Sunday, March 4, 2018

വിശപ്പിന്റെ രാഷ്ട്രീയം.


വിശക്കുന്നവന് ഭക്ഷണം ആണ് ദൈവം. വിശക്കുന്നവന് ഭക്ഷണം ആണ് വിപ്ലവം. വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത് പുണ്യ പ്രവർത്തിയാണ്.
പക്ഷെ അത് കൊണ്ട് എല്ലാവരുടെയും വിശപ്പ് മാറ്റുവാൻ സാധിക്കുമോ ?പക്ഷെ വിശപ്പ് എന്ത് കൊണ്ട് ഉണ്ടാകുന്നു ? എങ്ങനെ ഉണ്ടാകുന്നു ? സമൂഹത്തിൽ ആരാണ് ഏറ്റവും കൂടുതൽ വിശപ്പും പട്ടിണിയും അനുഭവിക്കുന്നത് ?
ഈ ചോദ്യങ്ങൾ നമ്മൾ മറന്നാൽ നമ്മൾ വിശപ്പിനെ അരാഷ്ട്രീയവൽക്കരിച്ചു അതു 'ജീവ -കാരുണ്യ ' പോപുലിസം മാത്രമാക്കും. അത് പണ്ട് തൊട്ടേ എല്ലാ മതങ്ങളും ചെയ്യുന്നുണ്ട്.
വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക എന്നത് എല്ലാ മതങ്ങളും ഉത്‌ഘോഷിക്കുന്നതാണ്. അതുകൊണ്ടല്ലേ യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരുടെ വിശപ്പ് അറ്റാക്കിയത്. അതു ഇപ്പോഴും പലയിടത്തും പലരും ചെയ്യുന്നുണ്ട്.
ഞാൻ ആദ്യമായി പൈസ ഒന്നും കൊടുക്കാതെ ഭക്ഷണം കഴിച്ചത് ബോംബെ സാന്താക്രൂസിനടുത്തുള്ള ഒരു ഗുരുദ്വാരയുടെ ലങ്കറിലാണ്. 1971 ൽ. എന്റെ അച്ഛന്റെ ഒരു സർദാർജി സുഹൃത്താണ് അവിടെ കൊണ്ട് പോയത്. അങ്ങനെയാണ് ഞാൻ ആദ്യം സിഖ് മതത്തെ കുറിച്ചറിയുന്നത്. ഭക്ഷണം ഷെയർ ചെയ്തു. പിന്നീട് എന്റെ അച്ഛൻ കൂടുതൽ വിവരങ്ങൾ പറയുകയും, സിഖ് മത വിശ്വാസികളിൽ യാചകർ ഇല്ലെന്നും പറഞ്ഞു.
പിന്നീട് ആണ് യൂറോപ്പിലും പിന്നെ അമേരിക്കയിലും ഉള്ള സൂപ് കിച്ചനെ കുറിച്ചു കേൾക്കുന്നത്. മൂന്നു വർഷം മുമ്പ് അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ വച്ചു ലോക സർവ മത പാർലമെന്റിൽ /സമ്മേളനത്തിൽ സംബന്ധിച്ചപ്പോൾ ആയിരക്കണക്കിന് ആളുകൾക്ക്‌ ഭക്ഷണം വിളമ്പിയത് സിഖ് ലങ്കറിലേ വോളന്റീയർമാരായിരുന്നു. പത്തനാപുരത്തെ ഗാന്ധി സെന്ററിൽ ഉച്ചക്ക് ആരു ചെന്നാലും ഭക്ഷണം ഉണ്ട്. ഇങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ട് പ്രചോതിതാനായി ആണ് വിശപ്പില്ല ഗ്രാമ പദ്ധതി ചില വർഷങ്ങൾക്ക്‌ മുമ്പ് ഞാനും തുടങ്ങിയത്. പക്ഷെ അതു വിശപ്പിന് ഒരു സ്ഥായിയായ പരിഹാരം അല്ലെന്നു എനിക്ക് നന്നായി അന്നും ഇന്നും ബോധ്യം ഉണ്ട്.
എന്തായാലും തമിഴ് നാട്ടിൽ അമ്മ തുടങ്ങിയ പരീക്ഷണം കേരളത്തിലും തുടങ്ങാൻ ഒരു മധുവിന്റെ പട്ടിണി പ്രചോദനം ആയതു നല്ല കാര്യമാണ്.
കേരളത്തിൽ ഐസക്കും സഹപ്രവർത്തരും തുറക്കുന്ന ലങ്കറിന് എല്ലാ ആശംസകളും. ഇങ്ങനെയൊക്കെ ചെയ്യാൻ എല്ലാ എം എൽ എ മാരും ചെയ്‌താൽ കേരളത്തിൽ പല നല്ല കാര്യങ്ങളും നടത്താം. ചെറുതും വലുതുമായ നല്ല കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണ് എന്ന് കരുതുന്ന ആളാണ് ഞാൻ. ഇരുട്ടത്തു ഇരുന്നു ഇരുളുലിനെ കുറ്റം പറഞ്ഞു ഒന്നും ചെയ്യാതെ ഇരിക്കുന്നതിൽ നല്ലതാണ് ഒരു മെഴുകുതിരി എങ്കിലും കത്തിക്കുക എന്നത് .
പക്ഷെ അത് കൊണ്ട് ഭൂമിയും ജോലിയും വേലയും കിടപ്പാടം ഇല്ലാത്തവരുടെ പട്ടണി മാറുമോ ? മൂന്നര ലക്ഷം ഭൂമി ഇല്ലാത്ത കുടുംബങ്ങൾ ക്കു ഭൂമി കിട്ടുമോ ? തല ചായ്ക്കാൻ കൂര ഇല്ലാത്തവർക്ക് അതു കിട്ടുമോ ?
നല്ല കാര്യങ്ങൾ ചെയ്യുന്നത് അഭിനന്ദിക്കുമ്പോഴും അടിസ്ഥാന ചോദ്യങ്ങൾ നാം മറക്കരുത്. ആരാണ് ഇവിടെ പട്ടിണി അനുഭവിക്കുന്നത് ? എന്ത് കൊണ്ട് ? അതിനു എന്താണ് സ്ഥായിയായ പരിഹാരം ?
വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നത് നല്ലതാണ്. പുണ്യമാണ്. സ്നേഹ ജാലകമാണ്. ഇതുകൊണ്ടൊന്നും സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ സാധിക്കില്ല. കേരളത്തിൽ പട്ടിണി ഇല്ലാതെ ജനങ്ങൾ ജീവിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കേത് സർക്കാർ തന്നെയാണ്. Because poverty and hunger are symptoms of larger injustice in the society ; unequal and unjust power relations, ; multiple forms of discriminations and apathy of governments.
Giving food to the hungry is good. But not good enough. What people need is not mere charity .They need justice. We have to ensure we don't create the terror of empty bellies, due to injustice, discrimination, and apathy.
ജെ എസ് അടൂർ

No comments: