Thursday, June 4, 2020

തുറമുഖ ചരിത്ര വിചാരങ്ങൾ.

തുറമുഖ ചരിത്ര വിചാരങ്ങൾ.
പ്രധാന പ്രശ്നം കേരളത്തിൽ പ്രായേണ നല്ല ആർക്കിയോളെജി പരിവേഷണ -ഖനന പഠനങ്ങൾ കുറവാണ്.
ഈ കഴിഞ്ഞ കുറെ വര്ഷങ്ങളായുള്ള പട്ടണം ആർക്കിയോളജി പഠനം മാത്രമാണ് ഈ അടുത്ത ഇടക്കുള്ള ഗൌരവമായ ശ്രമം. അതിന് എതിരെപോലും തല്പര കക്ഷികൾ ക്യാമ്പയ്ൻ നടത്തി. യഥാർത്ഥത്തിൽ കേരളം എന്ന് ഇന്ന് അറിയപ്പെടുന്ന പ്രദേശ് ഒരു ആയിരം കൊല്ലങ്ങൾക്ക് മുമ്പ് പോലും എങ്ങനെ ആയിരുന്നു എന്നത് പല സെക്കണ്ടറി ഇൻഫർമേഷൻ വച്ചുള്ള ഗസ്സ് വർക്കാണ്. പലപ്പോഴും പറയുന്ന വിവരങ്ങൾക്ക് ഏത്രമാത്രം ആധികാരികമായ തെളിവുകൾ ഉണ്ട് എന്നുള്ളത് ഒരു പ്രശ്നമാണ്.
കേരളത്തിൽ ഒരു ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് ഉണ്ടെങ്കിലും അതു എന്ത് തരം ഗൗരവതരമായ ആർക്കിയോളജി പഠനം നടത്തുന്നു എന്നതിന് യാതൊരു തെളിവും ഇല്ല.
അതു കൊണ്ട് തന്നെ ആയിരം കൊല്ലം മുമ്പ് ഈ പ്രദേശങ്ങളിൽ സംസാരിച്ചുന്ന ഭാഷ , സാമൂഹിക ജീവിത രീതികൾ, സാമ്പത്തിക ബന്ധങ്ങൾ എന്നിവയെകുറിച്ചൊക്കെ ചില തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ള പല തരം ഗസ്സ്‌ വർക്കുകളാണ്.
പട്ടണം പോലെ ഒരു പത്തു ആർക്കിയോളേജി പരിവേഷണ ഖനനങ്ങൾ വിവിധ ഇടങ്ങളിൽ നടത്തിയിരുണെങ്കിൽ കൂടുതൽ തെളിവകളോട് ചരിത്രം എഴുതാമായിരുന്നു.
കേരളത്തിൽ ചരിത്ര ഗവേഷണം ആർക്കിയോളെജിക്കൽ തെളിവുകളോടെ ഇനിയും വളരെ അധികം മുന്നോട്ടു പോകേണ്ടതുണ്ട്. പത്താം നൂറ്റാണ്ടിന് മുന്നിൽ ഉള്ള കേരള ചരിത്ര ഗവേഷണം വളരെ ശുഷ്ക്കമാണ് എന്നാണ് തോന്നുന്നത്.
തുറമുഖ ചരിത്ര വിചാരങ്ങൾ ചില വിവരങ്ങളും ധാരണകളും തരുന്നുണ്ട്. അതു പങ്ക് വയ്ക്കുന്നു.
Worth reading
Pallikkonam Rajeev to ചരിത്രാന്വേഷികൾ Charithranweshikal മുസിരിസ് മുതൽ നെല്ക്കിണ്ട വരെ;
പ്രാചീന തുറമുഖങ്ങൾ.
പുരാതന കേരളത്തിൽ പ്രധാന നദികളുടെ അഴിമുഖത്തായിരുന്നു വിദേശനാടുകളുമായുള്ള വാണിജ്യത്തിനായി തുറമുഖങ്ങൾ രൂപപ്പെട്ടിരുന്നത്. ഉൾനാടുകൾ അവികസിതമായിരിക്കുമ്പോഴും ഈ അങ്ങാടികളെ കേന്ദ്രീകരിച്ച് വാണിജ്യ സംസ്കാരം നിലവിലിരുന്നു. ഇരുമ്പുയുഗം പൂർത്തിയാകുമ്പോഴും വിശാല തമിഴകത്ത് സംഘകാലസംസ്കാരത്തിനും മൂവേന്തന്മാരുടെ അധികാരപോരാട്ടങ്ങൾക്കും ആരംഭം കുറിച്ചിരുന്നു.
കുരുമുളകു തേടി കച്ചവടത്തിനെത്തിയവർ യഥാക്രമം ഈജിപ്തുകാർ, ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ, അറബികൾ, യഹൂദർ, ചൈനക്കാർ, പേർഷ്യക്കാർ, സുറിയാനികൾ എന്നിവരുടെ കച്ചവട സംഘങ്ങൾ തീരപട്ടണങ്ങളോട് ചേർന്ന് തമ്പടിച്ചിരുന്നു. ഏറ്റവും വിപുലമായ തുറമുഖ നഗരമായിരുന്ന മുസിരിസിനെ കുറിച്ചുള്ള പഠനങ്ങളിൽ ഇത്തരം വിവിധ കോളനികളെ പറ്റിയുള്ള വിവരങ്ങൾ കാണുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറിന്റെ (ഒക്ടേവിയൻ) പേരിലുള്ള ഒരു ക്ഷേത്രം മുസിരിസിൽ ഉണ്ടായിരുന്നതായി ഒരു പ്രാചീനമാപ്പിൽ രേഖപ്പെടുത്തി കാണുന്നു.
ചേരരാജാവായ കുട്ടവൻ നടത്തുന്ന ബലിയെ കുറിച്ചുള്ള പരാമർശം എട്ടുത്തൊകൈയിൽ കാണുന്നു. ചോറ്റുപിണ്ഡവും പുലിക്കണ്ണിന്റെ നിറമുള്ള മകിഴും ഉയർത്തി പിടിച്ച് സമർപ്പിക്കുന്ന ബലിയിൽ പങ്കെടുക്കാൻ വഞ്ചിനഗരത്തിൽ യവനരും എത്തിയിരിക്കുന്നതായി വിവരിക്കുന്നു. മകിഴ് എന്നത് യവനദേശത്തു നിന്ന് വരുത്തിയ വീഞ്ഞാണ്.
ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ എന്ന സമുദ്രസഞ്ചാരികളുടെ കൈപ്പുസ്തകത്തിലും ഒന്നാം നൂറ്റാണ്ടിലെ തന്നെ പ്ലിനി എന്ന റോമൻ പണ്ഡിതന്റെയും രണ്ടാം നൂറ്റാണ്ടിലെ ടോളമിയുടെയും കൃതികളിലും കേരളത്തിലെ (മലബാർ) തീരത്തെ തുറമുഖപട്ടണങ്ങളെ പറ്റി പരാമർശമുണ്ട്.
ഈ ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം കേരളതീരത്ത് മുസിരിസ് ആണ് ബൃഹത്തായ തുറമുഖനഗരം. മുസിരിസാകട്ടെ ചേറ്റുവായ് മുതൽ മതിലകം, കൊടുങ്ങല്ലൂർ, ചേന്ദമംഗലം, പറവൂർ, പട്ടണം തുടങ്ങിയ പ്രദേശങ്ങളിലാകെ പരന്നുകിടന്ന വ്യാപാരകേന്ദ്രങ്ങളുടെ സമുച്ചയമായിരുന്നു. പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും അഴിമുഖം. അധികാരകേന്ദ്രമെന്ന നിലയിൽ തിരുവഞ്ചിക്കുളമായിരുന്നു പിൽക്കാലത്ത് മുയിരിക്കോടെന്നറിയപ്പെട്ട മുസിരിസിന്റെ ആസ്ഥാനം. മഹോദയപുരമെന്ന് പെരുമാൾ വാഴ്ചക്കാലത്ത് അറിയപ്പെട്ട ചേര തലസ്ഥാനം കൂടിയായിരുന്നു. സംഘകാലത്തിന് ശേഷം മുസിരിസ് അതേ പേരിലും പ്രതാപത്തിലും അറിയപ്പെടുന്നില്ല. പെരിയാറ്റിൽ വിവിധ കാലഘട്ടങ്ങളിലുണ്ടായ പ്രളയത്തിലും കടലാക്രമണത്തിലുമാകാം മുസിരിസിന്റെ നാശം സംഭവിച്ചത്. AD 1341 ലെ മഹാപ്രളയത്തിൽ അതിന്റെ നാശം പൂർത്തിയാകുന്നുണ്ട്. എന്നാൽ കൊളോണിയൽ കാലത്ത് കൊടുങ്ങല്ലൂർ വ്യാപാര കേന്ദ്രം എന്ന നിലയിലും തന്ത്രപ്രധാനമുള്ള മേഖല എന്ന നിലയിലും ഉയർന്നു വരുന്നുണ്ട്. സാമൂതിരിയും കൊച്ചിയുമായി നിരന്തരം നൂറ്റാണ്ടുകളോളം നടന്ന യുദ്ധങ്ങൾക്ക് കൊടുങ്ങല്ലൂർ വേദിയാകേണ്ടി വന്നത് അതിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ടാകാം. AD 1543 ൽ സാമൂതിരിയുടെ നിർദ്ദേശ പ്രകാരം മൂറുകൾ കൊടുങ്ങല്ലൂർ ആക്രമിച്ചതു മൂലം യഹൂദ വ്യാപാരികളും ക്നാനായ ക്രൈസ്തവരും കൊടുങ്ങല്ലൂർ വിട്ടതും ചരിത്രത്തിൽ രേഖപ്പെടുത്തിയതാണ്.
മുസിരിസ് കഴിഞ്ഞാൽ തെക്കു ദിശയിൽ സെമ്നേയാണ് അടുത്ത പ്രധാന തുറമുഖനഗരം.
സെമ്നേ വൈക്കത്തിന് വടക്ക് ചെമ്പിന് സമീപമുള്ള ചെമ്മനാകരിയാണ്. മൂവാറ്റുപുഴയുടെ അഴിമുഖത്തെ തുറമുഖ നഗരം. ഇതുവരെയും പുരാവസ്തു ഉദ്ഖനനം നടക്കാതെ പോയ ഒരു പ്രദേശമാണിത്. ഇതിനിടയിൽ മറ്റു രണ്ടു ചെറിയ തുറമുഖനഗരങ്ങൾ കൂടി പരാമർശമുണ്ട്. പൂർണ്ണാ നദിയുടെ അഴിമുഖത്തെ ട്രയോപെറൂറ എന്ന തൃപ്പൂണിത്തുറയും ദയോപെറൂറ (Diamper) എന്ന ഉദയംപേരൂരും. കേരള ക്രൈസ്തവരെ ലത്തീൻ ആചാരങ്ങളിലേക്ക് പരിവർത്തനം ചെയ്യാനും അവരിൽ പോർച്ചുഗീസ് ആധിപത്യം അടിച്ചേൽപ്പിക്കാനുമായി ഗോവൻ ബിഷപ്പ് അലക്സിസ് ഡി മെനേസിസിന്റെ കാർമ്മികത്വത്തിൽ നടന്ന ഉദയപേരൂർ സുന്നഹദോസിന്റെ പേരിലാണ് ഇവിടം ചരിത്രത്തിൽ പ്രശസ്തമായിരിക്കുന്നത്. പോർച്ചുഗീസ് കാരാണ് Diamper എന്ന പേരു നൽകിയിരിക്കുന്നത്.
സെമ്നേ കഴിഞ്ഞാൽ അടുത്തത് കൊരൈയുര ആണ്. അത് പഴയ കോടിയൂർ ആണെന്ന് പ്രമുഖ ചരിത്രകാരനായ നീലകണ്ഠശാസ്ത്രികൾ അടക്കമുള്ള ചരിത്രകാരന്മാർ പറയുന്നു. മീനച്ചിലാറിന്റെ അഴിമുഖമായ കോടിയൂർ (കോട്ടയത്തെ കോടിമതയ്ക്ക് തെക്ക്) ആണ് എന്നു കരുതാം. ഇവിടെ നിന്ന് വേമ്പനാട്ടു കായലിലേയ്ക്ക് ഒരു കപ്പൽചാൽ കാണപ്പെടുന്നുണ്ട് എന്ന പല ചരിത്രകാരൻമാരും അഭിപ്രായപ്പെടുന്നുണ്ട്.
ഇതൊക്കെ പറയുമ്പോൾ ഇന്നത്തെ വേമ്പനാട്ടു കായൽ ഈ രൂപത്തിൽ അന്ന് ഇല്ലായിരുന്നു എന്ന് കരുതണം. തൃക്കുന്നപ്പുഴ മുതൽ തൃപ്പൂണിത്തുറ വരെ കടൽ ഉള്ളിലേയ്ക്ക് കയറിക്കിടന്നിരുന്നു. മൂന്നാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലുമുണ്ടായ പ്രകൃതിക്ഷോഭത്തിലും പ്രളയത്തിലും മണ്ണടിഞ്ഞ് സമുദ്രം കരവച്ചതാണ് അരൂർ മുതൽ ആലപ്പുഴ വരെയുള്ള കരപ്പുറം ദേശം എന്ന് പൊതുവേ ചരിത്രകാരന്മാരുടെ നിഗമനം. അതുകൊണ്ട് മേൽപറഞ്ഞ തുറമുഖപട്ടണങ്ങളൊക്കെ ഉള്ളിലേക്ക് വ്യാപിച്ചിരുന്ന കടലിന്റെ തീരങ്ങളിലാണെന്ന് കരുതണം. കടുത്തുരുത്തിയും പള്ളവും നീലംപേരൂരും വാഴപ്പള്ളിയും പെരുന്നയും കടപ്രയുമൊക്കെ കടൽത്തീരത്തായിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇവിടെയൊക്കെയും ഭൂമി കുഴിച്ചു ചെല്ലുമ്പോൾ കടൽജീവികളുടെ അവശേഷിപ്പുകൾ കിട്ടുന്നുണ്ട്.
അതുപോലെ 1341 ലെ പ്രളയത്തിൽ പെരിയാറിന് പുതിയൊരു കൈവഴി ആലുവയിൽനിന്ന് പിരിഞ്ഞൊഴുകി വരാപ്പുഴയിലൂടെ കൊച്ചിയിൽ പതിക്കുകയുണ്ടായി(അത് ഈ ഭൂപടത്തിൽ ചേർത്തിട്ടില്ല). അതേ സമയം പെരിയാറിന്റെ അഴിമുഖത്തിനും മാറ്റം വന്നു. കിഴക്കൻമലകൾ അപ്പാടെ ഇടിഞ്ഞൊഴുകിയെത്തിയ ചെളി നിക്ഷേപിക്കപ്പെട്ടാണ് മുനമ്പം മുതൽ അഴീക്കൽ വരെ നീണ്ടുകിടക്കുന്ന വൈപ്പിൻ കര ദ്വീപ് ഉണ്ടായത് എന്നു കരുതാം. "പുതുവൈപ്പ് വർഷം " അടിസ്ഥാനമാക്കിയ ഒരു പഴയ കാലഗണനാരീതി തന്നെ മുൻകാലങ്ങളിൽ നിലനിന്നിരുന്നുവത്രെ.
പ്രാചീനകാലത്ത് ഇന്നത്തെ കുട്ടനാട് വനമായിരുന്നു എന്നതിന് ഭൂമിയിൽനിന്ന് കുഴിച്ചെടുക്കുന്ന മരക്കരി തെളിവായി ചില ചരിത്രനിരീക്ഷണങ്ങളുണ്ട്. ഇത് പ്രാചീന കാലത്തെ മഹാപ്രളയങ്ങളിൽ നദികൾ നിക്ഷേപിച്ച വനസമ്പത്താകാനും സാധ്യതയുണ്ട്. പല കാലത്തായി വെള്ളപ്പൊക്കങ്ങളിൽ മണ്ണ് നിക്ഷേപിക്കപ്പെട്ടാണ് അപ്പർകുട്ടനാടും ലോവർ കുട്ടനാടും കൃഷിയിടങ്ങൾ ഉൾപ്പെടുന്ന കരപ്രദേശങ്ങളാകുന്നത്. ഇവിടങ്ങളിൽ താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങൾ കായലിൽ തുരുത്തുകളായി നിലനിന്നിരുന്നിരിക്കാം. സംഘകാലചേരന്റെ ആസ്ഥാനമായ കുട്ടനാടിനെ പെരിപ്ലസിലും മറ്റും കൊട്ടനാരെ എന്നു വിശേഷിപ്പിച്ചിരിപ്പിക്കുന്നു. പിൽക്കാലത്തെ ഓടനാടും, മുഞ്ഞുനാടും, വെമ്പൊലിനാടുമൊക്കെയുൾപ്പെടുന്ന ഉൾപ്രദേശങ്ങളെയാകാം അന്ന് കുട്ടനാട് എന്നു വിളിച്ചിരുന്നത്. കുട്ടനാട് നെൽക്കൃഷിക്ക് പ്രാപ്തമാകുന്നത് തന്നെ പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമാണ്. അതുകൊണ്ടുതന്നെ AD 1341ലെ പ്രളയകാലത്തിന് കുട്ടനാടിന്റെ മേൽ വലിയ മാറ്റങ്ങൾ വരുത്താനായി എന്നു കരുതാം. നദികളുടെ അഴിമുഖങ്ങൾക്ക് വന്ന മാറ്റങ്ങൾ തന്നെ അതിനോടൊപ്പം ചൂണ്ടിക്കാട്ടാവുന്നതുമാണ്.
AD 1696 മുതൽ 1717 വരെ തെക്കുംകൂർ ഭരിച്ച ഉദയമാർത്താണ്ഡവർമ്മയും AD 1717 മുതൽ 1750 വരെ ഭരിച്ച ആദിത്യവർമ്മയും മുട്ടാർ, കിടങ്ങറ, പള്ളം പ്രദേശങ്ങളിൽ കരികുത്തി ചിറ പൊക്കി നെൽകൃഷി ആരംഭിക്കുന്നത് സംവിധാനമൊരുക്കുന്നതായും കർഷകരെ കൊണ്ടുവന്ന് കുടിപാർപ്പിക്കുന്നതുമായൊക്കെ പ്രശസ്ത ചരിത്രകാരനായ കുറുപ്പംവീട്ടിൽ ഗോപാലപിള്ള കണ്ടെത്തി പ്രസിദ്ധീകരിച്ച കുന്നുതറ കൈമളുടെ ഗ്രന്ഥവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. പിൽക്കാലത്ത് കായൽ രാജാവായി അറിയപ്പെട്ട മുരിക്കൻ വികസിപ്പിച്ചെടുത്തു എന്ന് പൊതുവേ അറിയുന്ന ചിറകുത്തി സമുദ്രനിരപ്പിനടിയിൽ കൃഷി ചെയ്യുന്ന രീതിക്ക് പതിനേഴാം നൂറ്റാണ്ടിൽ തന്നെ തെക്കുംകൂറിന്റെ പടിഞ്ഞാറൻ മേഖലയിൽ തുടക്കമിട്ടിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എ.ഡി. 1664 മുതൽ 1744 വരെ തുടരുന്ന ഡച്ച് -തെക്കുംകൂർ വ്യാപാരക്കരാറിന്റെ ഫലമായി കൃഷിയുടെയും സാങ്കേതികവിദ്യയുടെയും ഭാഷാപഠനത്തിന്റെയും മേഖലയിൽ കോട്ടയത്ത് ഡച്ചുസ്വാധീനമുണ്ടായതിന്റെ നിരവധി സൂചനകൾ ചരിത്രത്തിലുണ്ട്. കായൽ നിലംകുത്തി സമുദ്രനിരപ്പിനടിയിൽ കൃഷി ചെയ്യുന്ന ഹോളണ്ടിലെ സമ്പ്രദായം ഇവിടെ ഉദയമാർത്താണ്ഡവർമ്മയുടെ കാലത്ത് സ്വീകാര്യമായി എന്നു വേണം കരുതാൻ.
കൊരൈയുര കഴിഞ്ഞാൽ ബറാക്കേ എന്ന വലിയ തുറമുഖനഗരമാണ്. പിൽക്കാലത്ത് പോർക്കേ എന്നറിയപ്പെട്ട പുറക്കാടാണത്. ഉൾക്കടലിൽ പരസ്പരം ചേർന്നു കിടന്ന തുരുത്തുകളുടെ പടിഞ്ഞാറുള്ള വലിയൊരു മുനമ്പാകാം ഈ തുറമുഖം. മുസിരിസിലെക്കാൾ വിലക്കുറവിൽ നല്ല കുരുമുളക് ഇവിടെ ലഭ്യമാണത്രെ. ഇവിടെ നിന്ന് 120 സ്റ്റേഡിയ ഉള്ളിലേക്ക് ബാരിസ് നദി (പമ്പ)യിലൂടെ സഞ്ചരിച്ചാൽ നെല്ക്കിണ്ട എന്ന തുറമുഖത്തെത്തും. അത് ഇന്നത്തെ നിരണമാണെന്ന് മിക്കവാറും ചരിത്രകാരന്മാർ. ഇവിടുത്തെ നാക്കിട എന്ന സ്ഥലമാണ് അതിന് മറ്റൊരു സൂചന. ആയ്രാജ്യത്തിന്റെ ഭാഗമായിരുന്ന തിരുവാറ്റുവായ് നാടിന്റെ ആസ്ഥാനമായ ആലൻതുരുത്ത് ഇതിന് സമീപമാണ്. കേരളത്തിലെ പുരാതന ശാക്തേയകേന്ദ്രങ്ങളായിരുന്ന തിരുമാന്ധാംകുന്ന്, കൊടുങ്ങല്ലൂർ പനയന്നാർകാവ് എന്നിവയിൽ പനയന്നാർക്കാവ് ക്ഷേത്രവും ഇവിടത്തെ പരുമല ദ്വീപിലാണ്. പുരാതനമായ തൃക്കപാലീശ്വരം ശിവക്ഷേത്രവും പടിഞ്ഞാറുള്ള നിരണത്താണ്‌. ക്രിസ്തുശിഷ്യനായ തോമാശ്ലീഹ സുവിശേഷ പ്രചരണം നടത്തിയ പ്രദേശങ്ങളിലൊന്നായും നിരണത്തെ പറ്റി ഐതിഹ്യമുണ്ട്.
നെൽക്കിണ്ട നീണ്ടകരയാവാമെന്ന് ചിലർ സംശയിക്കുന്നുണ്ട്. അതിനോട് യോജിക്കാനാവില്ല. കാരണം ബാരിസ് നദിയിലൂടെ 120 സ്റ്റേഡിയ ഉള്ളിലേക്ക് സഞ്ചരിച്ചാൽ നാക്കിട എന്ന സ്ഥലത്ത് എത്തും എന്നതു തന്നെ. മാത്രവുമല്ല ആ പ്രദേശത്തിന് പൗരാണികമായ വ്യാപാരപ്രാധാന്യവും ഉണ്ടായിരുന്നു. മിക്ക നദികളുടെയും അഴിമുഖം തുറമുഖം ആകുമ്പോൾ പമ്പയുടെയും മണിമലയാറിൻ്റെയും ഉൾക്കടലിലെ പതനസ്ഥാനമായ തുറമുഖം നാക്കിടയിലാകാനേ സാധ്യതയുള്ളൂ. ബറാക്കേ കരമാർഗ്ഗമുള്ള സഞ്ചാരം പരിമിതമായിരുന്ന തുറമുഖമായിരിക്കാം. കൊരൈയുരയിൽ നിന്നും നെൽക്കിണ്ടയിൽ നിന്നും ജലമാർഗ്ഗം എത്തിച്ച് സംഭരിച്ചിരുന്ന വാണിജ്യവിഭവങ്ങൾ വലിയ കപ്പലുകളിൽ കയറ്റിയിരുന്നത് ബറാക്കേയിൽ നിന്നാകാം. കൊളോണിയൽ കാലഘട്ടം വരെയും പ്രതാപത്തിലിരുന്ന തുറമുഖമായിരുന്നു പുറക്കാട്. ചെമ്പകശ്ശേരിയുടെ ആദ്യതലസ്ഥാനവുമായിരുന്നു.1550ൽ പോർച്ചുഗീസ്കാർ പുറക്കാട് തുറമുഖം ആക്രമിച്ച് തീയിട്ടപ്പോഴാണ് ചെമ്പകശ്ശേരി രാജ്യത്തിന് അമ്പലപ്പുഴ തലസ്ഥാനമാകുന്നത്. പിൽക്കാലത്ത് ആലപ്പുഴ തുറമുഖമായതോടെ പുറക്കാടിന്റെ പ്രശസ്തി നഷ്ടമായി.
ബുദ്ധമത കാലഘട്ടത്തിന്റേതായ നിരവധി തെളിവുകൾ കുട്ടനാട് ,ഓടനാട് മേഖലകളിൽ കണ്ടെത്തിയിട്ടുള്ളതിനാൽ ഒരു കാലത്ത് സാർത്ഥവാഹകരായ ശ്രമണന്മാരുടെ വമ്പിച്ച സ്വാധീനം ഉണ്ടായിരുന്നു എന്ന് നിസ്സംശയം കരുതാവുന്നതാണ്."ദക്ഷിണാപഥേ ശ്രീമൂലവാസേ " എന്ന് അഫ്ഗാനിസ്ഥാനിൽ കണ്ടെടുത്ത പ്രാചീന ബുദ്ധലിഖിതത്തിൽ പരാമർശിക്കുന്നത് ഇന്നത്തെ തൃക്കുന്നപ്പുഴയുടെ സമീപത്തായുണ്ടായിരുന്ന ശ്രീമൂലവാസമെന്ന ദക്ഷിണാത്യത്തിലെ പ്രധാന ബുദ്ധവിഹാരത്തെ പറ്റിയാണത്രെ. പത്താം നൂറ്റാണ്ടിലെ ആയ് രാജാവായ വിക്രമാദിത്യവരഗുണന്റെ പാലിയം ചെപ്പേടിൽ ''തിരുമൂലവാത"ത്തിന് ദാനം ചെയ്യുന്നതായി കാണുന്നു. അക്കാലത്തെ പ്രമുഖ വിജ്ഞാനകേന്ദ്രം കൂടിയായിരുന്ന ശ്രീമൂലവാസത്തെ മഹാ വിഹാരം പിൽക്കാലത്ത് കടലെടുത്തു പോയി എന്നും ചരിത്രനിരീക്ഷണങ്ങൾ ഉണ്ട്.
(ഇവിടെ കൊടുത്തിരിക്കുന്ന ഭൂപടത്തിൽ ചാലക്കുടിപ്പുഴ, പെരിയാർ, മൂവാറ്റുപുഴ, മീനച്ചിലാർ, മണിമലയാർ, പമ്പ, അച്ചൻകോവിലാർ എന്നിവയുടെ തടങ്ങളും അഴിമുഖങ്ങളും തുറമുഖങ്ങളും കാണിച്ചിരിക്കുന്നു. വേമ്പനാട്ടു കായലും കരപ്പുറം ദേശവും വൈപ്പിൻ കരയും രൂപപ്പെടും മുമ്പ് തീരപ്രദേശം എങ്ങനെയായിരുന്നിരിക്കാം എന്ന നിഗമനത്തിൽ നിന്നാണ് ഈ ഭൂപടം വരച്ചുണ്ടാക്കിയത്. പിൽക്കാലത്ത് കരയായി ഉയർന്നുവന്ന പ്രദേശങ്ങൾ ഇളംനീലനിറത്തിൽ കാണാം. )
AD 1341 ലെ പ്രളയത്തെ കുറിച്ച് വായിക്കാൻ:
https://m.facebook.com/story.php?story_fbid=2165406877080802&id=100008345311855
കൊരെയുര- ഒരു അന്വേഷണം
https://m.facebook.com/story.php?story_fbid=2629783363976482&id=100008345311855
കുട്ടവൻ്റെ ബലി
https://m.facebook.com/story.php?story_fbid=2274451576176331&id=100008345311855
പളളിക്കോണം രാജീവ്

No comments: