പ്രസംഗവും പ്രവർത്തികളും
നമ്മൾ മലയാളികൾ പ്രസംഗിക്കുവാൻ മുമ്പിലും പ്രവർത്തിയിൽ പിമ്പിലുമാണ് . വാക്കുകളും പ്രവർത്തിയും തമ്മിൽ നിരന്തരമായി വർദ്ധിച്ചു വരുന്ന ഒരു സമൂഹത്തിൽ പ്രഹസനങ്ങളും ഉപരിപ്ലവതയും കൂടും . അതു രാഷ്ട്രീയ, സർക്കാർ , മത, വിദ്യാഭ്യാസ രംഗങ്ങളിൽ എല്ലാം പതിവാകുമ്പോഴാണ് ഒരു ധാർമ്മിക പ്രതി സന്ധി ഈ രംഗങ്ങളിൽ എല്ലാം ദൃശ്യമാകുന്നത് .
അത് കൊണ്ട് തന്നെയാണ് പിറവം പള്ളിയിലും കോതമംഗലം പള്ളിയിലെ ബാവ -മെത്രാൻ കക്ഷി തമ്മിലടിയിലും , ശബരിമല വിഷയത്തിലും ഒരേ പോലെയുള്ള മോറൽ ക്രൈസിസ് ദൃശ്യമാകുന്നത് . ഇവിടെ രണ്ടിടത്തും സ്ത്രീകളെ മുന്നിൽ നിർത്തി പുരുഷ മേധാവിത്ത രാഷ്ട്രീയം മാത്രമല്ല പ്രശ്നം . പ്രസംഗവും പ്രവർത്തികളും തമ്മിലുള്ള അജഗജാന്തര വ്യത്യാസമാണ് വലിയ പ്രശ്നം . ഈ ഒരു പ്രതിസന്ധിയിലും പരസ്പരം വിശ്വാസം നഷ്ട്ടപെട്ട ഒരു സമൂഹം അടുത്ത സാമൂഹിക രാഷ്ട്രീയ ദുരന്തത്തിലോട്ട് പോകുമ്പോഴും മിക്ക രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും വോട്ട് രാഷ്ട്രീയത്തിൽ എങ്ങനെ മൈലേജ് ഉണ്ടാക്കാമെന്നുള്ളതിന് അപ്പുറത്തു ചിന്തിക്കുവാനോ പ്രവർത്തിക്കുവാനോ സാധിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ് .
എല്ലാ രംഗങ്ങളിലും വളരുന്ന ഈ ഇരട്ടത്താപ്പ് ആര് ഭരിച്ചാലും സർക്കാർ കാര്യങ്ങളിൽ ദൃശ്യമാണ് . മിക്കപ്രശ്നങ്ങളിലും പര്സപരം പഴി ചാരി ബഹളവും വിവാദവുമുണ്ടാക്കി ടിവി ചർച്ച കൊണ്ടു അവസാനിപ്പിച്ചു അടുത്ത വിവാദത്തിലേക്കുള്ള പ്രയാണമായി രാഷ്ട്രീയം ചുരുങ്ങുമ്പോഴാണ് നിയമ സഭയിലെ ഏറ്റവും പ്രധാന ഐറ്റം ടി വീ ക്കു വേണ്ടിയുള്ള ബാനർ പ്രദർശനവും വാക്ക് ഔട്ടും കോലാഹല രാഷ്ട്രീയ പൊറാട്ടു നാടകവുമായി പരിണമിക്കുന്നത് . അവിടെയും ഏറ്റവും കൂടുതൽ പ്രകടമാകുന്നത് പ്രസംഗങ്ങളും പ്രവർത്തിയും തമ്മിൽ കൂടുന്ന അന്തരമാണ് .
ഈ കാര്യങ്ങൾ ഏറ്റവും കൂടുതൽ കാണുന്നത് ദുരന്തങ്ങളുടെ കാര്യത്തിലാണ് . ഒരു ദുരന്തം ഉണ്ടാകാതെ നോക്കുന്നതിനേക്കാളിൽ ദുരന്തം ഉണ്ടായി കഴിഞ്ഞു ഓടി നടന്ന് എന്തെങ്കിലുമൊക്കെ ചെയ്തു അടുത്ത വിവേദത്തിലേക്ക് പോകുകയാണ് പതിവിൻ പടി .കേരളത്തിൽ വെള്ളപൊക്കം ഉണ്ടാകുമെന്ന് മഴ കൂട്ടിയപ്പോഴും ഡാമുകൾ നിറഞ്ഞപ്പോഴും സാമാന്യ വിവരമുള്ളവർക്ക് അറിയാമായിരുന്നു .പക്ഷേ ചെന്നായ് വരുന്നേ , വരുന്നേ എന്ന് വിളിച്ചു വിളിച്ചു മൈൻഡ് ചെയ്യാതെ , വെള്ളം രാത്രിയിൽ വന്നു നാടിനെ വിഴുങ്ങിയപ്പോൾ നമ്മൾ എല്ലാം പതറിയത് അത് കൊണ്ടാണ് . ഇനിയും അടുത്ത ദുരന്തം വന്നിട്ടേ അത് ഒരു ചർച്ചയാകുകയുള്ളൂ .
ജെ എസ് അടൂർ
No comments:
Post a Comment