Sunday, May 15, 2016

ഭാഷ എങ്ങനെ ഒക്കെയാണ് നമ്മളെ കൈയിൽ എടുക്കുന്നത്?

ഇന്നത്തെ ചിന്താ വിഷയം മലയാള ഭാഷയെ കുറിച്ചാണ്. ഭാഷ എങ്ങനെ ഒക്കെയാണ് ഉണ്ടായി വളർന്നു വലുതായി നമ്മളെ കൈയിൽ എടുക്കുന്നത്? ഭാഷ ആരൊക്കെ എങ്ങനെയൊക്കെ ആർക്കൊക്കെ ,എവിടെ ഒക്കെ പറയും എഴുതും പ്രസംഗിക്കും? ഭാഷയുടെ ചരിത്രം ആരൊക്കെ എങ്ങനെ ഒക്കെ എഴുതി , എഴുതും? 

കേരള സംസ്ഥാനം ഇന്നാളിൽ ഉണ്ടായതാണ്. അതിനു അറുപതു വര്ഷം അടുത്ത നവംബർ ഒന്നാം തിയതിയെ തികയതുള്ളു. സ്വതന്ത്ര ഇന്ത്യയിൽ പുതിയ സംസ്ഥാനങ്ങൾ ഭാഷ അടിസ്ഥാനത്തിൽ ഉണ്ടാക്കിയപ്പോൾ മലയാള ഭാഷ പൊതുവെ പറയുന്ന സ്ഥലങ്ങൾ കൂട്ടി യോജിപ്പിച്ചു കേരളം എന്ന ഒരു ഭരണ-അധികാര സ്വതം ഉണ്ടാക്കിയെടുത്തു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന് നമ്മുടെ ഇ.എം.എസ് ആശാൻ മുതൽ പറഞ്ഞു പറഞ്ഞു മലയാള ഭാഷ എന്നൊരു ഭാഷയൊക്കെ പറഞ്ഞു പറഞ്ഞു നമ്മൾ മലയാളികളും മല്ലൂസും പിന്നെ കേരളീയർ ഒക്കെ ആയി. പിന്നെ മാതൃഭൂമി പത്രോം മലയാള മനോരമയും കേരള കൗമുദിയും ദീപികയും ഒക്കെ ദിനം പ്രതി വായിച്ചും കെട്ടും പറഞ്ഞും നമ്മൾ എല്ലാ ദിവസവും മലയാളി ആയി. അന്തർദേശീതയുടെ അന്തർധാരായിൽ വിശ്വസിക്കുന്ന മാർക്സിസ്റ്റു പാർട്ടക്കാരു പോലും 'ദേശാഭിമാനി' ഇറക്കി നമ്മളെ മലയാള ദേശാഭിമത്തിന്റെ ആളുകൾ ആക്കി. ഉള്ളത് പറയണമല്ലോ മലയാള ഭാഷയിൽ എന്തെങ്കിലും ചാനലിന് ഒരു പേര് ഉണ്ടെങ്കിൽ അത് 'കൈരളി' ആണ്. പിന്നെ കെ.പി. യോഹന്നാൻ സഹോദരൻ വലിയ മെത്രാപ്പോലീത്തയുടെ 'ആത്മീയ യാത്രയും'.പത്ര കച്ചോടക്കാർ ടി വി കാണിക്കൽ കച്ചോടം തുടങ്ങിയപ്പോൾ അതിനു അവരുടെ പഴയ ബ്രാൻഡ് ഒക്കെ കൊടുത്തു മലയാളത്തെയും മലയാളികളെയും സൂട്ടക്കി.. പിന്നെ ദോഷം പറയരുതല്ലോ ഇപ്പോൾ ഇറങ്ങുന്ന സിനിമ(ചല ചിത്രം എന്നും പറയും)യുടെ പേരുകൾ മലയാള ഭാഷയിൽ എത്രയുണ്ട്? 
ഇവിടെ ഒരു ഒരു രണ്ടായിരം കൊല്ലം മുന്നേ ഇപ്പോൾ കേരളം എന്ന് പറഞ്ഞു പരിചയിച്ച ഈ നാട്ടിൽ ആൾക്കാർ പറഞ്ഞ ഭാഷയെയെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും തീർപ്പു ഉണ്ടങ്കിൽ പറയണേ. ഈ 'ഭാഷ' എന്ന പറച്ചിൽ എന്ന് തൊട്ടാണ് ഈ നാട്ടിലെ ആൾക്കാർ പറയാൻ തുടങ്ങിയത്?. പറയുന്ന കാര്യങ്ങൾ ആണോ എഴുതുന്ന കാര്യങ്ങൾ ആണോ?. ഭാഷ എന്ന് പൊതുവെ അറിയപ്പെടുന്ന മനുഷ്യ വർത്തമാന വിനിമയ ഏർപ്പാട് കാക്ക തൊള്ളായിരം കോടി വർഷങ്ങളായി മനുഷ്യൻ എന്ന ഇരു കാലി മൃഗം കാട് നാട് ആക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാണെന്നാ പഴമക്കാർ പറയുന്നത്. അവര് തിന്നാനും തൂറാനും പിന്നെ ആണും പെണ്ണും പരിപാടി നടത്തി കൊച്ചുങ്ങളെ ഉണ്ടാക്കാനും ഗുഹയിലും മരത്തിലും പിന്നെ വെള്ളമുള്ളിടത്തു ആവസം ഉറപ്പിച്ചു പറഞ്ഞും പാടിയും ആടിയും പണ്ണിയും പണി ചെയ്തും കൊന്നും കൊല വിളിച്ചും മണ്ണിനെയും പെണ്ണിനേയും വെട്ടി പിടിച്ചും കച്ചോടം ചെയ്തും കള്ളം പറഞ്ഞും കൂട്ട് കൂടിയും കള്ളു കുടിച്ചു കൂത്താടിയും പെണ്ണ് പിടിച്ചു പരസ്പരം പാര വെച്ചും ദൈവത്തോട് പ്രാര്തിച്ചും ഒക്കെ ഒക്കെ ആണ് ഇപ്പോൾ നമ്മൾ പൊതുവെ ഭാഷയെന്നും ലാംഗ്വേജ് എന്നും പറയുന്ന സൂത്രം ഉണ്ടായി വന്നു വളർന്നത്. പിന്നെ മനുഷ്യൻ മണ്ണിനെയും പെണ്ണിനേയും കച്ചോടത്തയും കൈയാളൻ ഭാഷ വിനിമയം എന്ന സൂത്രം സൂത്രത്തിൽ ഉപയോഗിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ ഈ പറയുന്ന പറച്ചിലുകൾ അധികാരം എന്ന മേല്കൊയ്മയുടെ ഭാഗമായി. 

അങ്ങനെ ആരൊക്കെ എങ്ങനെ ഒക്കെ എവിടൊക്കെ എന്തൊക്കെ പറയണമെന്ന് കാക്ക തൊള്ളായിരം കൊല്ലം മുന്നേ തീരുമാനം ആയി. ചുരുക്കത്തിൽ മനുഷ്യൻ അധികാര രൂപങ്ങൾ ഉണ്ടാക്കുന്നതും പള്ളിയും അമ്പലവും അലമ്പും ഉണ്ടാക്കുന്നതു ഭാഷ കൈയാളി ആളുകളെ പാട്ടിലാക്കി മയക്കിയും പിന്നെ ആയുധം കാട്ടി പേടിപ്പിച്ചുമാണ്. പറയുന്ന ഭാഷ നോക്കി മനുഷ്യന് വിലയും നിലയും വരാൻ തുടങ്ങി. വിലയും നിലയും ഉള്ളവർ ഒരു ഭാഷയും അണ്ടനും അടകോടാനും വേറൊരു പറച്ചിലും പേച്ചി. അങ്ങനെ തറ ഭാഷയും കൊട്ടാര ഭാഷയും ഉണ്ടായി. പിന്നെ കവികൾ ആയി പട്ടും വളയുമൊക്കെ കൊടുത്തു ദൈവങ്ങൾക്കും രാജാക്കന്മാർക്കും വേണ്ടി പാട്ടെഴുതി കൂത്താടി പിന്നെ ഭാഷ ചിട്ടപെടുത്തി ചൊല്പടിയിൽ ആക്കി നാട്ടുകാരെയൊക്കെ അത് ചോറും ചൊല്ലും കൊടുത്തു വരുതിയിൽ ആക്കി .പിന്നെ വിധേയരാക്കി. 

അധികാര ഭരണ രൂപങ്ങളുടെ വ്യാകരണം ഉണ്ടാകുന്നതു ഭാഷയുടെ വ്യാകരണ ശ്രേണികളെ കൈയാളി ആണ്. മനുഷ്യൻ മേൽക്കോയ്മ സ്ഥാപിക്കുന്നത് വീട്ടിലും നാട്ടിലും നഗരത്തിലും ഭരണത്തിലും ഭാഷ കൈയ്യേറിയും കൈയാളിയും കരുതി ഉപയോഗിച്ചുമാണ്. പള്ളിക്കു വേറെ ഭാഷ പള്ളിക്കൂടത്തിൽ വേറൊരു പറച്ചിൽ. കച്ചേരിയിൽ വേറെ. കിടപ്പറയിൽ വേറെ. വീട്ടിൽ വേറെ. നാട്ടിൽ വേറെ. ചീത്ത പറയാൻ വേറെ. ചിത്തം പിടിക്കാൻ വേറെ. കളി വേറെ. കാര്യം വേറെ. ആധാരം വേറെ. അധരം വേറെ. ജീവിതം ഇല്ലാതെ ഭാഷയില്ല. പറച്ചിൽ ഇല്ലാതെ എന്തോന്ന് പേര് എന്തോന്ന് പാര്!!!

പഴയ പേച്ചു പിന്നെ ചീത്തയാകും. തെറി നിർണയിക്കുന്നത് തേര് ഓടിക്കുന്നവരാണ്. ഭാഷയുടെ ശരിയും തെറ്റും നിർണയിക്കുന്നത് അധികാരം ആളുന്നവരും അവരുടെ ആൾക്കാരുമാണ്. ഭാഷ മോശം ആണോ നല്ലതാണോ എന്ന് നമ്മളെ പറഞ്ഞു പഠിപ്പിച്ചതു പുരോഹിത വർഗ്ഗവും ആയുധം ഏന്തിയ അധികാരികളും ആണ്. അതിനാലാണ് മണിപ്രവളത്തിൽ അസഭ്യം പറഞ്ഞാൽ മാന്യനാകുന്നതും 'തറ' തെറി പറഞ്ഞാൽ തെണ്ടി ആകുന്നതും. താഴെയുള്ള മുടിയെ താഴെ ഉള്ള ഇന്ദ്രീയങ്ങളെയും താഴ്ത്തി കെട്ടി 'നാണമില്ലാത്ത' ചീത്ത വാക്കുകളോ പച്ച തെറിയോ ആക്കുന്നത് ഭാഷയിലൂടെ സദാചാരവും മേൽക്കോയ്മയും സ്ഥാപിച്ചെടുക്കുന്ന ഒരു പുരോഹിത-പോലീസ്-അധികാര അധികപറ്റാണ്.

No comments: