Sunday, May 1, 2016

കേരളത്തിലെ പൊതു വിദ്യാഭ്യാസo

ഇന്നത്തെ ചിന്താ വിഷയം കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ കുറിച്ചാണ്. കേരള നാട്ടിൽ മനുഷ്യരുടെ മനസ്സിനെ തൊട്ട് ഉണർത്തി വിദ്യയുടെ വിത്ത് പാകി സർഗാത്മകതയുടെ ക്രിയാത്മകതെയുടെയും ഒരു വസന്തത്തിന് ഇട നൽകിയത് പൊതു വിദ്യാഭാസമാണ്. ഏതാണ്ട് നൂറു കൊല്ലം മുമ്പ് നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഉയർന്നു വന്ന പള്ളികൂടങ്ങളും അറുപതു കൊല്ലം മുമ്പേ ഉയർന്നു വന്ന വായനശാലകളും ആണ് കേരളത്തിൽ ഉണ്ടായ വിപ്ലവകരമായ രണ്ടു കാര്യങ്ങൾ. മൂന്നാമത്തെ മാറ്റത്തിന്റെ മാറ്റു പണ്ട് കുഗ്രാമങ്ങളിൽ കണ്ടിരുന്ന എ.എൻ. എം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഓക്സിലറി നേഴ്‌സിങ് മിഡ്‌വൈഫ് മാരാണ്. പൊതു വിദ്യാഭ്യാസത്തിൽ കൂടിയും വായന ശാലകളിൽ കൂടിയുമാണ് നമ്മുടെ ആൾക്കാർ എഴുതാനും വായിക്കാനും ചിന്തിക്കാനും പത്ര പ്രവർത്തനം നടത്താനും ഒക്കെ പഠിച്ചത്. കേരളത്തിൽ ഒരു നൂറു കൊല്ലം മുമ്പ് പത്ര പ്രവർത്തനം ഒരു സർഗ സാമൂഹിക സാംസ്‌കാരിക രാഷ്ട്രര്യമായിരുന്നു. കേരളം വളർന്നു കയറിയത് തെങ്ങിൻ തോപ്പുകളിൽ കൂടിയും നെല്ല് നിറഞ്ഞു നിന്ന് ചിരിച്ച വയൽ ഏലകളെ കണ്ടും നിറഞ്ഞൊഴുകുന്ന ആറ്റിലും കുളത്തിലും തോട്ടിലുമൊക്കെ നീന്തൽ പഠിച്ചും ആശാൻ പള്ളിക്കൂടത്തിൽ എഴുത്തും കണക്കും പഠിച്ചും വായന ശാലകളിൽ പ്പോയി പത്രവും പുസ്തകം ഒക്കെ വായിച്ചാണ്. ഞാനും എന്നെ പ്പോലെ ഒരുപാട് പേരും ഒക്കെ വളർന്നു വലുതായത് അങ്ങനെ യാണ്. 

എന്റ കഥ കേരളത്തിലെ മൂന്ന് തലമുറയുടെ കഥ ആയതിനാൽ ഞാനൊരു കഥ പറയാം. എന്റെ നാട് അടൂരിനടുത്തുള്ള തുവയൂർ എന്ന ഒരു കൊച്ചു നാട്ടിൻപുറമാണ്. നാല് നാട്ടു വഴികൾ വന്നു ചേരുന്ന ഒരു മുക്കും. അപ്പോഴും ഇപ്പോഴും എന്റെ വിഹാര കേന്ദ്രവുമായ മഞ്ഞാലി മുക്കിൽ പൊതു വിദ്യാഭാസത്തിനുള്ള അത്യാവശ്യം ചുറ്റുപാടൊക്കെ ഉണ്ട്. വട്ടു സോഡയും ബീഡിയും നാരങ്ങ വെള്ളവും പാളയംകോടാൻ പഴവും ഗ്യാസ് മുട്ടായിയും സ്ലേറ്റ് പെൻസിലും വിക്കുന്ന ഒരു മാടക്കടയും അതിന്റെ മോലാളിയും പിന്നെ ദോശേം പുട്ടും കടലേം ബോലീം ബോൺടെം ബണ്ണും അസ്സല് ചായേം കിട്ടിയിരുന്ന ചന്ദ്രൻ മോലാളീടെ കാപ്പി കടേം, ദുനിയവിലുള്ള പല ചരക്കുകളും ഉപ്പു തൊട്ടു കർപ്പൂരം വരെ വിറ്റിരുന്ന തങ്കപ്പൻ മോലാളീടെ ഒരു ചിന്ന സൂപ്പറ് മാർക്കറ്റും , തലമുടി വെട്ടാനും മീശ വടിക്കാനും ഒക്കെ നല്ല സൗകര്യമുള്ള സോമന്റെ മാടക്കടയും , രാഘവൻ മുതലാളിയുടെ സദാനന്ദ പുരം വൈദ്യശാലുംമുണ്ടായിരുന്നു. മെമ്പർ പൊടിയൻ സഖാവിന്റെ തലമുടി വെട്ടു തന്നെ ഒരു രാഷ്ട്രര്യ പ്രവർത്തനം ആക്കിയ ഒരു മഹത്തായ സമൂഹിക സ്ഥാപനവും ഉണ്ടായിരുന്നു. അവിടെ തലമുടി വെട്ടി സുന്ദരനാകുന്ന സന്തോഷത്തിനിടയിലാണ് ഞാൻ തലമുടി വെട്ടാതെ താടി വാഴ്ത്തിയ മാർക്‌സമ്മാവനെയും ഊശാന് താടി ലെനിൻ സാറിനെയും ക്ളീൻ ഷേവ് കൃഷ്‌ണപിള്ള സഖാവിനെയും , സുന്ദര സുമുഖനായ എ. കെ. ജി യെയും കണ്ണാടിക്കാരനായ ഇ.എം എസ. സാറിനെ കുമ്മായം മങ്ങിയ ചുവരിൽ കണ്ടറിയുന്നത്. ഇങ്ങനെ ഒക്കയുള്ള ഞങ്ങളുടെ മഞ്ഞാലി മാർക്കറ്റിലാണ് പത്തു വയസ്സ് മുതൽ ഞാൻ ഒരു സാമൂഹിക സാമ്പത്തിക സാംസ്‌കാരിക വായി നോക്കിയായി ( ടി.വി ക്കാർ നിരീക്ഷകൻ എന്ന് പറയുന്ന) തുടങ്ങിയതു. പറങ്കി അണ്ടി പറിച്ചു കള്ളക്കടത്തു നടത്തിയും അന്തി ചന്തയിൽ ആന മയിൽ ഒട്ടകം എന്നാ ലോക്കൽ കാസിനോയിൽ കളിച്ചും ആണ് ഞാൻ റിസ്ക് മാനേജ്മെന്റും മണി ഇക്കോണമിയും ഒക്കെ പഠിച്ചത്. ഞങ്ങൾ പിള്ളേർക്ക് ലോക്കൽ ബാര് മുതലാളിയും എല്ലാവരുടെയും പേടി സ്വപ്നവുമായിരുന്ന കാര്യാടി പ്രഭാകരന്റെ കള്ളു ഷാപ്പിൽ പ്രവേശനം ഇല്ലാതിതിരുന്നതിനാൽ കള്ളു കുടി ഒഴിച്ച് മറ്റെല്ലാ പൊതു വിദ്യാഭാസവും ജീവിത അഭ്യാസങ്ങളും ആ മഞ്ഞാലി മുക്കിൽ നിന്നാണ് പഠിച്ചു തുടങ്ങിയത്. 
അത്യാവശ്യം മുഴുത്ത ചീത്ത പറയാനും. എന്താടാ എന്ന് ചോദിച്ചാൽ ഏതട എന്ന് പറയാനും, പോടാ പുല്ലേ എന്ന് പറയാനുള്ള ധൈര്യവും, വേണേൽ രണ്ടടി കൊടുക്കാനുള്ള തന്റേടവും നാട്ടിൽ പുറത്തെ നാട്ടാരങ്ങിൽ നിരങ്ങി പഠിച്ചതാണ്. എന്റെ നാട്ടിലെ തുവയൂർ ഗവൺമെന്റ് എൽ. പി സ്കൂൾ നൂറിന്റെ നിറവിലാണ്. അവിടെ നാലാം കളാസ്സിൽ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്തത് മുതലാണ് നേതൃത്വത്തിന്റെ ബാല പാഠം പഠിക്കുവാനും പ്രധാന മന്ത്രി പദം നല്ല സ്കോപ്പുള്ള ഒരു തൊഴിലാണെന്നും അറിഞ്ഞു തുടങ്ങിയത്. അന്ന് തൊട്ടു തുടങ്ങിയതാണു പ്രസംഗം. പിന്നങ്ങോട്ടു മത്സരിച്ച ഇടത്തൊക്കെ സമ്മാനോം കൊണ്ടേ വീട്ടിൽ തിരിച്ചു വന്നിട്ടുള്ളു. എന്റെ വീടിന്റെ തൊടുത്തുള്ള സത്യവാൻ സ്മാരക വായന ശാല യായിരുന്നു എന്റെ ആദ്യ സർവകലാശാല. മൗട്ടത് തറവാട്ടിലെ അടൂർ ഗോപാല കൃഷ്‌ണൻ എന്ന ലോക പ്രശസ്ത സിനിമ സവിധായൻ വായിച്ചു തുടങ്ങിയതും അവിടെത്തന്നെ . അവിടെ നിന്നാണ് ഒരു ലോക്കൽ പയ്യൻ വായിച്ചു വായിച്ചു സ്വപ്നം കാണാൻ പഠിച്ചതും. പാതിരാ സൂര്യന്റെ നാട്ടിൽ വായിച്ചിട്ട്, ഒരു ദേശത്തിന്റെ കഥയും കാപ്പിരികളുടെ നാട്ടിലും ഒക്കെ വായിച്ചു എന്റെ മനോരാജ്യങ്ങൾ ലോകം മുട്ടെ വളരാൻ തുടങ്ങിയതും ലോകമൊട്ടു കറങ്ങി തിരിഞ്ഞു എല്ലാം നോക്കി നടക്കണമെന്ന് മോഹമുദിച്ചതു് ആ കൊച്ചു വായന ശാലയിൽ തന്നെ. കംമ്മ്യൂണിസ്റ് മാനിഫെസ്റ്റോ ആറാം കളാസ്സിലും എന്റെ സത്യാന്വേഷണ പരീക്ഷകൾ ഏഴാം കളാസ്സിലും ഡോസ്റ്റയോവ്‌സ്കിയും ടോൾസ്ടോയിയും മാക്സിമം ഗോർക്കിയു ചെക്കോവും വിക്ടർ ഹ്യൂഗോയും എട്ടാം കളാസ്സിലും വായിച്ചതു ഞങ്ങളുടെ സ്വന്തം വയനാശാലയിലാണ്. നിക്സന്റെ വാട്ടർ ഗേറ്റും ജയ പ്രകാശ് നാരായന്റെ സമരങ്ങളും അറിയുന്നതും അടിയന്തര അവസ്ഥയെ എതിർക്കുവാൻ തീരുമാനിക്കുന്നതും വായന ശാലയിൽ നിന്ന് മലയാളത്തിലെ അഞ്ചു പത്രങ്ങൾ ദിവസേന വായിച്ചാണ്.അങ്ങനെയാണ് 1977 എൽ നാട് നെടുകെ അടിയെന്താരാവസ്ഥ അറബി കടലിൽ എന്ന് പറഞ്ഞു ജീപ്പിന്റെ മുകളിൽ കയറി മയിക്കു വെച്ച ഇടതു പക്ഷ മുന്നണി സ്ഥാനാർത്ഥി ക്കു വേണ്ടി പ്രചാരണം നടത്തി പ്രീ ടീനേജിൽ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പഠിച്ചത്. 

ഞാൻ സോഷ്യലത്തെ കുറിച്ചും ജനായ്യാത്തതെ കുറിച്ചും പഠിച്ചത് വട്ട ഇലകളിൽ കൂടെയാണ്. എല്ലാദിവസവും പ്രൈമറി സ്‌കൂളിൽ പോകുമ്പോൾ രഹസ്യമായി മുന്ന് വട്ടയില ഈർക്കിൽ ഉപയോഗിച്ചു തുന്നി പിടിപ്പിച്ചു പുസ്തത്തിനുള്ളിൽ ഒളിപ്പിച്ചു. രാവിലെ പതിനൊന്നര ആകുമ്പോൾ അമേരിക്കൻ കോതമ്പു എണ്ണ ഒഴിച്ച് കടു വറക്കുന്നതിന്റെ മണം വരുമ്പോൾ വായിൽ കൂടി കപ്പലോടാൻ തുടങ്ങും.ഉച്ചക്ക് കിട്ടിയിരുന്ന ഈ സാമൂഹിക ഭക്ഷണത്തിൽ എന്റെ കൂട്ടുകാര്മോത്തിരുന്നു രുചിയോട് ശാപ്പിട്ടു കൊണ്ടാണ് ഞാൻ സാമൂഹിക പാഠങ്ങൾ പഠിക്കുവാൻ തുടങ്ങിയതു. നാനാ ജാതി മതസ്ഥ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കുന്നിടത്തു ഒരു രാഷ്ട്രര്യമുണ്ട്. അങ്ങനെ ഒരു വട്ടയില വിപ്ലവത്തിൽ കൂടിയാണ് ഞാൻ ജൈവ രാഷ്ട്രര്യത്തെ മനസ്സിലാക്കി തുടങ്ങിയത്. ഉച്ച കഴിഞ്ഞു ഞങ്ങളുടെ സ്‌കൂളിന്റെ പുറകിലെ കാവിലെ മരങ്ങൾ കയറി ഇറങ്ങിയും കാവിലെ കുളത്തിൽ കൂട്ടുകാരുമായി കൂകി തിമർത്തും ആണ് ഞാൻ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങിയത്. 

പൊതു വിദ്യാഭ്യാസം തുടങ്ങുത് പൊതുവായ ഇടങ്ങളിലും പൊതുവായ കൂട്ടായ്മയിലുമാണ്. പൊതു വിദ്യാഭ്യാസം ഒരു സാംസ്കാരിക സാമൂഹ്യ സഞ്ജയമാണു. നമുക്ക് പൊതു ഇടങ്ങൾ നഷ്ടമാകുമ്പോൾ പൊതു കൂട്ടായ്മകൾ കളഞ്ഞു പോകുമ്പോൾ പൊതു വിദ്യാലങ്ങലെ തട്ടി ഉടച്ചു മൊബിലിറ്റി ഹബ്ബും ഫ്ലൈ ഓവറും പണിയുമ്പോൾ നാം ഇരിക്കുന്ന കമ്പ് മുറിക്കുകയാണ്. നമ്മുടെ നാടും വീടും റോഡും സ്‌കൂളും ജീവിതവും സ്വകര്യവൽക്കാരിക്കപ്പെടുമ്പോൾ നമ്മളിൽ നിന്ന് കവിതയുടെ നാമ്പുകളും കരുണയുടെ കരുതലും കൂട്ടുള്ള കൂട്ടായ്മയും സ്നേഹസ്വരങ്ങലും മണ്ണിന്റെ മണവും മനുഷ്യന്റെ നന്മയും നാട് നീങ്ങി പോകും. പിന്നെ നാം പാടാനും പറക്കാനുമാകാതെ കൂട്ടിൽ അകപ്പെട്ട കിളികളാകും. എന്നിൽ എന്തെങ്കിലും നന്മ ഉണ്ടെങ്കിൽ അത് നാട്ടു വഴികളിൽ നിന്നും നാട്ടു കാരിൽ നിന്നും നാട്ടു മുക്കിൽ നിന്നും നാട്ടു മാവിൽ നിന്നു ഉള്ളിൽ കയറി തൊട്ട സ്നേഹമാണ്. എന്റെ 25 കൊല്ല വിദ്യാഭ്യാസം തുടങ്ങിയതി നിലത്തു എഴുത്തു കുടി പള്ളിക്കൂടം എന്ന പൊതു കൂട്ടായ്മയിൽ ആണ്. അവിടെ തൊട്ടു പി. എച്ച്. ഡീ ഗവേഷണം ഉൾപ്പെടെ പൊതു വിദ്യാലയങ്ങളിലും പൊതു സർവ കലാശാലകളിലും മാത്രമാണ് പഠിച്ചത്.പഠിച്ചത് മുഴുവൻ നാട്ടാരുടെ ചിലവിൽ നികുതി പണം കൊണ്ട്. ഇതൊക്കെ കഴിഞ്ഞു ലോകമെമ്പാടുമുള്ള സർവ കലാശാലകിളിൽ പ്രസംഗിക്കുമ്പോഴോ പഠിപ്പിക്കുമ്പോഴോ യു. എന്നിൽ ചർച്ചയിൽ പങ്കെടുക്കുമ്പോഴോ രാഷ്ട്ര തലവരുമായി അത്താഴം ഉണ്ണുമ്പോഴും എനിക്ക് തുണ എന്റെ നാട്ടിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും പഠിച്ച പാഠങ്ങളാണ്. ഞാൻ മലയാളത്തിൽ പഠിച്ചു പാടി, ചീത്ത പറഞ്ഞു, പ്രാർത്ഥിച്ചു സ്‌നേഹിച്ചു പഠിച്ചെങ്കിലും ഇംഗ്ളീഷ് ഭാഷയിൽഒരു കുറവും ഉണ്ടായില്ല. മാത്രമല്ല കഴിഞ്ഞ മുപ്പതു കൊല്ലകാലം പുസ്തകോം പ്രബന്ധങ്ങളും എഴുതിയതു ഇംഗ്ളീഷിൽ .ഞാൻ അവസാനമായി മലയാളത്തിൽ എഴുതിയത് മാതൃഭൂമി വാരികയിൽ 1992ൽ ചോംസ്കിയുടെ ദർശനത്തെ കുറിച്ചും രാഷ്ട്രര്യത്തെകുറിചുമാണ് അതിനു ശേഷം മലയാളത്തിൽ പ്രസിദ്ധീകരിച്ചത് എല്ലാം ആരേലും ഞാൻ ഇന്ഗ്ലീഷിൽ എഴുതിയത് പരിഭാഷ പെടുത്തിയതാണ്.. ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞു വീണ്ടും നാലുനാട്ടുകാർക്ക് മനസ്സിലാവാൻ വേണ്ടി മലയാളത്തിൽ എഴുതി തുടങ്ങുന്നത് നിലത്തെഴുതി പഠിച്ച മണ്ണിന്റെ മണവും അമ്മയുടെ മുലപാലിന്റെ രുചിയും മനസ്സിൽ ഉള്ളത് കൊണ്ടാണ്. ഇതു എന്റെ കഥ മാത്രമല്ല ഒരു തലമുറയുടെ കഥ ആണ്.

No comments: