Thursday, June 4, 2020

ഏ. കെ ആന്റണിയെ കൂകി.ട്രോളി ഇരുത്തമ്പോൾ ചരിത്രം മാറില്ല.

ഏ. കെ ആന്റണിയെ കൂകി.ട്രോളി ഇരുത്തമ്പോൾ ചരിത്രം മാറില്ല.
ഇപ്പോൾ ടൈംലൈനിൽ കാണുന്ന ട്രോളുകൾ എല്ലാം ഏ കെ ആന്റണിയുടെ ' വിജ്ഞത്തെ ' കുറിച്ചും ' അഞ്ജതയെ' കുറിച്ചും, ' രാജഭക്തിയെകുറിച്ചുമാണ് 'അതുപോലെ ആന്റണിക്ക്‌ ജനകീയ സർക്കാരുകളെ മതിപ്പ് ഇല്ലന്ന വ്യാഖ്യാനവും
കാരണം. ആന്റണി പറഞ്ഞു എന്നു പറയുന്ന ഒരു ലൈൻ മാത്രം ഹൈലൈറ്റ് ചെയ്തു അഴിമുഖം ചെയ്ത 'അതി മിടുക്ക് ' രാഷ്ട്രീയമാണ്. ഒരു ഹെഡ്ലൈൻ എങ്ങനെ ഒരു ഇന്റർവ്യൂനേ വളച്ചു ഒടിച്ചു ചർച്ച വഴിതിരിച്ചു വിടുന്നു എന്നതിന് ഉദാഹരണം.ഇഗ്ളീഷിൽ അതിന് ' Framing the message ' എന്നാണ് പറയുന്നത്.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഒരു പാറ്റേൺ വളരെ ദൃശ്യമാണ്. പ്രതിപക്ഷത്തുള്ള ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരെ വെറും മണ്ടന്മാരാണെന്ന് വരുത്തി വെറുതെ കുറെപേർ കൂവുകയാണ്.
കൂവി ട്രോളിയുള്ള വിരേചനം മാത്രം രാഷ്ട്രീയ വ്യവഹാരം ഇവിടുത്തെ കക്ഷി രാഷ്ട്രീയ സംവാദത്തിന്റ രോഗാതുര അവസ്‌ഥയെയാണ് കാണിക്കുന്നത്.കൂകുന്നതും ട്രോളുന്നതും അസഭ്യം നടത്തുന്നത്തിലുമാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നത്. അതിൽ വിദഗ്ദർ എല്ലാ പാർട്ടികളിലുമുണ്ട്
പരസ്പരം ആശയ സംവാദങ്ങൾ നടത്തണമെങ്കിൽ ആശയ വിമർശനങ്ങൾ നടത്തണം എങ്കിൽ കാര്യങ്ങൾ വായിക്കണം, പഠിക്കണം, വസ്തു നിഷ്ട്ടമായി അവതരിപ്പിക്കണം. ഒരാളെ കളിയാക്കനോ, കൂകാനോ, തെറി പറയാനോ ആർക്കും കഴിയും. അതുപോലെ ട്രോളാനും.
അങ്ങനെയുള്ള അധോവായു രാഷ്ട്രീയ മനസ്ഥിതികൾ കേരള സമൂഹത്തിലെ രാഷ്ട്രീയതിമിര പോളറൈസേഷന്റെ ഭാഗമാണ്.
എതിർ ചേരിയിൽ ഉള്ളവരെ കൂകി ട്രോളി അസംഭ്യം പറഞ്ഞാൽ ഒരു വോട്ട് പോലും ആർക്കും കുറയുന്നതല്ലാതെ ഒന്നും സംഭവിക്കില്ല.
പണ്ട് കോളേജുകളിൽ കൂകി പഠിച്ചു ശീലം കൊണ്ടായിരിക്കും. ഇഷ്ട്ടമില്ലാത്ത പാർട്ടിക്കാരോ ആളുകളോ സ്റ്റേജിൽ വന്നാൽ പുറകിൽ ഒരു വിഭാഗത്തെ കൂകനായി ഇരുത്തും.
ഇതും നേരെത്തെ പറഞ്ഞ herd mentality യുടെ ഭാഗമാണ്.
ആന്റണി പറഞ്ഞത് എന്താണ് :?
"തിരുവനന്തപുരത്ത് ജനറൽ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂർ മഹാരാജാവാണ്. വാക്സിൻ കേരളത്തിൽ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂർ രാജകുടുംബമാണ്. അത് കഴിഞ്ഞ് ക്രിസ്ത്യൻ മിഷണറിമാർ വന്നു. പിന്നെ എല്ലാ സമുദായ സംഘടനകളും വന്നു. പിന്നീട് തിരുവിതാംകൂറിലെ പട്ടം താണുപിള്ള സർക്കാരും കൊച്ചിയിലെ ഇക്കണ്ടവാര്യരും മലബാറിലെ മദിരാശി സർക്കാരും ആരോഗ്യ രംഗത്ത് വികസനം കൊണ്ടുവന്നു.
ഒടുവിൽ കേരളം വന്നു. മാറിമാറി വന്ന എല്ലാ ഗവൺമെന്റുകൾക്കും ആരോഗ്യ രംഗത്തും വിദ്യാഭ്യാസത്തിനുമാണ് ഏറ്റവും ഊന്നൽ കൊടുത്തത്. റവന്യൂ വരുമാനത്തിന്റെ ഏറ്റവും കൂടുതൽ പോകുന്നത് ഈ വിഭാഗങ്ങളിലാണ്. അങ്ങനെ തുടർച്ചയായി വന്ന വിവിധ ജനകീയ സർക്കാരുകളുടെ പ്രവർത്തന ഫലമായാണ് വേറെ ഒരിടത്തും ഇല്ലാത്ത വിധത്തിൽ ആരോഗ്യരംഗം ശക്തമായിരിക്കുന്നത്.
സംസ്ഥാന തല ആശുപത്രികളും ജില്ലാ തല ആശുപത്രികളും ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വിധത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകളും ഇവിടെയുണ്ട്. അപ്പോൾ പറഞ്ഞു വരുന്നത് രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങൾ ഒരു സർക്കാരും നിർത്തിയിട്ടില്ല എന്നാണ്.
അതിന്റെയൊക്കെ ഫലമായാണ് കേരളത്തിന് ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായത്. ഇപ്പോഴത്തെ സർക്കാരും അത് തുടരുന്നു, ആരോഗ്യ രംഗത്ത് ശ്രദ്ധിക്കുന്നു.
അതാണ് കേരളം ഒന്നാം സ്ഥാനത്താകുന്നതിന്റെ പ്രധാന കാരണം",
ആന്റണി വ്യക്തമാക്കി.
ഈ പറഞ്ഞതിൽ എന്ത് അജ്ഞയും വിവരക്കേടുമാണ് 'രാജ ഭക്തിയുമാണ് 'പറഞ്ഞത് എന്ന്‌ മനസ്സിലാകുന്നില്ല. ഇവിടെ രാജ ഭരണത്തെകുറിച്ചു മാത്രമാണോ പറഞ്ഞത്.?
കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റ മധ്യത്തോടെ തുടങ്ങിയ ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കഴിഞ്ഞ 170 വര്ഷങ്ങളായി സ്വാതന്ത്ര്യംത്തിനു മുമ്പും പിമ്പും ഇപ്പഴും തുടരുന്നു. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും
ഇപ്പോൾ കാണുന്ന നേട്ടങ്ങൾക്ക് കാരണം അതാതു സമയത്തുള്ള വിവിധ സർക്കാരുകളും സർക്കാർ ഇതര സാമൂഹിക സംരഭങ്ങളുമാണ്. കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിലായി സ്വകാര്യ രംഗത്തു വളർന്ന വിദ്യാഭ്യാസ സംരഭങ്ങളും ആശുപത്രികളും പങ്ക് വഹിച്ചിട്ടുണ്ട്.
അതാണ് ആന്റണി പറഞ്ഞത്.
സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ ഇന്ത്യ യിൽ തന്നെ ഏറ്റവും ഭേദപ്പെട്ട വിദ്യാഭ്യാസ -ആരോഗ്യ സൂചിക ഉള്ള പ്രദേശമായിരുന്നു തിരുവിതാംകൂർ എന്നതിന് ഡേറ്റയുണ്ട്. അതു കഴിഞ്ഞു കേരള സംസ്ഥാന ഉണ്ടാകുന്ന സമയത്തും ആരോഗ്യ നിലവാരത്തിലും വിദ്യാഭ്യാസ നിലവാരത്തിലും കേരളത്തിന്റെ അവസ്‌ഥ ദേശീയ ശരാശരിയെക്കാൾ വളരെ ഉയർന്നതായിരുന്നു
1951 ഇൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം കേരളമാണ്. അന്ന് 47., 18% അന്ന് ഇന്ത്യയിലെ സാക്ഷര 18.33% അതായത് കേരളത്തിലെ സാക്ഷരത ദേശീയ ശരാ ശരിയെക്കാൾ 2.5 മടങ്ങു കൂടുതൽ.
1956 ഇൽ കേരളത്തിൽ ഏതാണ്ട് 60%കുട്ടികളും സ്‌കൂളിൽ പോയിരുന്നു. അന്ന് ദേശീയ ആവറേജ് 28%.മാത്രം.
ഇന്ന് കേരളം എന്ന് പറയുന്ന പഴയ തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലയിൽ വിദ്യാഭ്യാസവും സാമൂഹിക വികസനത്തിനും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെക്കാൾ പഴക്കമുണ്ട്.
ഇന്ത്യയിൽ ആദ്യത്തെ മാറ്റങ്ങൾ ഉണ്ടായ ഇടങ്ങളിലൊന്നു തിരുവിതാംകൂറാണ്
1810 ഇൽ ജോൺ മൺറോ ദിവാനായപ്പോഴാണ് ഭരണത്തിന് സെക്രട്ടറിയേറ്റ് എന്ന എക്സികൂട്ടീവും അതിൽ നിന്ന് വിഭിന്നമായി ജുഡീഷ്യറിയും നിലവിൽ വന്നത്. അടിമ വേല ലോകത്തു നിരോധിക്കുന്നതിന് മുമ്പ് തന്നെ, 1814 ഇൽ തിരുവിതാംകൂറിൽ നിരോധിച്ചു. പൊതു വിദ്യാഭ്യാസവും സാനിട്ടേഷനും പൊതു ആരോഗ്യവുമൊക്കെ പബ്ലിക് പോളിസിയുടെ പരിധിയിൽവന്നു.
അതു പോലെ 1834 ഇൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ സർക്കാരിന്റെ ചുമതലയെന്ന തത്വം സ്ഥാപിക്കപ്പെട്ടു. 1860 കളു തൊട്ട് സ്ത്രീകൾക്കുൾപ്പെടെ പൊതു വിദ്യാഭ്യാസം നൽകുവാനുള്ള പബ്ലിക് പോളിസി ഇന്ത്യയിൽ തന്നെ ആദ്യമുണ്ടായത് തിരുവിതാം കൂറിളാണ്
1861 ഇൽ തിരുവനന്തപുരത്തു ജനറൽ ആശുപത്രി. 1870 കൾ മുതൽ പകർച്ച വ്യാധികൾ തടയുവാൻ പബ്ലിക് പോളിസിഉണ്ടായത് തിരുവിതാംകൂറിൽ ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി പകർച്ച വ്യാധി പ്രതിരോധ പോളിസിയുടെ ഭാഗമായി വാക്‌സിനേഷൻ നടത്തിയ ഇടങ്ങളിലൊന്ന് തിരിവിതാകൂറിലാണ്. എല്ലാം സർക്കാർ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നിർബന്ധമായി 1879 ഇൽ തന്നെ വാക്സിനേഷൻ ഇവിടെ നിലവിൽ വന്നു.
ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴയ മിഷൻ ഹോസ്പിറ്റലുകളിലൊന്നും 1838 ഇൽ എൽ എം എസ് തുടങ്ങിയ നെയ്യൂർ മിഷൻ ആശുപതിയാണ്. തിരുവിതാകൂറിൽ വാക്സിനേഷൻ നടത്തിയ ആശുപത്രികളിലൊന്നു നെയ്യൂർ മിഷനാണ്. ഇന്ത്യയിൽ തന്നെ പൊതു ജനാരോഗ്യ വിദ്യാഭ്യാസവും പ്രവർത്തനങ്ങളും നഴ്സിങ് സ്‌കൂളും തുടങ്ങിയത് അവിടെയാണ്. 1890 കളിൽ സൗത്ത് ട്രാവൻകൂർ മെഡിക്കൽ മിഷൻ ഇന്ത്യയിലും മറ്റു കോളനികളിലും ഉള്ളവയിൽ ഏറ്റവും വലുതായിരുന്നു
കേരളത്തിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രസവം നടന്നിരുന്ന 1915-ൽ തിരുവനന്തപുരം തൈക്കാട് ആശുപത്രിയുടെ പ്രസവ വകുപ്പിന്റെ ചുമതലക്കാരിയായിരുന്ന ഡോ.മേരി പുന്നൻ ലൂക്കൊസായിരുന്നു . 1922-37വരെ ശ്രീമൂലം പ്രജാ സഭയിലും അംഗമായി. 1938-ൽ ഇന്ത്യയിലെ ആദ്യത്തെ സർജൻ ജനറൽ ആയി നിയമിക്കപ്പെട്ട മേരിയുടെ നേതൃത്വത്തിൽ 32 സർക്കാർ ആശുപത്രികൾ, 40ഡിസ്പെൻസറികൾ, 20സ്വകാര്യ വൈദ്യ സ്ഥാപനങ്ങൾ ആരംഭിച്ചു. 1975-ൽ പദ്മശ്രീ നൽകി ആദരിച്ചുവന്നതും ചരിത്രം.
1850.കളുമുതലുണ്ടായ മാറ്റങ്ങളാണ് കേരളത്തെ മാറ്റങ്ങൾക്ക് നിദാനം
1) അച്ചടി വിദ്യയും മലയാള ഭാഷയുടെ വികസനവും കൂടുതൽ പത്ര മാദ്യമങ്ങളും പാഠ പുസ്തങ്ങൾക്കും പുതിയ സാക്ഷരതക്ക് ഇടം നൽകി.
2) നാട്ടു രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിൽ താല്പര്യമുണ്ടായിരുന്ന രാജാക്കന്മാരും അവരുടെ വിദ്യാഭ്യാസവും വിവരങ്ങളുമുള്ള ദിവാൻമാരും/ റെസിഡന്റ്മാരും ഗവര്ണൻസ് കാര്യക്ഷമമാക്കുവാൻ പുതിയ പോളിസികളും അതു നടപ്പാക്കാനുള്ള സ്ഥാപന സംവിധാനവുണ്ടാക്കി
3)തിരുവിതാംകൂറിലാണ് ഇന്ത്യയിലെ ആദ്യത്തെ ജനപ്രതി സഭയിലോന്നുണ്ടായത്.(1888).ഇത് ഒരു പരിധിവരെ ജനായത്ത സംവിധാനത്തിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഇട നൽകി
4(സ്ത്രീകൾക്ക്‌ ആദ്യമായി ജാതി മത ഭേദമെന്യേ വിദ്യാഭ്യാസ അവസരമുണ്ടായി. . അതു കേരളത്തിൽ പിന്നെ എല്ലായിടത്തും വ്യാപിച്ചു . കേരളത്തിലെ സാമൂഹിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്.
5)കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ വിവിധ സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും സാമൂഹ്യ സമത്വ ചിന്തകളും ജാതി വിവേചനത്തിനും സ്ത്രീ വിവേചനത്തിനും എല്ലാം പലരും പല ഇടങ്ങളിൽ പ്രവർത്തിച്ചു.അതു പോലെ പത്രമാദ്ധ്യമങ്ങൾ സാക്ഷരതയും വിജ്ജ്ഞവും പരത്തി.
കേരളത്തിൽ ജനായത്ത സംസ്ക്കാരവും അറിവിന്റെ സാമൂഹിക വൽക്കരണവും ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ ദിശകങ്ങളിൽ ഉണ്ടായി .1940 കളിൽ കമ്മ്യുണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള പാർട്ടികൾ ജന പങ്കാളിത്തത്തോട് വളരുവാൻ ഇടയായത്
സ്വാതന്ത്ര്യത്തിന് മുമ്പ് കേരളത്തിൽ വളർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടാണ്.
അതിനർത്ഥം തിരിവിതാകൂറിലും കേരളത്തിലും പ്രശ്നം ഇല്ലായിരുന്നു എന്നല്ല. സവർണ്ണ ജാതിക്കാർക്ക് അല്ലാത്തവർക്ക് തിരുവിതാംകൂറിൽ ജോലി കിട്ടിയിരുന്നില്ല.(ഡോ പൽപ്പുവിന് മാത്രം അല്ല, ഒരുപാടു പേർക്ക് ജാതി /മത വിവേചനം കൊണ്ടു കൊടുത്തില്ല ). ബ്രാമ്മണ -ക്ഷത്രിയ മേധാവിത്തം ഉള്ള ഭരണക്രമത്തിൽ ബജറ്റിൽ വലിയ ശതമാനം ചിലവഴിച്ചത്
ബ്രാമ്മണർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഊട്ട് പുരക്ക് വേണ്ടിയാണ്. രാജ അധികാര വ്യവസ്ഥയെ വിമർശിക്കാൻ ഒരു പുസ്തകം തന്നെ എഴുതാം
കടുത്ത സവർണ്ണ ഹൈന്ദവ പക്ഷ പാതിത്തമുള്ള വ്യവസ്‌ഥയിൽ പല മാറ്റങ്ങളും ഉണ്ടായതിന് ഒരു കാരണം ബ്രിട്ടീഷ് തണലിൽ വന്ന മിഷനറി വിദ്യാഭ്യാസവും ആരോഗ്യ പ്രവർത്തനവുമാണ് കടുത്ത ജാതി വിവേചനവും സവർണ്ണ അധികാര വ്യവസ്ഥയും ഒരുപാടു സാമൂഹിക അനാചാരങ്ങളും പട്ടിണിയും, പകർച്ച വ്യാധികളും ഉള്ള സ്ഥലമായിരുന്നു തിരുവിതാകൂറും കേരളവും ഇന്ത്യയും. ഇന്നും അതൊക്കെ ഒരു പരിധിവരെയുള്ള സ്ഥലമാണ് കേരളവും ഇന്ത്യയും
എന്നാൽ കേരളത്തെ മാറ്റിയത് ഇരുപതാം നൂറ്റാണ്ടിന്റ ആദ്യപകുതിയിൽ നടന്ന സമുദായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയവൽക്കരണവും ജനയാത്തവൽക്കരണ പ്രസ്ഥാനങ്ങളുമാണ്. സ്വാതന്ത്ര്യ സമര രാഷ്ട്രീയ ജനായത്തവൽക്കരണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിസും അതുപോലെ പാർശവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജനായത്തവൽക്കരണത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയും പ്രവർത്തിച്ചു.
വിവിധ സമുദായ സംഘടനകളും സാമൂഹിക സംരംഭകരും 1920 കൾ തുടങ്ങിയസ്കൂളുകൾ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കി. എന്റെ ഗ്രാമത്തിൽ സർക്കാർ സ്കൂൾ വന്നിട്ട് 100 കൊല്ലത്തിൽ അധികം. അതുപോലെ ഹൈ സ്കൂൾ 90 കൊല്ലതിന്നു മുൻപ്. കേരളത്തിൽ ആകമാനം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വിദ്യാഭ്യാസം ലഭ്യമായി.
ഇതിന് തുടക്കം പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ അന്നത്തെ സർക്കാരും (രാജ ഭരണം. ബ്രിട്ടീഷ് ഭരണം ) സർക്കാർ ഇതര സമുദായ സാമൂഹിക സംരംഭങ്ങളും വിദ്യാഭ്യാസവും ആരോഗ്യവും ജനങ്ങളിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ കൊണ്ടാണ്.
അതു പല രീതിയിൽ തിരുവിതാകൂറും, കൊച്ചിയിലും മലബാറിലും സംഭവിച്ചു. കേരളത്തിലെ ആദ്യ സ്കൂൾ കോഴിക്കോട്ട് ആയിരുന്നു. ഇന്നും അതു സെന്റ് ജോസഫ് സ്‌കൂൾ എന്ന പേരിൽ ഉണ്ട്. മലബാറിലെ ബേസൽ മിഷൻ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ മാറ്റമുണ്ടാക്കി. കേരളത്തിൽ സി എം എസ് കോളേജ് ഉണ്ടായിട്ട് ഇരുനൂറ് വർഷം കഴിഞ്ഞു. അന്ന് അതുപോലെ തുടങ്ങിയത് കൽക്കട്ടയിലെ പ്രെസിസെൻസി കോളേജ് മാത്രമാണ്
അന്ന് തുടങ്ങിയ പൊതു നയങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷം വന്ന തിരെഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തുടർന്നുആരോഗ്യത്തിനും പൊതു വിദ്യാഭ്യാസത്തിനും മറ്റുള് സംസ്ഥാനങ്ങളെക്കാൾ ബജറ്റിൽ കൂടുതൽ ചില വഴിച്ചു.
കഴിഞ്ഞ മുപ്പതു കൊല്ലം കേരളത്തിന്റെ സാമ്പത്തിക വളർച്ചക്കും മാനവിക വികസന സൂചി വികസനത്തിനും ഒരു പ്രധാന കാരണം കേരളത്തിൽ നിന്നും വിദേശത്ത് പോയി ആളുകൾ കേരളത്തിലേക്ക് വലിയ തോതിൽ രൂപ അയച്ചു കൊടുത്തത് കൊണ്ടാണ്. അതു വരെ ഞെങ്ങി നിരങ്ങിപ്പോയ ബജറ്റിൽ കാശു വരാൻ തുടങ്ങിയത് 1990കളിൽ കേരളത്തിലുണ്ടായ സാമ്പത്തിക വളർച്ചയാണ്
ഇതൊക്കെ ചരിത്ര വസ്തുതകളാണ്. 19 നൂറ്റാണ്ടിലേ ചരിത്രവും ഗവര്ണൻസും lപബ്ലിക് പോളിസിയും വായിച്ചവർക്കെല്ലാം ഇത് അറിയാം.
അല്ലാതെ ആന്റണി രാജ ഭക്തനാണ്, 'അജ്ഞനാണ് എന്നു പറഞ്ഞു ട്രോളിയത് കൊണ്ട് ചരിത്ര വസ്തുതകൾ മാറില്ല
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ മന്ത്രിയായ ആന്റണിയോട് കലിപ്പുള്ളവർ ആരാണ് എന്ന് വ്യക്തം.അതു ഇന്നും ഇന്നലെയും തുടങ്ങിയതല്ല. . 1980 കളിൽ ആന്റണിയോട് കൂടി സർക്കാർ ഉണ്ടാക്കിയ പാർട്ടിയുടെ പിൻമുറക്കാരുടെ ചരിത്ര ബോധം അപാരമാണ്.
ആന്റണിയെ കൂകി ഇരുത്താൻ ശ്രമിക്കുന്നതിന്റ ആൾക്കൂട്ട മനശാസ്ത്രം നമ്മുടെ രാഷ്ട്രീയ വ്യവഹാരം വെറും ട്രോളുകൾ ആയി ചുരുങ്ങുന്ന പരിതാപകരമായ അവസ്ഥയെ കാണിക്കുന്നത്.
ട്രോളാണ് പ്രത്യകിച്ചു വായനയും വിദ്യാഭ്യാസവും വിവരവും വേണ്ടായല്ലോ. കൂകാൻ ആർക്കും കഴിയും.
ജെ എസ് അടൂർ




No comments: