അങ്ങനെ ഫേസ് ബുക്ക് മുക്കിൽ ഒരു പുതിയ ദിവസം തുടങ്ങുന്നു.
രാവിലെ പല്ല് തേച്ചു ഫേസ് ബുക്ക് റോഡിൽ നടക്കാനിറങ്ങിയതാണ്. ഏകാന്തതമായി ഒറ്റക്ക് ഒരു മുറിയിൽ ഇരുന്ന് തെരുവിലേക്ക് ഒമ്പതാം നിലയിൽ നിന്നും ഒരു ചാട്ടം. ഇത് കഴിഞ്ഞു കട്ടൻ ചായ കുടിക്കും. പിന്നെ യഥാർത്ഥ റോഡിൽ ഇറങ്ങി അമ്പലമുക്ക് ജങ്ഷനിൽ പോയി തട്ട് കട ചായ. ഇന്ന് പുട്ടും കടലയും കഴിക്കാനാണ് പ്ലാൻ. അത് വരെ ഫേസ് ബുക്ക് മുക്കിൽ ഒന്നും കയറി ഇറങ്ങും. രാവിലെ തുടങ്ങുന്നതും രാത്രി ഉറങ്ങുന്നതും ഈ തെരുവിൽ നിന്നാണ്.
സാമൂഹിക മാധ്യമങ്ങൾ നമ്മളുടെ ജീവിതത്തെയും ചിന്തയെയും വിചാരം, വികാര, ശീലങ്ങളെയും മാറ്റി മറിച്ചു. നമ്മളുടെ വായന രീതികളെ മാറ്റി മറിച്ചു. മനുഷ്യ ബന്ധങ്ങളിൽ പുതിയ നാമ്പുകളും മുറിവുകളും ഉണ്ടാക്കി. അകലങ്ങളിൽ ഉള്ള കൂട്ടുകാരെ അടുപ്പിച്ചു. അടുത്തുള്ള പലരെയും പിണക്കി. കാമ ക്രോധ ലോഭ മോഹങ്ങൾ രാവിലും പകലിലും സഞ്ചരിക്കുന്ന മഹാ നദിയാണ് നവ മാധ്യമങ്ങൾ. കാമുകി കാമുകന്മാർ രാവേറെയായാലും ഈ ഹൈവേയുടെ ഓരത്തു ഇരുന്നു സല്ലപിക്കും. ചിലർ വഴക്കു കൂടും. ചിലർക്ക് ആരോടൊക്കെയോ ഉള്ള കലിപ്പ് വേറെ ആരെങ്കിലെയും ചീത്ത വിളിച്ചു തീർക്കും
ചിലർ മാനായും മരീചനയും വരും. ചില സന്ഘികൾ സഖാക്കളായി വരും. ചില സഖാക്കൾ സംഘികളാകും. ചിലർ രാവിലെ തൊട്ട് രാത്രി വരെ ഒരു പാർട്ടിക്കോ നേതാവിനോ സ്തുതി ഗീതം പാടി മറ്റുള്ളവരെ ട്രോളും. മലയാളത്തിലെ എല്ലാ തെറിയും ഫേസ് ബുക്കിൽ രാവും പകലും കമന്റിലും ഗ്രൂപ്പിലും നിറഞ്ഞാടും.
ഇവിടെ അമൃതും അമേധ്യവും ഒരു പോലെ ഒഴുകും. നന്മയും തിന്മയും. ചിലപ്പോൾ ഫേസ് ബുക്ക് മുക്കിലെ ഓപ്പൺ ഡ്രയിനേജ് കണ്ടു മൂക്ക് പൊത്തി മാറി നടക്കും
പക്ഷെ ചെറിയ നന്മകളുടെ പൂക്കളും വലിയ നന്മകളുടെ പൂമരങ്ങളും ഇവിടെയുണ്ട്. പിറന്നാളിന്റെ സന്തോഷവും മരണത്തിന്റെ സങ്കടങ്ങളും ജീവിതത്തിന്റെ ആകുലതകളും ഇവിടെയുണ്ട്.
ടെക്നൊലെജി നമ്മൾ ഉണ്ണുന്നതും ഉറങ്ങുന്നതും ഉണർന്ന് എഴുനേൽക്കുന്നതും മാറ്റി മറിച്ചു. ഭോഗവും സ്വയംഭോഗവും ഉപഭോഗവും മാറ്റി മറിച്ചു. ഉബറും, ഓലയും യു ടൂബും സോമറ്റയും, ആമസോണും ജീവിത്തിന്റെ ഭാഗമായി.
മൊബൈൽ ഫോണും കണക്റ്റിവിറ്റിയും ഇല്ലെങ്കിൽ പലരും വീട്ടിൽപോലും ഒറ്റപെട്ടതായി തോന്നും. മൊബൈൽ ഫോണിന്റെ ചാർജ് തീരുമ്പോൾ അത് പലരെയും അസ്വസ്ത്തരാക്കും. . പാസ്സ് വേഡ് ചിലർ നിധി പോലെ കാക്കും. ഭാര്യയും ഭർത്താവും വേറെ എന്തൊക്ക കൈമാറിയാലും പാസ്സ് വേഡ് വിട്ടുള്ള കളിയില്ല. ചില ഭർത്താക്കന്മാർ ഭാര്യയുടെ ഫോൺ കൺട്രോൾ എടുത്താണ് അവരെ കൺട്രോൾ ചെയ്യുന്നത്. ചില ഭാര്യമാരും. ചില കുടുംബങ്ങൾ നിലനിൽക്കുന്നത് ഈ സമൂഹ മാധ്യമ തെരുവുകൾ കൊണ്ടാണ്.
പല സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ ചർച്ച നടത്തുന്നതും കൊച്ചു വർത്താനം പറയുന്നതും വഴക്കടിക്കുന്നതും വാട്സ് ആപ്പ് ഗ്രൂപ്പിലാണ്. പഴയ കൂട്ട് കുടുംബം ഇപ്പോൾ വാട്സ് ആപ്പ് കുടുംബങ്ങളാണ്. 85 വയസ്സ് കഴഞ്ഞ അമ്മക്ക് ഏറ്റവും സന്തോഷം വാട്സ്ആപ്പ് കിട്ടി ലോകത്തു എവിടെ ആയാലും എന്നെ കണ്ടു സംസാരിക്കാം എന്നറിഞ്ഞപ്പോഴാണ്. ഞാൻ ലോകത്തു എവിടെയാണ് എങ്ങനെ ഏത് കോണിൽ സഞ്ചരിക്കുന്നു എന്നും ഏത് ഹോട്ടലിൽ താമസിക്കുന്നു എന്നും വീട്ടുകാർ അറിയുന്നത് വാട്സ് ആപ്പ് ഗ്രൂപ്പിലാണ്. അത് പോലെ എല്ലാം.
അങ്ങനെ ജീവിതം ഇന്ന് നമ്മളിൽ പലരും കൂടുതൽ ജീവിക്കുന്നത് വിർച്വൽ റിയാലിറ്റി എന്ന വിചാര -വികാര തോന്നലുകളിൽ കൂടിയാണ്. Mode of technology determines the mode of communications. Mode of communications affect modes of perceptions. Mode of perceptions affect our emotions and thinking. Both affect our choices and options in personal lives, family, society and politics. We are already hacked, merging the distinction between public and private. Privacy is an illusion today.
പക്ഷെ വയറു നിറയണമെങ്കിൽ ഫേസ് ബുക്ക് മുക്കിൽ പുട്ടും കടലയും കിട്ടില്ല. അപ്പോൾ ഇനി കട്ടനടിച്ചു ഫേസ് ബുക്ക് മുക്കിൽ നിന്ന് ഇറങ്ങി അമ്പലമുക്കിൽ പോയി പുട്ടും കടലയും കഴിക്കാം.
സുപ്രഭാതം. അങ്ങനെ ഫേസ് ബുക്ക് തെരുവിൽ വേറൊരു ദിവസം തുടങ്ങുകയാണ്
No comments:
Post a Comment