Thursday, January 3, 2019

ഈ കോഴിക്കോടിന് ഇത് എന്ത് പറ്റി? കേരളം എങ്ങനെ ഇങ്ങനെയായി?

ഈ കോഴിക്കോടിന് ഇത് എന്ത് പറ്റി? കേരളം എങ്ങനെ ഇങ്ങനെയായി?
മലയാളിയുടെ മനസ്സിന് അകത്തു മാലിന്യം വളരുന്നത് ജാതി മത വർഗീയ വിചാരങ്ങളുടെ വേലിയെറ്റത്തിലൂടെയും അക്രമ രാഷ്ട്രീയ ത്വരയിലൂടെയും രാഷ്ട്രീയ കുടിപ്പകയിലൂടെ ആണെങ്കിൽ പുറത്തെ മാലിന്യം കാണിക്കുന്നത് നമ്മുടെ സിവിക് സെൻസിന്റ പരിതാപകരമായ അവസ്ഥയാണ്.
ഒരു വീട്ടിൽ ചെന്നാലോ ഒരു നാട്ടിൽ ചെന്നാലോ അവിടെയുള്ളവരുടെ ഭരണ നിപുണതയും കാര്യക്ഷമതയും സമീപനവും അറിയണമെങ്കിൽ അവർ എത്രമാത്രം വൃത്തിയായി ആ സ്ഥലം സൂക്ഷിക്കുന്നു എന്ന് നോക്കിയാൽ മതി. ചിലർ കോടിക്കണക്കിന് രൂപ മുടക്കി വീട് പണിയും. വെളിയിൽ നിന്ന് നോക്കിയാൽ നല്ല ചന്തം. അകത്തു ഒരു വീറും വൃത്തിയും കാണില്ല.
കോഴിക്കോട് വളരെ ചരിത്രമുള്ള ലോക നിലവാരത്തിൽ ഒരു ഹെറിറ്റേജ് സിറ്റി ആകുവാൻ തക്ക സ്കോപ്പുള്ള ഒരു നഗരമാണ്. എന്നാൽ രാവിലെയോ വൈകിട്ടോ നടക്കുവാൻ ഇറങ്ങിയാൽ ഇത്രമാത്രം ചപ്പു ചവറുകൾ റോഡരികിലും പലയിടത്തും ഉള്ള നഗരങ്ങൾ കേരളത്തിൽ ഉണ്ടോയെന്ന് സംശയമാണ്. ഇവിടുത്തെ മാലിന്യ കൂമ്പാരങ്ങൾ കണ്ടാലറിയാം കോർപ്പറേഷന്റെ ഭരണ നിപുണത. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.
ഇന്നലെ വൈകിട്ട് കോഴിക്കോട് സൗത്തു ബീച്ചിൽ നടക്കുവാൻ പോയി. കോടി കണക്കിന് രൂപ മുടക്കി മനോഹരമായ വാക്ക് വേയും ഇരിക്കുവാനുള്ള ഇടങ്ങളും പിന്നെ ഈത്തപ്പനയൊക്കെയുള്ള ഗാർഡനുമായി സംഗതി അടിപൊളി. 2014 അന്നത്തെ ടൂറിസം മന്ത്രി അനിൽ കുമാർ തറകല്ലിട്ടു നാലര കൊല്ലം കഴിഞ്ഞു 2018 ജൂലൈയിൽ വലിയ മാമാങ്കത്തോടെ ഇപ്പോഴത്തെ മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തതാണ് ഈ ബിച്ചു ബ്യൂട്ടിഫികേഷൻ പ്രോജക്റ്റ്. കുറഞ്ഞത് പത്തിരുപത്തി അഞ്ചു കോടി പൊട്ടിച്ചു കാണും.
എന്റെ വല്യമ്മച്ചി പണ്ടൊരു പഴംചൊല്ല് പറയുമായിരുന്നു. 'കാര്യോം വീര്യോം പമ്പരം പോലെ കോണോം കണ്ടാൽ ചാണോം പോലെ '. ഇന്നലെ കോഴിക്കോട്ടെ മനോഹരമായി നിർമ്മിച്ച സൗത് ബീച്ച് വാക് വെയിൽ നടന്നപ്പോൾ തോന്നിയത് ആ പഴയ ചൊല്ലാണ്. ഉത്ഘാടനം ചെയ്തിട്ട് ആറു മാസം ആകാത്ത ആ ബീച്ച് വേയിലെ വൃത്തി കെടുകളും ചപ്പു ചവറുകളും കണ്ട് ഞെട്ടിപ്പോയി. അവിടെ എവിടെ നിന്നോ കൊണ്ട് നാട്ടിയ ഈത്തപ്പനകൾ കരിഞ്ഞു തുടങ്ങി. ബീച്ചിലെ മണം മനുഷ്യ മലത്തിന്റേത്. ഇത്ര മാത്രം സ്വച്ഛ ഭാരതം പറഞ്ഞിട്ടും പൊതു ഇടങ്ങളിൽ ഇപ്പോഴും പലസ്ഥലത്തും മനുഷ്യ മലത്തിന്റെ വാടയാണ്. കോഴിക്കോട് സൗത് ബീച്ചിലെ പഴയ കടൽപാലം ഒരു ഹെറിറ്റേജ് എന്ന രീതിയിൽ കാണിച്ചിട്ടുണ്ട്. പക്ഷെ അവിടെ നാറ്റം മൂലം നിക്കാനായില്ല. എന്റെ കൂടെയുണ്ടായിരുന്ന കോഴിക്കോട്ടെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ ആസിഫ് കുന്നത്തിന് പരിതാപകാര അവസ്ഥകണ്ട് സങ്കടവും കോപവുമുണ്ടായി
ഈ ദുർഗന്ധത്തിന്റ ഉറവിടം ബീച്ചിലേക്ക് തുറന്നു വിട്ട ഓപ്പൺ ഡ്രൈനേജ് കാരണമാണോ അതോ രാത്രി ആയാൽ ബീച്ച് പലരും അപ്പിയിടാൻ ഉപയോഗിക്കുന്നുവോ എന്നറിയില്ല. ഈ ബിച്ചു ടൂറിസം പ്രോജെക്ക്കറ്റിന്റ തുടക്കത്തിൽ പ്ലാസ്റ്റിക് വിമുക്‌ത മേഖല എന്ന സ്റ്റിക്കർ പ്ലാസ്റ്റിക്കാണ്. അവിടെ നിന്ന് തുടങ്ങുന്ന വൃത്തി കേടുകൾ ബീച്ചിലും വാക്ക് വേയിലും സുലഭം. തകർന്ന ഹെറിറ്റേജ് കടൽപാലത്തിൽ കയറി ചില പയ്യൻ മാർ സിഗറെറ്റോ കഞ്ചാവോ ഏതാണ്ട് ആസ്വദിച്ച് വലിക്കുന്നു. അത് കടൽപാലത്തിനും അവർക്കും അപകടമാണ്
ഈ കോഴിക്കോട് കോര്പ്പറേഷന് ഇത്ര ഹെറിട്ടേജുള്ള ഈ നഗരം ഇത്ര വൃത്തിഹീനമായിരിക്കുന്നതിൽ ഒരു നാണവും ഇല്ലേ? കോടി കണക്കിന് രൂപ ചിലവാക്കി ടൂറിസം വകപ്പ് ഇത് നിർമ്മിച്ചിട്ട് ഇതിന്റെ ബേസിക് മെയിൻടെൻസിനെ കുറിച്ച് ചിന്തിക്കാതെ അവിടെ മാർബിൾ കല്ലിൽ വെച്ച മന്ത്രി മാരുടെ പേര് അവർ തന്നെ അനാശ്ചാദനം ചെയ്ത് സ്ഥലം വിടുന്നെതെന്തു കൊണ്ടാണ്? ഇവർക്കാർക്കും ഒരു അകൗണ്ടബിലിറ്റിയും ഇല്ലേ? ഇതിന്റെ ക്ളീനിംഗും പരിപാലനവും ഒരു കമ്പിനിയുടെ സി എസ് ആർ പ്രോജെക്ക്ടിനു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കോഴിക്കോട്ടെ കോടീശ്വരൻമാരിൽ ഒരാളോ എം എൽ എ ഡോ മുനീറോ, എം പി യോ കല്കട്ടറോ, മേയറോ വിചാരിച്ചാൽ ഇത് ഒറ്റ ദിവസം പരിഹരിക്കാം.
എന്തായാലും ഞാൻ നേതൃത്വം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിൾ ഡവലപ്പ്മെന്റ ആൻഡ് ഗവനെൻസിന്റ (ISDG)മലബാറിലെ യൂത് വോളിന്റോയര്മാരും ഞാൻ അടുത്ത സഹകരിക്കുന്ന സബർമതി ഫൗണ്ടേഷന്റെ പ്രവർത്തകരും കാരുണ്യസിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകരും ഒരുമിച്ച് ബീച്ച് വൃത്തിയാക്കുന്നത് ആയിരിക്കും. അങ്ങനെ പുതു വർഷത്തിൽ എങ്കിലും കോഴികോട്ട് നഗരത്തിൽ പുതിയ സിവിക് സെൻസിന് തുടക്കമാകട്ടെ
ഇത് കോഴിക്കോട്ടെ മാത്രം സ്ഥിതിയല്ല. കേരളം ഇത്രമാത്രം വൃത്തി ഹീനമാകുന്നതിൽ നമ്മൾ മലയാളികൾക്ക് നാണവും മാനവും ഇല്ലേ? ഇവിടെ എന്ത് ടുറിസമാണ് നമ്മൾ പ്രൊമോട്ട് ചെയ്യുന്നത്? ആ കുമരകം കായലിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും, വയനാട് ചുരത്തിൽ നിന്ന് വലിച്ചെറിഞ്ഞ ടൻ കണക്കിന് മാലിന്യവും ഒക്കെ കണ്ടാൽ കേരളത്തെ കുറിച്ചു എന്ത് കണ്ടാണ് നമ്മൾ അർമാദിക്കുന്നത്? പൊൻമുടിയിലും വാകത്താനത്തും ഒക്കെ സുലഭമായ പ്ലാസ്റ്റിക് കൂമ്പാരം. കടലിലും കായലിലും നദിയിലും തള്ളുന്ന അഴുക്കും അഴുക്ക് ചാലുകളും. നമ്മൾ മലയാളികൾ പിന്നെ ഏതു കാര്യത്തിലാണ് വികസിച്ചത്? രോഗാതുരമായ ഒരു സമൂഹത്തിൽ ആരോഗ്യം കുറഞ്ഞു അസുഖം കൂടുന്നത് നമ്മൾ മാലിന്യത്തിൽ മലിന ജലം ത്തിൽ ജീവിക്കുന്നത് കൊണ്ട് കൂടിയാണ്. മോടി പിടിപ്പിച്ച കോഴികോട്ട് ബീച്ചിലെ മലത്തിന്റ നാറ്റം നമ്മുടെ ഉള്ളിലും വെളിയിലും രാഷ്ട്രീയത്തിലും സമൂഹത്തിലും കൂടുന്ന മാലിന്യ കൂമ്പാരങ്ങളുടെ ചീഞ്ഞ അവസ്ഥയെ ആണ് കാണിക്കുന്നത്.
മലയാളിക്കു ഇത്ര മാത്രം വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുണ്ടായിട്ടു എന്ത് കൊണ്ടാണ് സിവിക് സെൻസ് ഇത്ര പരിതാപകരമായത്?
ജെ എസ് അടൂർ

No comments: