Sunday, March 25, 2018

മലയാളഭാഷ പഠനം നേരിടുന്ന വെല്ലുവിളികൾ


കഴിഞ്ഞ രണ്ടു ദിവസമായി മലയാള ഭാഷയെ കുറിച്ചു ചർച്ചചെയ്യുന്നതും ആശങ്കപെടുന്നതും ആവലാതി പറയുന്നതും കൂടുതൽ 1970 കളിലോ 1980 കളിലോ വായിച്ചു വളർന്നു വയസായി കൊണ്ടിരിക്കുന്ന ഞാൻ അടക്കമുള്ള മധ്യവയസ്ക്കരാണ്. ഇതിൽ കൂടുതൽ ആളുകളുടെയും മക്കൾ ഇതൊന്നും ഗൗനിക്കാനുള്ള സാധ്യത കുറവാണ്. അവരിൽ തന്നെ എത്ര പേർക്ക് മലയാളം വായിക്കാനോ എഴുതാനോ അറിയാമെന്നു കണ്ടറിയണം. അവരിൽ ബഹു ഭൂരിഭാഗത്തിനു ഇന്നത്തെ മിക്ക മലയാള കവികളെയും എഴുത്തുകാരെയും അറിയാനുള്ള സാധ്യത കുറവാണ്. ഇതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്. പ്രധാനമായ ഒരു കാരണം കേരളം ഒരു സാമൂഹിക മാറ്റത്തിന്റെ നടുവിലാണ് എന്നതാണ്. അടുത്ത പതിനഞ്ചു കൊല്ലത്തിനുള്ളിൽ നമ്മുടെ സമൂഹത്തിനും രാഷ്ട്രീയത്തിനും ഭാഷ വ്യവഹാരത്തിനും വലിയ മാറ്റങ്ങൾ വരും.
കേരളത്തിൽ ഇപ്പോൾ മലയാളവും ഇഗ്ളീഷും സാമാന്യം നല്ലത് പോലെ ഉപയോഗിക്കുവാൻ പ്രാവീണ്യമുള്ള ചെറുപ്പക്കാർ കുറഞ്ഞു വരുന്നു . ഇതിനു ഒരു കാരണം ഇന്ന് ഒരു 80% കുട്ടികളും പ്രൊഫഷണൽ കോഴ്‌സിന് പോകുവാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ ഭാഷ പ്രാവീണ്യ പരീക്ഷകൾ ഒന്നുമില്ല. പിന്നെ ഒരു പ്രശ്നം മലയാള ഭാഷയിൽ പ്രാവീണ്യം നേടിയിട്ട് പ്രത്യേക പ്രയോജനം ഒന്നും ഇല്ലന്ന ധാരണ. എല്ലാവരും അങ്ങനെ ആകണം എന്നില്ല. പക്ഷേ നല്ലൊരു വിഭാഗം അങ്ങനെയാണ്.
വേറൊരു കാര്യം ഇന്ന് ഉപരി മധ്യ വർഗ്ഗത്തിൽ പെട്ടവരെല്ലാം അവരുടെ കുട്ടികളെ കേരളത്തിനു വെളിയിൽ മെട്രോ നഗരങ്ങളിലാണ് പഠിക്കുവാൻ വിടുന്നത് . അവരുടെ പ്രധാന വ്യവഹാര ഭാഷ ഇഗ്ളീഷാണ്. അവർ ആഗോള സ്റ്റേജിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നവരാണ്. ഇന്ന് കേരളത്തിലെ ഒരു വലിയ വിഭാഗം കോളജ് യൂണിവേഴ്സിറ്റി അധ്യാപകരുടെ മക്കൾ കേരളത്തിനു വെളിയിലാണ് പഠിക്കുന്നത്. എത്ര പ്രമുഖ മലയാള എഴുത്തു കാരുടെ മക്കൾ മലയാളം വായിക്കുകയും എഴുതുകയും ചെയ്യും ? കവികളുടെ മക്കൾ പോലും അവരുടെ കവിതകൾ വായിക്കാൻ ഉള്ള സാധ്യത കുറവാണ്.
ഇതെല്ലാം മലയാള ഭാഷ പഠനത്തേയും ബാധിച്ചിട്ടുണ്ട്. ഇപ്പോൾ പതിനഞ്ചും ഇരുപതും വയസ്സുള്ള കുട്ടികൾ അവരുടെ സിലബസ്സിന് അപ്പുറം എത്ര പുസ്തകം വായിക്കും? വായിക്കാൻ അവർക്കെവിടെ സമയം? ഒരിക്കൽ എന്റെ മകന്റെ ഹോസ്റ്റൽ വാർഡൻ പറഞ്ഞ പരാതി അവൻ പാഠപുസ്തകത്തേക്കാൾ ' ആവശ്യം ഇല്ലാത്ത 'പുസ്തകങ്ങളും പത്രങ്ങളും വായിച്ചു ഒരുപാട് സമയം പാഴാക്കുന്നു എന്നാണ്. അല്ലെങ്കിൽ റാങ്ക് കിട്ടേണ്ട പയ്യനാണെന്നും. അവനു റാങ്ക് കിട്ടണം എന്ന് അവനോ ഞങ്ങൾക്കോ ആഗ്രഹം ഇല്ലെന്നു പറഞ്ഞു ചർച്ച അവസാനിപ്പിച്ചു.
ഇന്നും മലയാളത്തിൽ കൂടുതൽ വായിക്കുന്നത് മുപ്പതു വയസ്സ് കഴിഞ്ഞവരാണ്. കാരണം പണ്ട് എല്ലാ ഗ്രാമത്തിലും സജീവ വായന ശാലകൾ ഉണ്ടായിരുന്നു. ഇപ്പോൾ മിക്കവരും അവരുടെ സ്മാർട്ട് ഫോണിലോ അല്ലെങ്കിൽ ഓൺ ലൈനിലോ ആണ് വായിക്കുന്നത്. എൺപതുകളിൽ വളർന്നവർക്ക് ബാലചന്ദ്രൻ ചുള്ളിക്കാടും കടമ്മനിട്ടയും ഒക്കെ സുപരിചിതരാണ്. പക്ഷേ ഇപ്പോൾ ഉള്ള കുട്ടികളിൽ ഭൂരിപക്ഷവും അതിനെകുറിച്ചൊന്നും ഗൗനിക്കാറേ ഇല്ല. ഇതൊക്കെ ചർച്ച ചെയ്യുന്നത് വേറെ പണി ഇല്ലാത്തവരാണ് എന്ന് വിചാരിക്കുന്ന ചെറുപ്പക്കാരെ എനിക്കറിയാം.
വളരെ ലോക വിജ്ഞാനമുള്ള ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞത് " സർ, ഈ കവിതയും നിരൂപണവും ഒന്നും വായിച്ചു സമയം കളയാൻ ഇല്ല,". അവരിൽ നല്ലൊരു വിഭാഗം എല്ലാം വിവരങ്ങളും ഗൂഗിൾ തപ്പി അറിയുന്നവരാണ്. അവർക്ക് പ്രയോജനമുള്ള വിവരങ്ങൾ മാത്രം അന്വേഷിക്കുന്നവരാണ്. അവരെല്ലാം അവരവരുടെ കരിയർ കാര്യങ്ങൾക്കു വേണ്ടത് തിരഞ്ഞു പിടിച്ചു വായിക്കുന്നവരാണ്. അവർക്ക് ബാലചന്ദ്രൻ ചുള്ളിക്കാട് ഒന്നും ഒരു വിഷയമേ അല്ല.
മലയാളികൾ എന്നറിയപ്പെടുന്നവരിൽ ഏതാണ്ട് 15% ആളുകൾ കേരളത്തിന്‌ വെളിയിലും വിദേശത്തുമാണ് താമസിക്കുന്നത്. അവരുടെ ഭാഷ സാഹചര്യം വളരെ വ്യത്യസ്തമാണ് . കേരളത്തിനു വെളിയിൽ വളരുന്ന കുട്ടികൾ മലയാളം വായിക്കുവാൻ ഉള്ള സാധ്യത കുറവാണ്. വിദേശത്ത് വളർന്ന എന്റെ കുട്ടികളുടെ ഭാഷാ പ്രാവീണ്യം ഇഗ്ളീഷിലാണ്. രണ്ടുപേരും നല്ലത് പോലെ വായിക്കും. ഇഗ്ളീഷിൽ സാമാന്യം ഭംഗിയായി എഴുതി പ്രസിദ്ധീകരിക്കുന്നവരാണ്. ആവശ്യത്തിന് മലയാളം ഉപയോഗിക്കുവാൻ പഠിക്കണം എന്ന് നിർബന്ധം ഉള്ളത് കൊണ്ടാണ് പഠനത്തിന്റെ ഒരു ഭാഗം കേരളത്തിലാക്കിയത്. പക്ഷേ ലോകമാണ് അവരുടെ വേദി. അങ്ങനെയുള്ള ലക്ഷക്കണക്കിന് മലയളികൾ ഉണ്ടെന്ന് അറിയുക
ഇങ്ങനെയുള്ള ഒരു വലിയ സാമൂഹിക മാറ്റത്തിനു ഇടയിലാണ് കേരളം. ഇരുപത് കൊല്ലം കഴിഞ്ഞു കേരളത്തിൽ ഒരു പക്ഷേ മലയാളികൾ അല്ലാത്ത 15% ആളുകൾ കാണും. അതുപോലെ മലയാളം പറയാത്ത ഒരു നല്ല വിഭാഗം മലയാളികൾ കേരളത്തിനു പുറത്തും അകത്തും കാണും. അതു കൊണ്ട് അവർ മലയാളികൾ അല്ലാതാവുന്നില്ല

No comments: