Sunday, May 15, 2016

കേരള ചരിത്രത്തെ കുറിച്ച് വേറിട്ട കാഴ്ചപ്പാട്

ഇന്നത്തെ ചിന്താ വിഷയം കേരള ചരിത്രത്തെ കുറിച്ചാണ്. ആദ്യമായി പറയുവാനുള്ളത് കേരള ചരിത്രത്തെ കുറിച്ച് സമഗ്രമായ ചരിത്ര-പുരാവസ്തു ഗവേഷണത്തെ ആധാരമാക്കി ഒരു പുസ്തകം ഇനിയും ഉണ്ടായിട്ടില്ല എന്നതാണ്. പത്താം നൂറ്റാണ്ടിനു മുൻപുള്ള കേരള ചരിത്രം കുറെയേറെ ഗ്യാസാണ്. ഇത്രയും ചരിത്രകാരന്മാർ പണി എടുക്കുന്ന ഈ നാട്ടിൽ ഉണ്ടായ കേരള ചരിത്ര പുസ്തകങ്ങൾ എല്ലാം കൂടി ഒരു ബുക്ക് ഷെൽഫിൽ ഒതുങ്ങാനുള്ളതെ ഉള്ളു.കേരള ചരിത്രത്തെ കുറിച്ച് ഇത് വരെ പ്രസിദ്ധകരിച്ച ഒട്ടും മിക്ക പുസ്തകങ്ങളും എന്റെ പുസ്തക ശേഖരത്തിൽ ഉണ്ട്. ഈ നാട്ടിൽ എല്ലാം കേരള ചരിത്രം എന്ന പേരിൽ വിറ്റഴിയുന്ന ശ്രീധര മേനോൻ സാറിന്റെ പുസ്തകം ഏറി വന്നാൽ ഒരു സാദാ ബി.എ പാഠ പുസ്തകമോ ചരിത്രത്തെ കുറിച്ച് വലിയ പിടി ഇല്ലാത്തവർക്കുള്ള ഒരു ഗൈഡ് പുസ്തകമോ എന്നതിൽ കവിഞ്ഞ കഴമ്പൊന്നും ഉണ്ടെന്നു തോന്നിയിട്ടില്ല. കേരള ചരിത്രത്തെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് ഉള്ള ഒരു ചരിത്രം " കേരളവും ജാതി വ്യവസ്ഥയും' എഴുതിയ പി.കെ.ബാലകൃഷ്ണൻ ഒരു പ്രൊഫഷണൽ ചരിത്ര ഗവേഷകൻ അല്ലായിരുന്നു. അദ്ദേഹം കാര്യ ഗ്രാഹ്യവും വിവരവുമുള്ള ഒരു പത്ര പ്രവർത്തകനായിരുന്നു.പിന്നെ മര്യാദക്ക് ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച പുസ്തകം റോബിൻ ജെഫ്‌റിയുടെ' Decline of Nair Dominance' ആണ്. ആ പുസ്തവും കൂടുതൽ 19 ആം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയേകുറിച്ചാണ്. അതും തിരുവിതാംകൂർ ചരിത്രത്തെ അധികരിച്ചാണ്. കേരള ചരിത്രം എഴുത്തു ശുഷ്‌കമായതിന്റെ കാരണം ഇവിടെ വലിയ തോതിൽ ഗഹനമായ ചരിത്ര ഗവേഷണത്തിന്റെ ചരിത്രം ഇല്ല എന്നുള്ളതാണ്. ഇവിടെ ചരിത്രം ഗവേഷണം നടത്തിയവരിൽ ഭൂരിഭാഗവും അവരുടെ സ്വന്തം തലത്തിൽ നടത്തിയ ചില ചിന്ന ഗവേഷങ്ങൾ കൊണ്ടാണ്. ഇവിടെ ഒരു പുരാവസ്തു ഗവേഷണ വകുപ്പ് ഉണ്ടെങ്കിലും പുരാ വസ്‌തു ഗവേഷണമൊഴിച്ചുള്ള അല്ലറ ചില്ലറ പണികൾ ഒക്കെ നടത്തി സർക്കാർ ശമ്പളം കൃത്യമായി വാങ്ങി സുഖമായി കഴിയുന്നവരണവിടെ അധികവും. അതിലും വിചിത്രം പുരാ വസ്തു ഗവേഷണത്തിൽ ഗവേഷണം പോകട്ടെ അടിസ്ഥാന പരിശീലനം പോലും ഇല്ലാത്തവർ ഉള്ള ഒരു വകുപ്പ് എന്ത് പുരാവസ്തു ഗവേഷണം നടത്തും.?പിന്നെ ആകയുള്ളത് കേരള ചരിത്രം ഗവേഷണ കൗൺസിൽ ആണ്. അവരും ഇത് വരെ ഗഹന ഗവേഷണത്തെ ആധാരക്കി ചരിത്രം പുസ്തകം ഒന്നും പ്രസിദ്ധീകരിച്ചില്ലെങ്കിലും ഒരു നല്ല കാര്യം ചെയ്തു. അത് കൊടുങ്ങല്ലൂരിന് അടുത്ത പട്ടണ ത്തു നടത്തി വരുന്ന പുരാവസ്തു ഗവേഷണമാണ്. അതിന് നേതൃത്വം നൽകുന്ന പി.ജെ. ചെറിയാനും കൂടെയുള്ളവരും കഴിഞ്ഞ കുറെ വര്ഷങ്ങളിയി നടത്തുന്ന ഗവേഷണം കേരള ചരിത്ര ഗവേഷണത്തിന്റെ ഗതി മാറ്റാൻ സാധ്യത ഉള്ള ഒന്നാണ്. വളരെ അധികം കുശുമ്പും കുന്നായ്മയും ചരിത്രകാരൻ മാരുടെ സംഘടിത പാര വെപ്പുകളും പരാതികളും ഉണ്ടായെങ്കിലും പട്ടണം ഗവേഷണ പൂർവാധികം ഭംഗിയായി പോകുന്നത് കേരള ചരിത്രം എഴുത്തിനു നല്ലതാണു. അതിനു തുടക്കം കുറിച്ച ഡോ. ഷാജനും , പ്രൊ. സെൽവകുമാരും നല്ല പുരാവസ്തു ഗവേഷകരാണ്. പത്താം നൂറ്റാണ്ടിനു മുന്നിലുള്ള ആകെ പോകെ നല്ല ചരിത്ര ഗവേഷണ തെളിവുകൾ തുലോം കുറവാണ്. അവിടെയാണ് പട്ടണം പുരാവസ്തു ഗവേഷണത്തിന്റെ പ്രസക്‌തി. കേരളത്തിൽ ഒരു പാട് ചരിത്ര മിഥ്യകൾ ഉണ്ടാക്കപെട്ടിട്ടുണ്ട്. അതിൽ ഒരു മിഥ്യ ആണ് സുറിയാനി ക്രിസ്ത്യാനികൾ എല്ലാം ബ്രാംമണർആയിരുന്നു എന്ന ശുദ്ധ വങ്കത്തരം. ഒന്നാമതായി ഈ സുറിയാനി , ലാറ്റിൻ എന്നൊക്കെ വേർതിരിച്ചു പേര് നൽകിയത് ഇവിടെ വന്ന ഡച്ചുകരാണ്.അതും പള്ളിയിൽ നടത്തുന്ന ആരാധന ക്രമത്തിൽ ഉപയോഗിച്ച ഭാഷയെ അടയാള പെടുത്തി. കേരളത്തിൽ നമ്പൂതിരി സമൂഹം കുടിയേറിയത് തന്നെ ഏഴാം നൂറ്റാണ്ടോട് കൂടി ആണെന്നുആണ് പല ചരിത്ര പുസ്തങ്ങളും പറയുന്നത്. പിന്നെങ്ങനെ തോമ്മാ ശ്ലീഹ വന്നു നമ്പൂതിരി മാരെ മാർഗം കൂട്ടും? ഈ തോമ ശ്ലീഹ കഥ പോലും കൂടുതൽ കേട്ട് കേഴ്വിയും ചരിത്ര തെളിവുകൾ കമ്മിയും ആണ്. കേരളത്തിൽ നസ്രാണികൾ എന്ന അറിയപ്പെടുന്ന ഒരു സമൂഹം ഉണ്ടായത് പണ്ട് പണ്ട് ഇപ്പോൾ ഈജിപ്തിൽ ഉള്ള പണ്ട് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അല്കസൻഡ്രിയ തുറമുഖവുമായി ഇപ്പോൾ കേരളം എന്ന് അറിയപ്പെടുന്ന പഴയ നാടുമായി കച്ചവട ഇടപാടുകളുടെ തിരു ശേഷിപ്പായാണ്. കഴിഞ്ഞ ഒരു ആയിരത്തി അഞ്ഞൂറ് വർഷങ്ങളായി കേരളത്തിലുള്ള സകലമാന ജാതികളും , കച്ചവടത്തിന് വന്നു ഇവിടെ ഒരുപാടു പേരെ ജനിപ്പിച്ച വകയിലും , എല്ലാം കൂടി കുഴഞ്ഞ ഒരു സമൂഹമാണ് പണ്ട് നസ്രാണികള് എന്ന അറിയ പെട്ടിരുന്ന ഇപ്പോഴത്തെ സുറിയാനി ക്രിസ്താനികൾ. ഇത് വായിച്ചു സുറിയാനി ക്രിസ്ത്യൻ ബ്രോസ് എന്നെ ചീത്ത വിളിക്കരുത് , പ്ലീസ്. ഇത് പോലെ വേറെ ഒരുപാടു മിഥ്യകൾ കേരള ചരിത്രത്തിൽ ഉള്ളത് സമഗ്രമായ ഗവേഷണത്തിൽ ആധാരമാക്കിയ ഒരു സമഗ്ര കേരള ചരിത്രം ഇല്ലാതത്തിനാലാണ്. ചരിത്രം ഇല്ലാത്തപ്പോൾ ആണ് നമ്മൾ പുളൂ പറഞ്ഞു പറഞ്ഞു ആൾക്കാരെ വിശ്വസിപ്പിക്കുന്നത്. അങ്ങനെ ഉള്ള ഒരു വിശ്വ പ്രസിദ്ധമാക്കിയ പുളൂ ആണ് മലയാളം രണ്ടായിരത്തിൽ അധികം പഴക്കമുള്ള ഒരു ശ്രേഷ്ട്ട ഭാഷയാണ് എന്നത്. പുളൂ പറഞ്ഞു പറഞ്ഞു സർക്കാരും പുളൂ പറയുമ്പോൾ ആണ് അത് ശ്രേഷ്ടമാകുന്നത്. അങ്ങനെ ഉള്ള ഒരു പാട് ശ്രേഷ്ട്ട പുളുകൊണ്ടാണ് നാം കേരള ചരിത്രം ഒട്ടുമുക്കാലും ഉണ്ടാക്കിയത്. കേരളം എന്ന് കേട്ടാൽ ചോര തിളക്കണം നമുക്ക് ഞരമ്പുകളിൽ........ എന്നാണ് കവി നമ്മുടെ സ്വന്തം ജിങ്കോയിസം ഉണ്ടാക്കി നമ്മളെ പഠിപ്പിച്ചതു. ആയതിനാൽ എന്നെ കൈയേറ്റ ചെയ്യരുത് സുഹൃത്തുക്കളെ നാട്ട്കാരെ, സഹോദരി സഹോദരന്മാരെ😊

No comments: