Friday, July 20, 2018

അട്ടപ്പാടിയിലെ മധുവിനെ ഓർമ്മയുണ്ടോ ?

 മലയാളി മനുഷ്യർ അടിച്ചു കൊന്ന ബംഗാളിയുടെ പേര് ആർക്കെങ്കിലും അറിയാമോ ?
അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ അടിച്ചു കൊന്നവർ എത്ര പേർ ശിക്ഷിക്കപ്പെട്ടു ? അന്നത്തെ മൊബ് ലിഞ്ചിങിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായി. കുറെപ്പേരെ അറസ്റ്റ് ചെയ്തു .ഒരാഴ്ചക്കകം മലയാളിയും മാധ്യമങ്ങളും അത് മറന്നു .മാധ്യമ ക്യാമറകൾ ഉള്ളത് വരെ മന്ത്രിമാരടക്കം അട്ടപ്പാടിയിൽ പോയി . പിന്നെ എന്ത് സംഭവിച്ചു ? അടുത്ത വിവാദത്തിന് പുറകെ മാധ്യമങ്ങളും പോയി . മധുവിനെയും ആദിവാസികളുടെ പാർശ്വവൽക്കരണത്തെയും സൗകര്യ പൂർവം മറന്നു .മനസ്സാക്ഷി അവധിയെടുത്തു .
ഇപ്പോൾ ഇത് പറയാൻ കാരണം . പുരോഗമന സുന്ദരകേരളത്തിൽ വീണ്ടും ഒരു മൊബ് ലിഞ്ചിങ് നടന്നിരിക്കുകയാണ് .ആ ഇതര സംസ്ഥാന തൊഴിലാളിയുടെ ദാരുണ കോലാപാതകം എന്താണ് 'പ്രബുദ്ധ പുരോഗമന ' കേരളത്തിന്റെയോ മാധ്യമങ്ങളുടെയോ മനസാക്ഷിയെ ഞെട്ടിപ്പിക്കാത്തത് ? അയാളുടെ പേര് പോലും അറിയായതെ അയാളെ നമ്മൾ അടയാളപെടുത്തുന്നത് ' ബംഗാളി ' എന്ന് മാത്രമാണ് .
ഫ്രാൻസ് ലോക കപ്പു വിജയിച്ചപ്പോൾ .അവിടുത്തെ മൈഗ്രൻസിനെ നമ്മൾ ഓർമ്മിച്ചു .കാരണം മലയാളി ഒരു മൈഗ്രന്റ് കമ്മ്യൂണിറ്റിയാണ് . പ്രവാസികളകാൻ വിധിക്കപ്പെട്ടവരാണ് . നാട്ടിൽ നിവർത്തിയില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളും ഇതര രാജ്യ തൊഴിലാളികളുമായി ജീവിക്കുന്നവർ .എന്നാൽ കേരളത്തിലെ വിരോധാഭാസം ഇതര സംസ്ഥാന തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്ന മാനസികാവസ്ഥയാണ് . കേരള 'സംസ്ക്കാരത്തനിമ 'യുടെ കവാലാളായ എല്ലാവര്ക്കും പ്രിയപ്പെട്ട കവയത്രി അന്യ സംസ്ഥാനതൊഴിലാളികൾ നമ്മുടെ സംസ്ക്കാരത്തെ നശിപ്പിക്കും എന്ന് പരിതപിച്ചു .
കേരളത്തിൽ നിന്നു വെളിയിൽ പോയി ഇതര സംസ്ഥാന തൊഴിലാളികളും ഇതര രാജ്യതൊഴിലാളികളും പണിയെടുത്തു കേരളത്തിലേക്കയക്കുന്ന പണത്തിന്റ ബലത്തിൽ പോകുന്ന സാമ്പത്തിക സ്ഥിതിയിൽ ഇതര സംസ്ഥാന തൊഴിലാളികളോട് മലയാളികൾ പൊതുവെ കാണിക്കുന്ന പുച്ഛം നിറഞ്ഞ മേലാള സ്വഭാവമാണ് . ഇത് നമ്മുടെ സമൂഹത്തിന്റ പുഴുക്കുത്തുകൾ നിറഞ്ഞ രോഗാവസ്ഥയെയാണ് കാണിക്കുന്നത് .
ബംഗാളിയായാലും ബീഹാറിയായാലും ഒഡിയ സംസാരിക്കുന്നവർ ആയാലും ആസാമിൽ നിന്നോ നാഗാലാൻഡിൽ നിന്നോ മണിപ്പൂരിൽ നിന്നോ വന്ന തൊഴിലാളികൾ ആദ്യമായും അവസാനമായും നമ്മെ ഓരോരുത്തരെയും പോലുള്ള മനുഷ്യരാണെന്നും നമ്മളെപ്പോലെ തുല്യ അവകാശങ്ങളും അഭിമാനവുമുള്ള മനുഷ്യരാണെന്ന് തിരിച്ചറിയുക . അതുകൊണ്ട് തന്നെ മണിക് റോയ് എന്ന മനുഷ്യനെ അടിച്ചു കൊന്നവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കുക

No comments: