Tuesday, July 24, 2018

വായനകളുടെ മാറി വരുന്ന പരിസരങ്ങൾ

ഒരാൾ എഴുതുന്ന നോവലോ , ചെറു കഥയോ , ലേഖനമോ , ഫേസ്‌ ബുക്ക് പോസ്റ്റോ പലരും പല രീതിയിലായിരിക്കും പല സമയത്തും വായിക്കുന്നത് . ഒരേ ടെക്സ്റ്റിന്റെ വായനയുടെ കോണ്ടെക്സ്റ്റ് വ്യത്യസ്തങ്ങളായിരിക്കും . ഒരാൾ ഒരു വാക്യം അല്ലെങ്കിൽ കുറെ വാക്യങ്ങൾ എഴുതി വിട്ടുകഴിഞ്ഞാൽ അത് സ്വതന്ത്ര വ്യഖാനങ്ങൾക്കു വിധേയമാകാം . വായിൽ നിന്ന് പോയ വാക്കുകൾ പലപ്പോഴും വില്ലിൽ നിന്ന് പോകുന്ന അമ്പ് പോലെയാണ് . ചിലപ്പോൾ അത് കൊള്ളുന്നത് അസ്ഥാനത്തു ആയിരിക്കും .
ഒരാൾ ഒരു വാചകം അല്ലെങ്കിൽ ഒരു കൃതി വായിക്കുന്നത് പല പരിസരങ്ങളിൽ നിന്നാണ് . ചിലർ സാഹിത്യം വായിക്കുന്നത് അവരുടെ ഭാവനയുടെയും ഭാഷയുടെയും അതു വരെയുള്ള വായനയുടെയും പരിസരത്തു നിന്നാണ് . ചിലരുടെ വായന അവരുടെ സാമൂഹ്യ ബോധത്തിലൂന്നിയായിരിക്കും .ഈ സാമൂഹിക ബോധം പലപ്പോഴും അവിടവിടെയുള്ള മുഖ്യ രാഷ്ട്രീയ ബെലാ -ബലങ്ങളേയും മുഖ്യ രാഷ്ട്രീയ വ്യവഹാരത്തെയും ആശ്രയിച്ചിരിക്കും . സാമൂഹിക കാഴ്ചപ്പാടുകൾ അത്കൊണ്ട് തന്നെ രാഷ്ട്രീയ -സാമ്പത്തിക -ഭാഷ സാഹചര്യങ്ങൾ അനുസരിച്ചു മാറികൊണ്ടിരിക്കും .
നാം ഏതൊരു കാര്യം എങ്ങനെ കാണുന്നുവെന്നത് നാം അത് എവിടെ നിന്ന് കാണുന്നു എന്നതനുസരിച്ചു ഇരിക്കും . മലയുടെ മുകളിൽ നിന്ന് ഒരാൾ കാണുന്നതായിരിക്കില്ല കടൽ തീരത്തോ താഴ്വാരങ്ങളിലോ നിന്ന് കാണുന്നത് . അതുപോലെ നമ്മുടെ കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളും നമുക്ക് ചുറ്റുമുള്ളവർ എങ്ങനെ കാണുന്നു എന്നതനുസരിച്ചു ഇരിക്കും . ഇതിൽ ഒരു പ്രധാന ഘടകം പീയർ പ്രെഷറാണ് . കൂടെയുള്ള അമ്പത് പേർ ഒരു കാര്യം ഒരുപോലെ കാണുമ്പോൾ കൂടെ നിൽക്കുന്ന ഒരാൾക്ക് സ്വതത്രമായി വായന ഉണ്ടെങ്കിലും പലപ്പോഴും പറയില്ല . എല്ലാരും കമ്മ്യുണിസ്റ്റെങ്കിൽ ഞാനും കമ്മ്യുണിസ്റ്റ് . കൂട്ടുകാർ കൂടുതൽ സംഘികളോ സുടാപ്പികളോ ആയാൽ പലരും പതിയെ അത് പോലെ ചിന്തിക്കാൻ തുടങ്ങും . വ്യത്യസ്ത കാഴ്ച്ചപ്പാടുണ്ടെകിലും ചിലർ ഭീതി കാരണം പറയില്ല .
സ്വതന്ത്ര വായനകളും കാഴ്ച്ചപ്പാടുകളും ഉള്ള മനുഷ്യർ ചുരുക്കമാണ് . മിക്ക ആളുകളും എഴുത്തുകാരും വായനക്കാരും ഒഴുക്കിനൊത്തു നീന്തുന്നവരും കൂട്ടത്തിൽ പാടുന്നവരും കണ്ടതിൽ പൂട്ടുന്നവരുമാണ് . സമൂഹത്തിലെ ഭൂരി പക്ഷവും കോൺഫെമിസ്റ്റാണ് . അവരുടെ പ്രതീകരണങ്ങളും പ്രവർത്തികളും അന്നന്ന് സമൂഹത്തിൽ നില നിൽക്കുന്ന ഡോമിനെൻറ്റ് ട്രെൻഡിനോടൊപ്പമായിരിക്കും . ഭക്ഷണത്തിലും ഭാഷയിലും വാക്കുകളിലും വിചാര വികാരങ്ങളിലും , വസ്ത്ര ധാരണത്തിലും , ജോലി തിരഞ്ഞെടുക്കുന്നതിലും , ലൈംഗികത പ്രകടിപ്പിക്കുന്നതിലും വീട് വക്കുന്നതിലും എല്ലാം . അതാണ് 'നോർമൽ ' .അതിനു അപ്പുറമുള്ളത് 'അബ്നോർമൽ ' ആകും . അത് അന്ന് അന്നത്തെ വ്യസ്ഥാപന ഭരണത്തിന് പുറത്താണെങ്കിൽ അവരെ 'ഭ്രാന്തൻമാരെന്നോ ' ' 'എതിരാളികൾ ' എന്നോ ' ശത്രുക്കളെന്നോ ' , രാജ്യ ദ്രോഹിയെന്നോ ' കുലംകുത്തിയെന്നോ ' 'മാവോയിസ്റ്റ് ' എന്നു പറഞ്ഞു ഒറ്റപ്പെടുത്തി പടി അടച്ചു പിണ്ഡം വക്കുകയോ , ആക്രമിച്ചു കൊല്ലുകയോ സാനിറ്റോറിയത്തിൽ തള്ളുകയോ ജെയിലിൽ അടക്കുകയോ ചെയ്യാം . അതുമല്ലെങ്കിൽ കല്ല് എറിഞ്ഞു കൊല്ലുകയും ക്രൂശിക്കുകയോ വെടി വച്ച് കൊല്ലുകയോ ചെയ്യും . ഇവിടെയും നടക്കുന്നതുതൊക്കെ തന്നെയാണ് . അതുകൊണ്ടാണ് അതിന് ബദലായി ചിന്തിച്ച ദാബോൽക്കറെയും പൻസാരയും , കൾബുർഗിയെയും ഗൗരി ലങ്കേഷിനെയും വെടിവച്ചു കൊന്നത് . സ്വാമി അഗ്നിവേശിനെ വസ്ത്രാക്ഷേപം ചെയ്തു തല്ലി താഴെയിട്ടു ആക്രമിച്ചത് .
അന്നന്ന് ഭരണത്തിൽ ഉള്ളവരുടെ ഹോശാനാ പാടുക എന്നതായിരുന്നു സ്ഥിതി .കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന പ്രാകൃത രീതിയിൽ നിന്നു ഇന്നും വലിയ മാറ്റങ്ങൾ ഉണ്ടായോ എന്ന് സംശയം .ന്യായ അന്യങ്ങൾ ഒക്കെ പലപ്പോഴും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും പലപ്പോഴും അധികാരത്തിന്റെ വാള് ഉള്ളവരും തേരോടിക്കുന്നവരുമാണ് . അതിനെ ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തി വകവരുത്തും .
അന്ന് നിലവിലുള്ള റോമാ സാമ്രാജ്യത്ത അധികാര വ്യവസ്ഥയെയും അതിന്റെ ശിങ്കിടി യാഥാസ്ഥിക പരീശ ഭരണത്തെയും യേശു ചോദ്യം ചെയ്തപ്പോഴാണ് ' അവനെ ക്രൂശിക്കുക " എന്ന് ജനം ആർത്തു വിളിച്ചത് .ആ ക്രൗഡ് മെന്റാലിറ്റിയിൽ കൂടെ നിന്നവർ പോലും യേശുവിനെ ഒറ്റു കൊടുക്കുകയോ തള്ളി പറയുകയോ ചെയ്യ്തു . അത് കൊണ്ട് തന്നെയാണ് സ്‌നാപക യോഹാന്നാന്റെ തല വെട്ടിയതും . അതിന് മുമ്പ് സോക്രട്ടീസിന്‌ വിഷം നൽകിയത് . അന്നത്തെ അധികാര വ്യവസ്ഥയെ ചോദ്യം ചെയ്തത് കൊണ്ടാണ് സിദ്ധാര്ത്ഥന് കൊട്ടാരം വിട്ടു കാട്ടിൽ പോകേണ്ടി വന്നത് . അന്നത്തെ അധികാര വ്യവസ്ഥയെ ചോദ്യം ചെയ്തത് കൊണ്ടാണ് മുഹമ്മദിന് മക്ക വിട്ട് പാലായനം ചെയ്യേണ്ടി വന്നത് . പക്ഷെ ഇന്നലെത്തെ ബദലുകൾ ഇന്ന് മുഖ്യ ധാരയും പിന്നെ അധികാര അഹങ്കാര വ്യവസ്ഥ ഭരണങ്ങളും നാളെത്തെ ക്രൂശീകരണക്കാരും എന്നാണ് അധികാരത്തിന്റ ചരിത്രം .
കേരളത്തിൽ ഇന്ന് അധികാരത്തിലുള്ള ആശയങ്ങൾ ഇന്നലെകളിലെ ബദൽ ആയിരുന്നു . ഇന്ന് ഒരു അധികാര അഹങ്കാര വ്യവസ്ഥയാണ് . ഇന്ന് കേരളത്തിൽ സി പി എം നു സ്തുതി പാടുന്നവരിൽ ഒരു പാട് പേർ കമ്മ്യൂണിസ്റ്റുകൾ അല്ല. അവർക്ക് മാർക്സിസം ഒരു വിഷയമേ അല്ല . കൊണ്ഗ്രെസ്സ്കരുടെയും സ്ഥിതി വ്യത്യസ്മല്ല . കൂടുതൽ ആളുകൾ കൺഫെമിസ്റ്റുകളാണ് .അധികാരം പലപ്പോഴും മനുഷ്യരെ കൺഫെർമിസ്റ്റുകളാക്കി വരുതിയിൽ നിർത്തിയാണ് ഭരിക്കുന്നത് . കേരളത്തിൽ സി പി എം ആകുന്നവർ ഗുജറാത്തിൽ ബി ജെ പി ആകുന്നത് അത് കൊണ്ടാണ് . കേന്ദ്രത്തിൽ മോഡി ഭരണത്തിൽ കയറിയപ്പോൾ മോഡിയെ പണ്ട് വിമര്ശിച്ചിരുന്ന പലരും കോൺഫെമിസ്റ്റായി . അത് വരെ മതേതരത്വവും പുരോഗമനും ലിബറലിസവുമൊക്കെ പറഞ്ഞവർ ക്രമേണ മോഡി ഭക്തന്മാരായി ' ഗർവ് സെ കഹോ ഹം ഹിന്ദു ഹെ ' എന്ന പാട്ടു പാടാൻ തുടങ്ങി . മോഡി ഭരണത്തിൽ നിന്നു പോയാൽ കാന്ഫെമിസ്റ്റുകൾ കളം മാറ്റി അയാളെ തള്ളി പ്പറയും . അന്നത്തെ ഭരണത്തിന് കോൺഫെമിസ്റ് ആയി മിക്ക മധ്യ ഉപരി മധ്യ വർഗ്ഗത്തിലുള്ളവർ പാട്ട് മാറ്റും .
ഇപ്പോൾ ലോകത്തു ലിബറൽ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന ഒരു നിയോ ഇല്ലിബറലിസത്തിന്റ അധീനത കൂടുതലാണ് . സത്വ വാദവും , കടും ദേശീയതയും വരുത്തരെ എതിർക്കുന്നതും മനുഷ്യ അവകാശങ്ങളെ ആക്രമിക്കുന്നത് എല്ലാം നിയോ -ഇല്ലിബറലിസത്തിന്റ ചേരുവകളാണ് . ഇതിന്റ ഭാഗമാണ് നവ യാഥാസ്ഥിതികത്വം .അതിന്റ വക്താക്കൾ ആണ് ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും ഭരിക്കുന്നത് . ട്രമ്പും , തെരേസ മേയും , പുട്ടിനും ഡ്യൂറ്റോർറ്റും മോഡി സാറുമൊക്കെ അതിന്റെ അറിയപ്പെടുന്ന അധികാര മുഖങ്ങളാണ് .
എം ടി നിർമാല്യമെഴുതിയപ്പോൾ ഉണ്ടായിരുന്ന കേരളമല്ല ഇന്നത്തെ കേരളം .ഇന്ന് സെക്റ്ററിയൻ നവ യാഥാസ്ഥികത്വവും ജാതി മത സ്വത്വ ചിന്തകളും കൂടുതലാണ് . " പ്രജാപതിക്കു തൂറാൻ മുട്ടി ' എന്നു തുടങ്ങുന്ന ധർമ്മ പുരാണം ഓ വി വിജയൻ ഇപ്പോൾ എഴുതിയാൽ ആളുകൾ വായിക്കുന്നത് പണ്ടത്തെ പോലെയായിരിക്കില്ല .ഇപ്പോഴത്തെ പ്രജാപതി തൂറുന്നതിൽ സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട് . ഹരീഷ് എഴുതിയത് പോലെ നാൽപ്പത് കൊല്ലം മുമ്പ് എഴുതിയാൽ ഇപ്പോൾ ഉള്ള പ്രതീകരണമല്ലായിരിക്കും .അന്ന് ഫേക് ഐഡൻറ്റിറ്റി വച്ച് ഫേസ് ബുക്കിലും സാമൂഹ്യ മാധ്യമത്തിലും സൗകര്യ പൂർവം ഒരു വാചകം അടർത്തി കാമ്പയിന് സാധ്യത ഇല്ലായിരുന്നു . സമൂഹ മാധ്യമത്തിലൂടെ ആർക്കും തന്തക്കു വിളിക്കുകയോ ഭീഷണി പെടുത്താനോ സാധ്യത ഇല്ലായിരുന്നു . നോവലും സാഹിത്യവും ഒന്നും വായിക്കാത്ത അക്ഷര വിരോധികൾ പോലും അവനെ കല്ലെറിയൂ എന്ന് പറഞ്ഞു അശ്ലീലമായി ഉറഞ്ഞു തുള്ളുന്നത് ഇന്ന് സാമൂഹിക മാധ്യമങ്ങളിലാണ്. സാമൂഹ്യ മാധ്യമങ്ങൾ ഇന്ന് ഒരു ഇക്കോ ചേമ്പറാണ്. അത് കൊണ്ട് തന്നെ പത്തു പേർ ഒരുമിച്ച് എഴുതിയാൽ നൂറു പേർ പറയുന്നതായി തോന്നും. നൂറു പേർ പറഞ്ഞാൽ ആയിരങ്ങൾ പറയുന്നത് പോലെ തോന്നും. അങ്ങനെ ആയിരം പേരു പറഞ്ഞാൽ അത് സമൂഹത്തിന്റ മൊത്തം മനസ്ഥിതിയാണ് എന്ന് തോന്നിപ്പിക്കും . ചുരുക്കത്തിൽ ഈ കലി കാലത്തിന്റ സങ്കടപെടുത്തുന്ന അടയാളങ്ങളാണിതെക്കെ . പലർക്കും വായിക്കാൻ ഉള്ള സമാധാനവും സാവകാശവും നഷ്ടപ്പെട്ടിരിക്കുന്നു .അതിന് ആക്കം കൂട്ടി സാമൂഹ്യ മാധ്യമങ്ങൾ ആൾക്കൂട്ടങ്ങളുടെ ആക്രമണ ത്വരയെ ആംപ്ലിഫൈ ചെയ്യുന്നു .
ഇന്നത്തെ വായനകളിലെ അക്രമത്വര ഇന്നത്തെ സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദുഖിപ്പിക്കുന്ന നേർ കാഴ്ച്ചയാണ് . ഇന്ന് എന്ത് എഴുതുന്നു എന്നതിനേക്കാൾ ആരെഴുതുന്നു എന്നതും ആളുകൾ നോക്കുന്നു . എഴുതുന്ന ആളിന്റെ പേരും നാളും ജാതിയും ഉപജാതിയും ജനിച്ച മതവും ഒക്കെ നോക്കി വായിക്കുകയും പ്രതീകരിക്കുകയും ചെയ്യുന്ന ഒരു വൃത്തിഹീന ഹിംസ മനസ്ഥിതിയിലേക്കു കേരളത്തിലും വെളിയിലുമുള്ള നവ യാഥാസ്ഥിതികത്വം പത്തി വിരിച്ചാടുന്നു . നവോത്ഥാന ചരിത്രം എന്നൊക്കെ പഠിപ്പിച്ചത് പഴംകഥകളായിരിക്കുന്നു .
ഇനിയും പുതിയ നവോത്ഥാന ധാരകൾ വരണം . കേരളം ഇന്ന് കെട്ടി കിടന്നു അഴുക്കുകൾ അടിഞ്ഞു കൂത്താടികളും കൊതുകളും നിറഞ്ഞ നമ്മുടെ നാട്ടിലെ ഒരു ജലാശയം പോലെയാണ് . അത് ഒഴുക്കുള്ള അഴുക്കില്ലാത്ത വെള്ളമായെങ്കിലേ ഇപ്പോഴുള്ള നമ്മുടെ മനസ്ഥിതി മാറുകയുള്ളൂ .
ജെ എസ് അടൂർ

No comments: