Monday, July 2, 2018

എന്ത് കൊണ്ട് മന്ത്രി ആയില്ല.


കഴിഞ്ഞ ദിവസം കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും താല്പര്യമുള്ള ചില മലയാളി സുഹൃത്തുക്കളുമായി ജനീവയിലെ ഒരു കാപ്പി കടയിൽ ഇരുന്നു മൂന്നു മണിക്കൂർ തിരെഞ്ഞെടുപ്പ് രാഷ്ട്രീയം ചർച്ച ചെയ്തു . തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു കണ്ണുള്ള ഒരു സുഹൃത്ത് എന്നോട് ചോദിച്ചു 'തിരഞ്ഞെടുപ്പിന് ജോൺ മത്സരിക്കും എന്ന് കേൾക്കുന്നല്ലോ " 
തിരെഞ്ഞെടുപ്പ് രാഷ്ട്രീയം ഒരു പോസ്റ്റ് റിട്ടയേർമെൻറ് കരിയർ ഓപ്‌ഷനോ കരിയർ ഷിഫ്റ്റോ ആകുന്നതിനോട് യോജിപ്പില്ല . അമ്പത്തി അഞ്ചു വയസ്സ് കഴിഞ്ഞാൽ പിന്നെ കിട്ടുന്നത് എഫക്ടീവ് ആയ 15 വർഷവും പിന്നെ 10 വര്ഷം പകുതി എഫക്ടീവ് ആയ ബോണസുമാണ് . ( ആയുസ്സ് ഉണ്ടെങ്കിൽ ).
ആ സമയം സർഗാത്മവകവും ക്രിയാത്മകവും സന്തോഷമായും ജീവിക്കണോ അതോ അധികാര രാഷ്ട്രീയത്തിൽ ചാടി എം എൽ എ യോ , എം പി യോ മന്ത്രിയോ ഒക്കെ ആകുക എന്നത് രണ്ടു തരം ചോയ്‌സ് ആണ് . ഞാൻ ആദ്യത്തെ ചോയിസ് ആണ് മുപ്പത് കൊല്ലം മുമ്പ് തിരിഞ്ഞെടുത്തത് . അത് വളരെ അധികം ചിന്തിച്ചു ധ്യാനിച്ചു എടുത്ത ജീവിത തീരുമാനമാണ് . അതുകൊണ്ട് അതിന് ഇത് വരെ മാറ്റം ഇല്ല .
രാഷ്ട്രീയത്തിലും സമൂഹത്തിലും മീഡിയയിലും സാഹിത്യത്തിലുമൊക്കെ അതീവ താല്പര്യവും ചില കഴിവുകളും സ്കിൽ സെറ്റുകളുമുണ്ടായിരുന്ന ഞാൻ ഇതിനെ കുറിച്ചു ഗാഢമായി ചിന്തിച്ചത് 1989-90 കാലഘട്ടത്തിലാണ് . അന്ന് ഒരു ജിപ്സിയായി ഇന്ത്യ കറങ്ങുന്ന സമയം . കുറെ മാസങ്ങൾ ഹൈദരാബാദിലെ സി ഐ എഫ് എല്ലിൽ (ഇപ്പോൾ ഇഫ്ലു ,) .പിന്നെ നോർത് ഈസറ്റിൽ മുഴുവൻ സമയം കറക്കം ഗോഹാട്ടിയിൽ അന്ന് ഒരു മലബാർ കഫെയും ലോഡ്ജും ഉണ്ടായിരുന്നു . പിന്നെ ഷില്ലോങ്ങിലെ നെഹുവിന്റെ (നോർത്ത് ഈസ്റ്റ് ഹിൽ യൂണിവേഴ്സിറ്റി )അടുത്തു നോൺഗത്തുമായിൽ ഉള്ള ഐ സി എസ ആർ ഗസ്റ്റ് ഹൌസ് , ഷില്ലോങ്ങിൽ ബരാ പാനി എന്ന മനോഹര തടാക കരയിൽ ഉള്ള യൂണിയൻ ക്രിസ്ത്യൻ കോളേജ് ടീച്ചേർസ് ഹോസ്റ്റൽ. ഇവിടെയൊക്ക താമസിച്ചു ഫുൾ ടൈമ് വായന ; കുറെ ഗവേഷണം, പിന്നെ അൽപ്പം എഴുത്തു .അന്ന് നോർത് ഈസ്റ്റേൺ ടൈമ്സ് എന്ന പത്രത്തിൽ മിക്കപ്പോഴും എഴുതി. വല്ലപ്പോഴും കലാകൗമുദി കഥ എന്നീ മലയാള പ്രസ്ദ്ധീകരണങ്ങളിലും .
കരിയർ കൗൺസിലിംഗ് പോലുള്ള മണ്ണാങ്കട്ടയിൽ അന്നും ഇന്നും വിശ്വാസമില്ലാത്തത് കൊണ്ടും പൂർണ്ണ താന്തോന്നി ആയി ഇഷ്ട്ടമുള്ള കാര്യങ്ങൾ ഇഷ്ട്ടം പോലെ ചെയ്യുന്ന പ്രകൃതവും ആയത് കൊണ്ട് ഡയറിൽ ജീവിതത്തിൽ ഉള്ള ഓപ്‌ഷനുകൾ കുറിച്ചിട്ടു .എന്നിട്ട് അതിന്റ പ്രോസും കോൺസും എഴുതി .അഞ്ചു ഓപ്‌ഷൻ എഴുതി :
1) മുഴുവൻ സമയ തിരെഞ്ഞെടുപ്പ് രാഷ്ട്രീയം2) ലോക പ്രശസ്തനായ അക്കാഡമിക് 3) സിവിൽ സർവീസ് 4) മീഡിയ 5) സാമൂഹിക രാഷ്ട്രീയവും എഴുത്തും .
ഇതിന്റ എല്ലാം പ്രോസും കോൺസും നോക്കിയത് ഇതിൽ ഏതിലാണ് എനിക്ക് കൂടുതൽ സ്വാതന്ത്ര്യവും സന്തോഷവും തോന്നുന്നത് എന്നത് പ്രധാന ക്രൈറ്റീരിയ ആയിരുന്നു ശമ്പളവും പൈസയും അന്നും ഇന്നും പ്രശ്നമല്ലായിരുന്നു . ജീവിക്കുവാനുള്ള പൈസ ഉണ്ടാക്കുവാനുള്ള സ്‌കിൽ ഉണ്ടെന്നുള്ള വിശ്വാസം ഉണ്ടായിരുന്നു. രണ്ടാമത്തെ ക്രൈറ്റീരിയ , ഇതിൽ ഏതിൽ ആണ് എനിക്ക് ഏറ്റവും കൂടുതൽ സർഗ്ഗാത്മകമായി ഇടപെടാൻ സാധിക്കുന്നത് എന്നതായിരുന്നു .പൊതുവെ വളരെ ഡിറ്റർമൈൻഡും ഹാർഡ് വർക്കിങ്ങും ആയതിനാലും കുറെ ലീഡര്ഷിപ് സ്കിൽ സെറ്റുകൾ ഉള്ളതിനാലും ഇതിൽ ഏതിലും വിജയിക്കും എന്ന് അന്ന് ഉറപ്പുണ്ടായിരുന്നു .
പക്ഷെ ആത്‌മ വിശ്വാസം ഒന്ന് കൊണ്ട് മാത്രം ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ നടത്താനാവില്ല. കാരണം ഇരുപത്തി നാല് വയസ്സിൽ ഇഷ്ട്ടപെടുന്ന പലതും ഒരു പത്തു കൊല്ലം കഴിഞ്ഞാൽ ഇഷ്ട്ടപ്പെടണം എന്നില്ല.. അത്‌ മാത്രമല്ല പലർക്കും പല തരം ആറ്റിറ്റുടും ആപ്റ്റിറ്റ്യൂടും സ്കിൽ സെറ്റും ഒക്കെ ആയിരിക്കും. പക്ഷെ പലപ്പോഴും അതിനെകുറിച്ചു ഒന്നും വിചാരിക്കാൻ പോലും പലർക്കും സാവകാശം കാണില്ല.
അതുകൊണ്ട് തന്നെ എല്ലാ ഓപ്‌ഷനുകളെ കുറിച്ചും ഗാഢമായി ചിന്തിച്ചിട്ടാണ് ജീവിതത്തിലെ തിരെഞ്ഞെടുപ്പ് നടത്തിയത്.
ഈ അഞ്ചു കാര്യങ്ങളെ കുറിച്ചും അഞ്ചു പേജ് എഴുതി . എന്നിട്ട് ഒരു ഫ്യൂച്ചർ പ്രോജെക്ഷനും .ഇതിൽ ഓരോന്ന് തിരഞ്ഞെടുത്താൽ 40 വയസ്സിൽ ഞാൻ എന്തൊക്ക എവിടെയൊക്ക ചെയ്യും. എന്നിട്ട് എലിമിനേഷൻ റൗണ്ട് .ഇതിനെല്ലാം കൂടി ആറു മാസം മനനം ചെയ്തു .
ആദ്യം എലിമിനേറ്റു ചെയ്തത് സിവിൽ സർവീസ് ആണ് .ആദ്യത്ത ഹണി മൂൺ പീരിയഡ് കഴിഞ്ഞാൽ ബോർ പണി എന്ന് തോന്നി. പിന്നെ അധികാരത്തിനാണെങ്കിൽ നാല്പതകളിൽ ഒരു മന്ത്രി ആകുന്നതാണ് ഒരു ഡെപ്യുട്ടി സെക്രെട്ടറിയോ ജോയിന്റ് സെക്രട്ടറിയോ ആകുന്നതിനേക്കാൾ ഭേദം . പിന്നെ താന്തോന്നി ആയ എന്നെ പോലുള്ളവർക്ക് ഒരു ബ്യുറോക്രസിയിൽ അധികം നാൾ പിടിച്ചു നിൽക്കാൻ ആകില്ല . അത് കൊണ്ട് സിവിൽ സർവീസ് എനിക്ക് പറ്റിയ പണി അല്ല എന്ന് ഉറപ്പിച്ചതിനാൽ അതിന് വേണ്ടി മിനകെട്ടില്ല .
പിന്നെ എലിമിനേറ്റ് ചെയ്തത് തിരെഞ്ഞെടുപ്പ് രാഷ്ട്രീയമാണ് . കാരണം മൂന്ന് . ഒന്ന് .ഒരു ഹൈ റിസ്ക് ഹൈ റിട്ടേൺ ഗെയിം ആണ്. മുപ്പത് കൊല്ലം ഒരു മന്ത്രി ആകുവാൻ ഇൻവെസ്റ്റ് ചെയ്‌താൽ ജീവിതം കോഞ്ഞാട്ടയാകും . രണ്ട് .അഴിമതി കണ്ടില്ല എന്ന് നടിക്കുകയോ, അഴിമതി ചെയ്യുകയോ ചെയ്യാതെ രാഷ്ട്രീയത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ കാശു കിട്ടില്ല .രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കണം എങ്കിൽ കോമ്പ്രമൈസ് ചെയ്യണം .മൂന്ന് . തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ റൂത് ലെസ്സ് ആകണം . കൂടെ നിൽക്കുന്നവനേ പോലും പാര വയ്ക്കണം .നമ്മുടെ വഴി മുടക്കാൻ സാധ്യത ഉള്ളവരെ വെട്ടി നിരത്തണം . എതിർപ്പുകളെയും ആക്രമണങ്ങളേയും നേരിടാൻ ഉള്ള മന സാനിദ്ധ്യം , തൊലികട്ടി .സർവോപരി കില്ലർ ഇൻസ്റ്റിൻകട് .ഇതൊന്നും എനിക്ക് ആവശ്യമായസ്വാതന്ത്ര്യവും സമാധാനവും സന്തോഷവും തരികില്ല എന്നത് കൊണ്ട് തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എലിമിനേറ്റു ചെയ്‌തു .അല്ലെങ്കിൽ ഞാൻ ഇതിനകം മന്ത്രി ആയേനെ എന്ന് എനിക്ക് അന്നും ഇന്നും ഉറപ്പുണ്ടായിരുന്നു .
പിന്നെയുള്ളത് അക്കാഡമിക്സ് ആണ് . അത് ഒന്നര കൊല്ലം പരീക്ഷിച്ചു . അക്കാഡമിക് റിസേർച്ചിൽ അന്നും ഇന്നും താല്പര്യം ഉണ്ട് .പക്ഷെ ഒരേ യൂണിവേഴ്സിറ്റിയിൽ ഒരേ ഡിപ്പാർട്മെന്റിൽ ഒരേ കാര്യങ്ങൾ പഠിപ്പിച്ചു ജീവിക്കുന്നത് ബോറാകും .കാരണം ഞാൻ നിരന്തരം യാത്ര ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന ആളാണ് . അതോടെ യൂണിവേഴ്സിറ്റി ജോലി രാജിവച്ചു .അവസാനം പഠിപ്പിച്ചത് NEHU വിന്റെ കീഴിൽ ഉള്ള മിസൊറം സെന്ററിലും മാമിത് യൂണിവേഴ്സിറ്റി കോൺസ്റ്റിട്യൂന്റ് കോളേജിലും (ഇപ്പോൾ മിസൊറം യൂണിവേഴ്സിറ്റിയിൽ ).
പത്ര പ്രവർത്തനം ആറു മാസം കഴിഞ്ഞപ്പോൾ മതിയാക്കി .ടൈമ്സ് ഓഫ് ഇന്ത്യ പൂനയിൽ ആയിരുന്നു പരീക്ഷണം. അന്നത്തെ എന്റെ എഡിറ്റർ ഞാൻ എഴുതിയ ഒരു ഇൻവെസ്റിഗേറ്റിവ് റിപ്പോർട്ട് മുക്കി. ആൿടിവിസം രക്തത്തിൽ ഉള്ളതിനാൽ അത്യാവശ്യം ആക്ടിവിസ്റ്റ് പ്രഭാഷണം ഒക്കെ കൊടുത്തു ആ പണി വേണ്ട എന്ന് തീരുമാനിച്ചു.അന്ന് എനിക്ക് നല്ലൊരു എഡിറ്ററ്ററെ കിട്ടിയിരുന്നെങ്കിൽ ഏതെങ്കിലും മീഡിയയുടെ തലപ്പത്തു എത്തിയേനെ. കാരണം സിംപിൾ ഏതൊരു രംഗത്തും എന്റർപ്രെനെയർ എനർജിയുള്ളവർ ഹൈലി സെല്ഫ് മോട്ടിവേറ്റഡ് ആയിരിക്കും. അവർ അവരുടെ ഫീൽഡിൽ ശോഭിക്കും. എന്തായാലും എന്റ ആറു മാസ പരീക്ഷണത്തിൽ എനിക്ക് പറ്റിയ പണി അല്ലെന്ന് മനസ്സിലായി. കാരണം മീഡിയ ബിസിനസ്സിൽ വാർത്തകൾ സൃഷ്ട്ടിക്കുന്നതും മുക്കുന്നതും ആ കച്ചവടത്തിന്റെ ഭാഗമാണ് എന്ന് ആറു മാസം കൊണ്ട് മനസ്സിലായി.
അപ്പോഴേക്കും അഞ്ചാം ഓപ്‌ഷൻ എന്നെ തേടി വന്നു .ജസ്റ്റിസ് പി എൻ ഭഗവതി , വിജയ് തെണ്ടുൽക്കർ , ഇളാ ഭട്ട് , മധുസൂദൻ മിസ്ത്രി മുതലായവർ പൂനയിലെ നാഷണൽ സെന്റർ ഫോർ അഡ്വക്വസി സ്റ്റഡീസ് തുടങ്ങാൻ കോർഡിനേറ്റർ ആയി തിരഞ്ഞെടുത്തത് എന്നെയാണ് . റസ്റ്റ് ഈസ് ഹിസ്റ്ററി ആൻഡ് ഡെസ്റ്റിനി .
അഞ്ചാമത്തെ ഓപ്‌ഷനിൽ അക്കാഡമിക്‌സും മീഡിയയും ഉണ്ടായിരുന്നു എന്നത് എന്നെ സന്തോഷിപ്പിച്ചു. കാരണം ഈ രണ്ടു മേഖലയിലും എനിക്ക് സ്കിൽ സെറ്റ് ഉണ്ടായിരുന്നു. സത്യത്തിൽ ഞാൻ ഒരു ജോലിക്കും വേണ്ടി അപേക്ഷിക്കുകയോ കാത്തിരിക്കുകയോ ചെയ്തിട്ടില്ല .യു എൻ ജോലിയടക്കം എന്നെ തേടി വന്നു. തിരെഞ്ഞെടുത്ത മേഖലയിൽ എക്സെൽ ചെയ്ത് മാറ്റങ്ങൾ ചെയ്യാൻ ശ്രമിച്ചു .
ഇതൊന്നും എന്റെ മിടുക്കു കൊണ്ടാണ് എന്ന് ഇപ്പോൾ ഒരു തോന്നലും ഇല്ല . ഒരുപാട് പേരുടെ അനുഗ്രഹങ്ങളും സഹായങ്ങളും എല്ലാം കൊണ്ടാണ് നാമോരുത്തരും ഓരോയിടത്ത് എത്തി ചേരുന്നത് . അതിൽ നമ്മുടെ പരിശ്രമവും പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള ത്വരയും ജീവിക്കുവാനുള്ള ആവേശവും പ്രധാനമാണ് .
മുപ്പത് കൊല്ലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ I am a creature of circumstances . അല്ലാതെ സ്വന്തം മിടുക്കു കൊണ്ട് മാത്രം ആരും എങ്ങും എത്തില്ല . പ്രഗല്ഭരായ ചിലരുടെ തക്ക സമയത്തെ മെന്ററിങ് എനിക്ക് അനുഗ്രഹമായി . വിജയ് തെണ്ടൂൽക്കർ , ഡേവിഡ് കോഹെൻ , രജനി കോത്താരി , എൽ സി ജെയിൻ , പ്രൊഫ. ജോൺ ഗവേന്ത എന്നീവർ എനിക്ക് നൽകിയ മാർഗ്ഗ നിർദേശങ്ങളും അവരിൽ നിന്ന് പഠിച്ചതും ജീവിതത്തിൽ കൂട്ടായി .
മുകളിലത്തെ നാല് ഓപ്‌ഷനും മറ്റു പലർക്കും നല്ലതായിരിക്കാം. അതിൽ ഒരു ഓപ്‌ഷൻ പോലും മോശമല്ല. വളരെ നല്ല രാഷ്‌ടീയ നേതാക്കളും, നല്ല മന്ത്രി മാരും, വളരെ നല്ല സിവിൽ സെർവെൻസും, എക്സെലെൻറ് അക്കാദമിക് വിദഗ്ധരും, വളരെ നല്ല പത്ര പ്രവർത്തകരും ഉണ്ട്. അവരെ എനിക്ക് ബഹുമാനമാണ്. അവരിൽ പലരും എന്റെ അടുത്ത സുഹൃത്തുക്കൾ ആണ്. പക്ഷേ എന്റെ കാഴ്ച്ചപ്പാടുകൾക്കും ആപ്റ്റിറ്റുഡിനും സന്തോഷത്തിനും ഉതകുന്ന തരത്തിൽ ആണ് ഞാൻ ജീവിതത്തെ രൂപപെടുത്തണ്ടത്. അത് പോലെയാകണം എന്നില്ല മറ്റുള്ളവരുടെ തിരഞ്ഞെടുപ്പുകൾ.
ആഗോള തലത്തിൽ ജോലി ചെയ്യുമ്പോഴും ഞാൻ ഗ്രാസ് റൂട്സ് എൻഗേജ്മെന്റു കുറച്ചില്ല .മുപ്പത് കൊല്ലമായി സാമൂഹിക രാഷ്ട്രീയത്തിൽ സജീവമാണ് .അന്നും .ഇന്നും ഇനിയും ഉള്ള കാലവും അതിന് മാറ്റം വരുത്താൻ ഉദ്ദേശം ഇല്ല .
കാരണം സ്വയം തിരെഞ്ഞെടുത്ത ജീവിതത്തിൽ ഏററവും പ്രധാനം സ്വാതന്ത്ര്യമാണ് .എനിക്കും എല്ലാവർക്കും . പിന്നെ സർഗാത്മകത .ക്രിയാത്‌മകത .സന്തോഷം .സമാധാനം . എന്നെ അന്നും ഇന്നും എക്സൈറ്റ് ചെയ്യാത്തത് അധികാരത്തിന് വേണ്ടി മാത്രം രാഷ്ട്രീയത്തിൽ വർത്തിക്കുന്നതാണ് .
അത് കൊണ്ട് തന്നെ എന്റേത് സ്വാതന്ത്ര്യത്തിനും മനുഷ്യ അവകാശങ്ങൾക്കും സര്ഗാത്മകതക്കും വേണ്ടിയുള്ള സാമൂഹിക രാഷ്ട്രീയമാണ് . അതിന് മന്ത്രി ആകണമെന്നില്ല . അത് കൊണ്ട് തന്നെ അത് എന്റെ ജീവിതത്തിലെ ഒരു ഓപ്‌ഷൻ അല്ല .
അത് മാത്രമല്ല .ലോകം മുഴുവൻ സഞ്ചരിച്ചു പല രാജ്യങ്ങളിലെ പല മന്ത്രിമാരുമായി കൂട്ടായതിൽ പിന്നെ അത് എനിക്ക് പറ്റിയ പണി അല്ല എന്ന് തന്നെയാണ് ഇപ്പോഴും ഉള്ള നയം .
Because Power is often not what you have but what others perceive you have. Success is often an illusion of your mind and perceptions of your social locations. What matters is a sense of freedom within and beyond and happiness .
You can only be free and happy when there is a threshold level of freedom and happiness for everyone in your community , society and country . You can't buy freedom and happiness in the market or power politics.
Hence, I chose to realize my freedom within to be happy and dedicate my life to facilitate freedom and happiness to fellow beings everywhere . Life is all about making choices .Live life with a sense of creativity and joy has been my choice. Because for me work is a creative expression of life.

No comments: