Thursday, January 3, 2019

കേരളത്തിൽ സ്ത്രീകളോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പ്

വനിതാ മതിലിന് കോടികൾ മുടക്കിയാൽ പോലും പോലു വലിയ കുഴപ്പമൊന്നുമില്ല . .കാര്യങ്ങൾ എന്തൊക്ക പറഞ്ഞാലും ഒരു ദിവസമെങ്കിലും സ്ത്രീകൾ തെരുവിൽ ഇറങ്ങി ശക്തി പ്രകടനം കാണിക്കുന്നതിനെ പിന്താങ്ങുന്നു . അതു കൊണ്ടു തന്നെ വനിതാ മതിലിനോട് യോജിക്കുന്നതും നല്ലതാണ് .അതിനാൽ വനിതാ മതിലിനു പിന്തുണ . സ്ത്രീകൾ അവകാശത്തിന് വേണ്ടി തെരുവിൽ എന്തിന്റെ പേരിൽ ഇറങ്ങിയാലും എന്നും പിന്തുണക്കും .
കാരണം ഇവിടെ സ്ത്രീ ശാക്തീകരണം പലപ്പോഴും പ്രസംഗങ്ങൾക്കപ്പുറം പോകാറില്ല . എന്തെങ്കിലും ചെറിയ സ്ത്രീ ശാക്തീകരണ പ്രവർത്തികൾ ചെയ്താലും നല്ലതാണ് . പക്ഷെ ഇങ്ങനെയുള്ള സിമ്പോളിസിത്തിന് അപ്പുറം എന്തെങ്കിലും കാര്യങ്ങൾ നടക്കുന്നുണ്ടോ ? അപ്പോൾ ചോദിക്കും കുടുംബ ശ്രീയോ ? നല്ല കാര്യമാണ് . സർക്കാർ ആണ്കോയ്‌മ രക്ഷകർത്രത്തിന്റ ഉദ്യോസ്ഥ സെറ്റപ്പിൽ നീറ്റായ സ്ത്രീ പങ്കാളിത്ത വെൽഫെയർ നടത്തിപ്പ് . കാര്യം നല്ലത് തന്നെ . Something is better than nothing .
എന്നാൽ കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിൽ പ്രശ്നം അതിനെ വീട്ടിനു വെളിയിൽ നിർത്തിയിട്ടു മാത്രമേ പലരും വീട്ടിൽ കയറുകയുള്ളൂ .കേരളത്തിൽ സ്ത്രീകളോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പ് രീതിയാണ് പ്രശ്നം .
പള്ളികളിൽ അച്ചന്മാരും അച്ചായൻമാരുമാണ് കാര്യക്കാരും കൈക്കാരും . സ്ത്രീകൾ എന്തെങ്കിലും ചോദിച്ചാൽ " സ്ത്രീ സഭയിൽ മൗനംമായിരിക്കട്ടെ ' എന്ന് രണ്ടായിരത്തോളം കൊല്ലം മുമ്പ് നമ്മുടെ പൗലോസ് സാറ് പറഞ്ഞ വാക്യം എടുത്തു വീശും . പള്ളി ട്രസ്റ്റിമാരും കമ്മറ്റിക്കാരും ആണുങ്ങൾ . എന്നാൽ ബാവ കക്ഷി -മെത്രാൻ കക്ഷി അടിപിടി മാറ്റാൻ പോലീസ് വരുമ്പോൾ സ്ത്രീകളെ മുന്നിൽ നിർത്തി ഈ അച്ചായൻമാരും അച്ചൻമാരും പിന്നിൽ നിന്ന് വിശ്വാസത്തിന്റെ പേര് പറഞ്ഞു സ്ത്രീകളെ ഉപയോഗിക്കും . ഇത് തന്നെയാണ് കുറെ മുമ്പ് നാമജപത്തിന് പെണ്ണുങ്ങളെ മുന്നിൽ ഇറക്കി പുറകിൽ നിന്ന് കളിച്ച ചെവിയിൽ പൂടയുള്ള പിള്ളേച്ചൻമാരും ചെയ്തത് . എല്ലാം ആണ്കോയ്‌മക്കാർക്കും പാർട്ടി ജാതി മത വ്യത്യസമന്യേ വീട്ടിനു വെളിയിൽ ഇതൊക്കെ കാണിക്കാൻ നല്ല മൂച്ചാണ് . വീട്ടിൽ കയറിയാൽ കളിമാറും .
നാട്ടിൽ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് വച്ച് കാച്ചുന്നവരിൽ പലരും വീട്ടിൽ എത്തുംപോഴേക്കു അതൊക്കെ മറക്കും. പിന്നെ ചായക്ക് മധുരം കൂട്ടിയാൽ പ്രശ്നം കൂടിയില്ലേൽ പ്രശനം. തുണി സമയത്തു തേച്ചില്ലെങ്കിൽ പ്രശനം. പലടത്തും പ്രശനം കൂടി അടിപിടിയിൽ എത്തും കാര്യങ്ങൾ. വെകിട്ടു കള്ളും കുടിച്ചു വീട്ടിൽ ചെന്നാൽ ചോദ്യം ചെയ്യുന്ന ഭാര്യയോട് ആദ്യം ചോദിക്കുന്നത് 'ഞാൻ പണിയെടുത്ത കാശുകൊണ്ടല്ലേ കള്ള് കുടിക്കുന്നത്. നിന്നാകെന്താ ചേതം. അല്ലേലും നിനിക്കു പണിയൊന്നും വീട്ടിൽ ഇല്ലല്ലോ".കൂടുതൽ ചോദിച്ചാൽ പലേടത്തും തന്തക്കു വിളിയും പിന്നെ അടിയുമാണ്. ഇത് കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും നടക്കുന്ന കലാ പരിപാടി ആണ്. ഈ കാര്യത്തിൽ എല്ലാ ജാതി മതസ്ഥരും കാശ്ള്ളോരും കാശില്ലാത്തൊരും എല്ലാം ഒരു കണക്കാ.
നമ്മുടെ രാഷ്ട്രീയ പാർട്ടികളെല്ലാം സ്ത്രീകൾക്ക് വേണ്ടി പാലും തേനും മാനിഫെസ്റ്റോ നിറച്ചു കാച്ചുമെങ്കിലും കാര്യത്തോട് അടുക്കൊമ്പോൾ കളി മാറും. സ്ത്രീകൾ തിരഞ്ഞെടുപ്പിൽ സീറ്റു മാത്രം ദയവു ചെയ്തു ചോദിക്കരുത്. അക്കാര്യത്തിൽ എല്ലാ പാർട്ടികളും നല്ല ചേർച്ചയിൽ ആണ്. തമ്മിൽ ഭേദം തൊമ്മൻ എന്ന മാതിരി ചില പാർട്ടികൾ പറയുമെങ്കിലും ഒരു പത്തു ശതമാനം സീറ്റ് പോലും സ്‌ത്രീകൾക്ക് അസ്സെംബ്ലയിൽ ഇല്ലാത്ത അവസ്ഥയാണിവിടെ.
ഇന്ത്യ മഹാരാജ്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ കണക്കു നോക്കിയാൽ കേരളം മുന്നിലാണ്. സ്ത്രീകൾ ഇവിടെ പുരുഷന്മാരെക്കാൾ കൂടുതൽ ഉണ്ട്. സ്ത്രീ സാക്ഷരത ഏറ്റുവും കൂടുതൽ കേരളത്തിൽ തന്നെ. ഏറ്റവും കൂടുതൽ അഭ്യസ്ത വിദ്യരായ പെണ്ണുങ്ങളും ഇവിടെ തന്നെ. പക്ഷെ ഏറ്റവും കൂടുതൽ സ്ത്രീകൾ ആത്മഹത്യ ചെയ്യന്നതും ഇവിടെ തന്നെ. വിവാഹ മോചനത്തിന് കാര്യത്തിൽ നമ്മൾ മുന്നിൽ തന്നെ. സ്ത്രീകൾ ക്കെതിരെയുള്ള അക്രമങ്ങളുടെ കാര്യത്തിലും കേരളം വളരുകയാണ്. രാവിലെ 9 മണി മുതൽ വെകിട്ടു അഞ്ചു മണി വരെയാണ് ആളെകാണിക്കാൻ പറ്റിയ തരത്തിലുള്ള സ്ത്രീ ശാക്തീകരണം.
സന്ധ്യ കഴിഞ്ഞു ഒരു സ്ത്രീയെ ഒറ്റയ്ക്കു കണ്ടാൽ ഇവിടുത്തെ പല തെണ്ടികൾക്കും ഇളക്കം തുടങ്ങും. ഒരു സ്ത്രീയെ ഒരു പുരുഷന്റെ കൂടെ 'സംശയ' ആസ്പദമായി എവിടേലും കണ്ടാൽ ചില ഞരമ്പ് രോഗികളുടെ സദാചാരം ഇളകി ഇളകി ചോദ്യം ചെയ്യലും കയ്യാങ്കളി വരെ എത്തും. പെണ്ണുങ്ങളുടെ നേരെ പടക്കിറങ്ങി വീരസ്യം പറയുന്ന വിടന്മാർ ഉള്ള ഈ നാട്ടിൽ വാചക കസർത്തിനപ്പുറം എത്ര നേതാക്കൾ യഥാർത്ഥ സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ട്?
നാം പതിവിൻപടി പ്രതിഷേധത്തിന് അപ്പുറം വീട്ടിൽ ആദ്യവും പിന്നെ നാട്ടിലും സ്ത്രീ സമത്വത്തിന് അവകാശങ്ങക്കു നിൽക്കുവാൻ തയ്യാറാണോ ? എല്ലാ ദിവസവും സ്വയം ആദ്യം നന്നാകുകയും പിന്നെ സമൂഹത്തെ മാറ്റാനും തയ്യാറാണോ? ബോധിഗ്രാമിലെ ഞങ്ങളുടെ വഴികാട്ടി ' മാറ്റം ആദ്യം മനസ്സിൽ പിന്നെ സമൂഹത്തിൽ' എന്ന വാക്യമാണ്. 'Making Change within and beyond '. മാറ്റം നമ്മളിൽ തുടങ്ങിൽയാൽ വീടും നാടും എല്ലാം മാറും. മാറ്റണം. സ്ത്രീ സമത്വം നമ്മളുടെ ഉള്ളിലും വീട്ടിലും ആണ് ആദ്യം തുടങ്ങേണ്ടത്.
ജെ എസ് അടൂർ

No comments: