ക്രിസ്തുമസ്സിന്റെ കഥ
ക്രിസ്തുമസ് എന്ന വാക്ക് ക്രിസ്റ്റോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നു ഉളവായതാണ്.. ക്രിസ്റ്റോസ് എന്നത് മിശിഹ എന്ന ഹീബ്രൂ ഭാഷയിൽ; രക്ഷകൻ, അഭിഷക്തൻ എന്നൊക്കെയാണ് അർത്ഥം. ക്രിസ്റ്റോമസ് എന്നതിന് ക്രിസ്റ്റോസ് - മാസ്സ് (കുർബാന ) അധവാ ക്രിസ്തുവിന്റ കുർബാനഎന്നാണ്. ക്രിസ്തോമാസ് എന്നത് 1038 ഇലും ക്രിസ്തുമാസ് എന്നത് ഉപയോഗിച്ചു തുടങ്ങിയത് 1131 ഇലും മാത്രമാണ്.
യേശു ജനിച്ചത് ഏതു ദിവസമാണ് എന്ന് യേശുവിന്റ ജനന കഥ വിവരിക്കുന്ന മത്തായി, മാർക്കോസ്, ലൂക്കോസ് സുവിശേഷങ്ങൾ ഒന്നും ഒരു സൂചനയും തരുന്നില്ല. യേശുവിന്റ ജനനം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 25 ഡിസംബർ ആയി ഉറപ്പിച്ചത് യേശു ജീവിച്ചു ക്രൂശിക്കപെട്ടതിന്റെ നൂറ്റാണ്ടുകൾ കഴിഞ്ഞാണ്. ജൂലിയൻ കലണ്ടർ പിന്തുടരുന്ന പുരാതന അർമേനിയൻ ഓർത്തോഡോക്സുകാർക്കു ജനുവരി 6 നാണ് ക്രിസ്തുമസ് മറ്റ് ചിലർക്ക് ജനുവരി 19 ഇന്
ആദ്യകലാ കൃസ്തീയ സമൂഹത്തിന്റ ചിഹ്നം ക്രൂശല്ലാ യിരുന്നു. അത് മീൻ ചിഹ്നം ആയിരുന്നു. ഇപ്പോൾ നാം കാണുന്ന കുരിശും മിക്ക ക്രിസ്തീയ ആചാര ഉത്സവങ്ങളും മൂന്നാം നൂറ്റാണ്ടിന്റെ അവസാനവും നാലാം നൂറ്റാണ്ടിലെ റോമാ സാമ്രാജ്യം ക്രിസ്തീയ വിശ്വാസത്തെ കോ ഓപ്റ്റ് ചെയ്ത് അവരുടെ ഒദ്യോഗിക ഭരണ പ്രത്യയ ശാസ്ത്രമാക്കിയതോടെ തുടങ്ങിയതാണ്. ചരിത്രത്തിൽ രേഖപെടുത്തിയ ക്രിസ്തുമസ് 336 ലാണ് ആദ്യമായി കൊണ്ടാടിയത്.
ഡിസംബർ 25 തിരഞ്ഞെടുത്തതിനെ കുറിച്ച് പല ധാരണകളുമുണ്ട്. അതിൽ ഒന്ന് സോളാർ ചാർട്ട്മായി ബന്ധപ്പെട്ട ഒരു റോമൻ വിന്റർ ഉത്സവ ദിനമായിരുന്നുവെന്നതാണ്. എന്നാൽ പല ചരിത്രകാരൻമാരും രേഖപെടുന്നത് ഡിസംബർ 25 റോമാ സാമ്രാജ്യത്തിൽ സൂര്യ ദേവന്റെ ഉത്സവ ദിനമായിരുന്നു. ക്രിസ്തു മതത്തെ കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലം മുതൽ കോ ഓപ്റ്റ് ചെയ്തു തുടങ്ങിയപ്പോൾ റോമിൽ നിലവിലിരുന്ന ആചാര ഉത്സവങ്ങളുമായി വിളക്കി ചേർത്താണ് ഇന്ന് നമ്മൾ കാണുന്ന പല ആചാര ഉത്സവങ്ങളും രൂപപ്പെടുന്നത്. പിന്നീട് അതിനനുസരിച്ചു തിയോളജിയും ചരിത്രവുമൊക്കെ റോമൻ അധികാരത്തിന്റ തണലിൽ നിർമ്മിക്കുകയാണ് ചെയ്തത്.
നീതി സൂര്യനായ യേശുവിന്റെ ജനനം അന്നത്തെ റോമയിലെ സൂര്യ ദേവന്റെ ഉത്സവത്തിൽ ആയതിനെയും ന്യായീകരിച്ചിട്ടുണ്ട്. യേശു ഏത് ദിവസമാണ് ജനിച്ചത് എന്ന് പല ഊഹപോഹങ്ങൾക്കപ്പുറം കൃത്യമായി തെളിവുകൾ ഇല്ല. ചിലർ പറയുന്നു ഐറേനിയസ് എന്ന സഭ ചരിത്രകാരൻ എ ഡി /സി ഈ 70 ഇൽ തന്നെ ഡിസംബർ 25 നിജപ്പെടുത്തി എന്ന് പറയുന്നു . ചിലർ പറയുന്നത് ഏപ്രിൽ മാസത്തിലാണ് യേശു ജനിച്ചത് എന്ന്. എന്നാൽ ഇതിൽ മിക്കതും ഊഹപോഹങ്ങൾ മാത്രമാണ്.
ഇപ്പോൾ കാണുന്ന രീതിയിൽ ക്രിസ്തുമസിന് മുമ്പ് പലരും അനുഷ്ഠിക്കുന്ന നോയമ്പ് അഥവാ ഉപവാസവും ക്രിസ്തുമസ് സദ്യയും സമ്മാന പൊതികളും കേക്കും സാന്താക്ളോസും ഒക്കെ അടുത്ത ചില നൂറ്റാണ്ടുകളിൽ വന്നതാണ്.
അധികാര രാഷ്ട്രീയവും മത ആചാര വിശ്വാസങ്ങളും പണ്ട് പണ്ട് തൊട്ടേ കെട്ടുപിണഞ്ഞാണ് ആളുകകളെ വിശ്വാസ ആചാരങ്ങളുടെ അപ്പവും പിന്നെ രാഷ്ട്രീയ അധികാരങ്ങളുടെ വീഞ്ഞും നൽകി വരുതിയിൽ നിർത്തി ഭരിക്കുന്നത്. എല്ലാ മത വിശ്വാസ ധാരകളും രാഷ്ട്രീയ അധികാരങ്ങളും മനുഷ്യന്റെ സത്തക്കും സ്വതത്തിനും സർഗ അന്വേഷണത്തിനും പരിധി നിർണയിച്ചു മതിലുകൾക്കുള്ളിൽ സംരക്ഷിക്കാം എന്ന് വാഗ്ദാനം നൽകിയാണ് ഭരിക്കുന്നത്.
800 ആണ്ടിലാണ് ചാൾസ് ഒന്നാമൻ ഗ്രെയിറ്റ് അധവാ ഷാർലാമൈൻ ചക്രവർത്തിയെ ഡിസംബർ 25 നു പോപ്പ് ലിയോ മൂന്നാമൻ റോമിലെ പഴയ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഹോളി റോമൻ ചക്രവർത്തിയായി അവരോധിച്ചത്.. അന്ന് മുതൽ പടിഞ്ഞാറേ യൂറോപ്പകമാനം ആഘോഷിക്കുന്ന ഒരു മത സാംസ്കാരിക ഉത്സവമായി ഡിസംബർ 25. പിന്നെയും ഒരു 200 കൊല്ലം കഴിഞ്ഞു 11നൂറ്റാണ്ടിൽ ആണ് ക്രിസ്തുവിന്റെ മാസ്സ് എന്ന ക്രിസ്തുമസ് എന്ന് ആ പൊതു ഉത്സവത്തെ വിളിച്ചു തുടങ്ങിയത്. മിക്ക ആചാര അനുഷ്ട്ടാന്തങ്ങളും ഇങ്ങനെയൊക്കെയാണ് കാലപഴക്കത്തിൽ ഓരോ വിശ്വാസങ്ങളായി പരിണമിക്കുന്നത്.
ഇന്ന് എല്ലാ ഉത്സവങ്ങളും കൺസ്യൂമർ ഉത്സവങ്ങളാണ്. പള്ളിയും അമ്പലവും എല്ലാം ഇന്ന് കൺസ്യൂമർ വിശ്വാസികളെ പരിപോഷിപ്പിക്കുവാനാണ്. എല്ലായിടത്തും ഉശിരൻ കച്ചവടമാണ് നടക്കുന്നത്. വിശ്വാസങ്ങളും ആചാരങ്ങളും പള്ളിയും പള്ളികൂടങ്ങളും പുരോഹിത വർഗ്ഗവും ഇന്ന് ചന്തകളുടെ (market driven )ആശ്രിത വത്സരാണ്. ക്രിസ്തുമസ് സീസണിൽ ബില്ല്യൻ ഡോളറിന്റ ബിസിനസാണ്. എന്തായാലും അത് ഇക്കോണമിക്കും തൊഴിലുമൊക്കെ നല്ലതാണ്.
പക്ഷെ എങ്ങും ഇടം കിട്ടാതെ ആടുകളുടെ ഇടയിൽ പുൽകൂട്ടിൽ ജനിച്ച യേശു ചന്തയിൽ ചന്തമായി നിൽക്കുന്ന ദൈവമല്ല. ദരിദ്രരോടും ദുഃഖിക്കുന്നവരോടും രോഗികൾക്ക് ഒപ്പവും ജീവിച്ചു സാധാരണാക്കാരെ ശിഷ്യൻമാരാക്കിയ സ്നേഹത്തിന്റെ സുവിശേഷമായാകണം നമ്മുടെ മനസ്സിൽ യേശു എന്നും ജനിക്കേണ്ടത്. സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്ന് പഠിപ്പിച്ച യേശു മനുഷ്യന്റ ഉള്ളിൽ നക്ഷത്രമായി വിളങ്ങുമ്പോഴാണ് നാം ഭൂമിയുടെ ഉപ്പാകുന്നത്.
എല്ലാവര്ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മ സന്തോഷങ്ങളുടെ ക്രിസ്തുമസ് ആശംസകൾ.
ജെ എസ് അടൂർ
No comments:
Post a Comment