Thursday, March 8, 2018

ഫാസിസം വന്നു കതകില്‍ മുട്ടുമ്പോള്‍ ചിരിക്കരുത്

കൊണ്ഗ്രെസ്സ് എം എൽ എ ആയ അനിൽ അക്കരക്കു ഈഷാൻ ജെഫ്‌റി എന്ന ഒരു കൊണ്ഗ്രെസ്സ് എം പി ഉണ്ടായിരുന്നു എന്ന് ഓർമ്മയുണ്ടോ എന്നറിയില്ല. 2002 ൽ അഹമ്മദ്ബാദിൽ അദ്ദേഹവും കുടുംബവും എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് ഓർമ്മയുണ്ടോ എന്നറിയുമോ എന്നും സംശയമാണ്. കൊണ്ഗ്രെസ്സ് നേതാവ് ആയിരുന്ന ലളിത് മാക്കാൻ എങ്ങനെ കൊല്ലപ്പെട്ടു എന്ന് ഓർമ്മയുണ്ടോ എന്നറിയില്ല. 1984 ഒക്ടോബർ 31 ന് രാത്രി തോട്ട് അടുത്ത രണ്ടു ദിവസം ഡൽഹിയിൽ എത്ര സിഖ്കാർ കൊല്ലപ്പെട്ടു എന്നറിയാമോ എന്നറിയില്ല. ഗാന്ധിജിഎങ്ങനെ കൊല്ലപ്പെട്ടു എന്നറിയാമോ എന്നും അറിയില്ല.
ത്രിപുര 'കത്തുന്നത് ' കണ്ട് പരിഹാരസ സ്വരത്തിൽ ഇതു ഇവിടെയും സംഭവിക്കും എന്ന് പറയുന്നുവർക്ക്‌ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പട്ടേലിന്റെയും ആസാദിന്റെയും ഇന്ത്യൻ നാഷണൽ കോണ്ഗ്രെസ്സിനെ അറിയുമോ എന്നറിയില്ല. കാരണം അക്രമ രാഷ്ട്രീയത്തെ അങ്ങനെയുള്ളവർ പരിഹാസ രൂപേണ ന്യായീകരിക്കില്ല. ത്രിപുര എങ്ങനെയാണ് കൊണ്ഗ്രെസ്സ് മുക്തമായതു എന്നു മറക്കരുത്. ഇന്ത്യയിലെ മിക്ക സംസഥാനങ്ങളും എങ്ങനെ കൊണ്ഗ്രെസ്സ് വിമുക്തമായത് എന്ന് കൊണ്ഗ്രെസ്സ്കാർ ഓർത്താൽ ആ പാർട്ടിക്കും ഇന്ത്യൻ ജനാധിപത്യത്തിനും നന്ന്.
സി പി എം വിരോധം മൂത്തു, മൂത്തു മകൻ ചത്താലും മരുമോളുടെ കരച്ചിൽ കണ്ടാൽ മതി എന്ന് പറയുന്ന കൊണ്ഗ്രെസ്സ്കാർ സ്വയം കുഴി തോണ്ടുകയാണ് എന്ന് മറക്കാതിരിക്കുക. പിന്നെ കൊണ്ഗ്രെസ്സ്, കമ്മ്യുണിസ്റ്റ് മുക്ത ഭാരതത്തിൽ ആദ്യ പോകുന്ന പ്രതിമകൾ നെഹൃവിന്റെതും ഗാന്ധിജീയുടേതും ഒക്കെതന്നെയായിരിക്കും. പുതിയ പ്രതിമകൾ നാഥ്‌റാം ഗോഡ്‌സെ മാരുടേതാണെന്നും ഓർത്താൽ നന്ന്.
ഫാസിസം വന്നു കതകിൽ മുട്ടുമ്പോൾ കൈയടിച്ചു ചിരിക്കുന്നത് രാഷ്ട്രീയ അശ്ലീലമാണ്. അതാരായാലും. കാരണം ഇന്ന് അയലത്തെ രാഷ്ട്രീയ പ്രതിയോഗിയുടെ കതകിൽ മുട്ടുന്ന ഫാസിസം അടുത്തു മുട്ടാൻ പോകുന്നത് നിങ്ങളുടെ കതകുകളിൽ ആയിരിക്കും. അത് കൊണ്ട് ആരും ചിരിക്കേണ്ട.
സീ പി എം കാരുടെ അന്ധമായ കൊണ്ഗ്രെസ്സ് വിരോധവും കൊണ്ഗ്രെസ്സ് കാരുടെ അന്ധമായ സീ പി എം വിരോധവും സംഘ പരിവാർ ബുൾഡോസറിന് കാര്യങ്ങൾ എളുപ്പമാക്കും എന്നു മറക്കാതിരിക്കുക.
നമ്മൾ എല്ലാം എന്ത് കെട്ട കലികാലത്താണ് ജീവിക്കുന്നത് ?

No comments: