Sunday, May 15, 2016

ഭാഷ എങ്ങനെയൊക്കെ ആണ് ഇങ്ങനയൊക്കെ ആയതു ?

ഇന്നത്തെ ചിന്താ വിഷയം മലയാള ഭാഷ എങ്ങനെയൊക്കെ ആണ് ഇങ്ങനയൊക്കെ ആയതു എന്നതിനെ കുറിച്ചാണ്. ആദ്യമായ് ചോദിക്കേണ്ട ചോദ്യം ഒരു ഭാഷയെ എങ്ങനെ ആണ് അടയാളപെടുത്തുന്നത് എന്നതാണ്. 

വാമൊഴി വരമൊഴി ആകുന്നതും. വരമൊഴി ചിട്ടപെടുത്തി വ്യാകരണവും നിഘണ്ടുവും ഒക്കയാക്കി ഒരു ചട്ടക്കൂട്ടിൽ ആക്കി ഒരു വ്യവസ്ഥാപിത ഭാഷ ആക്കുന്ന പ്രക്രിയ ഒരു അധികാര രാഷ്ട്രീയ പ്രക്രിയയാണ്. കാരണം ചട്ടക്കൂട്ടിൽ ആക്കി ഒരു ഭാഷ വ്യവസ്ഥ ആയാൽ(standardization of language)അതിനു വെളിയിൽ ഉള്ള വാമൊഴികളെ പതുക്കെ പതുക്കെ വക വരുത്തും. കാരണം വ്യവസ്ഥാപിത ഭാഷയിൽ പുസ്തകങ്ങളും പാഠ പുസ്തകങ്ങളും വ്യാകരണ പുസ്തങ്ങളും പിന്നെ അധ്യാപനവും അദ്ധ്യാപകരും ഉണ്ടാകുപോൾ ഭാഷയുടെ അതിർ വരമ്പുകൾ കെട്ടി കെട്ടി അതിനുള്ളിൽ ഉള്ളത് എല്ലാം ശരി വച്ചും ആ അതിരിന് അപ്പുറത്തുള്ള വാ മൊഴിയും മറ്റും തരം താഴ്ത്തി രണ്ടാം തരവും മൂന്നാം തരവും നാട്ടു മൊഴി (dialects) ആയി തരം തിരിച്ചു മനുഷ്യന്റെ വിലയും നിലയും ഭാഷ പ്രയോഗത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുവാനും പിന്നെ മനുഷ്യനെ വേര്തിരിക്കാനും ഇട നൽകി. അങ്ങനെയാണ് ശരിയായ ഭാഷയും തെറ്റായ ഭാഷയും ഉണ്ടാക്കപ്പെട്ടത്. 

അങ്ങനെ ആണ് നല്ല ഭാഷയും മോശ ഭാഷയും ഉണ്ടായി തുടങ്ങിയത്. അങ്ങനെ യാണ് നല്ല വിലയും നിലയും ഉള്ള ആൾക്കാർ നല്ല ഭാഷ പ്രയോഗിച്ചു തുടങ്ങിയത്. അങ്ങനെ ആണ് ശരിയായ ആൾക്കാർ ശരി ഭാഷ പറയുമെന്നും. മോശമായ ഭാഷ പറയുന്നവർ ശരി അല്ലെന്നും ഉള്ള പൊതു ധാരണയും ( common sense) പിന്നെ പൊതു ബോധവും ഉണ്ടായതു. ഇതിനു അപ്പുറം തറ ഭാഷ പറയുന്നവരും തെറി പറയുന്നവരും എന്നൊക്കെ ഭാഷ വ്യവസ്ഥിതി നമ്മളിൽ നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിൽ കുടിയേറി ഭാഷ പ്രയോഗത്തിന്റെ ഒരു 'സദാചാര' ബോധ വരമ്പുകൾ നമ്മൾ വളരുന്നതോടൊപ്പം വളർന്നു വരുന്നു. 

എല്ലാ അധികാര സ്വരൂപങ്ങളും ഭാഷയുടെ വ്യവസ്ഥാപന ഭരണത്തിൽ കൂടെയാണ് മനുഷ്യനെ പ്രജകകൾ ആക്കുന്നത്. ഭാഷയുടെ അതിര് വരമ്പുകളിലൂടെ ജാതി തിരിച്ചും പിന്നെ വേര്തിരിച്ചും ആണ് ലോകത്തു എല്ലാ അധികാര സ്വരൂപങ്ങളും സ്ഥാപനവത്കരിക്കപ്പെട്ടതു. അതുകൊണ്ടു തന്നെയാണ് ഭാഷയുടെ വ്യാകരണവും അധികാരത്തിന്റെ വ്യാകരണവും സ്ഥാപനവത്കരിക്കപ്പെട്ട ഭരണ ചട്ടകൂട്ടിന്റെ രണ്ടു നേടും തൂണുകൾ ആകുന്നത്. ഭാഷയുടെ വ്യവസ്ഥാപിത വ്യകരണത്തിലൂടെ പൊതു സ്വത്വ നിർമ്മിതി നടക്കുന്നത്. നമ്മുടെ ഉള്ളിൽ ഭാഷ ആവേശിച്ചു നമ്മുടെ തോന്നാലുകളെയും ചിന്താ ധാരകളെയും വാക്കുകളെയും പ്രവർത്തികളും നമ്മുടെ ജോലിയെയും സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെയും നിയന്ത്രക്കുവാൻ തുടങ്ങുന്നത്. ഈ നിയന്ത്രണ രേഖകളിൽ കൂടിയാണ് പുരുഷ മേധാവിതവും ജാതി വംശ മേധാവിത്തവും നമ്മൾ അറിയാതെ തന്നെ കയറി പറ്റി വേര് ഉറപ്പിക്കുന്നത്.. 

നമ്മൾ ചിന്തിക്കുന്നതും ചിരിക്കുന്നതം ഭോഗിക്കുന്നതും പണി ചെയ്യുന്നതും ചികില്സിക്കുന്നതും പഠിപ്പിക്കുന്നതും പ്രാര്ഥിക്കുന്നതും ഭാഷയിൽ കൂടിയാണ്. ജനിച്ചു വീണു നമുക്ക് ആദ്യമായി ഒരു പേര് തരുന്നത് ഭാഷയും ആ ഭാഷയിൽ കൂടി പ്രവർത്തിക്കുന്ന മത ജാതി വ്യവസ്ഥിതിയും ആണ്. ഭാഷയുടെ വ്യകരണത്തിലൂടെയും സ്ഥാപനവൽക്കരണത്തിൽ കൂടിയും ആണ് എല്ലാ മതങ്ങളും മനുഷ്യന്റെ ആത്മാവിൽ കൂട് കെട്ടിയത്. മതങ്ങൾ മനുഷ്യനിൽ ആന്തരവത്കരിക്കപ്പെട്ട അധികാര ശ്രേണികളെയും സ്വരൂപങ്ങളെയും(internalised power hierarchies and structures of power) ഉണ്ടാക്കി ഒരു സ്വതവ്യവസ്ഥയിൽ കുടിയിരുത്തിയാണ് കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെ തന്നെ നിയന്ത്രിക്കുന്നത്. 

അങ്ങനെ ആണ് സംസ്കൃതം ദേവ വാണിയായതും. ബുദ്ധൻ അതിനു ബദലായി പ്രാകൃത്തും പാലിയും അധികാര പ്രതിരോധത്തിനായി പ്രയോഗിച്ചത്. അത് കാരണം ആണ് വ്യവസ്ഥാപിത ഹീബ്രു ഭാഷക്ക് ബദലായി യേശു ആരമ്യ ഭാഷയിൽ പ്രതിരോധം തീർത്തത്ത്. ഒരു ഗോത്ര ഭാഷയായ അറബിയെ ഒരു ലോക ഭാഷ ആകിയത്തിന് ഇസ്ലാം മതം ആണ് കാരണം. ഇന്ന് ലോകത്തു എന്തിങ്കിലും അധികാര ശ്രേണിയിലോ സാമ്പത്തിക രംഗത്തോ പിടിച്ചു കയറണമെങ്കിൽ ഇംഗ്ളഷിൽ ചിന്തിക്കാനും വ്യവഹരിക്കുവാനും അറിയണം. 

ഇത്രയും വിവരിച്ചത് മൂന്ന് കാര്യം പറയാനാണ്. 

1. മലയാള ഭാഷ എന്ന് നമ്മൾ ഇപ്പോൾ പറയുന്ന ഭാഷ വ്യവസ്ഥ രൂപ്പെട്ടവന്നത് വെറും 400 കൊല്ലം കൊണ്ടാണ്. രണ്ടായിരം കൊല്ലകൾക്കും മുമ്പ് ഇവിടെ വാമൊഴിയായി വർത്തമാന വിനിമയം നടത്തി. പക്ഷെ ആ ഭാഷക്ക് ഇന്ന് പറയുന്ന മലയാളവുമായി എന്തെങ്കിലും സാമ്യം ഉണ്ടായാലും ഇല്ലെങ്കിലും മലയാള ഭാഷ ഇപ്പോഴുള്ള സ്ഥിതിയിൽ വ്യവസ്ഥാപനവത്കരിക്കപ്പെട്ടിട്ടിട്ടു ഒരു 200 കൊല്ലത്തിൽ അധികമായോ എന്ന് എനിക്ക് സംശയമാണ്. 

2.ഭാഷ പ്രയോഗങ്ങൾ സ്ഥാപന വത്കരിക്കുന്നതിൽ സാങ്കേതിക വിദ്യക്കു( technology) വലിയ പങ്കുണ്ട്. അക്ഷരങ്ങൾ ആണ് ലോകത്തു ആദ്യം കണ്ടു പിടിച്ച സാങ്കേതിക വിദ്യകളിൽ ഒന്ന്. പിന്നെ അക്ഷരം എഴുതുവാനുള്ള ഉപാധി, അക്ഷരങ്ങൾ കൂടി എഴുതി വാചകങ്ങൾ ആക്കുന്ന സാങ്കേതിക വിദ്യ. അത് കഴിഞ്ഞു അത് എഴുതാനുള്ള ടെക്‌നോളജി. ചുരുക്കം പറഞ്ഞാൽ പണ്ട് എഴുതിയിരുന്ന പന ഓലമുതൽ അച്ചടി മിഴി പേപ്പർ പേന കമ്പ്യൂട്ടര് മുതൽ ഞാനിപ്പോൾ ഉപയോഗിക്കുന്ന ഗൂഗിൾ ആപ് വരെ നമ്മുടെ ഭാഷ രീതിയെയും പ്രയോഗത്തെയും സാഹിത്യത്തെയും സമൂഹത്തെയും സ്വാധീനിക്കും. 

3. മലയാളം വിദ്വാൻമാർ ചിലപ്പതികാരം മുതൽ രാമ ചരിതം വഴി എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിൽ കൂടി കേറി ഉണ്ണായി വാര്യർ വഴി കുഞ്ഞൻ നമ്പ്യാർ വഴി വർത്തമാന പുസ്തത്തിലൂടെ പത്തൊമ്പതം നൂറ്റാണ്ടിൽ കൊണ്ടെത്തിചു ഒരു വ്യവസ്ഥാപിത ചരിത്ര നിർമാണം നടത്തുന്നത് ഇന്നത്തെ ഭാഷയുടെ അധികാര രാഷ്ട്രീയ ചട്ടകൂട്ടിൽ നിന്നുള്ള ഒരു അഭ്യാസം മാത്രം ആണ്. ചെന്തമിൾ, മണിപ്രവാളം, സംസ്‌കൃത സന്നിവേശം, പിന്നെ 19 നൂറ്റാണ്ടിലെ അച്ചടി ഭാഷ , ഗുണ്ടർട്ട് മലയാളം,പത്ര ഭാഷ മലയാളം, പാഠപുസ്തക മലയാളം, സാഹിത്യ മലയാളം, തറ മലയാളം എന്നി ചരിത്ര വഴികളെ അധികാരത്തിന്റെ അടയാള പെടുത്തലായി കണ്ടാൽ പറഞ്ഞും പഠിപ്പിച്ചും തന്ന ചരിത്രത്തെ വെള്ളം തൊടാതെ വിഴുങ്ങുവാൻ പ്രയാസമാണ്.

No comments: