ഇന്നത്തെ ചിന്താ വിഷയം സുന്ദരന്മാരെ കുറിച്ചും സുന്ദരികളെ കുറിച്ചും ആണ്. ഇപ്പോൾ കേരളത്തിൽ തിരഞ്ഞെടുപ്പിന് സീറ്റു കിട്ടണമെങ്കിൽ കുറച്ചു ഗ്ലാമറും മുഖ കാന്തിയും ഒക്കെ വേണം. കേരളത്തിൽ റോഡുകളിൽ സഞ്ചരിച്ചാൽ ഇവിടെ നടക്കുന്നത് ഒരു സൗന്ദര്യ മത്സരം ആണോന്നു തോന്നു. ഫ്ളക്സാഅയ ഫ്ലെക്സിലെല്ലാം നമ്മുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥികൾ എല്ലാം കുളിച്ചു പൗഡറിട്ടു മുടിയൊക്കെ പെയിന്റടിച്ച സുന്ദര കുട്ടപ്പന്മാരായി കുട്ടപ്പികളായി പല പോസുകളിൽ നിന്ന് ചിരിക്കുകയും നമ്മെ ചിരിപ്പികയും ചെയ്യും. ഞാൻ ഇന്നലെ ആറന്മുള മണ്ഡലത്തിലൂടെ പോയപ്പോൾ സഖാവ് വീണാ ജോർജിന്റെ സുന്ദര മുഖം മുക്കിലും മൂലയിലും ഒക്കെ നിന്ന് പല പോസുകളിൽ നിന്ന് ചിരിക്കുന്നു. ഫോട്ടോ കണ്ടാൽ തോന്നും ഒരു ഇരുപത്തഞ്ചു വയസ്സായിരിക്കും എന്ന് ശിവ ദാസൻ നായര് സാറും ഫ്ലെക്സിൽ കൂടുതൽ സുന്ദരനും കൂടുതൽ ചെറുപ്പകാരനും ആയിരിക്കുന്നു. ഫോട്ടോ ഷോപ്പും ഫ്ലെക്സും ഇല്ലങ്കിൽ എന്തോന്ന് തിരഞ്ഞെടുപ്പ്. എന്റെ കൊചു മഞ്ഞാലി മുക്കിൽ പോലും ഒരു മുപ്പതു ഫ്ലെക്സുകളിൽ നിന്ന് പുഞ്ചിരിച്ചു സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന മൂന്ന് സുന്ദരന്മാരുണ്ടു. ഈ ഫ്ലക്സ് കണ്ടു പിടിച്ചില്ലരുന്നേൽ നമ്മുടെ നേതാക്കളുടെ ഒക്കെ ഗതി എന്താകുമായിരുന്നു? ഫ്ലെക്സില്ലാത്ത ഒരു രാഷ്ടീയവും ഒരു രാഷ്ട്രീയക്കാരനും ഇല്ലാത്ത അവസ്ഥയിൽ ആയിട്ടുണ്ട് കാര്യങ്ങൾ. എല്ലാ പാർട്ടി അണ്ണൻ മാരും പരിസ്ഥിതിയെ കുറിച്ച് വലിയ വായിൽ പ്രസംഗിക്കും മാനിഫേസ്റ്റോയിൽ എഴുതി കൂട്ടും.. പിന്നെ ടൻ കണക്കിനു ഫ്ളക്സടിച്ചു നാട് മുടിക്കും. ചില നേതാക്കളുടെ ഫ്ലെക്സ് പുഞ്ചരി കണ്ടാൽ തോന്നും അവരുടെ ഫോട്ടോ ഒരു ഇരുപതു കൊല്ലം മുമ്പ് എടുത്തതാണെന്നു. പരിസ്ഥിതി പരിസ്ഥിതി എന്ന് നാഴികക്ക് നാൽപതു വെട്ടം പറഞ്ഞിട്ടും ലക്ഷ കണക്കിന് ഫ്ലക്സ് കോടി കണക്കിന് രൂപ മുടക്കി അടിച്ചു പരിസ്ഥിതിയെ കൊല്ലാൻ പാർട്ടി ഭേദമെന്യേ ഒരുത്തനും ഒരു ഉളുപ്പുമില്ല. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമില്ലാതെ ആകുമ്പോഴാണ് "ഇവനെല്ലാം കണക്കാ " എന്ന ഒരു വിലയിരുത്തൽ നാട്ടുകാർ നടത്തുന്നതു..എനിക്ക് തോന്നുന്ന കേരളത്തിലും ഏറ്റവും വിൽക്കുന്ന സാധനങ്ങളിൽ ഒന്ന് ഹെയർ ഡൈ ആയിരിക്കണം. നമ്മുട ചില രാഷ്ട്രീയ നേതാക്കളേ കണ്ടാൽ നിത്യ യൗവനം ആണെന്നു തോന്നും. നമ്മുടെ ആദർശ ധീരരായ നേതാക്കളുടെ മുടിയും മീശയും കണ്ടാൽ "എന്തൊരു കറുപ്പ്' എന്ന് മനസ്സിൽ പറയും. അങ്ങനെ അങ്ങനെ തലമുടി പെയിന്റൊക്കെ അടിച്ചു കൂടുതൽ ചെറുപ്പവും സുന്ദരവും ഒക്കെ ആകുന്നത് നമ്മുടെ മൗലീക അവകാശം ആണ്. അങ്ങനയുള്ളപ്പോൾ നമ്മുടെ പ്രയങ്കരായ സ്ഥാനർത്ഥികളായിട്ടു എന്തിന് കുറക്കണം. പാർട്ടിയിൽ അധികം സുന്ദരന്മാരും സുന്ദരിമാരും ഇല്ലങ്കിൽ നമ്മൾ കുറെ പേരെ സിനിമയിൽ നിന്നും മാധ്യമ.ലോകത്തു നിന്നും വാടകക്ക് എടുത്തു സൗന്ദര്യ മത്സരത്തിൽ നിറുത്തി ജയിപ്പിക്കാൻ പഠിച്ച പതിനെട്ടു അടവും പുറത്തെടുക്കും. എന്തായാലും നമ്മുടെ നിയമ സഭയിൽ കൂടുതൽ സുന്ദരരും സുന്ദരികളും കയറി നമുക്ക് വേണ്ടി എല്ലാം ശരി ആക്കും എന്ന് പ്രത്യാശിക്കാം. പിന്നെ ഇവരൊക്കെ ചത്ത് മണ്ണാടിഞ്ഞാലും അവരുടെ തിരു ശേഷിപ്പുകളായി ഫ്ലെക്സ് കൂട്ടങ്ങൾ ഭൂമിയിൽ നിന്ന് കൂട്ടത്തോടെ നില വിളിക്കും.
No comments:
Post a Comment