Thursday, March 8, 2018

മാറുന്ന ഇന്ത്യൻ രാഷ്ട്രീയം -2 രാഷ്ട്രീയ പാർട്ടികളുടെ പിന്നാമ്പുറങ്ങൾ


പല രാഷ്ട്രീയപാർട്ടികളും തുടങ്ങിയത് ഒരു ആധുനിക ആശയ-മൂല്യ ധാരയുടെ അടിസ്ഥാനത്തിലും, മനുഷ്യനും ലോകവും എങ്ങനെ മാറണം എന്ന കാഴ്ച്ചപ്പാടുകളെ മുൻനിർത്തിയുമാണ്. അവരവർ സ്വാതന്ത്ര്യം, ജനാധിപത്യം മനുഷ്യ തുല്യത എന്ന കോമ്മൺ ഗുഡ് (പൊതു നന്മകളെ ) പ്രഘോഷിച്ചു ജന പിന്തുണ നേടി ബഹുജന പ്രസ്ഥാനങ്ങൾ ആകുവാൻ ശ്രമിച്ചു. ഇവരെല്ലാം മാതൃകയാക്കിയത് ഇരുപതാംനൂറ്റാണ്ടിലെ യൂറോപ്പിലേ രാഷ്ട്രീയ പാർട്ടി മാതൃകകളെയാണ്. ഈ പാർട്ടികളുടെ നെത്ര്വതത്തിൽ എത്തിയത് ആധുനിക ഇഗ്ളീഷ് വിദ്യാഭാസം നേടിയ സാക്ഷരരായ മേൽ ജാതിക്കാരായ ഫ്യുഡൽ മധ്യ വർഗ്ഗ സോഷ്യൽ എലീറ്റുകളായിരുന്നു.
ഇന്ത്യയിലെ ആദ്യ പാർട്ടികളായ കൊണ്ഗ്രെസ്സ് കമ്മ്യുണിസ്റ്റ് പാർട്ടികളിൽ മേൽപ്പറഞ്ഞ ചേരുവകൾ എല്ലാം ഉണ്ട്. കോൺഗ്രസിന് ഗാന്ധിജി തനതായ ഒരു ഇന്ത്യൻ ആശയ-പ്രയോഗ ധാരയുണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും നെഹ്‌റുവിനെ പോലെയുള്ളവർ അവർ പഠിച്ച ബ്രിട്ടനിലെ ലേബർ പാർട്ടി ഫാബിയൻ ആധുനിക സോഷ്യൽ ഡെമോക്രസി ആശയ ധാരകൾ ആണ് കൂടുതൽ പിന്പറ്റിയത്. ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ തുടക്കം തന്നെ സോവിയറ്റ് യുണിയനും അവരുടെ ആശയ ധന സഹായവുമായി ബന്ധപ്പെട്ടാണ്. അതിന്റെ ആദ്യകാല മീറ്റിംഗ് പോലും നടന്നത് ഇന്ത്യയിൽ അല്ല. 1924 ൽ കാൺപൂരിൽ തുടക്കമായെങ്കിലും കൊണ്ഗ്രെസ്സ് സോഷ്യലിസ്റ്റ് ധാരയിലൂടെ ഏതാണ്ട് 1940കൾ ആയപ്പോഴേക്കും ആണ് അതിനു ഇന്ത്യയിൽ പല സംഥാനത്തും അനുഭാവികൾ ഉണ്ടായിതുടങ്ങിയത്. കൊണ്ഗ്രെസിന്റെ തുടക്കത്തിൽ ഇന്ത്യൻ ഹൈന്ദവ ദേശീയതയുട വക്താക്കളായി വന്ന ബംഗാളി -മറാത്തി ബ്രമ്മണ നേത്രത്വത്തിന് ആഫ്രിക്കയിൽ നിന്ന് തിരികെ വന്ന ഗാന്ധിജി യുടെ ബഹുജന ബദലോട് കൂടി കോൺഗ്രസിൽ ഉള്ള പിടിപോയി. അങ്ങനെ പൂനയിൽ ഉള്ള തിലകിന്റെ ബ്രമ്മണ പിൻഗാമികളാണ് ഇന്ത്യൻ ഹൈന്ദവ ദേശീയതയുടെ പേരിൽ ആദ്യം കോൺഗ്രസിലും പിന്നെ അതിനു പുറത്തും പ്രവർത്തിച്ചു മാറാത്ത ബ്രമ്മണ നേത്രത്തിൽ 1925 ൽ തുടങ്ങിയ ആർ എസ് എസ് എന്ന സംഘടനക്ക് ബംഗാളി -മദ്രാസ് ബ്രമ്മാണരുടെ പിന്തുണയാണ് ആദ്യം കിട്ടിയത് എന്ന് ഓർക്കണം . അവർ ഒരു രാഷ്ട്രീയ പാർട്ടിയല്ല ഉണ്ടാക്കിയത് മറിച്ചു ബ്രാഹ്മണ നേത്രത്വത്തിൽ ഉള്ള ഒരു വോളന്ററി ഓർഗനൈസേഷൻ ആണ് ഉണ്ടാക്കിയത്. ചുരുക്കത്തിൽ ഇന്ത്യയിലേ കമ്മ്യൂണിസ്റ് പാർട്ടിയും ആർ എസ് എസും കൊണ്ഗ്രെസ്സ് പാർട്ടിയിലെ വ്യത്യസ്ത ധാരകളുടെ സംഘടനാ രൂപങ്ങളാണ്. ഇവക്കെല്ലാം ഉള്ള ഒരു പൊതു ഘടകം അവരുടെ എല്ലാം നേത്രത്വം ആധൂനിക വിദ്യാഭ്യാസവും ആശയധാരകളും സ്വായത്തമാക്കിയ ബ്രമ്മണ ഫ്യൂയ്ഡൽ സാമൂഹിക പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നു.
അവരെല്ലാം 1920-1940 കാലഘട്ടത്തിൽ യൂറോപ്പിൽ നില നിന്നിരുന്ന ആശയധാരകൾ ഇന്ത്യയിൽ നിന്നിരുന്ന സാമൂഹിക ജാതി ശ്രേണി മേൽക്കോയ്മക്കു പോറൽ ഏൽക്കാതെ ഇന്ത്യൻ ഫ്യഡൽ വ്യവസ്ഥിതിയുമായി വിളക്കി ചേർക്കുകയായിരുന്നു. അതിൽ കൊണ്ഗ്രെസ്സ് കൂടുതൽ എടുത്തത് ബ്രിട്ടീഷ് ലേബർ ഫാബിയൻ സോഷ്യലിസ്റ്റ് ധാരയിൽ നിന്നും, കമ്മ്യുണിസ്റ്റ് കാർ പിൻതുടർന്നത് സോവിയറ്റ് കമ്മ്യുണിസ്റ്റ് ധാരയും, ആർ എസ് എസ് പിന്തുടര്ന്നത് ഇറ്റാലിയൻ ഫാസിസ്റ്റു ധാരയും ജർമ്മൻ നാസിധാരയുമാണ്. 1920 കളിൽ ഫാസിസവും നാസിസവും യൂറോപ്പിലെ വലിയ ജനപിന്തുണ ഉള്ള മുന്നേറ്റങ്ങൾ ആണെന്ന് മറക്കരുത്. ആർ എസ് എസ് നാഷണൽ സോഷ്യലിസത്തിന്റെ ഒരു ധാര ഇപ്പോഴും സജീവമാണ്.
ചുരുക്കത്തിൽ അധുനിക യൂറോപ്പ്യൻ ആശയങ്ങൾ ഇന്ത്യയിലെ ജാതി മേൽക്കോയ്‌മ ഉള്ള ഒരു ഫ്യുഡൽ വ്യവസ്ഥിതിക്കുമേൽ ആധുനിക വിദ്യാഭാസം സിദ്ധിച്ച ഒരു ബ്രാഹ്മണ വരേണ്യ വിഭാഗം കൂട്ടിച്ചേർത്തു അതിൽ ഒരു ഇൻക്രിമെന്റൽ മാറ്റം വരുത്തുവാനാണ് ശ്രമിച്ചത് . അത്കൊണ്ട് തന്നെ 1920 മുതൽ 45 വരെ ഉയർന്നു വന്ന ഇന്ത്യൻ രാഷ്ട്രീയം ഒരു സ്ട്രക്ച്ചറൽ ട്രാൻസ്ഫോർമേഷന് വഴി തെളിച്ചില്ല.ഇന്ത്യൻ ജാതി മത വേർതിരിവുകൾ മാറ്റുന്ന ഒരു സാമൂഹിക പരിവർത്തനം ഇന്ത്യയിൽ ഉണ്ടായില്ല ആധുനിക യൂറോപ്പിയൻ രാഷ്ട്രീയ ആശയങ്ങൾ ഉത്‌ഘോഷിക്കുമ്പോഴും ഇന്ത്യയിലെ രാഷ്ട്രീയ വരേണ്യ വിഭാഗം സാമൂഹികമായി യാഥാസ്ഥികരായവരായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും വിപ്ലവത്തിന്റെയും രാഷ്ട്രീയം പ്രസംഗിക്കുമ്പോഴും കൊളോണിയസത്തിനും സാമ്രാജ്യത്വത്തിനും എതിരെ പ്രവർത്തിക്കുമ്പോഴും സോഷ്യൽ കൺസെർവേറ്റീവുകളായിരുന്നു ഇന്ത്യയിൽ കോൺഗ്രസിനും കമ്മ്യുണിസ്റ്റ് പാർട്ടികൾക്കും നെത്ര്വതം നൽകിയത്. അവരാരും അവരുടെ ജാതി വിട്ടു കുടുംബ -വിവാഹ ബന്ധങ്ങളിൽ പോയില്ല എന്ന് ഓർക്കണം അവരുടെ നേത്രത്തിൽ ദളിത്‌ -ന്യൂന പക്ഷ സാമൂഹിക പച്ഛാത്തലത്തിൽ നിന്നുള്ളവർക്കും ഇടമില്ലായിരുന്നു എന്നും തിരിച്ചറിയുക.
ഈ പ്രക്രിയയിൽ തള്ളപെട്ട രണ്ടു നേതാക്കളാണ് ജിന്നയും അംബേദ്കറും. ഇവർ രണ്ടു പേരും സോഷ്യൽ കൺസേർവേട്ടീവ് ആയിരുന്നില്ല. രണ്ടു പേരും വിവാഹം കഴിച്ചത് അവരുടെ ജാതി -മത സമവാക്യത്തിന് അപ്പുറമാണ്. രണ്ടു പേരും വരേണ്യ ഫ്യുഡൽ പശ്ചാത്തലത്തിന് പുറത്തുള്ളവർ.
ഈ പ്രക്രിയ ആദ്യം തന്നെ തിരിച്ചറിയാൻ അമേരിക്കയിൽ പഠിച്ച വർണ്ണ വിവേചനത്തിനു എതിരായുള്ള സാമൂഹ്യ നീതിയിൽ (social justice) രാഷ്ട്രീയം അടുത്തു അറിഞ്ഞ അംബേദ്ക്കറിന് സാധിച്ചു . കൊണ്ഗ്രെസ്സ്കാരുടെയും കമ്മ്യുണിസ്റ്റ് കരുടെയും ആർ എസ് എസ് കാരുടെയും ഡി എൻ എ യിൽ ഉള്ള ബ്രാഹ്മണ വരേണ്യ രാഷ്ട്രീയം തിരിച്ചറിഞ്ഞു ആദ്യമായി ആശയവും പ്രായോഗികമായ ഒരു ബദൽ ഉണ്ടാക്കുവാൻ ശ്രമിച്ച ഒരു ഒറ്റയാൾ പട്ടാളം ആയിരുന്നു മഹാനായ അംബേദ്കർ. ഇൻദ്യയിലെ ജാതി മത വരേണ്യതയെ ആഴത്തിൽ മനസ്സിലാക്കി വിമർശിച്ച ഒരു ഒന്നാതരം പണ്ഡിത- ധൈഷണിക നേതാവ് ആയിരുന്നു ഡോ. ബാബാസാഹിബ് ഭീംറാവു അംബേദ്കർ. അദ്ദേഹത്തിന്റെ പതിനേഴു വോളിയം എഴുത്തുകൾ വായിച്ചിട്ടില്ലാത്തവരുടെ ഇന്ത്യൻ രാഷ്ട്രീയ വായന അപൂർണ്ണമാണ്. ഇന്ത്യൻ ജാതി -മത വരേണ്യതക്കു ബദലായാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീമൻ ബുദ്ധമതം ആശ്ലേഷിച്ചത്.
ജിന്നയെ കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തിൽ നിന്ന് 1920 കളിൽ തന്നെ പാര വച്ചു പുകച്ചു പുറത്തു ചാടിച്ചതിൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ അടവ്നയം മാത്രമായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിനും പങ്കുണ്ടായിരുന്നു എന്നറിയുക. കോൺഗ്രസിൽ നിന്ന് പുറം തള്ളപ്പെട്ട ജിന്നയാണ് പിന്നെ സൌത്ത് ഏഷ്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയത്.
ഗാന്ധി മഹാനായ കുശാഗ്ര ബുദ്ധയുള്ള നേതാവ് ആയിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ മൂന്നു ധാരകൾ കാണാം. ഒന്ന്. ബ്രിട്ടീഷ് ആധുനിക ജനാധിപത്യ ധാര. രണ്ടു,സൌത്ത് ആഫ്രിക്കയിൽ നിന്ന് സ്വായത്തമാക്കിയ വോളിൻറെറിസവും അതുപോലെ വീവേചനങ്ങളേയും അനീതികളെയും എതിർക്കുന്ന രാഷ്ട്രീയം. മൂന്നാമതായി ഇന്ത്യൻ ജാതി വ്യവസ്ഥക്ക് പോറൽ ഏൽക്കാത്ത രക്ഷകർത്ര പ്രായോഗിക രാഷ്ട്രീയം. അവിടെ ഗാന്ധിയും സസ്യാഹാരിയായിരുന്ന ഒരു സാമൂഹിക ഹിന്ദു യാഥാസ്ഥിതികൻ തന്നയായിരുന്നു. ഇന്ത്യൻ സാമൂഹിക മനസ്ഥിതിയെ പെട്ടന്ന് അംബേദ്കറേ പോലെ മനസ്സിലാക്കിയ പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവ് ആയിരുന്നു ഗാന്ധിജി. ഗാന്ധിജിയുടെ രാഷ്ട്രീയത്തിന്റെ പ്രത്യേകത അതു രക്ഷകർത്ര പ്രായോഗിക രാഷ്‌ടീയവും അതേസമയം നീതി നിഷ്ട്ടമായ ഉൾക്കൊള്ളൽ (inclusive accomodation) സാമൂഹിക -സമവാക്യ രാഷ്ട്രീയവും, അതുപോലെ തന്നെ സാമൂഹിക മാറ്റത്തിനു വേണ്ടി സാമ്രജ്യത്ത - കൊളോണിയലിസത്തിന് ഏതീരെ അതിസാത്മക സിവിൽ സൊസൈറ്റി സമരത്തിന് നേത്രത്വം കൊടുക്കുകയും ചെയ്തു എന്നതാണ്. ഗാന്ധജി ക്രാന്ത ദർശിയാകുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിമർശകനായ അംബേദ്കറിന്റെ മഹത്വം തിരിച്ചറിഞ്ഞു സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന ഡ്രാഫ്റ്റിങ് കമ്മറ്റിയിലേക്ക് പേര് നിർദേശിക്കുന്നേടത്താണ്. അത് മാത്രമല്ല. ഇന്ത്യൻ ബ്രമണിക് മേധാവിത്തത്തിൽ ഉള്ള എക്‌സ്‌ക്‌ളൂസീവ് ഹിന്ദുത്വ ദേശീയതക്കു ബദലായി ഒരു ഇൻക്ലസിവ് - അക്കൊമൊഡേറ്റിവ് ഇന്ത്യൻ ദേശീയത ഉയർത്തികൊണ്ടു വന്നുവെന്നതാണ്.
ഗാന്ധിയെ മഹാത്മാവ് ആക്കുന്നത് അദ്ദേഹത്തിന് സാകല്യമായ ഒരു ലോക കാഴ്ചപ്പാട് ഉണ്ടായിരുന്നു എന്നതും അതിനു വേണ്ട സഹന സമരത്തിലൂടെ പ്രായോഗിക ജീവിതത്തിൽ സന്ധിയില്ലാതെ നിലകൊണ്ടതും അതിനു വേണ്ടി ജീവൻ പോലും ബലി കൊടുക്കാൻ തയ്യറായ ആർജ്ജവും ധൈര്യവും ഉള്ള ഒരു സത്യാഗ്രഹി ആയിരുന്നു എന്നതുമാണ് . അത്കൊണ്ടാണ് ഗാന്ധി കൊണ്ഗ്രെസ്സ് പാർട്ടിയുടെയും കമ്മ്യുണിസ്റ്റ് പാർട്ടികളുടെ ഒന്നാം തലമുറ നേതാക്കളെയും വിവിധ തരത്തിൽ സ്വാധീനിച്ചത്.
പക്ഷെ സ്വത്രന്ത്ര ഇന്ത്യയിൽ അധികാര -ഭരണ രാഷ്ട്രീയത്തിന്റെ രുചി അറിഞ്ഞതോട് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ രൂപവും ഭാവവും മാറി.
ജെ എസ് അടൂർ.
ശേഷം അടുത്തതിൽ

No comments: