Monday, March 19, 2018

വീണ്ടും ഫ്ലെക്സിനെ കുറിച്ചു തന്നെ


ഫ്ലെക്സിനെതിരെ കാമ്പയിൻ നടത്തി കഴിഞ്ഞ സർക്കാർ ഫ്ലെക്സ് സർക്കാർ ചിലവിൽ പാടില്ല എന്ന് തീരുമാനം എടുത്തു. ഫ്ലെക്സ് ഉപയോഗിക്കില്ല എന്ന് ഇപ്പോൾ ഭരിക്കുന്ന പാർട്ടികാരും തീരുമാനിച്ചു. പക്ഷേ സർക്കാരിൽ കയറിയപ്പോൾ അതു മറന്നു. ഇപ്പോൾ വീണ്ടും മുഖ്യമന്ത്രിയുടെതും കടകംപള്ളി മന്ത്രിയുടെയും എല്ലാം ഫ്ലെക്സ് തിരുവനന്തപുരത്തു വീണ്ടും കാണാം യു ഡി എഫ് പോയത് കൊണ്ടു ഒരു പ്രയോജനം ഉണ്ടായി. അല്ലെങ്കിൽ തിരുവനന്തപുരത്തു എവിടെ പോയാലും സുന്ദര സുമുഖനായ പഴയ ശിവകുമാർ മന്ത്രിയുടെ പ്ലാസ്റ്റിക് ചിരി കാണാതെ നടക്കുവാൻ ഒക്കില്ലായിരുന്നു. അന്നത്തെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സർ സർക്കാർ ചിലവിൽ ഫ്ലെക്സ നിർത്തലാക്കിയെങ്കിലും ശിവകുമാർ മന്ത്രിക്ക്‌ ഫ്ലെക്സ് ഒരു വീക്നെസ് ആയിരുന്നതിനാൽ അദ്ദേഹം അതു എങ്ങനെയെങ്കിലും സംഘടിപ്പിക്കുമായിരുന്നു. പിന്നെ മാണി സാറിന്റെ ഒരു രണ്ടും മൂന്നു പൂർണകായിക ഫ്ലെക്സ് കൊട്ടാരക്കര പൊന്നച്ചൻ സാറിനെ പോലുള്ളവരുടെ നേത്രവത്തിൽ വരുമായിരുന്നു. ഭരണം പോയതിൽ പിന്നെ മാണി സാറും ഫ്ലെക്സിൽ നിന്ന് ഇറങ്ങി. ഇപ്പോൾ പഴയ ശിവ കുമാർ മന്ത്രിയുടെ ഫ്ലെക്സ് സ്ഥാനം ബഹു. കടകംപള്ളി മന്ത്രി ഏറ്റെടുത്തോ എന്ന് സംശയം.
പിന്നെ പല കൊണ്ഗ്രെസ്സ് നേതാക്കൾക്കും ഫ്ലെക്സ് ഇല്ലാതെ ജീവിക്കാനാവില്ല എന്ന സ്ഥിതിയിൽ ആണ്. എന്തെങ്കിലും ഒരു നക്കാപ്പിച്ച സ്ഥാനം കിട്ടിയാലും സ്വയം അഭിനന്ദിച്ചു സുസ്മേര വദനരായി പ്ലാസ്റ്റിക് ചിരിയോടെ ഫെലിക്സിൽ കയറിയെല്ലേൽ ഒരു സുഖമില്ല. പിന്നെ മരിച്ചാൽ ഫ്ലെക്സ്. പരീക്ഷ ജയിച്ചാൽ ഫ്ലെക്സ്. അമ്പലത്തിനും പള്ളിക്കും ഫ്ലെക്സ്. പിന്നെ സുവിശേഷ കണവൻഷൻ കാരെല്ലാം സൂട്ടും കൊട്ട് മിട്ടു ഫ്ലെക്സിൽ കയറി ദൈവരാജ്യത്തിലേക്ക് വിസ വാഗ്ദാനം ചെയ്തു ഒരു പ്ലാസ്റ്റിക് ചിരിയൊക്കെ പാസാക്കി റോഡരികിൽ കാണും.
എന്തായാലും ആ ഇന്ത്യൻ പ്രണയ കഥയിലെ അയ്മനം സിദ്ധാർത്ഥൻ ഫ്ലെക്സ് റീ സൈക്കിൾ ചെയ്തു കോഴികൂട് ചോരാതെ കവറിട്ടു എന്നെങ്കിലും വിചാരിക്കുമ്പോൾ ഒരു റിലാക്സേഷൻ ഓക്കേയുണ്ട്.
എനിക്ക് ഹരിത കേരള മിഷനോട് ചില അപേക്ഷകൾ ഉണ്ട്
1)കേരളത്തിൽ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും എല്ലായിടത്തും നിരോധിക്കുക പ്ലാസ്റ്റിക് ഉപയോഗം കുറക്കുക (നികുതി കൂട്ടാം )
2) ഫ്ലെക്സ് സർക്കാർ ചിലവിൽ പാടില്ല എന്ന തീരുമാനം എടുക്കുക.
3) പ്ലാസ്റ്റിക് കുപ്പികൾ (വെള്ളം ) റീസൈക്കിൾ ചെയ്യുക. അതിന് ഒരുപാട് മാർഗങ്ങൾ ഉണ്ട്. ഒരു കുപ്പിക്ക് ഒരു രൂപ കൊടുത്ത വാങ്ങി ഒന്നൊര രൂപക്ക് അതെ കമ്പിനിക്ക്
എന്തായാലും പണ്ട് സഖറിയ എഴുതിയത് ഒന്നൂടെ വായിച്ചോ. കാരണം അതു ഇന്നും പ്രസക്തമാണ്. സഖറിയയോട് ചധുർത്തി ഉള്ളവരിവിടെ ഉണ്ടെന്നുള്ളത് മറക്കുന്നില്ല.


ഫ്‌ളകസ്‌ ഭ്രമത്തെക്കുറിച്ച്‌ സക്കറിയ എഴുതുന്നു.....
എന്റെ മുമ്പിലിരിക്കുന്നത്‌ ഐക്യരാഷ്‌ട്രസഭയുടെ യുഎന്‍ഡിപി വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജോണ്‍ സാമുവല്‍ കേരള മുഖ്യമന്ത്രിക്കെഴുതിയ കത്താണ്‌. സാമുവലിനൊപ്പം അതില്‍ ഒപ്പിട്ടിരിയ്‌ക്കുന്ന മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ. ബി. ഇക്‌ബാല്‍, ബി.ആര്‍.പി. ഭാസ്‌കര്‍, കെ.ആര്‍. മീര, സി. ഗൗരീദാസന്‍ നായര്‍, സി.എസ്‌. വെങ്കിടേശ്വരന്‍ തുടങ്ങിയവരുടെ സംഘത്തില്‍ ഈ ലേഖകനുമുണ്ട്‌. കത്തിന്റെ വിഷയം കേരളസമൂഹത്തിന്റെ അതിപ്രധാനമായ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്‌: ഒരുപക്ഷെ ഇന്ന്‌ ഇന്ത്യയിലെത്തന്നെ ഏറ്റവും ചീഞ്ഞളിഞ്ഞ പരിസ്ഥിതിയുടെ ഉടമയായിത്തീര്‍ന്നിരിക്കുന്ന കേരളത്തിലെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലേയ്‌ക്ക്‌ ഒരു ഭീകരന്‍കൂടി പ്രവേശിയ്‌ക്കുകയാണ്‌ - പ്ലാസ്റ്റിക്‌ ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍. ലഭ്യമായ കണക്കുകളനുസരിച്ച്‌ ഏകദേശം 150 കോടിരൂപയുടെ ഫ്‌ളെക്‌സ്‌ ഉല്‍പ്പന്നങ്ങളാണ്‌ പ്രതിവര്‍ഷം തെരുവോരങ്ങളില്‍നിന്ന്‌ ആദ്യം നമ്മെ പല്ലിളിച്ചുകാട്ടുകയും പിന്നീട്‌ ഒരു അജീര്‍ണ്ണപദാര്‍ത്ഥമായി നമ്മുടെ പരിസരങ്ങളെ വിഷമയമാക്കുകയും ചെയ്യുന്നത്‌.
ഇവയില്‍ ഭൂരിഭാഗവും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ നമ്മുടെ ജീവിതങ്ങളെ കയ്യേറുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രതിച്ഛായ ഉപയോഗിച്ചുള്ള അതിക്രമങ്ങളാണ്‌. തൊട്ടുപിന്നില്‍ മതങ്ങള്‍, ജാതികള്‍, ഉദ്യോഗസ്ഥാനുദ്യോഗസ്ഥ സംഘടനകള്‍, വ്യാപാരി- വ്യവസായികള്‍, സാംസ്‌കാരിക സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിങ്ങനെ നീണ്ട പട്ടിക പ്രത്യക്ഷപ്പെടുന്നു. എന്തിന്‌, വെറുമൊരു കല്യാണമോ ശവസംസ്‌കാരമോ, ജന്മദിനമോ പോലും ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍കൊണ്ട്‌ അടയാളപ്പെടുത്തുന്ന വിചിത്ര മനുഷ്യര്‍ നമുക്കിടയിലുണ്ട്‌. മൃതദേഹം മണ്ണിലേക്കോ അഗ്നിയിലേക്കോ മാഞ്ഞുപോയി നൂറുവര്‍ഷം കഴിയുമ്പോളും അയാളുടെ നാമത്തിലുള്ള പ്ലാസ്റ്റിക്‌ ഫ്‌ളെക്‌സ്‌ ആയിരക്കണക്കിന്‌ പൗരന്മാരുടെ പരിസരങ്ങളെ അശുദ്ധമാക്കിക്കൊണ്ട്‌ മരണമില്ലാത്ത ഒരു പ്ലാസ്റ്റിക്ക്‌ ഡ്രാക്കുളയായി മാറുന്നു. നവവധൂവരന്മാര്‍ പടുവൃദ്ധരാകുമ്പോഴും അവരുടെ വിവാഹത്തിന്‌ ഉണ്ടാക്കിയ ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ നാടിനൊരു ശാപമായി മണ്ണില്‍ അടിഞ്ഞുകൂടുന്നു. മരണമില്ലാത്ത മാലിന്യമാണ്‌ പ്ലാസ്റ്റിക്‌. അതിന്റെ ഉപയോഗത്തിലും, ഉപഭോഗം കഴിഞ്ഞവയുടെ ശേഖരണത്തിലും സംസ്‌കരണത്തിലും ഗൗരവതരമായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഈ മരിക്കാത്ത മാലിന്യം നമ്മുടെ തലമുറകളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.
കേരളത്തെ ഫ്‌ളെക്‌സ്‌ ബോര്‍ഡുകളുടെ ഒരു മഹാശ്‌മശാനമാക്കിത്തീര്‍ത്തതിന്റെ ഏറ്റവും കുറ്റകരമായ ഉത്തരവാദിത്തം രാഷ്‌ട്രീയപ്പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും തന്നെയാണ്‌. അധികാരംകൊണ്ട്‌ തൃപ്‌തിപ്പെടാതെ തങ്ങളുടെ പടുകൂറ്റന്‍ പ്രതിച്ഛായകള്‍ കൊണ്ടുകൂടി പൊതുജനങ്ങളെ എല്ലാ ദിശകളില്‍ നിന്നും ആക്രമിച്ചു കീഴ്‌പ്പെടുത്തുകയാണ്‌ അവരുടെ ഉദ്ദേശ്യം. ഒരുപക്ഷേ സ്വന്തം പ്രതിച്ഛായകളെ വഴിയരികില്‍ മുഖത്തോട്‌ മുഖം കാണുമ്പോഴുള്ള ആത്മരതിയും അതിലുണ്ട്‌ എന്ന്‌ കരുതണം. മന്ത്രിയില്‍നിന്നും, രാഷ്‌ട്രീയനേതാവില്‍നിന്നും ജനം പ്രതീക്ഷിയ്‌ക്കുന്ന യഥാര്‍ത്ഥങ്ങളായ പ്രവര്‍ത്തനങ്ങളുടെ സ്ഥാനത്താണ്‌ അവര്‍, ഇരുട്ടുകൊണ്ട്‌ ഓട്ടയടയ്‌ക്കുന്നു എന്ന പഴഞ്ചൊല്ലിനെ അനുസ്‌മരിപ്പിച്ചുകൊണ്ട്‌, പ്രതിച്ഛായകളെ പ്രതിഷ്‌ഠിച്ച്‌ ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ ശ്രമിക്കുന്നത്‌. ചലച്ചിത്രങ്ങളും ചലച്ചിത്ര താരങ്ങളും പ്രതിച്ഛായാനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നത്‌ മനസ്സിലാക്കാം. പ്രതിച്ഛായകളാണ്‌ അവരുടെ ലോകം - അവരുടെ വില്‍പ്പനവസ്‌തു. പക്ഷെ രാഷ്‌ട്രീയക്കാരനില്‍നിന്ന്‌ - പ്രത്യേകിച്ച്‌ ജനപ്രതിനിധികളില്‍നിന്ന്‌ - നാം പ്രതീക്ഷിയ്‌ക്കുന്നത്‌ പ്രതിച്ഛായകളല്ല, നമ്മുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുന്ന വാസ്‌തവികമായ പ്രവര്‍ത്തനങ്ങളാണ്‌.
അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍പോലും അവയെ പൗരനോട്‌ ചെയ്യുന്ന ഒരു ദാനധര്‍മ്മമായി പ്രഖ്യാപിയ്‌ക്കുന്ന നാണംകെട്ട ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്‌. എം.പി.യും എം.എല്‍.എയും മന്ത്രിയും പഞ്ചായത്ത്‌ മെമ്പറും വരെയുള്ള ജനപ്രതിനിധികള്‍, പൗരന്റെ പണമുപയോഗിച്ച്‌ പൗരന്റെ ജോലി നിര്‍വ്വഹിയ്‌ക്കുമ്പോള്‍, അവിശ്വസനീയമെന്നേ പറയാനാവൂ, അവന്‍ ഫ്‌ളെക്‌സ്‌ ബോര്‍ഡില്‍ വമ്പിച്ച അക്ഷരങ്ങളില്‍ പ്രഖ്യാപിയ്‌ക്കുന്നത്‌ അവന്‍ ആ സംരംഭത്തിനുവേണ്ടി ഇത്ര തുക ``അനുവദിച്ചു'' എന്നാണ്‌. എന്നുമാത്രമല്ല, ആ ``അനുവാദത്തിന്‌ നന്ദിയുടെ ആയിരമായിരം പൂച്ചെണ്ടുക''ളും അവന്‍ സ്വയം സമ്മാനിയ്‌ക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളെത്തന്നെ അട്ടിമറിയ്‌ക്കുന്നവയാണ്‌ രാഷ്‌ട്രീയക്കാരന്റെ ഈ ദാനധര്‍മ്മഭാഷ്യം. മസ്‌തിഷ്‌ക്കപ്രക്ഷാളനം ചെയ്യപ്പെട്ട ജനങ്ങളാവട്ടെ, തങ്ങളുടെ മുഖത്ത്‌ കാറിച്ചു തുപ്പുന്ന ഈ ധിക്കാരത്തിനുമുമ്പില്‍, പ്രതികരണശേഷിയില്ലാതെ നില്‍ക്കുന്നു. ഒന്നാലോചിച്ചുനോക്കൂ; ജനങ്ങളാണ്‌ എം.പി.യെയും എം.എല്‍.എ.യെയും പഞ്ചായത്തംഗത്തെയും തിരഞ്ഞെടുത്തത്‌. അവന്റെ ശമ്പളവും ആനുകൂല്യങ്ങളും - ആവശ്യപ്പെടുമ്പോള്‍ കിമ്പളവും - നല്‍കുന്നത്‌ ജനങ്ങളാണ്‌. അവന്‌ കൈകാര്യം ചെയ്യാന്‍ ലഭിയ്‌ക്കുന്ന ബജറ്റിലെ തുക പൂര്‍ണ്ണമായും ജനങ്ങള്‍ നിക്ഷേപിച്ചതാണ്‌. അവന്റെ ജോലിയാവട്ടെ ആ തുക ജനങ്ങളുടെ ഏറ്റവും പ്രധാനമായ ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുക എന്നതാണ്‌. പക്ഷെ ആ സത്യത്തെ അട്ടിമറിച്ചുകൊണ്ട്‌ അവന്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്‌തുവയ്‌ക്കുന്ന ഓരോ ജോലിയെയും ഒരു കനിഞ്ഞനുവദിയ്‌ക്കലും ഉള്ളഴിഞ്ഞ ദാനവുമാക്കി വളച്ചൊടിയ്‌ക്കുന്നു. എന്നിട്ടും മലയാളികള്‍ തങ്ങളുടെ ``രാഷ്‌ട്രീയപ്രബുദ്ധത''യില്‍ അഭിമാനിയ്‌ക്കുന്നു! ചവിട്ടുമെത്തകള്‍ക്ക്‌ ഇതിലേറെ ആത്മാഭിമാനമുണ്ടാവണം.
സാമുവലിന്റെ കത്തില്‍ ചൂണ്ടിക്കാണിയ്‌ക്കുന്ന മറ്റൊരു ഞെട്ടിപ്പിയ്‌ക്കുന്ന വസ്‌തുതയുണ്ട്‌. ഉദാഹരണമായി പഞ്ചായത്തംഗം(അല്ലെങ്കില്‍ എം.പിയോ എം.എല്‍.എ.യോ മന്ത്രിയോ ആകാം) ഒരു പദ്ധതിയ്‌ക്കുവേണ്ടി വിനിയോഗിച്ചത്‌ പതിനായിരം രൂപയാണെന്നിരിക്കട്ടെ. ആ ``ദാനധര്‍മ്മ''ത്തെ നാട്ടുകാരുടെ മുമ്പില്‍ ഫ്‌ളെക്‌സ്‌ ബോര്‍ഡുകളിലൂടെ അവതരിപ്പിയ്‌ക്കാന്‍ അവന്‍ ചിലവഴിക്കുന്നത്‌ ഇരുപതിനായിരം രൂപ! ആ തുക അവന്‍ സ്വന്തം കീശയില്‍ നിന്നെടുക്കുന്നതാണോ? തീര്‍ച്ചയായുമല്ല. അവന്റെ പ്രതിച്ഛായാനിര്‍മ്മാണത്തിന്റെയും അഹന്താപൂരണത്തിന്റെയും ചിലവ്‌ വഹിക്കുന്നതും നാട്ടുകാര്‍ തന്നെയാണ്‌. അങ്ങനെ ഒരു വശത്ത്‌, അവന്‍ സമൂഹത്തിന്റെ ധനം സ്വാര്‍ത്ഥതാല്‍പര്യത്തിന്‌ ദുരുപയോഗപ്പെടുത്തുന്നു. മറുവശത്ത്‌ അങ്ങനെ നിര്‍മ്മിയ്‌ക്കുന്ന ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ സമൂഹപരിസങ്ങളിലേയ്‌ക്ക്‌ വലിച്ചെറിഞ്ഞ്‌ സമൂഹത്തെ വിഷത്തിലാഴ്‌ത്തുന്നു. എല്ലാം സമൂഹത്തിന്റെ ചിലവില്‍!
മുഖ്യമന്ത്രിയ്‌ക്ക്‌ നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രധാന വസ്‌തുതകള്‍ ഇവയാണ്‌:
1. നികുതിദായകന്റെ പൈസ ജനപ്രതിനിധിയുടെ പ്രതിച്ഛായാനിര്‍മ്മാണത്തിന്‌ ഉപയോഗിയ്‌ക്കുന്നത്‌ അധാര്‍മ്മികമാണ്‌.
2. പ്ലാസ്റ്റിക്‌ ഫ്‌ളെക്‌സിന്റെ അനിയന്ത്രിതമായ ഉപയോഗം വമ്പിച്ചതും ഗുരുതരവുമായ പരിസരമലിനീകരണമാണ്‌ ഉണ്ടാക്കുന്നത്‌.
3. തെരുവോരങ്ങളിലുള്ള അവയുടെ രാപകല്‍ സാന്നിദ്ധ്യം വാഹനങ്ങളോടിക്കുന്നവരുടെ ശ്രദ്ധ പതറിക്കുന്നു. അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു.(പലപ്പോഴും ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ വഴിചൂണ്ടിപ്പലകകളെ മറയ്‌ക്കുകയും ചെയ്യുന്നുണ്ട്‌.)
4. കാല്‍നടപ്പാതകളില്‍ പ്രതിബന്ധങ്ങള്‍ സൃഷ്‌ടിച്ച്‌ അവയെ സഞ്ചാരയോഗ്യമല്ലാതാക്കിത്തീര്‍ക്കുന്നു.
5. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പ്രകൃതിദൃശ്യങ്ങളെ വിരൂപമാക്കുന്നു.
6. തുണികളില്‍ വരച്ച പരസ്യപ്പലകകള്‍ ഇല്ലാതായതോടെ കൈത്തറിനിര്‍മ്മാണത്തിലും ചിത്രംവരയിലും ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന്‌ തൊഴിലാളികള്‍ക്ക്‌ അവരുടെ ഉപജീവനം നഷ്‌ടപ്പെട്ടു.(തുണി പ്രകൃതിയിലേയ്‌ക്ക്‌ സ്വയം സംസ്‌കരിക്കുന്ന പദാര്‍ത്ഥമാണെന്ന്‌ പറയേണ്ടതില്ലല്ലൊ!)
7. പൊതുസ്ഥലങ്ങളില്‍ സ്ഥാപിയ്‌ക്കുന്ന എല്ലാവിധ പരസ്യപ്പലകകളുടെമേലും നികുതി ചുമത്തുക.
8. പരസ്യപ്പലകകളും ഫ്‌ളെക്‌സ്‌ ബോര്‍ഡുകളും ഏറ്റവുമധികം ഉപയോഗിക്കുന്ന വിഭാഗങ്ങളുടെ ഒരു ചര്‍ച്ചായോഗം വിളിച്ചുകൂട്ടി കേരളത്തെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്ന ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുക.
മുഖ്യമന്ത്രി സ്വയം ഫ്‌ളെക്‌സ്‌ ബോര്‍ഡ്‌ വ്യാധിയില്‍നിന്ന്‌ മോചിതനായി ഒരു മാതൃക സൃഷ്‌ടിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.
മലയാളികളോടുള്ള എന്റെ അപേക്ഷ ഇതാണ്‌: അടുത്ത തവണ തെരുവോരത്തുനിന്ന്‌ നിങ്ങളെ നോക്കി ഒരു ദുര്‍ഭൂതത്തെപ്പോലെ ഇളിച്ചു കാട്ടുന്ന ജനപ്രതിനിധിയുടെ ഫ്‌ളെക്‌സ്‌ ബോര്‍ഡ്‌ കാണുമ്പോള്‍ അവനെ ശപിയ്‌ക്കാതെ വെറുതെ വിടുക. പക്ഷെ അടുത്ത തവണ അവന്‌ നിങ്ങളുടെ വോട്ട്‌ നിഷേധിയ്‌ക്കുക.


No comments: