Saturday, July 14, 2018

വിദ്യാർത്ഥി രാഷ്ട്രീയം ആർക്കു വേണ്ടി?

വിദ്യാർത്ഥി രാഷ്ട്രീയം വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിനും സാമൂഹിക പ്രതിബദ്ധതക്കും ഇടം നൽകുന്നുണ്ടോ അതോ ഒരു രാഷ്ട്രീയ പാർട്ടിക്ക് ലോയൽറ്റി നെറ്റവർക്കും ഏറാൻമൂളി നേതാക്കളെയുണ്ടാക്കാനുള്ള ഉപാധി മാത്രമാണോ എന്നതാണ് പ്രശ്നം.
ഇന്ന് കാമ്പസുകളിലുള്ള വിദ്യാർത്ഥി സംഘടനകൾ അതാത് രാഷ്‌ടീയ പാർട്ടികൾ വരുതിയിൽ നിർത്തി ഉപയോഗിക്കുന്ന റിക്രൂ റ്റിങ്‌ ഏജിൻസികൾ മാത്രമായിരിക്കുന്നു. 'രാഷ്ട്രീയം ' എന്നാൽ പലപ്പോഴും ഒരു പാർട്ടിയോടോ നേതാക്കളോടോ ഉള്ളക്ലാൻ കിൻഷിപ് ലോയൽറ്റി മാത്രമായി ചുരുങ്ങിയിരിക്കുന്നു. നേതാക്കളുടെയും സർക്കാർ /പാർട്ടി അധികാരത്തിന്റയും ഗുണഭോക്തക്കളുടെ മക്കൾ സുഖമായി സെല്ഫ് ഫൈനാന്സ്ഡ് കോളേജുകളിലും, കേരളത്തിന് വെളിയിലും വിദേശത്തുമൊക്കെ പഠിച്ചു 'പുരോഗമിച്ചു ' മൾട്ടി നാഷണൽ കമ്പിനികളിലോ, അല്ലെങ്കിൽ കോൺഗ്രസിലെ പോലെ നേരെ ഡയറക്റ്റ് എം എൽ ഏ യോ, എം പി ആയോ ഒക്കെ പരിണമിക്കും.. അടിക്കാനും അടികൊള്ളാനും പോസ്റ്റർ ഒറ്റയ്ക്കാനുമൊക്കെ വേറെ ആളുകളെ സാദാ കോളേജുകളിൽ നിന്ന് റിക്രൂട്ട് ചെയ്യും.
വിദ്യാർത്ഥികൾക്ക് സമൂഹത്തെ കുറിച്ചും രാഷ്ട്രത്തെകുറിച്ചും ലോകത്തെ പരിസ്ഥിതിയെ അനീതികളെ കുറിച്ചും രാഷ്ട്രീയ ബോധം ആവശ്യമാണ്. അതിന് കാമ്പസിലും വെളിയിലും പ്ലാറ്റുഫോമുകളും സംവാദങ്ങളും നേത്വ പരിശീലനവും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കാമ്പസ് തിരഞ്ഞെടുപ്പുകളും നല്ലതാണ്. എന്നാൽ ഇന്ന് രാഷ്ട്രീയ നേതാക്കളുടെയും പാർട്ടികളുടെയും ഏറാൻ മൂളികളായി വിദ്യാർത്ഥി സംഘടനകളെ ഉപയോഗിച്ചു അക്രമവു സമരവുമൊക്കെയുണ്ടാക്കി പാർട്ടിയിൽ ആളെകൂട്ടൽ ആയി ചുരുങ്ങുമ്പോഴാണ് അത് ഒരു ക്ലാൻ ലോയൽറ്റിക്കുവേണ്ടിയുള്ള ഉപാധിയാക്കി മാറ്റുന്നത്. ഇതിൽ പതിനായിരത്തിൽ ഒരുത്തനായിരിക്കും നേതാവ് ആകുന്നത്. ബാക്കി പലരും വഴിയിൽ കൊഴിഞ്ഞു പോകയോ കരിഞ്ഞു പോകയോ ചെയ്യും.
വിദ്യാർത്ഥി രാഷ്ട്രീയം ആവശ്യമാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ ഇപ്പോൾ ഉള്ള രാഷ്ട്രീയ പാർട്ടികളുടെ ഏറാൻ മൂളികളായി അവർ പറയുമ്പോൾ സമരം ചെയ്യാനും അക്രമത്തിൽ ഏര്പ്പെടാനും സിന്ദാബാദ് വിളിക്കാനും ലോയൽറ്റി ക്ലബും ഫുട് സോൾഡിയേഴ്സുമാകാൻ പോകുമ്പോൾ യഥാത്ഥ വിദ്യാർത്ഥി രാഷ്‌ടീയ വിദ്യാഭ്യാസത്തിന്റെ സാധ്യതകളാണ് മങ്ങുന്നത്.

No comments: