Thursday, January 3, 2019

കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള രാഷ്ട്രീയം


കേരളത്തിൽ ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളിൽ സജീവ്അംഗത്വമുള്ളവർ ഒരു പത്തു ശതമാനം പോലും ആളുകൾ ഇല്ല എന്നതാണ് വാസ്തവം .സജീവ അനുഭാവികളെ കൂടി കൂട്ടിയാൽ പോലും ഇരുപത് ശതമാനം . ബാക്കിയുള്ള സാധാരണ ജനങ്ങൾ പല കാരണങ്ങൾ കൊണ്ട് പലർക്ക് വോട്ടു ചെയ്യുന്നവർ മാത്രമാണ് .
എന്നാൽ കേരളത്തിലെ ഒരു പ്രശ്‌നം മീഡിയയിലെ രാഷ്ട്രീയ അതി പ്രസരം നിമിത്തവും അതാത് രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവർ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന കോലാഹലങ്ങളുമൊക്കെ കാരണം പലർക്കും എല്ലാ കാര്യങ്ങളും എല്ലാ മനുഷ്യരെയും വളരെ പരിമിതമായ കക്ഷി രാഷ്ട്രീയ ലെൻസിൽകൂടി മാത്രമേ കാണുവാൻ കഴികയുള്ളൂ .അവരുടെ വ്യവസ്ഥാപിത നിലപാടിന് അപ്പുറം നിൽക്കുന്നവരെ ശത്രു പാളയത്തിൽ പ്രതിഷ്ഠിച്ചു ഒളിഞ്ഞും തെളിഞ്ഞും അക്രമിക്കുകകയോ കൊഞ്ഞനം കുത്തുകയും ഊശിയാക്കുകയോ ചെയ്യും . മിക്കപ്പോഴും കാമ്പുള്ള വിമർശന ചർച്ചകൾക്കിടം നൽകാതെ പരസ്പരം വെറുതെ കളിയാക്കുകയോ ട്രോളുകയോ അല്ലെങ്കിൽ ഊശിയാക്കി ചിരിക്കുകയോ ചെയ്യുന്നത് ഇന്നത്തെ കക്ഷി രാഷ്ട്രീയ പാർട്ടികളിലെ വ്യവഹാരത്തിന്റ നിലവാര തകർച്ച കാട്ടി തരുന്നുണ്ട് .
നിങ്ങൾ ഞങ്ങളോടൊപ്പം ആണെങ്കിൽ ഞങ്ങളുടെ സർക്കാരും ഞങ്ങളുടെ നേതാക്കളും പറയുന്നതിനും ചെയ്യൂന്നതിനും എല്ലാം യെസ് എന്ന് പറഞ്ഞു കൈയ്യടിച്ചു സ്തുതി പാടി ന്യായീകരിക്കുന്നതാണ് ചിലർക്ക് രാഷ്ട്രീയം .ചിലർ ഒരു പ്രത്യക രാഷ്ട്രീയ പാർട്ടിയുടെ വക്താക്കൾ ആകുന്നത് പ്രത്യകിച്ചു പ്രത്യയ ശാസ്ത്ര ബോധ്യങ്ങൾ കൊണ്ടൊന്നുമല്ല . പല 'നേതാക്കൾക്കും 'അത് ഇന്ന് ഒരു കരിയർ ഓപ്‌ഷനാണ് .അവർ ഉടുപ്പ് മാറുന്നത് പോലെ പാർട്ടി മാറും . അത് കൊണ്ടാണ് ഇന്നലെ വരെ കൊണ്ഗ്രെസ്സ് ആയ പല നേതാക്കളും ഒരു സുപ്രഭാത്തിൽ മാർക്സിറ്റ്‌ എന്ന അവകാശ വാദത്തോട് 'പുരോഗമന വിപ്ലവകാരികളായി ' പരിണമിക്കുന്നത് . അത് കൊണ്ട് തന്നെയാണ് ഇന്നലെ വരെ കമ്മ്യുണിസ്റ്റ് എന്ന് പറയുന്ന 'നേതാക്കൾ ' നാളെ കമ്മ്യുണലിസ്റ്റ് ആകുന്നത് .ഇന്നലെ വരെ കോൺഗ്രെസ്സായി എല്ലാ സ്ഥാന മാനങ്ങളും അനുഭവിച്ചു സുഖിച്ചവർ അത് കിട്ടാതെ വരുമ്പോൾ ഭരണത്തിലുള്ള ബി ജെ പി ക്കു ജയ് വിളിച്ചു അവിടെ കൂട്ടുന്നത് .
ഇങ്ങനെ കക്ഷി രാഷ്ട്രീയം കരിയർ ഓപ്‌ഷൻ ആകുന്ന നേതാക്കൾക്കു ഏററവും പ്രധാനം സ്ഥാന മാനങ്ങളും സർക്കാരിൽ നിന്ന് അത് വഴി കിട്ടുന്ന പെർക്സുമാണ് . അവർ ഉടുപ്പ് മാറുന്നത് പോലെ പാർട്ടി മാറുന്നതും മുന്നണി മാറുന്നതും അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി മാത്രമാണ് . പിന്നെയുള്ളത് സർക്കാർ സർവീസ് സംഘടനകളിലും ട്രേഡ് യൂണിയനിലും ഉള്ള കക്ഷി രാഷ്ട്രീയ അനുഭാവികൾ .അവരുടെ പ്രധാന മോട്ടിവേഷൻ ഭരണത്തിൽ ഉള്ളവരുടെ തണലിൽ കിട്ടുന്ന ഇൻസെന്റീവ് ആണ് .ട്രാൻസ്ഫർ , പ്രെമോഷൻ , നല്ല പോസ്റ്റിങ് അങ്ങനെ പലതും .
പിന്നെ ചിലർ കുടുംബ ബന്ധങ്ങൾ കൊണ്ടോ അല്ലെങ്കിൽ അവരുടെ സാമൂഹിക പശ്ചാത്തലം കൊണ്ട് ഒരു കക്ഷി രാഷ്ട്രീയത്തിൽ 'വിശ്വസിക്കുന്ന ' വിശ്വാസികളാണ് . അമ്മാവൻ കമ്മ്യുണിസ്റ്റ് ഞാനും കംമ്യുനിസ്റ്റ് . അല്ലെങ്കിൽ അച്ഛൻ കൊണ്ഗ്രെസ്സ് ഞാനും കൊണ്ഗ്രെസ്സ് .ചേട്ടൻ ബി ജെ പി ഞാനും ബി ജെ പി .അങ്ങനെ കിൻഷിപ്പു കാരണങ്ങൾ കൊണ്ട് ആയവർ .പിന്നെയുള്ളത് കോളേജിൽ കൂട്ടുകാരെല്ലാം എസ് എഫ് ഐ യും കെ എസ യു വും എ ഐ എസ് എഫും എ ബി വി പി ഒക്കെയായി അതിന്റ മൂച്ചിലും ഗൃഹാതുരത്വത്തിലും അതാത് പാർട്ടിക്കാരുടെ കുഴലൂത്തുകാരാവുന്നവർ . ഇവരിൽ പലരും ജനുവിൻ വിശ്വാസികളാണ് .അങ്ങനെ നിസ്വാർത്ഥമായ സി പി എം , സി പി ഐ , കൊണ്ഗ്രെസ്സ് , ബിജെപി , ലീഗ് വിശ്വാസികളുണ്ട് . അവർക്ക് അവരവരുടെ പാർട്ടി വിചാരങ്ങൾ കുറഞ്ഞ വികാരം മാത്രമാണ്. അങ്ങനെയുള്ളവർ അവരുടെ നേതാക്കൾ പറയുന്നത് എല്ലാത്തിനും കൈകൊട്ടി ന്യായീകരിക്കും. അവർക്കുപരി പാർട്ടി ബന്ധങ്ങൾ ഉപയോഗിച്ചു സ്വന്തം കാര്യങ്ങളും ജോലിയും പിരിവുമൊക്കെ നടത്തുന്നവരുമുണ്ട് .
ഇത് ഒന്നുമില്ലെങ്കിലും പാർട്ടി ഭ്രാന്ത് തലയ്ക്കു പിടിച്ചു കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരു കാലാൾപടയും പല പാർട്ടികൾക്കും ഉണ്ട് .ഇങ്ങനെയുള്ള കക്ഷി രാഷ്ട്രീയ നേതാക്കളെയും കാലാൾപ്പടയെയും ആം ചെയർ മധ്യവർഗ്ഗ സാമൂഹിക മാധ്യമ സംഘത്തെയും എല്ലാം പലപ്പോഴും നയിക്കുന്നത് ഒരു 'Herd mentally 'യാണ് .
ഇതിന് അർഥം രാഷ്‌ടീയ പാർട്ടികളോ എല്ലാ പാർട്ടിക്കാരോ കുഴപ്പക്കാരെന്നല്ല . ആരോഗ്യമുള്ള ജനാധിപത്യത്തിന് ആരോഗ്യവും ജനാധിപത്യ ബോധമുള്ള രാഷ്ട്രീയ പാർട്ടികൾ അത്യാവശ്യമാണ് . രാഷ്‌ടീയ പാർട്ടികളിൽ ഇന്നും ചിലയിടത്തു ജനകീയരും നിസാർത്ഥമതികളും നല്ല സാമൂഹിക പ്രവർത്തകരുമുണ്ടെന്ന് മറക്കുന്നില്ല .പലപ്പോഴും ഗ്രാസ് റൂട്ട് രാഷ്ട്രീയ പാർട്ടി നേതാക്കൾ ഏറ്റവും നല്ല സാമൂഹിക പ്രവർത്തകരാണ് എന്ന് എനിക്ക് ബോധ്യമുണ്ട് .അത് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയെയോ നേതാക്കളെയോ ഞാൻ അടച്ചാക്ഷേപിക്കാറില്ല . എല്ലാ പാർട്ടികളിലും ഞാൻ ബഹുമാനിക്കുന്ന നേതാക്കൾ എല്ലാ തലത്തിലുമുണ്ട്.
എന്നാൽ പ്രത്യയ ശാസ്ത്ര രാഷ്ട്രീയ ധർമ ബോധം കൊണ്ട് ഇന്ന് കക്ഷി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ വളരെ ചെറിയ ന്യൂന പക്ഷമാണ് . അത് മാത്രമല്ല സജീവ കക്ഷി രാഷ്ട്രീയക്കാർ വളരെ ചെറിയ ന്യൂന പക്ഷമാണ് .
പക്ഷെ അത് ഒരു വോക്കൽ അല്ലെങ്കിൽ അഗ്രെസ്സിവ് ആയ ഒരു ന്യൂനപക്ഷമാണ് .അവർ സാധാരണക്കാരെപ്പോലും 'നമ്മളുടെ ആളാണ് ' .അല്ലെങ്കിൽ 'അവരുടെ ആളാണ് ' എന്ന് തരം തിരിച്ചു സഹായ സഹകരണ സംഘങ്ങൾ ആകുകയോ അല്ലെങ്കിൽ എതിർക്കുകയോ 'പണി ' കൊടുക്കയോ ചെയ്യും .
ഇന്നലെ ലക്ഷക്കണക്കിന് സ്ത്രീകൾ അണി നിരന്നു അവരുടെ തുല്യ ഭരണ ഘടന അവകാശ പ്രകടനം നടത്തിയത് നല്ല കാര്യമാണ് എന്ന് പറഞ്ഞാൽ യു ഡി എഫ് കാർക്കും ബി ജെ പി കാർക്കും ദഹിക്കില്ല . അവർ രഹസ്യമായി അത് അംഗീകരിച്ചാൽ തന്നെ ഇന്നലെത്തെ 'മതിൽ "സമ്പൂർണ പരാജയം ' എന്ന് വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും .അത് പോലെ സർക്കാരിനെ ആരെങ്കിലും വിമർശിച്ചാൽ ഭരണ പാർട്ടികളുടെ ഭക്ത്ത വത്സല ആശ്രിതർക്ക് അത് സഹിക്കാൻ ആകില്ല .അവർ അവരുടെ നേതാക്കളെ സൂപ്പർലേറ്റിവിൽ 'നവോത്ഥാന നായകർ ' എന്നൊക്കെ ഒരു ഉളുപ്പുമിലാതെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കും .
എന്നാൽ ഈ പാർട്ടി ഭക്ത ന്യൂന പക്ഷങ്ങൾക്കപ്പുറവും കോലാഹല വിവാദങ്ങൾക്കപ്പുറം ഉള്ള സാധാരണക്കാരായ ഒരു വലിയ ഭൂരിപക്ഷം സാധാരണക്കാരുണ്ടെന്നു മറക്കാതിരിക്കുക .അവർക്ക് കക്ഷി രാഷ്ട്രീയത്തിൽ നിന്ന് പ്രതേകിച്ചു ഒന്നും നേടാനില്ലത്തവരാണ് .ആര് ഭരിച്ചാലും അവർക്ക് പ്രത്യകിച്ചും വലിയ കാര്യങ്ങൾ ഇല്ല . അവർ പണി ചെയ്ത് കുടുംബം പുലർത്തുന്നതിന്റെ അല്ലെങ്കിൽ ദൈനം ദിന അതിജീവനത്തിന്റെ തിരക്കിലാണ് . അവർ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ ക്യാമ്പ് ഫോള്ളോവേഴ്സ് ആകണമെന്നില്ല .അവരാണ് വോട്ടും പലപ്പോഴും നോട്ടും നൽകി അതാത് സമയങ്ങളിൽ പാർട്ടി നേതാക്കളെ ഭരണത്തിലേറ്റുന്നതും അത് പോലെ തോൽപ്പിക്കുന്നതും.
അത് കൊണ്ട് തന്നെ എല്ലാവരെയും കക്ഷി രാഷ്ട്രീയ ലെൻസിൽ കൂടി മാത്രം വിലയിരുത്തുന്ന രാഷ്ട്രീയം വളരെ പരിമിതമാണ് . കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ളവർ അരാഷ്ട്രീയ വാദികൾ ആകണമെന്നില്ല .കക്ഷി രാഷ്ട്രീയത്തിൽ ആമാശയ വാദികളും അവസര വാദികളും കൂടിയുമ്പോഴാണ് പ്രത്യയ ശാസ്ത്ര രാഷ്ട്രീയ ധാർമിക ബോധ്യങ്ങൾ ഉള്ള പലരും വ്യവസ്ഥാപിത അധികാര നെറ്റ്‌വർക്കുകൾക്കപ്പുറം പ്രവർത്തിക്കുന്നത് .അങ്ങനെയുള്ളവർക്ക് ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തിന്റെ ക്യാമ്പ് ഫോല്ലോവേഴ്സ് ആയില്ലെങ്കിലും ഈ രാജ്യത്ത് ഭയാശങ്കകൾ ഇല്ലാതെ അഭിപ്രായം പറയുവാൻ സ്വാതന്ത്ര്യ അവകാശങ്ങൾ ഉള്ളപ്പോഴാണ് ജനാധിപത്യത്തിന് അർത്ഥമുണ്ടാകുന്നത് .
Democratic politics primarily involves politics of dissent too and politics beyond the conventional confines of political parties perennially in search of governmental power . It is the politics of ordinary citizens that make politics of the states responsive and accountable to the people .
ജെ എസ് അടൂർ

No comments: