Sunday, March 25, 2018

ഭാഷ പരിണാമങ്ങൾ 2, മലയാളം വന്ന വഴികൾ


ഭാഷയുടെ ശുദ്ധിയും അശുദ്ധിയും തീരുമാനിക്കുന്നത് അതാതു കാലത്തു അതിനെ ചിട്ടപെടുന്നവരും അധികാരമാളുന്നവരും ഭാഷ ഭരണ സ്വരൂപങ്ങളുമാണ്.
ഈ ചിട്ടപ്പെടുത്തൽ അധികാരവുമായി ബന്ധംപെട്ടതാണ്. മലയാളം വന്ന വഴികൾ പലതാണ്. പല നാട്ടു മൊഴികളിൽ നിന്ന് വരമൊഴികളായും ഭക്തി പ്രസ്ഥാന ഭാഷ സ്വരൂപമായും, കച്ചവട.ഭാഷാ ചേരുവകളായും, മലയാണ്മയായും, മണിപ്രവാളമായും, സുറിയാനി മലയാളമായും അറബി മലയാളമായും, യൂദ മലയാളമായും പോർച്ചുഗീസ് -മലയാള ക്രിയോൾ ആയും ഡച്ചു, ഇഗ്ളീഷ് സ്വാധീനം വഴി, തമിഴ് സംസ്‌കൃത ഇണചേരലിലൂടെ പല വഴിക്ക് പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തിയ മലയാളത്തെ ഇന്നറിയുന്ന രീതിയിൽ വ്യവസ്ഥാപകവൽക്കരിക്കപ്പെട്ടിട്ട് നൂറ്റമ്പത് കൊല്ലമേ ആകുന്നുളൂ.
പതിനഞ്ചാം നൂറ്റാണ്ടിൽ ചെറുശ്ശേരി നമ്പൂതിരിയും പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛനും ഭക്തി പ്രസ്ഥാന ആഖ്യായികളിൽ കൂടിയാണ് മലയാളത്തെ ചിട്ടപ്പെടുത്തി എഴുതിയത്. ഉണ്ണായി വാര്യരും ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. പതിനെട്ടം നൂറ്റാണ്ടിൽ ആണ് പാറമ്മക്കെൽ തോമ കത്തനാർ 1785 ൽ പറവൂരിൽ നിന്നു റോമിലേക്കുള്ള യാത്രയുടെ വിവരണമായാണ് വർത്താന പുസ്തകം ( 1789)എഴുതിയത് . സരള മലയാളത്തിന്റെ വെളിച്ചം കുഞ്ചൻ നമ്പ്യാരിലൂടെയാണ് കൂടുതൽ തെളിവായതു. പതിനെട്ടാം നൂറ്റാണ്ടിൽ കുഞ്ചൻ നമ്പ്യാർ സാധാരണ സരള മലയാള സഹൃദയ വഴികളിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തിച്ചത്.
പക്ഷെ ഈ മുഖ്യധാര ആഖ്യാനത്തിന് പുറത്തും പല വഴികളിൽ പലമലയാളങ്ങളുമുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടുവരെ സുറിയാനി ലിപിയിൽ എഴുതിയ സുറിയാനി മലയാളം നസ്രാണികളുടെ ഇടയിൽ സജീവമായിരുന്നു. കാരിയാട്ടിൽ മാർ ഔസേപ് എഴുതിയ വേദ താരകം സുറിയാനി മലയാളത്തിലാണ്. അതുപോലെ തന്നേ സജീവമായിരുന്നു അറബി മലയാളം. പല നൂറ്റാണ്ടുകളായി വളർന്ന അറബി മലയാളത്തിൽ ആണ് ആദ്യമായ് ഒരു പേർഷ്യൻ നോവൽ ചഹർ ഡെർവിഷ് 1883 ൽ അറബി മലയാളത്തിൽ പരിഭാഷ പെടുത്തിയത്. മോയിൻ കുട്ടി വൈദ്യരെ പ്പോലുള്ള അറബി, സംസ്‌കൃത പണ്ഡിതരെ മുഖ്യധാര മലയാളത്തിൽ അധികമാരും അറിയില്ല.. അഷ്ട്ടാങ്ങ ഹൃദയ, അമരകോശ, പഞ്ചതന്ത്രകഥകളും അറബി മലയാളത്തിൽ പരിഭാഷ പെടുത്തിയത് അദ്ദേഹമാണ്.. അതുപോലെ കൊച്ചിയിലേ യഹൂദർ ഉപയോഗിച്ച യൂദ മലയാളം. അതുപോലെ കാർഷോണി.
ചുരുക്കത്തിൽ പല കൈവഴികയിലൂടേയും തായ് വഴികളിലൂടെയും നാട്ടു മൊഴിയായും, കലർപ്പു മൊഴിയായായും കച്ചവട ഭാഷയായും മത -ആത്മീയ ഭാഷയായും പലവഴിയിൽ പലയിടത്തു കൂടി ഒഴുകിയാണ് മലയാളം വന്നത്. അതിൽ പഴയ -ജൈന മതങ്ങളുടെ പാലിയും, പ്രാകൃതും, തമിഴും, ആരാമ്യ, ഹീബ്രു, ചൈനീസ്, അറബിക്, പേർഷ്യൻ, സിറിയക്, പോർച്ചുഗീസ്, സംസ്‌കൃത, ഡച്ചു, ഇഗ്ളീഷ് ചേരുവകൾ എല്ലാമുണ്ട്. ഇവിടെ ആളുകൾ പറഞ്ഞ വാമൊഴികൾക്ക് രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങളുടെ വാക്ക് ചേരുവകളുണ്ട്. അതു കൊണ്ടു തന്നെ ശുദ്ധ മലയാളം എന്നിപ്പോൾ പറയുന്ന മാനക മലയാള നിർമ്മിതിക്ക് നൂറുകൊല്ലത്തെ പഴക്കം പോലുമില്ലന്നു മറക്കരുത്
പത്തൊമ്പതാം നൂറ്റാണ്ടിൽ മലയാളത്തെ ചിട്ടപ്പെടുത്തി വ്യവസ്ഥാപകൽവരിക്കാൻ നേതൃത്വം നൽകിയതിൽ പ്രമുഖർ വിദേശികളായിരുന്നു.
ബഞ്ചിൽ ബെയ്‌ലി എന്ന സായിപ്പ് ആണെല്ലോ ഇപ്പോൾ മലയാളം അക്ഷരങ്ങളുടെ ലിപിയെ 1824 അച്ചടിക്കുന്നതിന് വേണ്ടി ടൈപ് കാസ്റ്റ് വാർത്തെടുത്തത്. ആ അക്ഷര -ലിപി മാതൃകൾ അഞ്ചുവർഷം പുതുക്കി 1829 ൽ ചിട്ടപ്പെടുത്തിയ അക്ഷര-ലിപി മാതൃകകയാണ് ശുദ്ധ മലയാളം വിദ്വാൻമാരും ഇന്നും ഉപയോഗിക്കുന്നത്. അതിനു 1967 ൽ ശൂരനാടു കുഞ്ഞൻ പിള്ളയുടെ നേതൃത്വത്തിൽ ഉള്ള സമതി അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തി. ചുരുക്കത്തിൽ സി എം സിന്റെ ബെയ്‌ലി സായിപ്പും ബേസൽ മിഷന്റ ഗുണ്ടർട്ട് സായിപ്പുമാണ് ഇന്ന് നമ്മൾ ശുദ്ധ മലയാളം എന്നൊക്ക അവകാശപ്പെടുന്ന മലയാള ഭാഷയെ ഇന്നറിയുന്ന രീതിയിൽ ചിട്ടപ്പെടുത്തി വരുതിയിലാക്കി മാനക മാനനീയ മലയാള ഭാഷ ഇന്നുള്ള രീതിയിലാക്കിയത്. അവർ അന്ന് എന്ത് ഗണിച്ചു അനുമാനിച്ചോ അതാണ്‌ നമ്മൾ ഇന്നും അധികാരികം എന്ന് പറയുന്ന മലയാളം
തുടരും
ജെഎസ്സ് അടൂര്‍

No comments: