Tuesday, May 10, 2016

കേരളത്തിൽ സ്ത്രീകളോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പ്

ഇന്നത്തെ ചിന്താ വിഷയം കേരളത്തിൽ സ്ത്രീകളോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പ് രീതിയെ കുറിച്ചാണ്. 
നാട്ടിൽ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് വച്ച് കാച്ചുന്നവരിൽ പലരും വീട്ടിൽ എത്തുംപോഴേക്കു അതൊക്കെ മറക്കും. പിന്നെ ചായക്ക് മധുരം കൂട്ടിയാൽ പ്രശ്നം കൂടിയില്ലേൽ പ്രശനം. തുണി സമയത്തു തേച്ചില്ലെങ്കിൽ പ്രശനം. പലടത്തും പ്രശനം കൂടി അടിപിടിയിൽ എത്തും കാര്യങ്ങൾ. വെകിട്ടു കള്ളും കുടിച്ചു വീട്ടിൽ ചെന്നാൽ ചോദ്യം ചെയ്യുന്ന ഭാര്യയോട് ആദ്യം ചോദിക്കുന്നത് 'ഞാൻ പണിയെടുത്ത കാശുകൊണ്ടല്ലേ കള്ള് കുടിക്കുന്നത്. നിന്നാകെന്താ ചേതം. അല്ലേലും നിനിക്കു പണിയൊന്നും വീട്ടിൽ ഇല്ലല്ലോ".കൂടുതൽ ചോദിച്ചാൽ പലേടത്തും തന്തക്കു വിളിയും പിന്നെ അടിയുമാണ്. ഇത് കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും നടക്കുന്ന കലാ പരിപാടി ആണ്. ഈ കാര്യത്തിൽ എല്ലാ ജാതി മതസ്ഥരും കാശ്ള്ളോരും കാശില്ലാത്തൊരും എല്ലാം ഒരു കണക്കാ.

നമ്മുടെ രാഷ്ട്രീയ പാർട്ടികളെല്ലാം സ്ത്രീകൾക്ക് വേണ്ടി പാലും തേനും മാനിഫെസ്റ്റോ നിറച്ചു കാച്ചുമെങ്കിലും കാര്യത്തോട് അടുക്കൊമ്പോൾ കളി മാറും. സ്ത്രീകൾ തിരഞ്ഞെടുപ്പിൽ സീറ്റു മാത്രം ദയവു ചെയ്തു ചോദിക്കരുത്. അക്കാര്യത്തിൽ എല്ലാ പാർട്ടികളും നല്ല ചേർച്ചയിൽ ആണ്. തമ്മിൽ ഭേദം തൊമ്മൻ എന്ന മാതിരി ചില പാർട്ടികൾ പറയുമെങ്കിലും ഒരു പത്തു ശതമാനം സീറ്റ് പോലും സ്‌ത്രീകൾക്ക് അസ്സെംബ്ലയിൽ ഇല്ലാത്ത അവസ്ഥയാണിവിടെ. 

ഇന്ത്യ മഹാരാജ്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ കണക്കു നോക്കിയാൽ കേരളം മുന്നിലാണ്. സ്ത്രീകൾ ഇവിടെ പുരുഷന്മാരെക്കാൾ കൂടുതൽ ഉണ്ട്. സ്ത്രീ സാക്ഷരത ഏറ്റുവും കൂടുതൽ കേരളത്തിൽ തന്നെ. ഏറ്റവും കൂടുതൽ അഭ്യസ്ത വിദ്യരായ പെണ്ണുങ്ങളും ഇവിടെ തന്നെ. പക്ഷെ ഏറ്റവും കൂടുതൽ സ്ത്രീകൾ ആത്മഹത്യ ചെയ്യന്നതും ഇവിടെ തന്നെ. വിവാഹ മോചനത്തിന് കാര്യത്തിൽ നമ്മൾ മുന്നിൽ തന്നെ. സ്ത്രീകൾ ക്കെതിരെയുള്ള അക്രമങ്ങളുടെ കാര്യത്തിലും കേരളം വളരുകയാണ്. രാവിലെ 9 മണി മുതൽ വെകിട്ടു അഞ്ചു മണി വരെയാണ് ആളെകാണിക്കാൻ പറ്റിയ തരത്തിലുള്ള സ്ത്രീ ശാക്തീകരണം. 

സന്ധ്യ കഴിഞ്ഞു ഒരു സ്ത്രീയെ ഒറ്റയ്ക്കു കണ്ടാൽ ഇവിടുത്തെ പല തെണ്ടികൾക്കും ഇളക്കം തുടങ്ങും. ഒരു സ്ത്രീയെ ഒരു പുരുഷന്റെ കൂടെ 'സംശയ' ആസ്പദമായി എവിടേലും കണ്ടാൽ ചില ഞരമ്പ് രോഗികളുടെ സദാചാരം ഇളകി ഇളകി ചോദ്യം ചെയ്യലും കയ്യാങ്കളി വരെ എത്തും. പെണ്ണുങ്ങളുടെ നേരെ പടക്കിറങ്ങി വീരസ്യം പറയുന്ന വിടന്മാർ ഉള്ള ഈ നാട്ടിൽ വാചക കസർത്തിനപ്പുറം എത്ര നേതാക്കൾ യഥാർത്ഥ സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ട്? 

ടി.വി ക്യാമറ പോകുന്നിട്തൊക്കെ നേതാക്കളും അവരുടെ ശിങ്കിടികളും ഓടി എത്തും. ജിഷയുടെ ക്രൂരമായ കൊലപാതകം നമ്മൾക്ക് ഓരോരുത്തർക്കും നമ്മുടെ സമൂഹത്തിലെ ഇരട്ടതാപ്പ് നയത്തിനും എതിരെ ഉള്ള ചോദ്യ ചിന്ഹമാണ്. മീഡിയക്ക് നാലു ദിവസത്തേക്ക് ഒരു പുതിയ ഇഷ്യൂ. നമ്മുടെ നേതാക്കൾക്കു തിരഞ്ഞെടുപ്പ് സമയത്തു പരസ്പരം പഴിചാരൻ ഒരു അവസരം. ടി.വി ക്യാമറകൾക്ക് മുമ്പിൽ പ്രതിഷേധിക്കാനും ചർച്ച ചെയ്യാനും ഞാനുൾപ്പെടെ ഉള്ളവർക്ക് അവസരം. ഈ പുകില് എല്ലാം കഴിഞ്ഞു അടുത്ത ക്രൂര ബലാത്സംഗവും കൊലപാതകവും ടി.വി യിൽ ചർച്ചയാകുന്നത് വരെ നിസ്സംഗരയും നിശ്ശബ്ദരായും നാമിരിക്കുമ്പോളാണ് ഈ രക്തത്തിൽ നമ്മളും കാരണക്കാരാകുന്നത്. 

ജിഷക്ക് നീതി കിട്ടുക തന്നെ വേണം. അതുകൊണ്ടു മാത്രം പോരാ. അനേകായിരം ജിഷമാർ നിശബ്ദരായി എല്ലാം സഹിച്ചികൊണ്ടു നമ്മുടെ ഇടയിൽ ഉണ്ട്. നൂറു കണക്കിന് ജിഷമാർ ഈ നാട്ടിൽ ആത്മഹത്യക്കും കൊലപാതകത്തിനും ഇടയിൽ കിടന്നു വീർപ്പു മുട്ടുണ്ട്. അവർക്കു ഇത് വെറും ഒരു വോട്ടു തിരഞ്ഞെടുപ്പല്ല. അവർ നേരിടുന്ന പ്രശനം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള തിരഞ്ഞെടുപ്പാണ്. 

നാം പതിവിൻപടി പ്രതിഷേധത്തിന് അപ്പുറം വീട്ടിൽ ആദ്യവും പിന്നെ നാട്ടിലും സ്ത്രീ സമത്വത്തിന് അവകാശങ്ങക്കു നിൽക്കുവാൻ തയ്യാറാണോ ? എല്ലാ ദിവസവും സ്വയം ആദ്യം നന്നാകുകയും പിന്നെ സമൂഹത്തെ മാറ്റാനും തയ്യാറാണോ? ബോധിഗ്രാമിലെ ഞങ്ങളുടെ വഴികാട്ടി ' മാറ്റം ആദ്യം മനസ്സിൽ പിന്നെ സമൂഹത്തിൽ' എന്ന വാക്യമാണ്. 'Making Change within and beyond '. മാറ്റം നമ്മളിൽ തുടങ്ങിൽയാൽ വീടും നാടും എല്ലാം മാറും. മാറ്റണം. സ്ത്രീ സമത്വം നമ്മളുടെ ഉള്ളിലും വീട്ടിലും ആണ് ആദ്യം തുടങ്ങേണ്ടത്.

No comments: