Monday, March 19, 2018

ജന പ്രധിനിധികളുടെ ശമ്പളവും സോഷ്യല്‍ അക്കൌന്ടബിലിട്ടിയും

മന്ത്രിമാർക്കും, എം എൽ എ മാർക്കും ശമ്പളം കൂട്ടിയതിൽ കുഴപ്പമില്ല. എം എൽ എ മാർക്കും, എം പി മാർക്കും മന്ത്രിമാർക്കും എല്ലാം ജനപ്രതിനിധികൾക്കും നല്ല ശമ്പളം കൊടുക്കണം എന്നതാണ് എന്റെ പക്ഷം. അതു കൊണ്ട് ശമ്പളം കൂട്ടിയാൽ ഒരു കുഴപ്പവുമില്ല.
കുഴപ്പം വാങ്ങുന്ന ശമ്പളത്തിനും സന്നാഹങ്ങൾക്കും അനുസരിച്ച പണി ഇവരിൽ എത്ര പേർ ചെയ്യുന്നുണ്ട് എന്നതാണ്. . നിയമ സഭയിൽ എന്ത് വൃത്തികേട് കാണിച്ചു സഭ മുടക്കി കറങ്ങി നടന്നാലും ഇവർക്ക് ശമ്പളം ഉണ്ട്. സഭ മുടക്കുന്നത് പണി മുടക്കുന്നതിന് തുല്യമാണ്. അങ്ങനെയുള്ള ദിവസത്തെ ശമ്പളം വേണ്ടായെന് എത്ര പേർ പറയും ? സഭ മുടക്കിയാൽ അതിനു വേറെ ചിലവ്. സഭയിലെ പൊതു മുതൽ നശിപ്പിച്ച എത്ര എം എൽ എ മാരിരുടെ ശമ്പളത്തിൽ നിന്ന് ആ തുക പിടിച്ചു ? ഏൽപ്പിച്ച പണി ചെയതാലും ഇല്ലെങ്കിലും കാശ് കൈയിൽ കിട്ടും.
പിന്നത്തെ ഒരു പ്രശ്നം മൂന്നു കൊല്ലം മാത്രം പണി ചെയ്‌താൽ എം എൽ ക്കും, മന്ത്രിക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനും ആജീവാനന്ത പെൻഷൻ. അതിനു കാശുണ്ട്. പക്ഷേ കെ എസ് ആർ ടി സി യിൽ മുപ്പതു കൊല്ലം പണി ചെയ്താലും പെൻഷൻ ഇല്ല. ഇതെന്തു ന്യായം ?
ഇവിടെ എത്ര മന്ത്രിമാർക്ക് പെർഫോമൻസ് ഓഡിറ്റ്‌ ഉണ്ട് ? എത്ര ആഴ്ചയിൽ 40 മണിക്കൂർ ഓഫീസിൽ കാണും ? ഇവർ പ്ലാനിലും ബജറ്റിലും ഉള്ള എത്ര ശതമാനം കാര്യങ്ങൾ നടപ്പാക്കുന്നു ? എന്തിനൊക്കെ എങ്ങനെയൊക്കെ പൈസ ചിലവാക്കുന്നു ?
ശമ്പളം നല്ലതു പോലെ കൊടുത്താൽ അഴിമതി കുറക്കാൻ സാധിക്കുന്നു എന്നാണ് വെപ്പ്. ശമ്പളം കൂട്ടി കൊടുത്താൽ അതിനു തക്ക അകൗണ്ടബിലിറ്റിയും വേണം. അതു അനുദിനം കുറഞ്ഞു വരുന്നു എന്നതാണ് പ്രശ്നം. മിക്ക മന്ത്രിമാരുടെയും പെർഫോമൻസ് ബിലോ ആവറേജ്. പലരും.
തിരഞ്ഞെടുപ്പിന് മുമ്പ് വിനീതരായി കൈ കൂപ്പി ചിരിച്ചു വോട്ടു വാങ്ങുന്ന പലരും ഭരണ തേരിൽ കയറിയാൽ ഭാവം മാറും രൂപം മാറും സ്വരം മാറും. പലരും അഹങ്കാരത്തിന്റെ ആൾ രൂപങ്ങളാവും. പല മന്ത്രിമാരും ജന്മി മേലാളന്മാരെ പോലെ അവർ പോലും അറിയാതെ പെരുമാറും. എല്ലാവരും അങ്ങനെ ആണെന്നല്ല അതിന്റെ അർത്ഥം. പലരും അങ്ങനെ പെരുമാറാറില്ല. പക്ഷേ ഒരു നല്ല വിഭാഗം ഇപ്പോഴും അങ്ങനെ തന്നെ .
പിന്നെ ശമ്പളവും സന്നാഹങ്ങളും കൂട്ടിയതു കൊണ്ടു നാട്ടുകാർക്ക് എന്ത് പ്രയോജനം ?

No comments: