Monday, June 24, 2019

സിവിൽ സർവീസ്

സിവിൽ സർവീസ്
സർക്കാർ കാര്യം എപ്പോഴും മുറപോലെയാണ് . സിവിൽ സർവീസ് എന്ന് പറയുന്ന സൂത്രം
കൻഫേമിസ്റ്റുകൾക്കുള്ളതാണു . അല്ലാതെ വിപ്ലവമുണ്ടാക്കാനോ അഴിമതിക്കെതിരെ പോരാടാനോ ഉള്ള സൂത്രമല്ല . സായിപ്പിന്റെ കാലത്തും ഇപ്പൊഴും . ബ്യുറോക്രസി അധികാര വിനിമയ വിഹാരം ചെയ്യുന്ന ഭരണ വ്യവസ്ഥയുടെ ഘടകവും ഘടനയുമാണ് .ഭരണ അധികാരത്തെ പ്രവർത്തന ക്ഷമമാക്കുന്ന എസ്റാബ്ളിഷ്മെന്റ് എപ്പോഴും ഏത് നാട്ടിലും സ്റ്റാറ്റസ് ക്വോയുടെ ഭാഗമാണ് .അതിന്റ എല്ലാ നന്മകളുടെയും തിന്മകളുടെയും ഭാഗമാണ് . അതിൽ ചേർന്ന് ഭരണ അധികാര സുഖ സൗകര്യങ്ങൾ അനുഭവിച്ചിട്ട് പത്തു മുപ്പത് കൊല്ലം കഴിഞ്ഞിട്ട് ആരും വിളിച്ചു കൂവിയിട്ട് കാര്യമില്ല . കോഴി രാവിലെ കൂകുന്നത് കൊണ്ടാണ് നേരം വെളുക്കുന്നത് എന്ന് കോഴികൾ കരുതിയാൽ പിന്നെന്തു ചെയ്യും ?
ആദ്യം സിവിൽ സർവീസ് കിട്ടി കഴിഞ്ഞുള്ള സ്വീകരണവും അധികാര ഹണിമൂണും കഴിഞ്ഞാൽ പിന്നെ അതാത് ഭരണത്തിൽ ഉള്ള രാഷ്ട്രീയ നേതാക്കളെ മാനേജ് ചെയ്താൽ ഏതാണ്ട് എഴുപത് വയസ്സ് വരെ സർക്കാർ സെറ്റപ്പിൽ കഴിഞ്ഞു കൂടാം . ഐ എ എസ്സിൽ ആദ്യം എട്ട് കൊല്ലം കഴിഞ്ഞുള്ള കളക്ടർ പണിയാണ് ഗ്ലാമർ ഉള്ള സംഭവം . ഐ എഫ് എസ്സിൽ ഒരു അമ്പത് വയസ്സ് കഴിയണം അമ്പാസ്സിഡർ സ്വപ്‍നം കാണാൻ .പിന്നെ ഒന്നാം ക്‌ളാസ്സിലും പത്താം ക്‌ളാസ്സിലും മേലോട്ടും റാങ്കു കിട്ടിയോ എന്നത് ഒന്നും പ്രശനമേയല്ല . റാങ്കു കിട്ടിയെങ്കിൽ കിട്ടിയോർക്ക് കൊള്ളാം . എന്ത് വിഷയം ആര് പഠിച്ചുവെന്നല്ല . സർക്കാർ പരീക്ഷ പാസായി പണിയിൽ കയറിയാൽ സയൻസാണോ , ഡോക്റ്ററാണോ , ലോ പഠിച്ചോ അതോ മലയാളമോ ഹിന്ദിയോ സംസ്കൃതമോ ഒന്നും പ്രശനമല്ല . സിസ്റ്റത്തിനുള്ളിൽ കയറിയാൽ എല്ലാവരും ആ സിസ്റ്റത്തിന്റെ ഭാഗമാണ് . അതിന് വെളിയിൽ പ്രസക്തി ഇല്ല . ബാക്കി ഡെക്കേറേഷനും പി ആറും ഒന്നുമല്ല വിഷയം . ഏത് ഒരു പണിയിൽ കയറിയാലും പണി ചെയ്യുന്നുണ്ടോ എന്നതാണ് വിഷയം . ആരായാലും . പക്ഷെ പെർഫോമൻസ് വിലയിരുത്തുന്നത് പത്രക്കാരും മറ്റുള്ളവരുമല്ല . അത് സിസ്റ്റം ചെയ്യേണ്ട മാനദണ്ഡങ്ങൾ ഉള്ള പെർഫോമൻസ് അസ്സെസ്സ്മെന്റാണ് . പക്ഷെ ആ പെർഫോമൻസ് അസ്സസ്മെന്റും അകൗണ്ടബിലിറ്റിയും കമ്മിയാണ് എന്നതാണ് ഗവര്ണൻസ് പ്രശ്‌നം .
എന്നാൽ സർക്കാരിൽ എത്രമാത്രം പെർഫോമൻസ് പ്ലാനും അസ്സെസ്സ്മെന്റും ഉണ്ടെന്ന് കണ്ടറിയണം .അത് മുഖ്യ മന്ത്രിയും മന്ത്രിമാരും തൊട്ട് വില്ലേജ് ഓഫീസ് വരെ വേണം . പക്ഷെ കാണാൻ സാധ്യത ഇല്ല .മേളിൽ ഉള്ളവരെ സുഖിപ്പിച്ചു നിർത്തിയാൽ താഴെ ഉള്ളവർക്കും മേലോട്ട് പോകാം എന്നതാണ് ബുറോക്രാറ്റിക് വെർട്ടിക്കൽ പവറിന്റെ പ്രായോഗിക തത്വം .അത് സർക്കാരിലും യു എന്നി ലും അത് തന്നെ . Y
പിന്നെ എല്ലാ സർക്കാർ സിസ്റ്റത്തിലും (യു എന്നിലും അത് തന്നെ )ഏതാണ്ട് 20%നല്ലത് പോലെ പണി ചെയ്യും .അങ്ങനെ ആത്മാർത്ഥമായി ഏതാണ്ട് 50-60 മണിക്കൂർ സത്യ സന്ധമായി പണി ചെയ്യുന്ന താഴെ മുതൽ മുകളിൽ വരെയുള്ള ഉദ്യോഗസ്ഥരാണ് സിസ്റ്റത്തെ നില നിർത്തി അതിന് സാധുത നൽകുന്നത് . ഏതാണ്ട് 40% ഒഴുക്കിന് അനുസരിച്ചു നീന്തും അത്യാവശ്യം പണി ചെയ്ത് ഒരു പരുവത്തിൽ പോകും .വേറെ 20% ബോസിനെ സുഖിപ്പിച്ചും പി ആർ നടത്തിയും പിടിച്ചു നിന്ന് ഭരണത്തിൽ ഉള്ളവർക്കും സ്തുതി പാടി പണി ചെയ്യാതെ ചുളുവിൽ മേലോട്ട് കയറും .20% നോൺ വർക്കികളാണ് .അവരെ ഏൽപ്പിച്ച പണിയൊഴിച്ചു എന്തും ചെയ്യും . ചിട്ടി .കൃഷി .പാർട്ടി . എഴുത്തു . സിനിമ .ശമ്പളം കിട്ടുന്നതിന് പണി പേരിനു കാട്ടി കൂട്ടും .ഒരാഴ്ചയിൽ ഇവർ പത്തു പതിനഞ്ചു മണിക്കൂറിൽ കൂടുതൽ ഓഫീസിൽ കാണില്ല . ചോദിച്ചാൽ പിന്നെ പ്രശ്നമാണ് . അവരിൽ ചിലർക്ക് ഓഫിസിലെ ചുറ്റികളികളും കലാ പരിപാടികളും അറിയാവുന്നത് കൊണ്ട് അവരോട് ആരും ഒരു കുന്തവും ചോയിക്കില്ല .എല്ലാവരെയും കളിപ്പിച്ചു അങ്ങനെ പോകും .
അഴിമതി സിസ്റ്റത്തിന്റ ഭാഗമാണെങ്കിലും മിക്കവരും കണ്ണടക്കും .ചിലർ ഒഴുക്കിന് അനുസരിച്ചു വാങ്ങും .ചിലർ വാങ്ങില്ല .പക്ഷെ ഇതൊക്കെ ഇങ്ങനെയേ പോകാത്തൊള്ളൂ എന്നറിഞ്ഞു മിണ്ടാതിരിക്കും .
പിന്നെ എല്ലാ തോഴിലിലും ചിലർ കൂടുതൽ ശോഭിക്കും ചിലർ ശോഭിക്കില്ല .ഈ രാജ്യത്തു എ എ എസ്സും പിന്നെ ഐ പി എസ്സും ഐ എഫ് എസ്സിന് ഒക്കെ പോകുന്നത് അധികാരത്തിന്റെ അകത്തളങ്ങളിലെ കാര്യസ്ഥൻ എന്ന സ്റ്റാറ്റസ് ക്വോ യുടെ നിലയും വിലയും പിന്നെ കാറും സർക്കാർ സന്നാഹങ്ങളും ഒക്കെ കണ്ടു തന്നെയാണ് . അല്ലാതെ വിപ്ലവം ഉണ്ടാക്കാനോ അഴിമതി തുടച്ചു നീക്കാനോ അല്ല . അങ്ങനെ ഒരു ചരിത്രം ബ്യുറോക്രസിക്കു ഇല്ല . ചിലർ കൂടുതൽ കാര്യപ്രാപ്‍തി ഉള്ളവർ .ചിലർക്ക് കുറവ് .അത്രമാത്രം . സിവിൽ സർവീസിൽ സിവിലും സർവീസ് മനോഭാവവുമുള്ളവർ കുറച്ചാണ് .മിക്കവരുടെയും കമ്മിറ്റ്മെന്റ് അധികാരത്തോടും അന്നന്ന് അധികാരം കൈയാളുന്ന മേലാളന്മാരോടുമാണ് .
മര്യാദക്ക് അടങ്ങി ഒതുങ്ങി സിസ്റ്റത്തിന് അകത്തു നിന്ന് കൻഫേമിസ്സ് ആയി കളിച്ചാൽ മേലോട്ട് പോകും . അല്പം പി ആറും സ്വല്പം അധികാര മാനേജ്‌മെന്റും അറിയാവുന്നവർ ഇലക്കും മുള്ളിനും പ്രശ്നമില്ലാതെ ആര് ഭരണത്തിലായാലും നീന്തും . അതിനു പറ്റാത്തവർക്ക് പുറമ്പോക്കിലാണ് സ്ഥാനം . പിന്നെ റിട്ടയര്മെന്റ് അടുക്കുമ്പോൾ ആക്ടിവിസ്റ്റ് അഴിമതി വിരുദ്ധ വാചകങ്ങൾ വിടുന്നവരൊന്നും ഒരു വിപ്ലവവും എങ്ങും ഉണ്ടാക്കിയിട്ടില്ല .
ഇതിനൊന്നും കഴിയാത്തവർക്ക് പറ്റിയവർക്ക് പറ്റിയ പണിയല്ല . അതിന് കഴിയാത്തത് കൊണ്ടാണ് ആ പണിക്ക് പോകാഞ്ഞത് .
പിന്നെ ഇത് നമുക്ക് പറ്റിയ പണിയല്ല എന്ന് തോന്നിയാൽ കെജ്‌രിവാളിനെ പോലെ പണി രാജിവെച്ചു നിരത്തിൽ ഇറങ്ങി മുഖ്യമന്ത്രിയാകുക . അല്ലെങ്കിൽ എന്റെ സുഹൃത്ത് അജിത് ജോയി ചെയ്തത് പോലെ മാന്യമായി രാജി വച്ച് പുറത്തു പോയി മാന്യമായി വേറെ രംഗത്ത് ശോഭിക്കുക . ഉത്തരത്തിൽ ഉള്ളത് വേണം താനും കക്ഷത്തിൽ ഉള്ളത് പോവാനും പാടില്ല എന്ന ഐ എ എസ് /ഐ പി എസ് അഭിനവ ആക്ടിവിസ്റ്റുകളോട് പ്രത്യേകിച്ച് ഒരു മതിപ്പും ഇല്ല .
ജെ എസ് അടൂർ

No comments: