Saturday, May 28, 2016

രാഷ്ട്രീയ പാർട്ടികൾ ആരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് എങ്ങനെ?

രാഷ്ട്രീയ പാർട്ടികൾ ആരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് എങ്ങനെ ആണ്.? വളരെ സിംപിൾ. 'എനിക്ക് എന്ത് തടയും' എന്ന പുതിയ അരാഷ്ട്രീയ യുക്തിയിൽ നിന്നാണ് അത് തുടങ്ങുന്നത്.. ഒരാൾ ഇപ്പോൾ ഒരു പാർട്ടിയിൽ 'പണി' എടുക്കുവാൻ തുടങ്ങിയാൽ അയാളുടെ ഉള്ളിൽ ഓടി കൊണ്ടിരിക്കുന്ന സ്വപ്നം ഏതൊക്കെ സ്ഥാനങ്ങൾ എങ്ങനെ ഒക്കെ സംഘടിപ്പിക്കുവാൻ ഒക്കും എന്നതാണ്. അത് പഞ്ചായത്തു മെമ്പർ മുതൽ മന്ത്രി പുംഗവൻ വരെ നീളുന്ന സ്വപ്നങ്ങൾ ആണ്. അത് കൊണ്ടാണ് നാട്ടുകാർ വോട്ടു ചെയ്യുമ്പോൾ ' ഞങ്ങൾക്ക് എന്ത് തരും എന്ന് തിരികെ ചോദിക്കുന്നത്. അത് കൊണ്ടാണ് എം.ൽ. എ മാരെല്ലാം 'വികസന നായകർ' ആകുന്നതു. PWD ന്യായമായി ചെയ്യണ്ട മാരാമത്തു പണികളുടെ പിതൃത്വം ഏറ്റെടുത്തു ഫ്ലക്സ് ബോർഡിൽ കയറി നമ്മളെ വികസിപ്പിക്കുന്നത്. 

ഒരു പാർട്ടി നേതാവിന്റ ഉള്ളിൽ ' എനിക്ക് എന്ത് കിട്ടും' എന്ന ത്വര ആകുമ്പോൾ ആണ് നാട്ടുകാർ നിങ്ങള്ക്ക് വോട്ട് തന്നാൽ ' ഞങ്ങൾക്ക് എന്ത് കിട്ടും' എന്ന മറു ചോദ്യം ചോദിക്കുന്നത്. അങ്ങനെ രാഷ്ട്രീയം കൊടുക്കൽ വാങ്ങലുകളുടെയും നീക്ക് പോക്കുകളുടെയും കാര്യം സാധിക്കലിന്റെയും ഒരു പ്രയോഗം ആകുമ്പോൾ ആണ് ആരാഷ്ട്രീയം ആകുന്നതു. രാഷ്ട്രീയം ആശയങ്ങൾക്ക് ഉപരി ആമാശയ പരമാകുമ്പോൾ ആണ് നമ്മൾ നാട്ടുകാർ സിനിക്കുകൾ ആകാൻ തുടങ്ങുന്നത്. ഒരു നല്ല വിഭാഗം നേതാക്കൾക്ക് അറിയാവുന്ന ഒരേ ഒരിസം 'അവനവനിസം' ആകുമ്പോൾ ആണ് പാർട്ടിക്ക് നാട്ടിൽ ആളെ കിട്ടാത്തത്.
ഈ കഴിഞ്ഞ തിരെഞ്ഞെടുപ്പിലെ മുദ്രാവാക്യങ്ങൾ നോക്കു. അതിൽ ഒന്ന് പോലും ആശയ പരം ആയിരുന്നില്ല. എല്ലാം ആമാശയ പരമായിരുന്നു. (Incentive based Politics) .മഹത്തായ മൂല്യങ്ങളും ആശയ സംഹിതകളും( ideals and ideology) മാറ്റി വച്ചിട്ട് കൊടുക്കൽ വാങ്ങളുകലൂടെയും സാമ്പത്തിക ഏർപ്പാടുകളുടെയും ഒരു സാമൂഹിക സരംഭങ്ങൾ ആയി രാഷ്ട്രീയ പാർട്ടികൾ മാറുമ്പോൾ ആണ് ജനായത്ത പ്രക്രിയ പേരിനു മാത്രമുള്ള ഒരു തിരെഞ്ഞുടുപ്പു ഉത്സവം ആയി മാറുന്നത്.
ഇൻഡ്യ മഹാരാജ്യം ആയിരിക്കും ലോകത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ പാർട്ടികൾ ഉള്ള നാട്. ചില പാർട്ടികൾ കുറെ വർഷങ്ങൾ ആയി കൊഴുത്തു തടിച്ചു വളരുമ്പോൾ മറ്റു ചിലതു ശുഷ്‌ക്കമായി കൊണ്ടിരിക്കുന്നു. 'പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല' എന്ന മട്ടിൽ ആയിട്ടുണ്ട് പല പഴയ പാർട്ടികളും. പിന്നെ ചില പാർട്ടികളുടെ ഇടയിൽ ' ദുഷ്ടൻമാർ പന പോലെ തഴച്ചു വളരുന്നു'.
എല്ലാ വ്യവസ്ഥാപിത പാർട്ടികളുടെയും ഉദ്ദേശം ഒന്ന് തന്നെ. തിരഞ്ഞെടുപ്പിൽ നിന്ന് വല്ല വിധേനയും ജയിച്ചു സർക്കാർ ഭരണവും അധികാരവും പിടിച്ചെടുത്തു നമ്മൾ എല്ലാവരെയും ഒന്ന് ഭരിച്ചു സുഖിപ്പിച്ചു വികസിപ്പിക്കുക എന്ന ഒരു ലളിത തിരഞ്ഞെടുപ്പ് സൂത്രം ആണത്.ഭരണവും അധികാരവും ഇന്ന് സുഖം ഉള്ള സുഖിക്കാൻ ഉള്ള ഒരു ഏർപ്പാടാണ്. അതുകൊണ്ടാണ് വല്ല വിധേനയും ഒരു സ്റ്റേറ്റ് കാറിൽ കേരളം കറങ്ങി നടക്കാൻ ഛോട്ടാ നേതാക്കൾ മുതൽ ബഡാ നേതാക്കൾ വരെ രാവും പകലും സ്വപ്നം കാണുന്നത്.

എല്ലാ പാർട്ടികളും പാലും തേനും ഒഴുകുന്ന സ്വർഗ്ഗ രാജ്യം വാഗ്ദാനം ചെയ്തായിരിക്കും വോട്ടു തേടുന്നത്. നമ്മുടെ മോഡി സാർ ലോകത്തുള്ള കള്ള പണം എല്ലാം തിരിച്ചു പിടിച്ചു പതിനഞ്ചു ലക്ഷം വരെ തരാമെന്നു പറഞ്ഞു. അത് പറഞ്ഞു പുള്ളിക്കാരൻ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഒക്കെ കൊടുത്തു. പക്ഷെ ഇപ്പോഴും കോരന് കഞ്ഞി കുമ്പിളിൽ തന്നെ. പണ്ട് പണ്ട് ദിനോസറുകളുടെ കാലത്തു നല്ല ഒന്നാംതരം ഒരു പാർട്ടി ഒരു പാട്ട് പാടി 'നിങ്ങൾ കൊയ്യും വയൽ ഏലകളെല്ലാം നിങ്ങളുടെതാകും പൈങ്കിളിയെ'. ഇപ്പോൾ വയലില്ലാത്തതിനാൽ കൊയ്‌തുമില്ല. ദോഷം പറയരുതല്ലോ പാർട്ടികൾ തന്നെ പൈങ്കിളി ആയി. പോരാത്തതിന് പണ്ട് മുദ്രാവാക്യങ്ങൾ എഴുതി തഴമ്പു വന്ന നേതാക്കളിൽ പലരും ഇടയ്ക്കിടയ്ക്ക് പൈങ്കിളി കവിത എഴുതി നമ്മെ അതിശയിപ്പിക്കാറുണ്ട്. പണ്ട് ഒരു പാട്ടു കേട്ടിരുന്നു ' നഷ്ട്ടപ്പെടുവാൻ ഇല്ല നമുക്കീ കൈവിലങ്ങുകൾ അല്ലാതെ. കിട്ടാനുള്ളത് പുതിയൊരു ലോകം നാ ഭരിക്കും ലോകം'. ഹാ ഹാ. എന്ത് മനോഹര സ്വപ്നം. എന്തായാലും ആ പാട്ട് ഇപ്പോൾ കേൾക്കാനില്ല. എങ്ങനെ കേൾക്കും നമ്മുടെ എം.ൽ.എ മാരിൽ നല്ല ഒരു വിഭാഗം കോടീശ്വരൻമാരായി പുതിയ ഒരു ലോകത്തിൽ നമ്മെ ഭരിക്കുന്നുണ്ടല്ലോ.
എന്താണ് പ്രശ്നം? ഒരു പാർട്ടിയെ നടത്തി കൊണ്ട് പോകാൻ ഈ വന്ന കാലത്തു വല്ലാത്ത പങ്കപാട്ടാണ്. ഒരുപാട് കാശു വേണ്ട ഒരു സരംഭമാണ്.നാട്ടുകാർ വോട്ട് തരുമെങ്കിലും നോട്ട് തരാൻ തയ്യാറല്ല. എങ്ങനെ കൊടുക്കും പണ്ട് നാട്ടിൽ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ ഒക്കെ സജീവമായിരുന്ന നാലാളുകൾ ബഹുമാനിച്ചിരുന്ന മാന്യൻ മാരാണ് രസീത് കുറ്റിയും ആയി വീട് വീടാന്തരം കയറി ഇറങ്ങി വർഷത്തിൽ ഒന്നോ രണ്ടോ തവണ പിരിച്ചു പാർട്ടി ഫണ്ട് ഉണ്ടാക്കുന്നത്. അവരിൽ പലരും സ്‌കൂൾ അദ്ധ്യാപകനായിരുന്നു. പക്കാ മാന്യന്മാർ. അവർ കാശു പിരിച്ചു പുട്ട് അടിക്കത്തില്ലാന്നു നാട്ട് കാർക്ക് അറിയാം. ഇപ്പോൾ എങ്ങനെ കാശ് കൊടുക്കും? നാട്ടുകാരെക്കാൾ കാശുള്ള നേതാക്കൾ ഇന്നോവ കാറിൽ അതാതു പാർട്ടികളുടെ നിറം അനുസരിച്ച മാലയോക്കെ അണിയിച്ചു നല്ല സുന്ദര കുട്ടപ്പൻമാരായി ഇറങ്ങി വന്നു കാശു ചോദിച്ചാൽ അവരുടെ നിലക്കും വിലക്കും കാശു കൊടുക്കാൻ നാട്ടുകാർക്ക് അത്രയൊന്നും കാശില്ല. പിന്നെങ്ങനെ കാര്യങ്ങൾ നടക്കും. 

ഒരു സമ്മേളത്തിന് ആളെകീട്ടണമെങ്കിൽ മിനക്കേട് കൂലിയും ബിരിയാണിയും ഒരു പൈന്റു ബ്രാണ്ടിയും ഇല്ലങ്കിൽ ആളിനെ കിട്ടാൻ ബുദ്ധി മുട്ടുള്ള കാലത്തു കാശില്ലേൽ കളി മാറും. പണി പാളും. പക്ഷെ കാശിനാണോ കേരളത്തിൽ പഞ്ഞം. സ്വര്ണകടകൾ യഥേഷ്ടം. പിന്നെ മാർബിൾ കടകൾ. സൂപ്പറ് മാർക്കറ്റുകൾ. സൂപ്പർ ഹോസ്പിറ്റലുകൾ. അണ്ടി ആപ്പീസുകൾ. മടിയിൽ കനം ഉള്ളവന് വഴിയിൽ പേടിക്കും എന്ന് നമ്മുടെ നേതാക്കൾക്ക് അറിയാം. അത് അനുസരിച്ചു വീട് വീട് കയറി മൂന്നുമാസം കൊണ്ട് പിരിക്കുന്നതിന്റെ പത്തിരട്ടി ഒറ്റ സിറ്റിങ്ങിൽ ഒക്കും. കാശു കൊടുത്തു കച്ചോടാക്കാർ പ്രൊട്ടക്ഷൻ ശരി ആക്കും. ഈ ഏർപ്പാട് അങ്ങ് മേളിലോട്ടു പോകുമ്പോൾ 'ഡീൽ' എന്ന 'റിസോഴ്സ് മൊബൈലിസഷൻ' എന്ന രാഷ്ട്രീയ സാമ്പത്തിക കൂട്ടുകെട്ടിലേക്ക് പോകും. വലിയ കോർപറേറ്റുകൾ പാർട്ടികൾ എന്ന സാമൂഹിക സംരംഭത്തിൽ പണം ഇറക്കി ഇൻവെസ്റ്റ് ചെയ്യും. ആ പണം ഇരട്ടിയായി നികുതി ഇളവിലൂയെയോ പുതിയ ഇടപാട് കളിലൂടേയോ കച്ചവട താല്പര്യങ്ങളിൽ കൂടെയോ അവർ തിരിച്ചു പിടിക്കും. അങ്ങനെ യുള്ള കോർപറേറ്റുകൾ ആണ് തിരഞ്ഞെടുപ്പ് കമ്പയിനുകൾ പാർട്ടികൾക്കി വേണ്ടി ആഡ് ഏജൻസികൾക്ക് മിക്കപ്പോഴും കരാർ കൊടുക്കുന്നത്. അങ്ങനെ ആണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ പോലും ആമാശയ പരമാകുന്നത്. കാരണം ശമ്പളം വാങ്ങി പരസ്യം എഴുത്തു തൊഴിൽ ആക്കിയവന്റെ തത്വ ശാസ്ത്രം ചെയ്യുന്ന പണിക്കു എത്രയും അധികം കാശു കിട്ടണം എന്ന ആമാശയ യുക്തി ആണ്. രാഷ്ട്ട്രീയ പാർട്ടികൾ ആരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് ഇങ്ങനെ ഒക്കെ ആണ്.
പണ്ട് പണ്ട് നെഹ്‌റു സാറിനെയും എ.കെ.ജി സഖാവിന്റെ ഒക്കെ കാലത്തു ' സമൂഹത്തിനു വേണ്ടി രാജ്യത്തിന് വേണ്ടി നല്ല നാളേക്ക് വേണ്ടി എനിക്ക് എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാം' എന്ന സർഗാത്മക ക്രിയാത്മക യുക്തി ആണ് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് നൈതീകതയും സാമൂഹ്യ സാധുതയും നൽകിയതു. ഇന്ന് ' എനിക്ക് എന്ത് കിട്ടും' എന്ന വ്യക്തി താല്പര്യവും പിന്നെ കച്ചവട കാരുടെ താല്പര്യ വും കൂടുമ്പൽ തിരഞ്ഞെടുപ്പ് രാഷ്ട്രറിയം തന്നെ ഒരു ഇവന്റ് മാനേജ്മെന്റും കച്ചവടവും ആകുന്നു. അപ്പോഴാണ് തമ്മിൽ ഭേദം തൊമ്മൻ എന്ന മനസ്സോടെ ആൾക്കാർ വോട്ട് ചെയ്യുന്നത്.

1 comment:

Dr.UN Nandakumar said...

Good analysis. Now things are changing from utter confusion and chaos to more clear, transparent and straightforward as, people in general are getting more and more aware and it is becoming difficult to fool all the people all the time. Let us wish that soon it will take a more concrete shape in the near future for a better scenario.