Thursday, January 3, 2019

കടലിന് കലിയിളകുമ്പോൾ ......

ഇത് പോലെയുള്ള ഒരു ഡിസംബറിലാണ് ലോകത്തിലെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായ സുനാമി വന്നത് . 2004 ഡിസംബർ 26 ഒരു ഞായറാഴ്ച ആയിരുന്നു . ഞാൻ അവധിക്ക് അടൂരിൽ ആയിരുന്നു .രാവിലെ പതിനൊന്നു മണിക്ക് തായ്‌ലൻഡിൽ നിന്നും ഫോൺ വന്നപ്പോഴാണ് എനിക്ക് ഈ ഭീകര അവസ്ഥയെകുറിച്ചു അറിവ് കിട്ടിയത് . ഉടനെ പോയത് കരുനാഗപ്പള്ളിയിൽ തകർന്ന വീടുകളും അനേക ശവ ശരീരങ്ങളും കണ്ടു ഒരു വല്ലാത്ത ദുഃഖ മൗനം എന്നെ പിടികൂടി .പ്രകൃതി ഭീകരത നേരിൽ കണ്ടവരുടെ ഉൾഭയ ദുഃഖങ്ങൾ അത്ര പെട്ടന്ന് മാറില്ല .കരുനാഗപ്പള്ളിയിൽ നിന്ന് ചെന്നയിലേക്കും പിന്നെ ശ്രീ ലങ്കക്ക് , അടുത്ത ആഴ്ച്ച തായ്‌ലൻഡിൽ പിന്നെ ഇൻഡോനേഷ്യയിലെ ആച്ചയിൽ .
ആ പത്തു ദിവസങ്ങളിൽ കണ്ടതും അനുഭവിച്ചതും എഴുതണമെങ്കിൽ ഒരു പുസ്തകം വേണം . ഒരു പ്രകൃതി ദുരന്തം നേരിട്ട് കണ്ട ഒരു മനുഷ്യനും പിന്നെ ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റയോ പേരിൽ മനുഷ്യനെ വേർതിരിച്ചു കാണുവാനാകില്ല. നൂറു കണക്കിന് ശവ ശരീങ്ങൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ അതിൽ ഏതൊക്ക ജാതിയും മതവുമുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു .രണ്ടു ദിനം കൊണ്ടു ചീഞ്ഞു പോകുന്ന വെറും ശവ ശരീരങ്ങൾ ആയിരുന്നു എല്ലാവരും
കേരളം നേരിടുവാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം കടലുമായി ബന്ധപ്പെട്ടതാണ് . ഇന്ന് ഏറ്റവും കൂടുതൽ മലിനീകരണം നേരിടുന്നത് നദികളും , കായലുകളും നദികളുമാണ് . കാലാവസ്‌ഥ വ്യതിയാനവും നിരന്തര മലിനീകരണവും കരി മണൽ ഖനനവും എല്ലാം തീര ആവാസ വ്യവസ്ഥയെ തകിടം മറിക്കും .
കായലിനും കടലിനും ഇടക്കുള്ള മണൽ തിട്ട ഭൂമിയിൽ ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം .തിരുവനന്തപുരം , കൊല്ലം ആലപ്പുഴ , ,കൊച്ചി , കോഴിക്കോട് , കണ്ണൂർ മുതലായ സിറ്റികൾ എല്ലാം കടലിനടുത്താണ് . അഞ്ചു കിലോമീറ്റർ കടൽ കയറിയാൽ ഉള്ള അവസ്ഥ ഭീകരമായിരിക്കും . കേരളത്തിലെ ഏറ്റവും ദുരന്ത സാധ്യതയുള്ള പ്രദേശം തീര പ്രദേശമാണ് . പണ്ട് കടലിറങ്ങിയ പ്രദേശങ്ങളാണ് കേരളത്തിന്റ തീര പ്രദേശത്തെ പല ഭാഗങ്ങളും .ഇത്രയും ഡിസാസ്റ്റർ വൾനറബിൾ ആയ പ്രദേശത്തെകുറിച്ചു എത്ര മാത്രം ജാഗ്രത നമ്മുടെ സമൂഹത്തിനും സർക്കാരിനും ഉണ്ട് ?
ലോക ചരിത്രത്തിൽ പ്രകൃതി ദുരന്തങ്ങൾ കൊണ്ടു തകർന്ന സമ്പന്ന സ്ഥലങ്ങളും സംസ്കരങ്ങളും ഉണ്ട് . ഇൻഡസ് വാലിയും മായൻ സംസ്കാരവും എല്ലാം അതിൽപ്പെടുന്നു . രണ്ടു മൂന്നു ദിവസത്തെ വെള്ളപ്പൊക്കത്തിൽ നഷ്ടപെട്ടത് മുപ്പതിനായിരം കൊടിയെങ്കിൽ തീര ദേശത്തെ കടൽ വിഴുങ്ങിയാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കുന്നത് പോലും ഭീകരമാണ് . എത്ര ലക്ഷം കൊറ്റികളായിരിക്കും കടൽ വിഴുങ്ങുവാൻ പോകുന്നത് ?
പശ്ചിമഘട്ടത്തിലെ പാറ ഇടിച്ചു കടലിൽ കൊണ്ടു തല്ലിയാൽ ഒന്നും കലിപൂണ്ട കടലിനെ തടയാനാവില്ല . ഒരു പാവക്ക പോലെ നീണ്ടു കിടക്കുന്ന ഈ കൊച്ചു പ്രദേശത്തെ മൊത്തം ആവാസ വ്യവസ്ഥയ്ക്ക് പ്രകൃതി നൽകുന്ന രണ്ടു പ്രധാന സുരക്ഷയാണ് കിഴക്കുള്ള മലനിരകളും പിന്നെ പടിഞ്ഞാറുള്ള മണൽ തിട്ടകളുടെ തീര പ്രദേശവും കായലുകളും .കിഴക്കേ മലകളായ പശ്ചിമഘട്ടത്തെയും തീര പ്രദേശത്തെയും ബന്ധിപ്പിക്കുന്ന നദികളാണ് കേരളത്തിന്റ നാഡി ഞരമ്പുകൾ . ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഡിസാസ്റ്റർ വൾണറബിലിറ്റിയുള്ളത് പശ്ചിമഘട്ടത്തിലെ മലനിരകൾക്കും, തീരദേശത്തിനും കടലിനുമാണ്. ഇതിനെ ബന്ധിപ്പിക്കുന്ന നദികളും ബാധിക്കപ്പെടും.
ഇരിക്കുന്ന കമ്പ് പതിയെ പതിയെ മുറിച്ചാണ് നമ്മൾ 'വികസനം ' നടത്തുന്നത് എന്ന് മറക്കരുത് . വിഴിഞ്ഞം പോർട്ട് തിരുവനന്തപുറത്തിന്റ വികസനത്തിനാണോ വിനാശത്തിനാണോ എന്നു എത്ര പേർ ചോദിക്കും . ഇപ്പോൾ തന്നെ ശംഘുമുഖത്തെ റോഡിന്റെ പകുതി കടൽ വിഴുങ്ങി .ശങ്കുമുഖം കടൽ കുറച്ചുകൂട് കയറിയാൽ തിരുവനന്തപുരം എയർപോർട്ട് പോകും .അതു കൊണ്ടു പശ്ചിമ ഘട്ടം പൊട്ടിച്ചു കടൽ നിരത്തിപോർട്ട് ഉണ്ടാക്കി പിന്നെ വടക്കോട്ട് കടൽ കയറിയാൽ ഉള്ള കോസ്റ്റ് ബെനിഫിറ്റ് അനാലിസ് നോക്കിയാൽ അറിയാം ഈ കൊച്ചു കേരളം താങ്ങാവുന്നതിലും അധികം വികസിച്ചു വികസിച്ചു ദുരന്തങ്ങളിലേക്ക് നടന്നടുക്കുന്നത് .
പ്രസംഗിച്ചാൽ മാത്രം കേരളം മാറില്ല .
ഓഖി ദുരന്തത്തിൽ നിന്ന് നമ്മൾ എന്തെങ്കിലും പഠിച്ചോ ?
ഇതൊക്കെ നവ കേരള മിഷനിൽ ഉണ്ടാകുമോ?ഇത് എങ്ങോട്ടുള്ള പോക്കാണ് ?
ജെ എസ് അടൂർ

No comments: