Friday, March 30, 2018

ആറന്മുളയിൽ നിന്നും കീഴാറ്റൂരെക്കുള്ള ദൂരം !


ഭരണ സുഖവും അധികാര അഹങ്കാരങ്ങളും ആസ്വദിക്കുന്ന മേധാവിത്ത രാഷ്ട്രീയപാർട്ടി നേതാക്കൾക്കെല്ലാം ഉള്ള ഒരു രോഗം പെട്ടന്നുള്ള പവര്‍ ആരോഗന്‍സ് ആമ്നെഷ്യ സിൻഡ്രോം ( PAAS) എന്ന മാരക രോഗമാണ്. അവർ പ്രതി പക്ഷത്തായിരിക്കുമ്പോൾ പറഞ്ഞതെല്ലാം ഭരണത്തിൽ കയറിയാൽ പെട്ടന്ന് മെമ്മറി ഡിലീറ്റ് ആകും. ഇത് പാർട്ടി ഭേദമന്യേ ഇന്ത്യ മഹാരാജ്യത്തു കണ്ടു വരുന്ന ഒരു രോഗമാണ്. അതുകൊണ്ട് അതിനെ പവർ -അരോഗൻസ് അംനേഷ്യ ഇൻഡിക്ക വൈറസ് എന്നു വിളിക്കാം. ഇത് ഏറ്റവും മാരകമായി കാണുന്നത് മോഡി സാറിലും കൂട്ടരിലുമാണിപ്പോൾ. ആധാർ വിരോധം ഒക്കെ പെട്ടന്ന് ഡിലീറ്റായി. പക്ഷെ നമ്മുടെ കേരളം കിസ്സി സെ കം നഹി.!!
അധികാരത്തിന്റെ തേരിൽ കയറിയാൽ അവർ പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞതും ചെയ്തുകൂട്ടിയ കോപ്രായങ്ങൾ എല്ലാം മറക്കും സ്റ്റേറ്റ് കാറിൽ കയറി ഗമയിലായാൽ സബ് കുച്ച് ഫൂൽ ഗയാ !!" എന്നിട്ട് പുതിയ പാട്ടു പാടും. അവരുടെ വികസനം നാടിന്റ വികസനമാണ് എന്ന് ആണയിട്ടു പറയും. ചോദ്യം ചെയ്യുന്നവരെ വികസന വിരോധികളും, പാർട്ടി വിരോധികളും, ശത്രുക്കളും , രാജ്യ ദ്രോഹികളും പിന്നെ മാവോയിസ്റ്റുകളുമാക്കും. അതു മോഡി സാറും, പ്രമോദ് മഹാജെന്റ് മകളും ഒക്കെ ചെയ്യുന്ന അതെ കലാ പരിപാടിയാണ് കേരളത്തിലും കാണുന്നത് .
അതാണ്‌ കേരളത്തിൽ ആറന്മുളളയിൽ നിന്നും കീഴാറ്റൂരെക്കുള്ള ദൂരം. ബഹുമാനപെട്ട കുമ്മനം ചേട്ടനിൽ നിന്നു 'ഫാസിസ്റ്റു' കുമ്മനടിയിലേക്കുള്ള ദൂരം. അതാണ്‌ നാസിക്കിലെ ആദിവാസികളിൽ നിന്ന് കേരളത്തിലെ ആദിവാസികളിലേക്കുള്ള ദൂരം. അതാണ് കോഴ മാണി എന്നു വിളിച്ചവർ വിശുദ്ധ മാണി സാർ എന്ന് പറഞ്ഞു അടേം ചക്കരേംപോലെ ഉമ്മ കൊടുക്കുന്നത്. പെട്ടെന്നൊരു നാളില്‍ ശോഭന ജോർജ് വിപ്ലവകാരിയായ സഖാവ് ആകുന്നത്. അതാണ്‌ സ്പീക്കറുടെ കസേര എടുത്തു എടുത്തെറിഞ്ഞവർ ആ കസേര കിട്ടിയപ്പോൾ മര്യാദരാമനായി എല്ലാരേയും മാന്യ സഭാ നടപടി പഠിപ്പിക്കുന്നത്.
മറവി സ്റ്റേറ്റ് കാറിൽ പോലീസ് സന്നാഹത്തോട് ചീറി നടക്കുന്നവർക്കാണ്. ജനങ്ങൾക്ക്‌ അത്ര പെട്ടന്നുള്ള മറവി ഇല്ലന്നറിയുക.
ഈ കഴിഞ്ഞ ദിവസം ആ ചിദംബരം സര്‍ ചെന്നയില്‍ എയര്‍പോര്‍ട്ടില്‍ ചൂട് വെള്ളത്തിനും ടീ ബാഗിനും കൂടി 135 രൂപ എന്ന് കെട്ടു ഞെട്ടി. ഭരണത്തില്‍ ഇരുന്നു വി വി ഐ പി ലോഞ്ചില്‍ നിന്ന് താഴെ ഇറങ്ങിയപ്പോള്‍ ആണ് ഞെട്ടിയത്. ഭരണത്തില്‍ ഉള്ളവര്‍ താഴെ ഇറങ്ങുമ്പോൾ ആണ് ഞെട്ടാന്‍ പഠിക്കുന്നത് .
വാല്‍ കഷ്ണം
ഞാൻ നല്ല റോഡുകൾ കേരളത്തിൽ വേണമെന്ന് വാദിക്കുന്ന ആളാണ്‌. എവിടെ എങ്കിലും ഒരു പ്രശ്നമുണ്ടായാൽ അവരുമായി കൂടി ആലോചിച്ചു പ്രശ്ന പരിഹാരത്തിനായി ഒരു സമവായത്തിൽ എത്തുക എന്നതാണ് ഒരു ജനായത്ത സർക്കാരിന്റെ സമീപനം എന്നു കരുതുന്ന ആളാണ്‌.
ഇത് ഒരു പാര്‍ട്ടിക്കും പാര്‍ട്ടി അനുഭാവികള്‍ക്കും എതിരേയുള്ള എഴുത്ത ല്ല. സര്‍ക്കാര്‍ സന്നാഹങ്ങളുടെ പോന്നു തമ്പുരക്കള്‍ക്ക് ഭരണ ത്തില്‍ അധികാരത്തിന്‍റെ ഒരു അവസരവാദ ലോജീക്കെ ഉള്ളൂ. അത് കൊണ്ട് ഒരു സാധാരണ പാര്‍ട്ടിക്കാരും ബെജാറാവരുത്. നിങ്ങള്‍ക്ക് ഇതിലൊന്നും ഒരു റോളൂമില്ല. ഇതൊന്നും തീരുമാനിക്കതും നിങ്ങള്‍ അല്ല.
ഇതുവായിച്ചിട്ട് കല്ലെറിയാനായി എന്‍റെ പുറകെ കൂടിയിട്ടു കാര്യമോന്നുമില്ല. ഞാന്‍ കീഴാറ്റൂരെങ്ങും പോകുന്നില്ല. പാര്‍ട്ടി വിരോധിയോ, വികസന വിരോധിയോ , രാജ്യദ്രോഹിയോ , മവോയിസ്ട്ടോ അല്ല എന്ന് അഫിടെവിറ്റ് മുന്‍കൂര്‍ സമര്‍പ്പിക്കുന്നു . വെറുത സംഘിയോ കൊണ്ഗ്രെസ്സ് ആക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ലെന്ന് മുന്‍ കൂട്ടി ബോധിപ്പിക്കുന്നു . അത് കൊണ്ട് സൈബര്‍ സൈന്യം കല്ലേറ് തുടങ്ങരുത്, പ്ലീസ് !!!

No comments: