Thursday, January 3, 2019

എന്ത് കൊണ്ട് കൈമൂച്ചു ഹർത്താലുകളെ എതിർക്കുന്നു?


ഇന്ന് കേരളത്തിൽ രാഷ്ട്രീയ കൈമൂച്ചു കാണിക്കുവാനും അക്രമ രാഷ്ട്രീയത്തിനുള്ള ബെലാ ബലം കാണിക്കുവാനും ഉള്ള ഒരു ജനവിരുദ്ധ രാഷ്ട്രീയ പാർട്ടി /സംഘടന ആയുധമാണ് ഹർത്താൽ. അങ്ങനെയുള്ള പാർട്ടി /സംഘ ശക്തി പ്രകടന സമര ആയുധത്തിനു ജനായത്ത സംസ്കാരവുമായി ഒരു ബന്ധവുമില്ല. കാരണം ഇത് സ്വമേധയ ജനങ്ങൾ ഏറ്റെടുടുത്തു ചെയ്യുന്ന ഒന്നല്ല. മറിച്ചു രണ്ടോ മൂന്നോ രാഷ്ട്രീയ നേതാക്കൾ അവരുടെ പാർട്ടി തിണ്ണ മിടുക്കു കാട്ടുവാൻ എടുക്കുന്ന ഒരു തീരുമാനമാണ്. അത് നടത്തുന്നത് നാട്ടുകാരെ വിരട്ടിയും ഭീഷണിപ്പെടുത്തിയും അക്രമ സാമ്പിളുകൾ കാട്ടി പേടിപ്പിച്ചുമാണ്.
ഇന്ന് കേരളത്തിൽ ഒരു ഹർത്താൽ നടത്തുവാൻ ഇരുനൂറിൽ അധികം ആളുകൾ വേണമെന്നില്ല. കാരണം ഇന്ന് അധികവും അത് ഒരു റ്റി വി റിയാലിറ്റി ഷോ പ്രഹസനമാണ്. രാവില്ലേ ടി വി ക്യാമറ എത്തുന്നിടത്ത് റോഡിൽ വിവിധ നഗരങ്ങളിൽ പത്തു പഴകിയ ടയർ കത്തിക്കുക. കുറെ ട്രാൻസ്‌പോർട്ട് ബസിന്റെ കാറ്റ് അഴിച്ചു വിടുക. അത്യാവശ്യം കല്ലേറുകൾ. ഒരു പത്തു മണി മുതൽ മോട്ടോർ സൈക്കിളിൽ ചുറ്റി ഒരു വിരട്ടൽ. ഇതെല്ലം പൊടിപ്പും തൊങ്ങലും വച്ച് ടീവി റിപ്പോർട്ട് ചെയ്യും. 11 30 ആകുമ്പോൾ ടീവി ഹർത്താൽ പൂർണമെന്നു പ്രഖ്യാപിക്കും. പിന്നെ ഹർത്താൽ ചട്ടമ്പികൾ രണ്ടു മൂന്നു ലാർജ് അടിച്ചു നല്ല ഊണും കഴിഞ്ഞു ഉറങ്ങും. നേതാക്കൾക്ക് അന്ന് കുടുംബവുമായി ഹോളിഡേ. ബാക്കിയുള്ളവർ പേടിച്ചു വെളിയിൽ ഇറങ്ങാതെ ടീവി കണ്ട് ശാപ്പാട് അടിച്ചു ഉച്ചക്ക് കിടന്നുറങ്ങും. നാല് മണിയോടെ കടകൾ തുറക്കും. വണ്ടികൾ ഓടി തുടങ്ങും. അഞ്ചുമണിയോടെ സ്ഥിതി നോർമൽ. ഇതാണ് കേരളത്തിലെ ഹർത്താൽ ആചാരമെന്ന അനാചാരം. ഇപ്പോൾ ബി ജെ പി അവരുടെ കൈ മൂച്ചും ആൾ ബലവും കാട്ടി ഹം കിസി സെ കം നഹി എന്ന് ആളുകളെ എല്ലാ ആഴ്ചയും വിരട്ടി ഹർത്താൽ കളിച്ചു ആർമ്മാദിക്കുകയാണ്. ഇപ്പോൾ ബി ജെ പി ഹർത്താലിനെ അത് വർഗീയ ഹർത്താൽ ആണെന്ന് പറയുന്ന ചില പാർട്ടിക്കാരോട് പറയാനുള്ളത് സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുക എന്നാണ്.
എന്ത് കൊണ്ടാണ് ഹർത്താലിനെ എതിർക്കുന്നത്.
1) അത് ഇന്ത്യൻ ഭരണ ഘടന നൽകുന്ന നാല് അവകാശങ്ങളെ ലംഘിക്കുന്നു. സ്വതന്ത്രമായും സുരക്ഷമയും സഞ്ചരിക്കുവാനുള്ള അവകാശം. ജോലി ചെയ്യുവാനുള്ള അവകാശം, സ്ഥാപനങ്ങളും ബിസിനസ്സും സ്വതന്ത്രമായും സുരക്ഷമായും ചെയ്യുവാനുള്ള അവകാശം, വിദ്യാഭ്യാസം ചെയ്യുവാൻ വിദ്യാർത്ഥികൾക്കുള്ള അവകാശം, പ്രവർത്തികളും മീറ്റിംഗുകളും നടത്തുവാൻ ഉള്ള അവകാശം
2) ഭരണ ഘടന തരുന്ന അവകാശങ്ങളെ ലംഘിക്കുക എന്നാൽ ഭരണഘടനയെ ലംഘിക്കുക എന്നാണ്. ഭരണഘടനയെ ലംഘിക്കുക എന്നാൽ ജനാധിപത്യ സംവിധാനത്തെയും രാജ്യത്തെയും അവഹേളിക്കുക എന്നാണ്. അത് കൊണ്ട് തന്നെ അടിച്ചേൽപ്പിക്കുന്ന കൈമ്മൂച്ചു ഹർത്താലുകൾ ജന വിരുദ്ധവും രാജ്യ വിരുദ്ധവുമാണ്.
3) ഹർത്താൽ സ്വമേധായ തൊഴിലാളികളും ഉദ്യോഗസ്ഥൻമാരുമെടുക്കുന്ന പണിമുടക്കല്ല.
4) ഹർത്താൽ രാഷ്ട്രീയ പാർട്ടികളുടെ അക്രമ ആക്രാന്ത രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തലും സംഘ ബലം കൊണ്ട് വ്യക്തി സ്വതന്ത്ര്യത്തെ ഹനിച്ചു ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ്
ഈ കാരണങ്ങൾകൊണ്ട് എല്ലാ കൈമൂച്ചു ഹർത്താലുകൾക്കും അന്നും ഇന്നും എന്നും എതിരാണ്. അങ്ങനെയുള്ള കൈമൂച്ചുള്ളവർ കാര്യക്കാർ എന്ന രാഷ്ട്രീയ ഹൂളിഗനിസത്തിനും ഗുണ്ടായിസത്തിനും എന്നും എല്ലായിടത്തും എതിരാണ്. ബംഗ്ളാദേശിലും കേരളത്തിലുമാണ് ലോകത്തിൽ ഏററവും കൂടുതൽ ഹർത്താലുകൾ ഉള്ള സ്ഥലങ്ങൾ. മറ്റെങ്ങും ഇത് പോലുള്ള രാഷ്ട്രീയ പൊറാട്ടു നാടകങ്ങൾ കണ്ടിട്ടില്ല
ജെ എസ് അടൂർ

No comments: