എക്സെപ്‌ഷനിലിസം ഒരുതരം കാഴ്ചയും കാഴ്ചപ്പാടുമാണ്.
പലപ്പോഴും നമ്മളുടെ അനുഭവ പരിസരവും കാഴ്ചകളും അനുസരിച്ചു കാഴ്ചപ്പാടുകളും മാറും. നമ്മളുടെ നേരിട്ട അനുഭവ പരിസര നോട്ടത്തിൽ നമ്മൾ സാമാന്യവൽക്കരണവും അതി സാമാന്യവൽക്കരണവും നടത്തി വിധി (judgment ) കല്പിക്കും.
ഇത് കേരളത്തിൽ മാത്രം അല്ല പലയിടത്തും സംഭവിക്കുന്നതാണ്. ഒരു സാധാരണ തായ് ആളിന് ലോകം തായ്ലാൻഡ് ആണ്. ലോകത്തിൽ വച്ചേറ്റവും നല്ല സ്ഥലം തായ്‌ലൻഡ് ആണ്. ഇൻഡോനേഷ്യക്കാരന് അതാണ് . അമേരിക്കക്കാർക്ക് അമേരിക്ക ലോകത്തിലെ ഏറ്റവും നല്ല രാജ്യം. കൊറിയ ഏതൊക്കെ കാര്യത്തിൽ നമ്പർ വൺ എന്താണ് എന്ന് ഒരു കൊറിയക്കാരനോട് ചോദിക്കൂ. നോർവേക്കാരൻ പറഞ്ഞു തരം നോർവേ എന്തു കൊണ്ടു ലോകത്തിലെ നമ്പർ വൺ ആണെന്ന് .
ഒന്നുകിൽ ഇകഴ്ത്തി അല്ലെങ്കിൽ പുകഴ്ത്തി നമ്മുടെ ഏറ്റവും അടുത്ത അനുഭവം പരിസരത്തെ കണ്ടു കണ്ടു നമ്മൾ അതിനെ പലപ്പോഴും സാമാന്യവൽക്കരിക്കും. എന്നിട്ട് അത് ആ ദേശത്തിന്റ മാത്രം പ്രത്യേകതയായി വിവരിക്കും. അവിടെ മാത്രം നടക്കുന്നയൊന്നു. വേറൊരിടത്തും നടക്കാത്തയൊന്നു . അതിനെയാണ് എക്സ്‌പ്‌ഷനലിസം എന്ന് പറയുന്നത്.
പലപ്പോഴും ലോകത്തിലെ പല രാജ്യങ്ങളിൽ ജീവിച്ചു പല തരം ആളുകളുമായി സഹവസിച്ചു പല ഭാഷ ഭക്ഷണം രീതികളും സാമൂഹിക പരിസരവുമായി ഇട പഴകിയാൽ പല ധാരണകളും മാറും. കേരളത്തിൽ നിന്ന് മാറി ജീവിക്കുവാൻ തുടങ്ങിയപ്പോഴാണ് കേരളത്തിന്റെ മാത്രം പ്രത്യേകത എന്നു വിചാരിച്ചു പലതും കേരളത്തിൽ മാത്രം അല്ല സംഭവിക്കുന്നത് എന്നു.
മലയാളം പത്രങ്ങൾ മാത്രം വായിച്ചു മലയാളം ചാനൽ കണ്ടു ഇവിടെ നടക്കുന്നത് മാത്രം കണ്ടും കെട്ടും പ്രതികരിച്ചാൽ നമ്മൾക്ക് ലോകം തന്നെ കേരളം ആയിരിക്കും.
ഞാൻ ഉൾപ്പെടെയുള്ള മലയാളികളോട് ചോദിക്കൂ. കേരളം നമ്പർ വൺ ആണെന്നും എങ്ങനെ ആയെന്നും വർണിക്കും. കേരളത്തെ കുറ്റം ആരെങ്കിലും പറഞ്ഞാൽ ഒന്നുകിൽ ഡിഫെൻസിവ് ആകും അല്ലെങ്കിൽ ഒഫൻസീവ് ആകും. നമ്മുടെ ചോര തിളക്കും
ഇത് ഇവിടെ മാത്രം നടക്കുന്ന കാര്യം അല്ല. പലയിടത്തും നടക്കുന്നതാണ്. ഒരു മഹാരാഷ്ട്രക്കാരനോട് ചോദിച്ചാൽ ഇന്ത്യ മാറ്റിയത് അവരാണ് എന്ന് പറയും ' മഹാ ' രാഷ്ട്ര. ബംഗാളിയോട് ചോദിക്കൂ '. അയാൾ ബംഗാൾ എങ്ങനെ ഇന്ത്യയെ മാറ്റി എന്നു പറയും.
ജോലിയുടെ ഭാഗ്മായി ലോകത്തിലെ പല രാജ്യങ്ങളിൽ ഉള്ള പലരെയും ഇന്റർവ്യൂ ചെയ്യും. അന്തരാഷ്ട്ര ജോലിക്കാണ് ഇന്റർവ്യൂ ചെയ്യുന്നത് എങ്കിലും സൗത് ഏഷ്യയെകുറിച്ചോ ഏഷ്യയെകുറിച്ചോ ചോദിച്ചാലും ഇന്ത്യയിലെ കാര്യങ്ങൾ ആയിരിക്കും കൂടുതൽ പറയുക . ഇന്റർവ്യൂ പാനലിൽ ഒരു ഫിലിപ്പിനോയൊ ഇൻഡോനേഷ്യനോ ഉണ്ടെങ്കിൽ ഇന്ത്യ കഥകൾ മാത്രം പറയുന്ന ഒരാളെ അവർ പിന്താങ്ങില്ല. അത് കൊണ്ടു ഇന്ത്യ ക്കാരായ സുഹൃത്തുക്കളോട് പറയുന്ന ഒരു കാര്യം ഇന്ത്യ സെന്ററിക് ആകാതെ മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ ആദ്യം പറഞ്ഞു അത്യാവശ്യമെങ്കിൽ ഇന്ത്യയിലെ കാര്യങ്ങൾ പറയുക.
മലയാളികളെ ഇന്റർവ്യൂ ചെയ്യുമ്പോഴും ഇത് പറയാറുണ്ട്. കേരളം മാത്രം അല്ല ഇന്ത്യ. ഇന്ത്യ മാത്രം അല്ല ലോകം.
എല്ലാ രാജ്യത്തും എല്ലാ മനുഷ്യരിലും ചിലർ നെഗറ്റീവ് കാര്യങ്ങൾ മാത്രം കാണും. അത് മാത്രം പറയും. ചിലർ പ്രശ്നങ്ങൾ പറയാൻ മിടുക്കർ. പ്രശ്‍ന പരിഹാരം അവരുടെ വിഷയം അല്ല. ചിലർ മൈക്രോസ്കോപ്പ് നോക്കി മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കും. ചിലർ മറ്റു ചിലരെ കൊച്ചാക്കിയോ ഇകഴ്തിയൊ സംസാരിക്കും. ചിലർക്ക് അസൂയ കൂടുതലാണ്. ചിലർക്ക് ചിലരെ ഇഷ്ട്ടം അല്ല. പിന്നെ ഇഷ്ട്ടം ഇല്ലാത്തയാൾ തൊട്ടതെല്ലാം കുറ്റം . ചിലർ തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം. ചിലർ കല്യാണ സദ്യക്ക് പോയാൽ എന്തെങ്കിലും കറിക്ക് ഉപ്പ് കുറവോ അല്ലെങ്കിൽ ഏരി കൂടുതലാണോ എങ്കിൽ അത് നാട് നെടുകെ പറഞ്ഞു നടക്കും.
അസഹിഷ്ണുതതയും വെറുപ്പും കക്ഷി രാഷ്ട്രീയ മത്സരവും കേരളത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല.
കേരളത്തിലെ അനുഭവ പരിസരങ്ങളിൽ ഇത് കാണുമ്പോൾ നമ്മളിൽ പലരും വിചാരിക്കും ഇത് ഇവിടെ മാത്രം നടക്കുന്ന കാര്യമാണ് എന്ന്. ഇത് ലോകത്ത് എവിടെയൊക്കെ മനുഷ്യർ ഉണ്ടോ, ഉണ്ടായിരുന്നോ അവിടെയൊക്കെയുണ്ട്.
അത് പോലെ ചിലർ വലരെ പോസിറ്റീവ് ആയി കാര്യങ്ങൾ കാണും . പ്രശ്‍നം പറഞ്ഞു പ്രശ്‍നം പരിഹാരം നിർദേശിക്കും .മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കും. നല്ല കാര്യങ്ങളെ അഭിനന്ദിക്കും. ആരോടും അസൂയയൊ വിരോധമോ കാണില്ല. കഴിയുന്നത്ര സഹായം ചെയ്യും അങ്ങനെയുള്ളവർ ഒരുപാടു കേരളത്തിൽ ഉണ്ട് നമ്മുടെ അയൽ പക്കങ്ങളിലും വീട്ടിലും നാട്ടിലുമുണ്ട് . അത് കേരളത്തിൽ മാത്രം അല്ല. ലോകത്തിന്റ എല്ലാം ഭാഗത്തും എല്ലാം ഭാഷ, ജാതി മത വ് വിഭാഗങ്ങളിൽ ഉണ്ടാകും
അത് പോലെ ബഹു പാർട്ടി രാഷ്ട്രീയ ജനായത്തം ഉള്ളയിടങ്ങളിൽ പ്രതിപക്ഷം സർക്കാരിനെ നിരന്തരം വിമർശിച്ചു മുള്ളിൽ നിർത്തും. ഇതും കേരളത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. കേരളത്തിലും ഇത് ഇപ്പോൾ സംഭവിക്കുന്ന ഒന്നല്ല. കേരളത്തിൽ 1950 മുതൽ പ്രതിപക്ഷത്തിന്റ പണി ഭരണപക്ഷത്തെ വിമർശിക്കുക എന്നതാണ്. ഇപ്പോൾ ഉള്ള ഭരണ പക്ഷം നേരത്തെ പ്രതിപക്ഷം ആയിരുന്നപ്പോഴും അതാണ് സംഭവവച്ചത്. ഇനിയും ഭരണം മാറിയാലും അത് സംഭവിക്കും.
ഇതും കേരളത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഇന്ത്യയിൽ ആറു സംസ്ഥാനങ്ങളിൽ ജീവിച്ചിട്ടുണ്ട്. അവിടെഎല്ലാം നടക്കുന്ന ഇതൊക്കെ തന്നെയാണ്.
കേരളം നമ്പർ വൺ ആണെന്ന് നമ്മൾ മലയാളികൾ പറയുന്നത് പോലെ മിസോറാം നമ്പർ വൺ എന്ന് മിസോ പറയും. ബോംബെക്കാർ പറയും ഏതിൽ ഒക്കെ അവർ നമ്പർ വൺ എന്ന് പറയും. ഒരു തമിഴനോട് ചോദിക്കൂ. അവർ പറഞ്ഞു തരും. ബീഹാറിയോട് ചോദിച്ചാൽ ബുദ്ധന്റെ കാലം മുതൽക്ക് പറഞ്ഞു തരും.
മാറ്റങ്ങൾ എല്ലായിടത്തും നടക്കുന്നുണ്ട്. കേരളത്തിലും. നല്ല കാര്യങ്ങൾ പല രീതിയിൽ പലയിടത്തും നടക്കുന്നുണ്ട്. നല്ലതല്ലാത്ത കാര്യങ്ങളും കേരളത്തിലും മറ്റു ഇടങ്ങളിലും നടക്കുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിലും ദുരന്ത പ്രതിരോധത്തിലും നമ്പർ വൺ ആണെന്ന് പല രാജ്യങ്ങളും പല രീതിയിൽ പറയുന്നുണ്ട്. മോഡി സാറും ഇന്ത്യയുമാണ് കോവിഡ് പ്രതിരോധത്തിൽ നമ്പർ വൺ എന്ന് അവകാശപെട്ടു സ്വദേശത്തും വിദേശത്തും ഒരു പാട് വാർത്തളും ലേഖനങ്ങളും ഉണ്ട്. മോഡി സാറിന്റെ റേറ്റിങ് റോക്കറ്റ് പോലെ മേലോട്ട് പോകുന്നു എന്ന് ചില "സർവെ' ക്കാർ പറയുന്നു.
കേരളത്തിൽ മാത്രം അല്ല നെഗറ്റീവ് കാര്യങ്ങൾ കാണുന്നവരും. കേരളത്തിൽ മാത്രം അല്ല വികസനം. കേരളത്തിൽ മാത്രം അല്ല ഭരണ പക്ഷവും പ്രതിപക്ഷവും. കേരളത്തിൽ മാത്രം അല്ല ഇകഴ്ത്തിയും പുകഴ്ത്തിയും സംസാരിക്കുന്നവർ. കേരളത്തിൽ മാത്രം അല്ല ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ . കേരളത്തിൽ മാത്രം അല്ല പ്രകൃതി ഭംഗി. കേരളം ചിലതിൽ നമ്പർ വൺ ആണെങ്കിൽ മറ്റു ചിലതിൽ മറ്റുള്ളവർ നമ്പർ വൺ ആണ്.
കേരളം മാത്രം അല്ല ലോകം. കേരളത്തെ കുറിച്ച് മാത്രം അല്ല വിദേശ മീഡിയയും സ്വദേശ മീഡിയയും എഴുതുന്നതും പറയുന്നതും.
ലോകം വൈവിദ്ധ്യ പൂർണമാണ്. ബഹുജനം ലോകത്തിന്റ അറ്റത്തോളം പല വിധമാണ്. ലോകത്തു വിവിധ ഇടങ്ങളിൽ ഒരുപാടു നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. ലോകത്ത് വിവിധ ഇടങ്ങളിൽ പല തര പ്രശ്നങ്ങളും പ്രയാസങ്ങളും വെല്ലു വിളികളും ഉണ്ട് അത് ഇന്ത്യയിലും ഉണ്ട്. കേരളത്തിലും ഉണ്ട്
ജെ എസ് അടൂർ
No comments:
Post a Comment