതായ ചിട്ടപ്പടി പ്രോട്ടോകാൾ ലോജിക്ക് എന്ന ശ്രേണീവൽക്കരണമുണ്ട് . ജനാധിപത്യത്തിൽ നിന്ന് ഭരണാധിപത്യത്തിലേക്കുള്ള ചുവട് മാറ്റം. പാർട്ടിയേതായാലും ഭരണം കിട്ടി ആറു മാസം കഴിയുമ്പോൾ ജനാധിപത്യം ഭരണാധിപത്യ -പണാധിപത്യ സന്നാഹ അഹങ്കാരങ്ങളുടെ അധികാര അകമ്പടി യാത്രയായി പരിണമിക്കുന്നതിനാലാണ് യഥാർത്ഥ ജനാധിപത്യ ഭരണം ഏട്ടിലെ പശു പുല്ലു തിന്നുന്നത് പോലെയാണ്.
അങ്ങനെയുള്ള ഭരണാധിപത്യക്കാരുടെ ഓഫീസുകൾ അധികാര അഹങ്കാരത്തിന്റെ അമ്പലങ്ങളാണ്. അവിടെ കേറി ഒരു റെയ്ഡ് നടത്തിയ സൂപ്പർ കോപ്പുകളെ അവർ വെറും കോപ്പുകളാക്കും. കാരണം മോഡി സാറാണെങ്കിലും വിജയൻ സാറാണെങ്കിലും ഏതു ഭരണാധിത്യ നേതാക്കളാണെങ്കിലും പോലീസിനെ ചൊല്ലും ചോറും കൊടുത്തു നിർത്തിയിരിക്കുന്നത് ജനങ്ങളെയും പ്രതി പക്ഷത്തേയും നിലക്ക് നിർത്താനാണ്.. വേണോങ്കിൽ അധികാരമില്ലാത്തവരുടെ ഓഫീസുകളിളിലോ അല്ലെങ്കിൽ പണി കൊടുക്കണ്ട ഓഫീസിലോ കയറിയാൽ അത് കർത്തവ്യ ബോധമുള്ള പോലീസ് . പക്ഷെ കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തി ഭരണാധിപത്യ പാർട്ടിയുടേയോ അവരുടെ ഫൈനാൻസ്സിയേഴ്‌സായ ശിങ്കിടി മുതലാളിമാരേയോ ചൊറിഞ്ഞാൽ കളി കാര്യമാകും . ഏതു സി ബി ഐ ഡയറക്ക്‌റ്റർ ആണെങ്കിലും ഭരണത്തിലുള്ളവർ പണി കൊടുക്കും. അതിനെയാണ് ഭരണാധിപത്യ പോലീസിംഗ് എന്ന് പറയുന്നത്. അതാണ് ഇവിടെ കലാ കാലങ്ങളിലുള്ള ഭരണ അധികാര ആചാരം .
മറ്റ് എന്ത് ആചാരങ്ങളെ ചോദ്യം ചെയ്താലും അധികാര ആചാരങ്ങളെ ചോദ്യം ചെയ്താൽ ഏതു സൂപ്പർ കോപ്പും സ്രാവുകളോടൊപ്പം നീന്തി നീന്തി അവസാനം കരയിൽ പെട്ടുപോയ മീനിന്റെ ഗതിയാകും .
ജെ എസ് അടൂർ
No comments:
Post a Comment