Sunday, May 1, 2016

കേരളത്തിലെ ഉന്നത വിദ്യാഭ്യാസo

ഇന്നത്തെ ചിന്താ വിഷയം കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചാണ്. ആദ്യമായി പറയാനുള്ളത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ഉന്നതമല്ല എന്ന പരസ്യമായ രഹസ്യമാണ്. ഇതിനെ കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത് ആ പരസ്യ വാചകമാണ് . " ചിലയിടത്തു പുക, ചിലയിടത്തു ചാരം ...ഈ നാടിന് ഇതെന്തു പറ്റി! .. വലിയ വില കൊടുക്കേണ്ടി വരും!!!". 

ഇടക്കിടക്കൊക്കെ എന്നെ പല കോളജുകളിലും സെമിനാറിന് വിളിക്കും. ഞാൻ പൂർണ സമയ വിദേശ വാസി ആയിരുന്നപ്പോൾ അവർ അതിനെ അന്താരാഷ്ട്ര സെമിനാർ എന്നൊക്കെ വിളിക്കും. എന്ത് അന്താരാഷ്ട്രമെന്നു ചോദിച്ചാൽ സാർ പങ്കെടുക്കുന്നുണ്ടല്ലോ എന്ന് ഒരു ചിരി പാസ്സാക്കും. എന്റെ പേരിനും ഉദ്യോഗപെരിനുംനൊപ്പം ബാങ്കോക് എന്നോ ന്യൂയോർക് ഓസ്ലോഎന്നോ ഒക്കെ ഒരു അന്താരാഷ്ട്ര ടച്ചിന് എഴുതി ചേർക്കും. പലയിടത്തും കൊട്ടും കുരവയുമായി വരവേൽക്കും. ഈ സെമിനാർ സർക്കസ്സുകൾ കോളേജ് അക്കറെഡിഷൻ എന്ന കടമ്പയുടെ ഭാഗമാണ് പലപ്പോഴും. കൂട്ടുകാരും ഇപ്പോൾ കോളജിൽ പഠിപ്പിക്കുന്നവരുമായാ സാറന്മാർ വിളിച്ചാൽ എങ്ങനെ പോകാതിരിക്കും? അവിടെ ഞാൻ കണ്ട കാര്യങ്ങൾ. ഒന്നാമതായി പഠിക്കുന്ന മിക്ക കുട്ടികൾക്കോ പഠിപ്പിക്കുന്ന മിക്ക സാറുമാർക്കോ സെമിനാറിന്റെ അക്കാഡമിക് കാര്യങ്ങളിൽ താൽപ്പര്യം വളരെ കുറവ്. ഒരു തയ്യാറെടുപ്പുമില്ലാതെ കുറെ പ്രസംഗക്കാരെ അവരുടെ ഗ്ലാമർ ( എന്ന് വച്ചാൽ ടി.വി പത്രം മുതലായവയിൽ സ്ഥിരം കാണണം) അനുസരിച്ചു വിളിച്ചു തട്ടികൂട്ടുന്ന ഒരു ഉപരിപ്ലവ പരിപാടി.ഒരിക്കൽ എന്നെ ക്ഷണിച്ച ഒരു കോളജ് സാർ ഉത്ഘാടനം(അവിടെ ലോക്കൽ പേജിൽ ഒരു പടം വരാൻ സാധ്യതയുണ്ട്) കഴിഞ്ഞയുടനെ എന്റെ ചെവിയിൽ പറഞ്ഞു പുള്ളിക്കാരൻ ഒരു കല്യാണ ഉറപ്പിന് പോകണമെന്ന്. എന്നെ നിർബന്ധിച്ചു വിളിച്ച കക്ഷി തന്നെ മുങ്ങി.പുള്ളി ഒരു രാഷ്ട്രീയ നേതാവായതിനാൽ നാട്ടിലെ സകലമാന കല്യാണവും അക്കാഡമിക് സെമിനാറിനെക്കാൾ വലിയതാണ്. അത്രക്കുണ്ട് സെമിനാറിനോടുള്ള പ്രതിബദ്ധത. സെമിനാറിൽ ഞാൻ സീരിയസ് ആയി വിഷയത്തെ അധികാരിച്ചു പ്രബന്ധം അവതരിപ്പിച്ചാൽ പണി പാളും. മിക്ക കുട്ടികളുംസുഖമായി ഉറങ്ങും. കാരണം അവർക്കു അക്കാഡമിക് വിഷയങ്ങൾ ഒക്കെ ഗ്രീക്കോ ലാറ്റിനോ പോലെയാണ്. അവർ ഗൈഡ് പുസ്തത്തിൽ കിട്ടുന്ന ചോദ്യ ഉത്തരങ്ങൾ കാണാതെ പഠിച്ചു ഉത്തരം കടലാസ്സിൽ പകർത്തി എഴുതി പരീക്ഷ പാസാകാൻ പഠിക്കുന്നവരാണ്. അത് അവരുടെ കുറ്റമല്ല. 

നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ താഴോട്ടുള്ള പോക്ക് തുടങ്ങുത് എങ്ങനെയെങ്കില് കുറെ മാർക്ക് മേടിച്ചു പരീക്ഷ എന്ന കടമ്പ കടക്കണമെന്നുള്ള മനഃസ്ഥിതിയിൽ നിന്നാണ്. ഇതിനു ചൂട്ടു പിടിച്ചു കൊടുക്കുന്നവരാണ് നമ്മുടെ കോളജ് അധ്യാപരിൽ മിക്കവരും കുട്ടികളുടെ മാതാ പിതാക്കളിൽ പലരും. ആയതിനാൽ അക്കാഡമിക് സെമിനാറുകളിൽ അക്കാദമിക്കല്ലാത്ത എല്ലാമുണ്ട്. മുടിയിൽ മുല്ലപ്പൂ ചൂടി സെറ്റുടുത് മങ്കമാർ. കൊട്ടും കുരവയും പിന്നെ ഇഷ്ട്ടം പോലെ ഫോട്ടോയും. മുഖ്യ പ്രസംഗത്തിൽ അക്കാഡമിക് കാര്യങ്ങൾ മേമ്പൊടിക്കു മാത്രം ചേർത്ത് ഒരു കഥാ പ്രസംഗവും അൽപ്പം തമാശയും ഒക്കെ കലർത്തി ഒരു കലാ പരിപാടി ആക്കിയാൽ പിള്ളേര് ഹാപ്പി സാറന്മാർക്കും സന്തോഷം. ഒരു സെമിനാറിന്റെ ഏറ്റവും വലിയ ഘടകം നല്ല ഒന്നാന്തരം ഓര്ഡര് ചെയ്ത സദ്യയായിർക്കും. സദ്യ ഉണ്ണാൻ കല്യാണത്തിന് പോയാൽ പ്പോരായോ; എന്തിനാ സെമിനാർ. സെമിനാർ കലാ പരിപാടി കണ്ടു മടുത്തതിനാൽ ഞാൻ ആ പരിപാടി നിർത്തി. ആർക്കും താല്പര്യമില്ലാത്ത കണ്ണിൽ പൊടിയിടാൻ തട്ടികൂട്ടുന്ന സെമിനാറുകൽ എന്താണ് പറയുന്നത്. കാര്യം നിസ്സാരം അല്ല. പ്രശനം ഗുരുതരമാണ്. 

നമ്മുടെ കോളജ് വിദ്യാഭ്യാസത്തിന്റെ നില വല്ലാത്ത പരിങ്ങലിൽ ആണ്. അങ്ങനെ കോളേജിൽ പഠിച്ചു വരുംന്നവരാണ് നമ്മുടെ സർവ്വകലാശാലയിൽ എത്തിപ്പെടുന്നത്. അവിടേയും വളരെ ചുരുക്കും പേരാണ് എന്തെങ്കിലും ഗഹനമായി പഠിക്കുന്നത് പഠിപ്പിക്കുന്നത്. അവിടെയും അക്കാഡമിക് വിദക്തർ അല്ല മറിച്ചു രാഷ്ട്രരെയാക്കാരും അവരുടെ ശിങ്കിടി സിന്ഡിക്കേറ്റും പിന്നെ ജാതി മത രാഷ്ട്രര്യ ആൾ ബലം കൊണ്ട് വൈസ് ചാൻസലർ ആയി കാറിൽ കയറി വിലസുന്ന വിദ്വാന്മാരും ആണ് ഉന്നത വിദ്യ ആഭാസം നടത്തുന്നത്.. കാര്യങ്ങൾ നിയന്ത്രിക്കുന്നത് അതാതു കാലത്തു ഭരിക്കുന്ന പാർട്ടികളുടെ ആശ്രിത വത്സന്മാരായ ഒരു ഉപജാപക സംഘം ആകുമ്പോൾ എന്ത് അക്കാഡമിക്സ് ! എന്ത് ഗവേഷണം.!! ഇതിന്റെ പരിണിത ഫലം എന്താണ്. 12ആം തരം കഴിഞ്ഞാൽ ഇവിടുത്തെ കോളജ് അധ്യാപകർ അടക്കം അവരുടെ കുട്ടികളെ വെളിയിൽ ഡല്ഹിയിലോ ചെന്നയിലോ ബാംഗ്ലൂരിലോ പൂനയിലോ ഹൈദ്രാബാദിലോ വിട്ടു പഠിപ്പിക്കും. പിന്നെ അവർ കേരളത്തിലോട്ടു തിരിച്ചു വരാനുള്ള സാധ്യത വിരളം. എന്റെകാര്യവും വ്യത്യസ്തമല്ല. ഞാൻ ഉപരിപഠനത്തിനു പൂന സർവ കലാശാലയിൽ പഠിക്കാൻ പോയില്ലയിരുന്നു എങ്കിൽ എന്റെ ഭാവി മറ്റൊന്ന് ആകുമായിരുന്നു. എന്റെ മകൻ മാത്രമല്ല ഇപ്പോൾ TISSൽ പഠിക്കുന്നത്. എന്റെ ഒട്ടുമിക്ക സുഹൃത്തുക്കളുടെയും കുട്ടികൾ കേരളത്തിന് വെളിയിലാണ് പഠിക്കുന്നത്. 

എന്ത് കൊണ്ടാണ് കോളജ് സർവ്വകലാശാല അദ്ധ്യാപകർ പോലും അവരുടെ കുട്ടികളെ നാട്ടിൽ നിന്നും വേഗം വണ്ടി കയറ്റി അയക്കുന്നത്. നമ്മുടെ നാട്ടിലെ മിടുക്കരായ ഒരു വിഭാഗം കുട്ടികൾ നാടും വീടും പിന്നെ രാജ്യവും വിടുമ്പോൾ കേരളത്തിന് സംഭവിക്കുന്ന ബുദ്ധി മോശം( cumilative brain drain) വളരെ വലുതാണ്. അത് നമ്മുടെ സമൂഹത്തയും സാമ്പത്തിക രംഗത്തെയും നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെയും സംസാകാരത്തെയും അക്കാദമിക രംഗത്തെയും കൂടുതൽ പരിതാപകരമാക്കും. പിന്നെ ഇവിടുണ്ടാകുന്നത് വയസ്സായി കൊണ്ടിരിക്കുന്ന ഒരു സമൂഹവും തട്ടി കൂട്ടു കാര്യം കാണൽ രാഷ്ട്രര്യവും വിദേശത്തു നിന്ന് വരുന്ന പൈസ കൊണ്ട് പിടിച്ചു നിൽക്കുന്ന സാമ്പിത്തിക് വ്യവസ്ഥയുമാണ്. ഇപ്പോൾ തന്നെ നാം ഒരു സാംസ്ക്കാരിക രാഷ്ട്രര്യ സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളം എങ്ങോട്ടാണ് വളരുന്നത് സാർ.? ആർക്കു വേണ്ടിയാണ് വളരുന്നത് സാർ ? എല്ലാം ശരി ആകുമെന്നു നിങ്ങൾ ഞങ്ങളെ പറഞ്ഞു പാട്ടിലാക്കല്ലേ സാർ ? കേരളം വഴിമുട്ടി നിൽക്കുന്നുവെന്ന് പറഞ്ഞു വർഗീയ ഫാസിസത്തിന്റെ വഴി തുറക്കാൻ നിങ്ങൾ കൂടി ഈ കേരളത്തെ കൂട്ടിചോറും ചോരക്കളവും ആക്കരുത് സങ്കി സാറന്മാരേ. കുറെ ഇടത്തു പുക.കുറെ ഇടത്തു ചാരം. ഈ നാടിനു ഇതെന്തു പറ്റി. ഇതിന് വലിയ കൊടുക്കേണ്ടി വരും കേരളം

No comments: