Friday, March 30, 2018

വാക്കുകള്‍ വരുന്ന വഴികള്‍ - 1 അയ്യോ !! ബൂര്‍ഷ !!! ഇങ്ക്വിലാബ് സിന്ദാബാദ് !!


വാക്കുകള്‍ വളരുന്നതും ,അർത്ഥം കൊണ്ട് ഗര്‍ഭമാകുന്നതും , പുതിയ വാക്കുകള്‍ ഉരുവകുന്നതും പല വഴിക്കും പല രീതിയിലുമാണ്. വാക്കുകള്‍ക്ക് അർത്ഥമുണ്ടാകുന്നത് എങ്ങനെയാണ് ? ഈഅർത്ഥങ്ങള്‍ എങ്ങെനെയാണ് മാറുന്നത്? ഇങ്ങനെയുള്ള വിഷയങ്ങളെ പഠിക്കുന്നതിനെയാണ് 'അര്‍ത്ഥ -വിജ്ഞനീയം , അധവാ സെമാന്ട്ടിക്സ് എന്ന് പറയുന്നത്.
നമ്മള്‍ കരുതും നമ്മുടെ ഭാഷയില്‍ ഉപയോഗിക്കുന്ന പദങ്ങളും പ്രയോഗങ്ങളും മിക്കതും നമ്മുടെ സ്വന്തം വാക്കുകളാണെന്ന് . ഈ കഴിഞ്ഞയിടക്ക് 'അയ്യോ ' എന്ന നമ്മുടെ സ്വന്തം പ്രയോഗം ഇങ്ങ്ലീഷ്‌ നിഘണ്ടുവില്‍ കയറി ലോക ശ്രദ്ധ ആകര്‍ഷിച്ചിരിക്കുയാണ് .
കുട്ടിക്കാലം തൊട്ടു പല രീതിയില്‍ ഉപയോഗിച്ച വാക്ക് . ഞങ്ങള്‍ പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഉച്ച ഇടവേളക്കു എന്തെങ്കിലും കുസൃതി ഒപ്പിക്കുമ്പോള്‍ ചൂരലുമായി റോന്തു ചുറ്റുന്ന ഹെഡ്മാഷെ കണ്ടാല്‍ ഉടനെ പറയും " അയ്യോ !! , സാര്‍!! ഓടിക്കോ ".
"അയ്യോ!!" എന്നത് - സങ്കട , ഭയ, ആകാംഷ മുതലായ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആശ്ചര്യ
വാക് പ്രയോഗമാണ് . പക്ഷെ പലപ്പോഴും അതിന്‍റെ പോലും അര്‍ത്ഥ വ്യാപ്തി അതിലും വിശാലമാണ് . ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ വാമൊഴിയില്‍ ആണ് ഉപയോഗിക്കുന്നത് . ' അയ്യോ, എന്‍റെമ്മോ " , അയ്യോ , അയ്യോ , എന്നെ തല്ലല്ലേ " എന്ന നിലവിളി . "അയ്യോ പോത്തോ" എന്ന് പറഞ്ഞു നടന്നോ ". 'അയ്യടാ, മിടുക്ക!! " , " അയ്യേ , കഷട്ടം!! അയ്യാ !! ഇപ്പം നടന്നത് തന്നെ " . അയ്യോ , എന്നെ അടിക്കല്ലേ അച്ഛാ !!" ' അയ്യോ, അവന്‍ മുങ്ങി ". അയ്യോ , അയാളെ സൂക്ഷിക്കണേ" . അയ്യോ - കള്ളന്‍ "!! . ഇത് പോലെ പല രീതിയിലും പല ഭാവ പ്രകാശത്തിനും ഇതു ഉപയോഗിക്കാം . ഞാന്‍ കരുതിയത്‌ ഈ 'അയ്യോയും'!! "അയ്യ"- യും , അയ്യപ്പനും ഒക്കെ തമിഴ് - മലയാള ഭാഷക്ക് സ്വന്തമാണ് എന്നാണ് . അല്ലെങ്കില്‍ ദ്രാവിഡ സ്ഥാനിന്‍റെ സ്വന്തമാണ് എന്നാണ് . സിനിമയില്‍ സ്ഥിരം കേള്‍ക്കുന്നതു ' അയ്യ -യ്യോ " - അയ്യോ - രാമാ " എന്നും മറ്റും . മലയാള സിനിമയില്‍ ഒരു പാട് ' അയ്യോ ' വിളികള്‍ ഉണ്ട് .
കഴിഞ്ഞ ആഴ്ച്ച, എന്‍റെ ഓഫീസിലെ വാട്സ് ആപ് ഗ്രൂപ്പിൽ ഒരു ഇന്‍ഡോനേഷ്യക്കാരി ' അയ്യൂ ' എന്ന് ഉപയോഗിച്ചു. എന്താണ് അതിന്റെ അർത്ഥം എന്ന് ചോദിച്ചപ്പോൾ, My goodness or My God !!!എന്നു പറഞ്ഞു. അങ്ങനെ ഞാൻ രണ്ടു ദിവസം ഭാഷാ ഗവേഷണത്തിലായിരുന്നു. തമിഴിൽ "അയ്യാ" എന്ന് പറഞ്ഞാൽ ബഹുമാന അർത്ഥത്തില്‍ പറയുന്ന ഒരു പദമാണ്.
എന്‍റെ ചെറിയ അന്വേഷണത്തില്‍ നിന്നു മനസ്സിലായത് , "അയ്യോ " "അയ്യൂ" "ആയോ" "അയ്യീ " എന്ന് പല രീതിയില്‍ ഇന്ത്യന്‍ ഭാഷകളിലടക്കം പതിനേഴു ഭാഷകളില്‍ ഉപയോഗിക്കുന്നുണ്ട് എന്നതാണ്.. തെക്കേ ഇന്‍ഡ്യയിലെ എല്ലാ ഭാഷയിലും , തുളു , കൊങ്കിണി , മഹാരാഷ്ട്രയുടെ തെക്കുള്ള മറാത്തി , സിംഹള , ചൈനീസ് , മലയ ,ഭാഷ ഇന്‍ഡോനേഷ്യ , കൊറിയ , തെഗാലൂ, തായ് , കമ്പോടിയന്‍, ബര്‍മീസ് , കംബോടിയന്‍ . പക്ഷെ ഈ ഭാഷയിലെല്ലാം ഇത് മലയാളത്തിലെയും തമിഴിലെയും പോലെ അനുദിന പ്രയോഗമാകണമെന്നില്ല. ചൈനയില്‍ ചിലയിടത്ത് മാത്രം ഇത് കൂടുതല്‍ ഉപയോഗിക്കും .
എന്‍റെ ഓഫീസിൽ 19 രാജ്യങ്ങളിൽ ഉള്ള ആളുകൾ ഉണ്ട്. അവരുടെ ഇടയിൽ ഒരു സർവേ നടത്തിയപ്പോഴാണ് ഈ പ്രയോഗം തെക്ക് കിഴെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലായത്. അതില്‍ ചില ഭാഷയില്‍ അത് ചിലപ്പോള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ . പക്ഷെ എല്ലായിടത്തും " മൈ ഗോഡ് ' അല്ലെങ്കില്‍ " My Goodness "!! എന്ന അര്‍ത്ഥത്തില്‍ ആണ് ഇത് പ്രയോഗിക്കുന്നത് .
ഈ പ്രയോഗത്തിന്‍റെ വേര് തേടിയാല്‍ അത് പാലി- പ്രാകൃത് ഭാഷ വ്യവഹാര ബുദ്ധിസ്റ്റ് വ്യാപാര നെറ്റ് വര്‍ക്കുമായി ബന്ധപ്പെടതാണ് എന്ന് അനുമാനിക്കാം. കാരണം ഈ പ്രയോഗം ഉപയോഗത്തില്‍ ഉള്ള രാജ്യങ്ങളിളിലും ഭാഷകളിലും കാണുന്ന ഒരു പൊതു ഘടകം ബുദ്ധ മത പ്രചാരണവും; രണ്ടാമത് ഈ ഭാഷകളില്‍ എല്ലാം പാലി-പ്രാക്രിത് പദങ്ങള്‍ കയറികൂടിയിട്ടുണ്ട് എന്നതാണ. ഈ രാജ്യങ്ങളിൽ എല്ലാം ബുദ്ധിസ്റ്റ് -പാലി ലിങ്ക് ഉണ്ട്. അതുകൊണ്ട് അയ്യാ, അയ്യോ എന്നതെല്ലാം ബുദ്ധന്റെ പര്യായ പദങ്ങളാകാന്‍ സാധ്യത ഏറെയാണ് . ഈ പ്രയോഗം ബുദ്ധമതം സഞ്ചരിച്ചിടത്തെല്ലാമാണ് കാണുന്നത് . ബുദ്ധമതത്തിൽ മുതിർന്ന സന്യാസിമാരെയും "അയ്യാ "എന്ന് വിളിക്കാറുണ്ടായിരുന്നു.
അയ്യപ്പൻ എന്ന വാക്ക് ലോർഡ് ഫാദർ എന്നത് പോലെ അയ്യ +അപ്പൻ എന്നതാണ്. മിക്കവാറും ബുദ്ധമത വിഹാരങ്ങളും അമ്പലങ്ങളും കച്ചവട വഴികൾക്ക്‌ അടുത്തു ഗുഹകളിലോ വനത്തിലോ ആണ്. അതു കൊണ്ടു തന്നെ ശബരിമല തമിഴകത്തു നിന്ന് പടിഞ്ഞാറേ തീരത്തേക്ക് പമ്പ ആറുവഴിയുള്ള കച്ചവട റൂട്ടിന് അടുത്തു രൂപപ്പെട്ടു വന്ന പഴയ ബുദ്ധ സങ്കേതം ആകാൻ വഴിയുണ്ട് .കാരണം അയ്യോ , അയ്യ അയ്യപ്പൻ എല്ലാത്തിന്റെയും പഴയ ഉറവിടം പാലിയിലെ വാ മൊഴിയാകുവാൻ സാധ്യത കൂടുതലാണ്
എന്നാല്‍ തമിഴ് നാട്ടില്‍ 'അയ്യോ ' എന്നത് യമ ദേവേന്‍റെ ഭാര്യയുടെ പേരാണ് എന്നും . അത് മരണ ഭീതിയുമായി ഉള്ളതാണ് എന്നും ഒരു പാരമ്പര്യ ഉണ്ട്. അങ്ങനെ എങ്കില്‍ ഇത് ചൈനീസ്‌ ഭാഷയിലും കൊറിയന്‍ ഭാഷയിലും , മലയാളത്തില്‍ പോലും ആ അർത്ഥത്തില്‍ മാത്രമല്ല ഉപയോഗിക്കുന്നത്. അത്പോലെ ' അയ്യാ' എന്ന് ബഹുമാനത്തോട് വിളിക്കുന്നതും ' അയ്യപ്പന്‍ ' അയ്യപ്പോ ' എന്ന് ഭക്തിയോടെ വിളിക്കുന്നതും എന്ത് കൊണ്ടാണ് ?
അയ്യോ - ഒരു ഉദാഹരണം മാത്രം. ഇത് പറഞ്ഞത് ' വാക്കുകളും- ആതിന്‍റെ പ്രയോഗങ്ങളും അർത്ഥങ്ങളും കാലത്തിനും ദേശത്തിനും അനുസരിച്ച് മാറും . വാക്കുകള്‍ പല വഴിയാണ് നമ്മുടെ മനസ്സിലേക്കും അര്‍ത്ഥ സന്ജയങ്ങളിലേക്കും അനുദിന ഉപയോഗ ശീലങ്ങളിലേക്കും കുടിയേറൂന്നത് . അത് കച്ചവട വഴികളിലൂടെ കരമാര്‍ഗമോ , കപ്പല്‍ മാര്‍ഗമോ , വിമാന മാര്‍ഗമോ നമ്മുടെ നാട്ടിലും വര്‍ത്ത‍മാനത്തില്ലും സമൂഹത്തിലുമിറങ്ങാം. അത് യുദ്ധത്തിലൂടെ കടന്നു വരാം . അത് മത -ആശയ പ്രചാരണത്തിലൂടെ കടന്നു വരാം .
അങ്ങനെ ഇവിടെ വന്നതാണ് ' ഇങ്ക്വിലാബ് സിന്ദാബാദും" , ബൂര്‍ഷയും , പെറ്റി ബൂര്‍ഷയും , പെറ്റികൊട്ടും. ലാല്‍ സലാം - അതും അങ്ങനെ ഇവിടെ വന്നു കൂടിയതാണ്. മനുഷ്യര്‍ സഞ്ചരിക്കുന്നത് പോലെ വാക്കുകളും അര്‍ത്ഥങ്ങളും നിരന്തരം സഞ്ചാരത്തിലാണ്‌ . അപ്പോള്‍ 'ശുദ്ധ ഭാഷ' എന്നത് - ശുദ്ധക്കാരുടെ ചില ചിന്തകളാണ് .
തുടരും
ജെയെസ്സ് അടൂര്‍

LikeShow More Reactions

No comments: