Saturday, July 14, 2018

മതവും രാഷ്ട്രീയവും : അധികാരത്തിന്റെ അന്തപ്പുരങ്ങൾ

കുറേ വര്ഷങ്ങളായി കേരളത്തിലെ മാധ്യമങ്ങളിൽ നിറയുന്ന ചർച്ചയാണ് പുരോഹിതൻമാരുടെ സെക്‌സും സ്റ്റണ്ടും. പുരോഹിതന്മാരുടെ വ്യഭിചാരവും സ്ത്രീ പീഡനവുമെല്ലാം സാധാരണ വ്യഭിചാര വ്യവഹാരങ്ങളെകാട്ടിൽ ശ്രദ്ധ നേടുന്നത് പുരോഹിത വർഗ്ഗം എന്നും അധികാരത്തിന്റെ കൈയ്യാളുകളും യഥാസ്ഥിത സാമൂഹ്യ ബോധത്തിന്റെ നടത്തിപ്പുകാരും ലൈംഗീകതയുടെ കാവലാളുമൊക്കെ ആകുന്നതിനാലും അവരുടെ അഭിനവ ബ്രമ്മ ചര്യം പരിശുദ്ധിയുടെ പരിവേഷവും ആകുന്നതിനാലാണ്.
ലോക ചരിത്രത്രത്തിൽ അധികാരം അന്നും ഇന്നും മൂന്നു വർഗ്ഗങ്ങളുടെ ഒരു അധീശ നെക്സസാണ് കൈയാളുന്നത്. അത് പ്രിൻസ്, പ്രീസ്റ്റ്, മർച്ചന്റ് എന്നീ വിഭാഗങ്ങളാണ്. രാഷ്ട്രീയ അധികാരം കയ്യാളുന്ന വരേണ്യരും, മത അധികാരം കയ്യാളുന്ന പുരോഹിത വർഗ്ഗവും സാമ്പത്തിക അധികാരം കയ്യാളുന്ന പണാധി പതികളും കൂടിയാണ് ജനങ്ങളെ പല രീതിയിൽ നിയന്ത്രിച്ചു വരുതിയിലാക്കി ഭരിക്കുന്നത്.. ഈ മൂന്നു വിഭാഗങ്ങളും ചരിത്രത്തിലൂടെനീളം പല തരം ചേരുവകളിൽ പല ഭാവങ്ങളിൽ അധികാരമനുഭവിക്കാനുണ്ടായിരുന്നു. ഇന്ത്യൻ സാമൂഹിക അധികാര വ്യവസ്ഥയിൽ അന്നും ഇന്നും ബ്രാഹ്‌മണ -ക്ഷത്രിയ -വൈശ്യ അച്ചുതണ്ടിലാണ് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അധികാരം അരങ്ങേറുന്നത്.
ഇവർ ഭരിക്കുന്നത് മനുഷ്യന്റെ ഭോഗ, ഉപഭോഗ തൃഷണകൾക്കു അതിർ വരമ്പുകൾ തീർത്താണ്. ഇതിൽ പുരോഹിത വർഗ്ഗം പരിശുദ്ധിയുടെ കച്ചവടക്കാരായി ദൈവത്തിന്റെ പേരിൽ മനുഷ്യ മനസ്സിനെ ഇണക്കിയും ഭയപ്പെടുത്തിയും ധാർമ്മിക മൂല്യങ്ങളുടെ മൊത്ത ചില്ലറ കച്ചവടം നടത്തിയും ലൈംഗീക തൃഷണകൾ നിയന്ത്രിച്ചു കുടുംബ വ്യവസ്ഥയിലൂടെ നിയന്ത്രിച്ചു.
പുരോഹിത വർഗ്ഗം ഭോഗത്തിന് അതിർ വരമ്പ് നിയന്ത്രിച്ചപ്പോൾ, പണാധിപത്യ വർഗ്ഗ ഉപഭോഗ രുചികൾ സ്വാധീനിച്ചും രാഷ്ട്രീയ വരേണ്യർ ഒരു ഭൂപ്രദേശത്തു പട്ടാളത്തെയും പോലീസിനെയുമുപയോഗിച്ചു ആയുധ ബലത്തിന്റെ അകമ്പടിയിൽ ജനങ്ങൾക്ക് കളവിൽ നിന്നും കൊള്ളിവയ്പ്പിൽ നിന്നും സുരക്ഷ വാഗ്‌ദാനം ചെയ്തു നിയമ നിയന്ത്രണങ്ങളിലൂടെ പലരീതിയിൽ ചൊല്ലും ചോറും കൊടുത്തു അധികാരത്തിന്റെ പ്രധാന സംഘടിത രൂപമായ സർക്കാർ നടത്തിപ്പുകാരായി.
സർക്കാർ ആയുധപ്പുരകളും ആയുധ ധാരികളായ പട്ടാളത്തെ വച്ച് അധികാരത്തിന്റ അതിർ വരമ്പിന്റ കാവലാളായപ്പോൾ അതിനെ ദൈവത്തിന്റെയോ ആശയ അധികാര സ്വരൂപങ്ങളുടെയോ പേരിൽ ന്യായീകരിക്കുകയാണ് പുരോഹിത വർഗ്ഗത്തിന്റെ എന്നത്തേയും ഇന്നത്തെയും അധികാര അടയാളം. ഈ രണ്ടു അധികാര രൂപങ്ങളുടെയും ദല്ലാൾ അകമ്പടിക്കാരാണ് പണാധിപത്യ കച്ചവട ബിസിനസ്കാർ. ഇവരെല്ലാം ചരിത്രത്തിലൂടെനീളം ആയുധവും ആശയങ്ങളും സ്വത്തും നിയന്ത്രിച്ചിരുന്നത് പുരുഷ മേധാവിത്ത ആൺകോയ്‌മകളിലൂടെയാണ്. മണ്ണിനെയും പെണ്ണിനെയും കയ്യടക്കി ഉൽപ്പാദന -പ്രത്യുൽപ്പാന ഉപാധികളാക്കി ആളും അർഥവും കൈയ്യടക്കിയാണ് പുരുഷ അധികാരം കുടുംബം തൊട്ടു മേലോട്ട് പുരോഹിത വർഗ്ഗവും, പണാധിപത്യ കച്ചവടക്കാരും രാഷ്ട്രീയ മേലാളന്മാരും ജനങ്ങളെ വരുതിയിൽ നിർത്തി, 'ജനഗണ മനയതി " പാടിച്ചു പാട്ടിലാക്കുന്നത്.
ഈ അധികാര സ്വരൂപം ജനങ്ങളുടെ ഇടയിൽ വെൽത്ത്, വൈൻ ആൻഡ് വിമൻ അഥവാ മണ്ണു, കള്ളു, പെണ്ണ് എന്നിവയെ നിയന്ത്രിച്ചാണ് പലപ്പോഴും അന്നും ഇന്നും പല തരത്തിൽ നിയന്ത്രിക്കുന്നത്. എന്നാൽ അധികാരം കൈയാളുന്നവർക്ക്‌ അന്തപ്പുരങ്ങളും അമ്മവീടുകളും, വീഞ്ഞ് പുരകളും അമ്പല ഭണ്ടാരവും അമ്പലത്തിൽ ദേവദാദാസികളും എന്നുമുണ്ടായിരുന്നു. അന്തപ്പുരങ്ങളും അശ്വ മേധങ്ങളും ആശയ അധീശത്വവും അധികാര ആലാപനത്തിന്റെ ലഹരികളായിരുന്നു അന്നും ഇന്നും
ദൈവത്തിന്റ പേരിൽ പാപ പരിഹാരവും പാപ പരിഹാര ബിസിനസ്സും ശുദ്ധി കലശവും നടത്തി ഉദ്ദിഷ്ട്ട കാര്യത്തിന് ഉപകാര സ്മരണയായി പണം ഏറ്റു വാങ്ങാനും, മരണ ശേഷം മുക്തിയോ സ്വർഗമോ വാഗ്ദാനം ചെയ്ത് മോഹിപ്പിച്ചും അഗ്‌നി നരകം കാട്ടി ഭയപ്പെടുത്തിയും ഒക്കെയാണ് പുരോഹിതർ അവരുടെ അധികാരമുറപ്പിക്കുന്നത്. ഈ പുരോഹിത വർഗ്ഗം ഇത് നടത്തുന്നത് ദൈവത്തിന്റെ പ്രതി പുരുഷരായാണ്. അവർ ശുദ്ധിയുടെയും വിശുദ്ധിയുടെയും ആൾ രൂപങ്ങളായാണ് കുമ്പസാരകൂടുകളിൽ കൂടെ ആളുകളെ നിയന്ത്രിച്ചു കുഞ്ഞാടുകളാക്കുന്നത്. ശുദ്ധിയും വിശുദ്ധിയും ബ്രമ്മചര്യത്തിലൂടെ സൂക്ഷിക്കുന്നു എന്ന് വരുത്തിയാണ് ഇവർ ബ്രമ്മനടത്തിന്റ നടത്തിപ്പുകാർ എന്ന് വരുത്തി തീർക്കുന്നത്
ഇങ്ങനെയുള്ള അധികാര രൂപങ്ങളിൽ തന്നെ ഏറ്റവും സ്ഥാപന വൽക്കരിക്കപ്പെട്ടതും കുറഞ്ഞത് ആയിരത്തി എണ്ണൂറു കൊല്ലമായി അധികാര സ്വരൂപമായി നില നില്ക്കുന്ന ഒന്നാണ് കത്തോലിക്ക സഭ. ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ ആളും അർഥവും, കോടി കണക്കിന് ഏക്കർ സ്ഥലവും സ്ഥാപന വ്യൂഹങ്ങളും പള്ളികളും പള്ളി മേടകളും ബിസിനസ് സാമ്രാജ്യവും കൈയാളുന്നത് പാക്സ് റോമനയായ കത്തോലിക്ക സഭയാണ്. അതിനെ ഹോളി സീ അല്ലെങ്കിൽ "വിശുദ്ധ സമുദ്രം " എന്ന് വിളിക്കുന്നത് അതിശോക്തിയല്ല.
കത്തോലിക്ക സഭ എന്ന "വിശുദ്ധ സമുദ്രം "നില നിർത്തേണ്ടത് വിശുദ്ധരായ പുരോഹിത വർഗ്ഗമാണ് എന്ന ഒരു ഡിസൈനിലാണ് സഭയുടെ അധികാര ഘടന. അത് 380 ഇൽ തിയോഡോഷ്യസ് സഭയെ റോമാ സാമ്രാജ്യത്തിലെ ഒദ്യോഗിക പുരോഹിത വർഗമായി ആശയ അധികാരം നൽകിയത് മുതൽ ഒരു റോമൻ അധികാര ഹൈറാർക്കി അന്ന് മുതൽ ഇന്ന് വരെ നില നിർത്തുന്ന ഒരു മത പുരോഹിത അധികാര വ്യവസ്ഥയാണ്. അത് എട്ടാം നൂറ്റാണ്ട് മുതൽ അധികാരം നേരിട്ട് ആളി ക്രൂസേഡുകൾ നടത്തി വീണ്ടും പ്രതിസന്ധിയെ നേരിട്ടപ്പോൾ കൊണ്ട് വന്ന ഏർപ്പാട് ആണ് അച്ചൻമാരുടെ സെലിബസി. 12 നൂറ്റാണ്ടിൽ 1139 ഇലെ രണ്ടാം ലാറ്ററൻ കൗൺസിൽ തീരുമാനത്തിലാണ് കത്തോലിക്ക പുരോഹിതർക്ക് സെലിബസി നിർബന്ധമാക്കിയത്. 1563 ട്രെണ്ട് കൗൺസിലിൽ ഇത് മാറ്റമില്ലാത്ത ചട്ടമാക്കി. നേരിട്ടുള്ള രാഷ്ട്രീയ അധികാരം നഷ്ട്ടപെട്ട് കത്തോലിക്ക സഭ വീണ്ടും ഒരു മത അധികാര ശക്തിയായി വളരുന്നതിൽ ഈ 'സെലിബസി ' ഫ്രെയിംവർക്ക് വലിയൊരു ഘടകമാണ്.
പക്ഷെ പൗരോഹിത്യ സെലിബസി എന്ന ആശയത്തിന് ക്രിസ്തു മതത്തേക്കാൾ പഴക്കമുണ്ട്. അതിനെ കുറിച്ച് പിന്നെഴുതാം.
ജെ എസ്സ് അടൂർ
തുടരും

No comments: