Friday, June 5, 2020

മരങ്ങളും കിളികളും നാറാണത്ത് ഭ്രാന്തനും


ബോധി ഗ്രാമിൽ ഒറ്റക്കാണ്.
ഇന്നലെ മഴ പെയ്തു.
ജനൽ തുറന്നിട്ടതിനാൽ,
കുളിർ കാറ്റും
കിളികളും വിളിച്ചുണർത്തി.
രാവിലെ എണീറ്റത്,
കിളികളുടെ പാട്ടും
കലപില കേട്ടമാണ്.
മരങ്ങളിലും മുറ്റത്തുമായി പാട്ടു പാടിയും ഓടിചാടിയും മരചില്ലകളിൽ നിന്ന് മരച്ചില്ലകളിലെക്കു പറന്നു കളിക്കുകയാണ്.
രാവിലെ നടന്നു
ഇലകളെയും
മഞ്ഞു തുള്ളികളെയും
പൂക്കളെയും മരങ്ങളെയും
തൊട്ട് തലോടി.
അവരെ
ഒരോരുത്തരെയും
പേർ ചൊല്ലി വിളിച്ചു
ഇവിടെ അമ്പതിൽകൂടുതൽ തരം മരങ്ങളുണ്ട്. അതു ഒട്ടുമിക്കതും ഞാൻ തന്നെ നട്ടത്. കുട്ടികളോടുള്ള സ്നേഹം പോലെ ഒന്ന് അവരോടുണ്ട്.
പ്രകൃതി പ്രസാദത്തിലാണ്.
കിളികൾ മരങ്ങളിൽ സന്തോഷത്തിലാണ്.
പുഴകൾ സമാധാനത്തിൽ ഒഴുകുന്നു. തോടുകൾക്കു ജീവൻ വച്ചു.
വെള്ളം കുളിരിൽ ചെറു ചിരിയോടെ ഒഴുകുന്നു.
കുന്നുകൾ പച്ചയിൽ ഉണർന്നെണീക്കുന്നു.
റോഡിൽ വാഹനങ്ങളുടെ ശബ്ദം കേൾക്കാനില്ല.
അമ്പലങ്ങളിലും പള്ളികളിലും ഉച്ചഭാഷാണികൾ ഉറക്കത്തിലാണ്.
ദൈവം പോലും നിശബ്ദമായിരുക്കുന്നു.
മരങ്ങളുടെ തണൽ കരുണകളിൽ ബോധിഗ്രാം ഒരു ആശ്രമമാണ്.
ഒരു ആശ്രമ ജീവിതം ആദ്യമാണ്.
തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കുള്ള നെട്ടോട്ടം ആയിരുന്നു ജീവിതം ഇത് വരെ.
വാച്ചിൽ നിരന്തരം നോക്കിയുള്ള ജീവിതം. വാച്ചുകളായിരുന്നു ജീവിതം നിയന്ത്രിച്ചത്. ഇപ്പോൾ വാച്ചും കലണ്ടറും നോക്കാറില്ല.
അടുത്തുള്ള വീട്ടിൽ അമ്മയോടൊത്തു ഭക്ഷണം കഴിക്കുവാൻ പോകുമ്പോൾ, അമ്മ ചോദിക്കും
" മോനെ, നിനക്ക് കാലവും നേരവും ഒന്നും ഇല്ല്യോ? "
ഇല്ലന്നുള്ളതാണ് വാസ്തവം.
വാച്ചുകളിൽ നിന്ന് വിടുതലുള്ള
ജീവിതത്തിൽ കാലം സമയം ദിവസം ഒന്നും പ്രശ്നം അല്ല.
ഇന്ന് ഏത് ദിവസം എന്നത് പോലും പ്രശ്നം അല്ല.
സാധാരണ ജീവിതം വാച്ചുകളും സമയവുമാണ് നിയന്ത്രിക്കുന്നത്.
അതുകൊണ്ടു സമയം ഇല്ല എന്നാണ് പലരും പറയുന്നത്.
ഓഫിസിൽ സമയത്തിന് എത്താൻ ഓട്ടം. മീറ്റിംഗ് സമയത്തിന് തുടങ്ങണം. മീറ്റിംഗ് സമയത്തിന് അവസാനിപ്പിക്കണം. റയിൽവേ സ്റ്റേഷനിൽ സമയത്തു എത്തണം. നേരെത്തെ എത്തിയില്ലെങ്കിൽ വിമാനത്തിൽ ഇടക്കെ സീറ്റിൽ ഇറക്കണ്ടി വരും.
സമയമാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്. പലപ്പോഴും സമയം നമ്മളുടെ ജീവിതത്തെ റൂട്ടിൻ ആക്കി അത്‌ ആവർത്തന വിരസമാക്കും. നമ്മുടെ ബയോളജിക്കൽ ക്ലോക്ക് പോലും നിയന്ത്രിക്കും.
രതിപോലും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള സ്ഥിരം പണി ആകുമ്പോൾ അതു ആവർത്തന വിരസമാണ്.
ബാങ്കോക്കിൽ താമസിച്ചിരുന്നത് മുപ്പത്തി മൂന്നു നിലയുള്ള കെട്ടിടത്തിന്റ പതിനാലാം നിലയിലാണ്. ജനൽ തുറന്നാൽ റോഡിൽപ്പായുന്ന വണ്ടികളുടെ ശീല്കാരങ്ങൾ. അടച്ചാൽ എസിയുടെ ഇരമ്പൽ.
അംബരചുംബിക്കു മുന്നിൽ മണ്ണിൽ ചവിട്ടാൻ ഇടം ഇല്ല. മുഴുവൻ ടൈൽസ്. വഴിവക്കിലും.
എ സി വീട്ടിൽ നിന്ന് എ സി ഓഫിസിലേക്ക്. സമയത്തിന് എത്തണം.
മരങ്ങൾ കണാൻ പാർക്കിൽ പോണം.. മാളുകളിലെ മരങ്ങൾ പ്ലാസ്റ്റിക് മരങ്ങളാണ്. കിളികൾ വരാത്തത്
ഇവിടെ
മരങ്ങളുടെയും
കിളികളുടെയും
ഇടയിൽ
മഴകണ്ടും
കാറ്റു കൊണ്ടും,
ആരോടും മിണ്ടാതെ,
മരങ്ങളെ പേർ ചൊല്ലി വിളിച്ചു, ,
ഇലകളോട് കിന്നാരം പറഞ്ഞു,
പറന്നു നടക്കുന്ന
ചിത്ര ശലഭങ്ങളെപോലെ
മനസ് വെറുതെ വിട്ടു,
മണ്ണിൽ വീണുകിടക്കുന്ന
വെള്ള ചെമ്പകൾപ്പൂക്കൾ മണത്തു
വെറുതെ ജീവിക്കുന്ന,
ജീവിത സൗന്ദര്യം
തൊട്ടറിഞ്ഞു.
ലോകം എങ്ങും മീറ്റിങ്ങുകളിൽ നിന്ന് മീറ്റിംഗുകളിലേക്കു കോൺഫെറെസിൽ നിന്ന് കോൺഫെറെൻസിലേക്ക് പോകുമ്പോൾ കാറിന്റെ ചില്ലകളിൽ കൂടെയാണ് പെട്ടന്ന് മാഞ്ഞു പോകുന്ന മായകാഴ്ചകൾ കാണുന്നത്. മരങ്ങളും പൂക്കളും ഒന്നുമറിയാതെ, കിളികളുടെ പാട്ടു കേൾക്കാൻ സാവകാശം ഇല്ലാത്ത ജീവിതം.
ജീവിതം മുഴുവൻ സുസ്ഥിര വികസനം പറഞ്ഞു നടന്നു.
ഇപ്പോൾ അതു കണ്ടും കൊണ്ടുമറിയാൻ
ഒരു കുഞ്ഞൻ വൈറസ് എല്ലാവരെയും പേടിപ്പെടുത്തി അകത്താക്കേണ്ടി വന്നു.
ഒരു തരം കൂട്ട ജയിൽ വാസം .
അതുകൊണ്ടു പ്രകൃതിക്കും കിളികൾക്കും മരങ്ങൾക്കും മനുഷ്യനും സമാധാനത്തോടെ ജീവിക്കുവാൻ ഒരു അസുലഭ അവസരം. പലതിനെയും ഓർമ്മപെടുത്താൻ.
പലതിനെയും ഓർമ്മപ്പെടുത്തുവാൻപ്രകൃതി മനുഷ്യനു ഇടക്കിടെ പണികൊടുത്തുകൊണ്ടിരിക്കുന്നു.
പ്രളയവുംവരൾച്ചയും. ചുഴലിയും. ഭൂകമ്പവും. എല്ലാം മനുഷ്യന്റെ അതിരുകളെ ഇടക്കിടെ ഓർമപെടുത്തുന്ന സംഹാര ദൂതരാണ്
സാങ്കതിക വളർച്ചയുടെ ബാബാബേൽ ഗോപുരങ്ങൾ പണിയുന്ന മനുഷ്യനെ ഒരു കുഞ്ഞൻ കോവിഡ് വീണ്ടും സംഹാരമായി ഭയപ്പെടുത്തി അതിരുകൾ കാട്ടുന്നു.
പണക്കാരും പാവപെട്ടവരും പുരോഹിതന്മാരും രാജാക്കന്മാരും മന്ത്രിമാരും തന്ത്രിമാരും വെറും മനുഷ്യരാണ് എന്ന്.
ജാതി മത, വർഗ്ഗ വെത്യാസം ഇല്ലാത്ത വെറും മനുഷ്യർ.
ഏറ്റവും സമ്പന്ന രാജ്യത്തും ഏറ്റവും ദരിദ്ര രാജ്യത്തും ജീവിക്കുന്ന വെറും മനുഷ്യൻ.
മരണഭയമുള്ള മനുഷ്യർ.
വെറുതെ ഒരു ദിവസം ശ്വാസം പോയി വെറും ജഡമായി അഴുകുന്ന ജീവികൾ.
നാറാണത്ത് ഭ്രാന്തനാണ് അവസാനം ചിരിക്കുന്നത്.
ഉരുട്ടികയറ്റുന്ന കല്ലുകളെപോലെ സമയബന്ധിതമായി ജീവിച്ചു ഒരുദിവസം പെട്ടന്ന് താഴോട്ട് ഉരുണ്ട്പോകുന്നത്.
മലകളിലേക്ക് കല്ലുരുട്ടി ഉന്നതിയിലേക്ക് പോകുന്ന മനുഷ്യർ.
ചിലർക്ക് പണമാണ് ആ കല്ല്. ചിലർക്ക് അതു പദവിയാണ്. ചിലർക്കത് അധികാരമാണ്. ചിലർക്ക് അതു പേരും പെരുമയുമാണ്. ചിലർക്കത് പാർട്ടി വിശ്വാസങ്ങളാണ്. ചിലർക്ക് അതു അമ്പട ഞാനെ എന്ന ഭാവമാണ്. ചിലർക്കത് ബിസിനസ്സ് സാമ്രാജ്യമാണ്. ചിലർക്കത് ജോലി മഹിമ. ചിലർക്കത് വീട്ടു മഹിമ. ചിലർക്കത് സ്വയം തോന്നുന്ന സൗന്ദര്യം. ചിലർക്കത് ബഹുവിധ അഹങ്കാരങ്ങൾ. എല്ലാവരും കല്ലുകൾ ഉരുട്ടി ഉന്നതിയിലേക്കു പോകുമ്പോൾ,
നാറാണത്ത് ഭ്രാന്തനും സിസിഫസും പൊട്ടി ചിരിക്കുകയാണ്.
ആർക്കാണ് ഭ്രാന്ത്? എന്താണ് ഭ്രാന്ത്?
നദികൾ ശാന്തമായി ഒഴുകുകയാണ്.
മരങ്ങൾ തളിരിടുന്നു.
പൂക്കൾ വിരിയുന്നു
കിളികൾ പാടുന്നു..
പകൽ
പകലിനു
വാക്കു പൊഴിക്കുന്നു;
രാത്രി
രാത്രിക്ക്
അറിവുകൊടുക്കുന്നു.
ഭാഷണമില്ല,
വാക്കുകളില്ല,
ശബ്ദം കേൾപ്പാനുമില്ല.
ഭൂമിയിൽ എല്ലാടവും
അതിന്റെ അളവുനൂലും
ഭൂതലത്തിന്റെ അറ്റത്തോളം,
അതിന്റെ വചനങ്ങളും ചെല്ലുന്നു.
ജെ എസ് അടൂർ

No comments: