Tuesday, May 10, 2016

കേരളത്തിലെ പരിസ്ഥിതി

ഇന്നത്തെ ചിന്താ വിഷയ കേരളത്തിലെ പരിസ്ഥിതി ആണ്. ഏപ്രിൽ മാസത്തിലെ ചൂട് ക്രൂരം ആയിരുന്നു. മെയ് മാസത്തിലെ കാര്യം ഇതിലും കഷ്ട്ടം ആയിരിക്കും. കിണറുകൾ വറ്റുന്നു. പുഴയിൽ ഒഴുക്കില്ല. ചെടികൾ വാടി കരിയുന്നു. വാർത്തു വൃത്തിയാക്കിയ കോൺക്രീറ്റ് വീടുകളിൽ കിടന്നുറങ്ങാൻ പറ്റാത്ത ഉഷ്ണം. ഇതൊക്കോ കാണുമ്പൊൾ കടമ്മനിട്ട രാമകൃഷ്‌ണൻ സാറിന്റെ ശാന്ത എന്ന കവിത യാണ് ഓർമ്മ വരുന്നത്. ഞങ്ങളുടെ നാട്ടുകാരൻ കെ. ജി. ശങ്കര പിള്ള സാറ് കമ്പനാട്ടു കടമ്പില്ല എന്നൊരു കവിത എഴുതിയിട്ടുണ്ട്. പിന്നെ കൊച്ചിയിൽ വൃക്ഷങ്ങളെ ക്കുറിച്ചും. കാട് എവിടെ മക്കളെ മേടു എവിടെ മക്കളെ കാട്ടു പുല്തകിടിയുടെ കുളിരിവിടെ മക്കളെ എന്ന് അയ്യപ്പ പണിക്കർ സാറിന്റെ വരികൾ ഞങ്ങൾ ഒരു കാലത്തു പാടി നടന്നു. എന്താണ് ഈ നാടിനു സംഭവിച്ചത് ? . സർക്കാർ ആദ്യം കണ്ടം നികത്തി ബസ്റ്റാണ്ടും സർക്കാരോഫീസും മറ്റു സന്നാഹങ്ങളും ഒരുക്കി. ഒരു കാലത്തു അടൂരിൽ എം.സി റോടിന്റെ രണ്ടു ഭാഗത്തും നിലങ്ങൾ ആയിരുന്നു. നെൽകൃഷി ഉണ്ടായിരുന്ന. പുന്തല കുഞ്ഞൂട്ടിച്ചയായൻ ഉണ്ടായിരുന്ന നിലയത്തിന്റെ ഒരു ഭാഗം നികത്തി അടൂർ ടൂറിസ്റ്റ് ഹോം ഒക്കെ പണിതു അലക്‌സാണ്ടർ മുതലാളിയായി.എന്റെ ബാല്യകാലതു തല ഉയർത്തി നിൽക്കുന്ന അടൂർ ടൂറിസ്റ്റ് ഹോം ഒരു സംഭവമായിരുന്നു. കുറെ കഴിഞ്ഞപ്പോൾ അടൂർക്കാർക്കൊരു വിഷമം. ഞങ്ങൾക്ക് മാത്രം നല്ലൊരു ബസ് സ്റ്റേഷനില്ല. ഞങ്ങളുടെ നാടും വളരണ്ടേ? പുന്തല കുഞ്ഞൂട്ടിച്ചയാന്റെ ബാക്കിയുള്ള നിലം സർക്കാരിനെ കൊണ്ട് ഏറ്റടുപ്പിച്ചു നികത്തി നല്ല സുന്ദരൻ ഒരു ബസ് സ്‌റ്റേഷൻ പണിയിച്ചു എം.സി റോഡിലോടുന്ന ഫാസ്റ്റ് പാസഞ്ജറും സൂപ്പർ എക്സ്പ്രസ്സും ഒക്കെ നിർത്തിച്ചു അടൂരിനെ ഞങ്ങൾ വളർത്തി. ഇപ്പോൾ അടൂർ ഞങ്ങളുടെ അഭിമാനം ആണ്. ഒരിഞ്ചു കണ്ടം ഇല്ല. അതൊക്കെ നികത്തി ഞങ്ങൾ ബാർ ഹോട്ടലുകളും കടകളും പെട്രോൾ പാമ്പുകളും ആദ്യം പണിതു. പിന്നെ ബാക്കിയുള്ളത് നികത്തി നല്ല ഒന്നാതരം സ്വർണ കടകളും കല്യാണം നടത്താൻ എ.സി ഓഡിറ്റോറിയങ്ങളും പുതു പുത്തൻ ഷോപ്പിങ് മാളുകൾ എല്ലാം പണിതു അടൂർ പഞ്ചായത്തിനെ ഒരു സിറ്റി മിനിസിപ്പലിറ്റി ആക്കിയെടുത് പത്തനംതിട്ടി ജില്ലയിലെ നമ്പർ വൺ ടൗൺ ഒക്കെ ആക്കി എല്ലാം ശരിയാക്കി. ഇപ്പോൾ ഞങ്ങളുടെ അടൂരിൽ കിട്ടാത്ത സാധങ്ങൾ ഇല്ല. പിന്നെ ഒരു ചെറിയ പ്രശ്നമേ ഉള്ളു. കിണറ്റിൽ ഒന്നും വെള്ളം ഇല്ല. ദോഷം പറയരുതല്ലോ നല്ല അസ്സല് മിനറൽ വാട്ടർ കാശു കൊടുത്താൽ ആശാ ഫാന്സിയിൽ കിട്ടും. അടൂർ വളർന്നു. നാട് വളർന്നു. മന്ത്രിമാരും എം.ൽ.എ മാരും വളർന്നു. മന്ത്രിമാർ പഴയ വെള്ള അംബാസോഡറിൽ നിന്ന് പുതു പുത്തൻ ഇന്നോവയിൽ കേരളത്തെ മൊത്തം വളർത്തി വളർന്നു വലുതായി. എൺപതുകളിൽ നമ്മുടെ നികുതി പണം ഉപയോഗിച്ച് കുളങ്ങൾ കൂളായി നികത്തി. അങ്ങനെ തിരുവന്തപുരത് അമ്പലമുക്കിൽ ഉണ്ടായിരുന്ന വലിയ കുളം നികത്തി ഒരു ആറു നിലയിൽ ഒരു ജല ഭവൻ പണിതു. ഇപ്പോൾ ജലമില്ലങ്കിലിം ഭവൻ പ്രൊഡതയോടെ അമ്പലമുക്ക് മുട്ടട റോഡിൽ ഉണ്ട്. പഴമക്കാർ പറയുന്നത് പത്മനാഭ അമ്പലത്തിനു മുന്നിൽ എല്ലാം വലിയ പാട ശേഖരങ്ങൾ ആയിരുന്നു എന്ന്. നമ്മുടെ രാജ കേശവ ദാസൻ നേരത്തെ തന്നെ നികത്തി ചാല ചന്ത ചന്തമായി ഉണ്ടാക്കിയത് കൊണ്ട് തിരുവനന്തപുരം വളർന്നു ട്രിവാൻഡ്രം കോര്പക്ഷനായപ്പോൾ ചാല മാർക്കറ്റ് ആയി. ചുരുക്കത്തിൽ രാജ കേശവ് ദാസന്റെ കാലം മുതൽ വന്ന ഓരോ സർക്കാർമാണ് നിലം നികത്തുന്നതിനും കുന്നിടിക്കുന്നതിന് നേതൃത്വം നൽകിയതു. പിന്നെ നമ്മുടെ നാട്ടുകരോക്കെ ഗൾഫിലേക്ക് വണ്ടി കെട്ടി എണ്ണ പണം കൊണ്ട് വന്നപ്പോൾ നമ്മൾക്കു വീട് പണിയണം കട പണിയണം കള്ളു ഷാപ്പിൽ നിന്ന് മാറി എ സി ബാർ ഹോട്ടലിൽ ഇരുന്നു സ്‌കോച്ചാടിക്കണം. ഇതിനക്കെ സ്ഥലോം സൗകര്യോം വേണം. ഈ കൊച്ചു കേരളത്തിൽ എവിടെ ഇതിനൊക്കെ സ്ഥലം!!! എല്ലാരും സ്‌തലം വിട്ടപ്പോൾ കണ്ടം തരിശായി. പിന്നെ ആൾക്കാർ കണ്ടം വാങ്ങി കര വാങ്ങി. കുന്നും വാങ്ങി. കുന്നിടിച്ചു കണ്ടതിൽ തള്ളി. രണ്ടിടത്തും വീടും കടയും ബാർ ഹോട്ടലുകകളും പണിതു. ആൾക്കാർ കൂടുതൽ തിന്ന് വണ്ണം കൂട്ടി. പിന്നെ വണ്ണം കുറക്കാൻ എ.സി ജിമ്മിൽ ചേർന്ന്. കൂടുതൽ ബ്രാണ്ടിം വിസ്‌ക്കിം ഒക്കെ അടിച്ചു കരൾ വലുതാക്കി. പിന്നെ പ്രഷറായി ഷുഗരായി കോളസ്‌ട്രോളയി. ഇതിനൊക്കെ ചികൾസിക്കാൻ നമുക്ക് വേൾഡ് ക്‌ളാസ് ആശുപത്രി വേണം. സ്ഥലം എവിടെ? നമ്മൾ വീണ്ടും കുന്നിടിച്ചു. നിലം നികത്തി. ഒന്നാതാരം ആശുപത്രികൾ നാട്ടിലെങ്ങും തല ഉയർത്തി. പിന്നെ നമ്മൾക്ക് കൂടുതൽ സെൽഫ്- ഫൈനൻസ് കോളജുകൾ വേണം. സ്ഥലം എവിടെ ? വീണ്ടും വീണ്ടും കുന്നിടിച്ചു; നിലം നികത്തി. കെട്ടിടം പണിയാൻ മണൽ എല്ലാം വാരി പുഴയെ കുടുക്കി. പാറ ആയ പാറ ഒക്കെ പൊട്ടിച്ചു എം സാണ്ടാക്കി. മാവും പ്ലാവും വേപ്പും വട്ടയും ഒക്കെ വെട്ടി വിട്ടു നമ്മൾ റബർ വെച്ചു. ഈ ഇടക്ക് ഐ.എ.സു കാരനാകാൻ പഠിക്കുന്ന മിടുക്കൻ ഒരു പയ്യനോട് കേരളത്തിൽ പത്തു മരങ്ങളുടെ പേര് പറയാൻ പറഞ്ഞു. അവൻ പറഞ്ഞു: റബർ, തെങ്ങു, പിന്നെ ഒന്നൂടെ ആലോചിച്ചു പറഞ്ഞു മാവ്. ആൽ.തേക്ക് മരം.പിന്നെ ഉത്തരം മുട്ടികാഞ്ഞിരമോ വഴനയോ പൂവർശോ, വെപ്പോ, ആഞ്ഞിലിയോ പ്ലാവോ നെല്ലിയോ കൊന്നയോ കടമ്പോ ഒന്നും കണ്ടിട്ടില്ല.കടമ്പനാട് കടമ്പില്ല. കൊച്ചിയിൽ കെ.ജി ശങ്കര പിള്ള കണ്ട വൃക്ഷങ്ങൾ പണ്ടേ പോയി. പിന്നെ നമുക്ക് പുതു പുത്തൻ മെട്രോ വേണം. ഇതൊന്നും ഇല്ലെങ്കിൽ എന്തോന്ന് വികസനം സാർ !!. ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിൽ ഉളളത് പോകുവാനും പാടില്ല എന്നാണ് മലയാളിയുടെ ഒരു ഇത്. ഇവിടെ ഇടതും വലതും നമ്മൾ എല്ലാർവരും കൂടി ആണ് ഈ പണിയൊക്കെ ഒപ്പിച്ചത് . അല്ലെങ്കിൽ 1980 മുതൽ ഉള്ള ഒരു കണക്കെടുത്തെ നോക്കു. നാട് ഓടുമ്പോൾ നടുവേ ഓടി നമ്മൾ മിടുക്കാരാകുകയാണ്. തിരഞ്ഞെടുപ്പ് കാലത്തു നമുക്ക് പരസ്പരം പഴിചാരി വോട്ടു തെണ്ടാം. പലതും കണ്ടില്ലെന്നു നടിക്കാം. നമുക്ക് ഈ നാടിനു വേണ്ടി കരയാൻ പോലും കണ്ണീരില്ലാത്ത അവസ്ഥ ആണുള്ളത്. വറ ചൂടിൽ നമുക്ക് തെളി വെള്ളത്തെ സ്വപ്നം കണ്ടു വീണ്ടും വോട്ടു ചെയ്യാം. കേരളം വളരുകയാണ്. എല്ലാം ശരി ആകുമെന്ന് എല്ലാരും പറയുന്നു. എവിടെ ശരി ആകാൻ? എന്ത് ശരി ആകാൻ? എങ്ങനെ ശരിആകാൻ? ആരു ശരി ആക്കാൻ?!!!

No comments: