Thursday, October 29, 2020

കേരളത്തിലെ അധികാര ചവിട്ടു നാടകങ്ങൾ


കേരളം വിരോധാഭാസങ്ങളും വൈരുധ്യവും നിറഞ്ഞ ഒരു സ്ഥലമാണ്. അത് ഏറ്റവും കൂടുതൽ ഉള്ള ഒരു രംഗമാണ് അധികാര രാഷ്ട്രീയം. അവിടെ പറയുന്നതും പ്രവർത്തികളും തമ്മിലുള്ള അന്തരം വളരെ കൂടുന്ന ഒരിടമാണ്.
ഇന്നലത്തെ ശത്രു ഇന്നത്തെ മിത്രം. ഇന്നത്തെ മിത്രം നാളത്തെ ശത്രു. മാറാത്തത് അടങ്ങാത്ത അധികാര ദാഹം. എത്ര ഭരിച്ചാലും കൊതി തീരാത്തവർ. അതിനു വേണ്ടി ഒന്നും ചെയ്യാൻ മടിക്കാത്തവർ. ഇന്നലെപറഞ്ഞതും ചെയ്തതും പെട്ടന്ന് മറക്കുന്നവർ. അവർ ഭരിക്കുന്നത് ഡൽഹിയിൽ മാത്രം അല്ല.
അപ്പൻ ആനപുറത്തിരിക്കുമ്പോൾ അധികാരത്തിന്റെ തഴമ്പ് വരുന്ന മക്കൾ.
കഴിഞ്ഞ എഴുപത് കൊല്ലത്തെ കക്ഷി രാഷ്ട്രീയത്തിന്റെ ചരിത്രം നോക്കിയാൽ ഓരോ രാഷ്ട്രീയപാർട്ടികളുടെയും അടിതൊട്ട് മുടിവരെ മാറിയിരിക്കുന്നു. അത് കേരളത്തിൽ മാത്രം സംഭവിച്ച ഒന്നല്ല.
1930 കൾ തൊട്ട് 1950 കൾ വരെ രാഷ്ട്രീയത്തിൽ ചേർന്നത് സ്വാതന്ത്ര്യ- അവകാശങ്ങൾക്ക് വേണ്ടിയുള്ള ആദർശ ആവേശങ്ങളുടെ വേലിഏറ്റത്തിൽ ആയിരുന്നു. മിക്കവാറും പേർ തുടങ്ങിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ. കിട്ടാനുള്ളത് പോലീസ് മർദ്ദനവും ജയിലുമായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും അവർ ജീവിച്ചത് ജനങ്ങളുടെ ഇടയിൽ. ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങൾ. ഭക്ഷണം കഴിച്ചാലായി കഴിച്ചില്ലെങ്കിലായി.
സ്വാതന്ത്ര്യത്തിനു മുന്നിലുള്ള തലമുറയുടെ ആദർശ ജനായത്ത രാഷ്ട്രീയം 1970 കളോടെ അസ്തമിച്ചു. അതിന്റ മരണം അടിയന്തരാവസ്ഥയിൽ നടന്നു. സഞ്ജയ്‌ ഗാന്ധി ആദർശങ്ങൾ അടുത്തൂടെ പോകാത്ത അധികാര അഹങ്കാര രാഷ്ട്രീയത്തിന്റെ മുഖമായി. അച്യുത മേനോനെപ്പോലുള്ളവർ അധികാര രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
1980 കൾ മുതൽ വളർന്ന കക്ഷി രാഷ്ട്രീയത്തിന്റെ പ്രധാന ഉദ്ദേശം എങ്ങനെയും ഏത് വിധേനയും തിരെഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വാങ്ങി അധികാരത്തിൽ എത്തുക എന്ന് മാത്രമായി.
അത് വരെ രാഷ്ട്രീയ പാർട്ടിയിലെ സ്ഥാനങ്ങൾ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ആയിരുന്നു. പക്ഷെ എൺപത്കൾ മുതൽ രാഷ്ട്രീയപാർട്ടി സ്ഥാന 'മാനങ്ങൾ ' അധികാര ചിഹ്നങ്ങളും സർക്കാർ അധികാരത്തിന്റെ സുഖ ശീതളിമ എന്ന ഒരൊറ്റ വ്യക്തി കേന്ദ്രീകൃത സ്വപ്നവും മാത്രമായി ചുരുങ്ങി.
I980 കളുടെ മധ്യത്തോടെ സ്കൂൾ കോളേജ് തല വിദ്യാർത്ഥി സംഘടനകളിലൂടെ മുകളിലോട്ട് പോകുവാൻ ഒരുപാടു പേർ തത്രപെട്ടത് അധികാര രാഷ്ട്രീയം ഒരു കരിയർ ഓപ്ഷനായാണ്. അതിൽ തന്നെ ഒരുപാടു പേർക്ക് കൂടുതൽ മെച്ചപ്പെട്ട പണവും പദവിയും കിട്ടിയപ്പോൾ അവർ അധികാര രാഷ്ട്രീയവിട്ടു പുതിയ മേച്ചിൽപ്പുറങ്ങളിൽപോയി. എന്നാൽ കുറച്ചുപേർ രാഷ്ട്രീയപ്രവർത്തനം തന്നെ മുഴുവൻ സമയ തൊഴിലാക്കി.
1990 കളിലെ നിയോ ലിബറൽ സാമ്പത്തിക പോളിസികളും അതുപോലെ സത്വ രാഷ്ട്രീയം മറയില്ലാതെ വന്നതും പഴയ ഐഡിയോലെജികളുടെ തിരോധാനവും കൂടുതൽ ദ്രശ്യമായി. അധികാര രാഷ്ട്രീയത്തിൽ നിന്ന് ആദർശങ്ങൾ ആവിയായപ്പോൾ അത് ഒരു പ്രായോഗിക അധികാര ഓട്ടമത്സരമായി.
രാഷ്ട്രീയ പാർട്ടികൾ സ്ഥാനമോഹികളെ കൊണ്ട് നിറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ അധികാര രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടു പടിയായപ്പോൾ പരസ്പരം പാരവപ്പും വെട്ടി നിരത്തുകളും അധികാര കസേരകളിയുമായി മാറി.
1990 കളിൽ നിയോ ലിബറൽ സാമ്പത്തിക വ്യവസ്ഥയിലെ കൺസ്യൂമർ വിപ്ലവത്തിന്റെ പരസ്യ സാമ്പത്തികതോടൊപ്പം വളർന്ന കോർപ്പറേറ്റ് ടി വി കൾ അധികാര രാഷ്ട്രീയത്തിന്റെ ദല്ലാളുകൾ ആയതോടെ ആദർശങ്ങക്കും ഐഡിയോളേജിക്കും പകരം വിവാദ പൂരിതമായി അധികാര രാഷ്ട്രീയം.
രാഷ്ട്രീയ വ്യവഹാരം ജനങ്ങളിൽ നിന്ന് ടെലിവിഷൻ സ്റ്റഡിയോയിലെക്കു മാറി. മസാല വിവാദപടങ്ങൾ വൈകുന്നേരങ്ങളിലെ ടി അർ പി യും അത് കൊണ്ട് വരുന്ന പരസ്യ വരുമാനവും മാത്രമായി.
സെക്സ് മസാലകൾ രാഷ്ട്രീയ വ്യവഹാരങ്ങളായി ഫുൾ ഹൗസ് ഓടിയപ്പോൾ പലപ്പോഴും ടെലിവിഷൻ ആങ്കർമാർ ഹീറോകളും വില്ലൻമാരുമായി രാഷ്ട്രീയ പാർട്ടികളുടെ നടൻമാരുടെ അടികാണുവാൻ ഒരു എന്റർടൈൻമെന്റ് പടം കാണുന്നത് പോലെ ആള് കൂടി. ഏറ്റവും കൂടുതൽ മസാലക്കു ഏറ്റവും കൂടുതൽ ടി അർ പി എന്ന സ്ഥിതിയിലായി മീഡിയ -രാഷ്ട്രീയ ബിസിനസ് മോഡൽ
രാഷ്ട്രീയ പാർട്ടികളിൽ ഐഡിയോളെജിയും ആദർശവും കൂടുതൽ ഉണ്ടെങ്കിൽ മേലോട്ട് പോകില്ല. അതിനു വേണ്ടത് അതാതു പാർട്ടി നേതാക്കളോടുള്ള ഭക്തി നിർഭരമായി വിധേയത്വമാണ്.
ഏതെങ്കിലും ഒരു ഗോഡ്ഫാദർ ഇല്ലാതെ ആർക്ക് രാഷ്ട്രീയ പാർട്ടികളിൽ വളരാനാകില്ല.
ഇന്ന് രാഷ്ട്രീയ പാർട്ടികൾക്കു ഹേഡ് മെന്റാലിറ്റിയാണ് (Herd mentality ). അവിടെ ആദർശ സംവാദങ്ങൾക്കു ഇടം ഇല്ല. അവിടെ ലോയൽറ്റിയും അപരവൽക്കരണവും അതിൽ നിന്നും വളരുന്ന വെറുപ്പും വളർത്തിയാണ് കൂടെ നിർത്തുന്നത്. ടി വി വാക്പോരിനെ അനുകരിച്ചുള്ള മത്സരയടികളും ട്രോളുകളും കൊണ്ട് സാമൂഹിക മാധ്യമങ്ങൾ വിധേയ സ്വരങ്ങളാൽ നിറഞ്ഞു .സാമൂഹിക മാധ്യമങ്ങളിലെ വിതരണത്തിനു കൊടുക്കുന്നത് പകർത്തി പരത്തി അധികാരി പട്ടേലു മാർക്ക് തൊമ്മികൾ സ്തുതി പാടുന്ന കാലമാണ്.
ഇന്ന് പലരും രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നത് നാലു കാരണങ്ങൾ കൊണ്ടാണ്
.1) സംഘ ബലത്തിലും അധികാരത്തിന്റെ തണലിൽ കിട്ടുന്ന പ്രൊട്ടക്ഷൻ. ഇത് ബിസിനസ് തൊട്ട്,സർക്കാർ ജോലിയിൽ ട്രാൻസ്ഫർ മുതൽ മറ്റു കാര്യങ്ങൾ വരെ. സാധാരണക്കാർക്ക് സംഘബലം
2) വ്യക്തിഗത ഇൻസെന്റീവ് /പ്രയോജനങ്ങൾ. അത് ജോലിയാകാം, സ്ഥാനമാനങ്ങൾ ആകാം. അധികാരത്തിന്റെ അശ്രീത -ഗുണഭോക്ത മോഹമാകാം.
3) അധികാര-രാഷ്ട്രീയ കരിയർ. പഞ്ചായത്ത്‌ മുതൽ പാർലിമെന്റ് വരെ. മന്ത്രിയോ മന്ത്രിയുടെ അധികാര സന്നാഹങ്ങളുടെ തണലോ
4) ശീല വിചാര സത്വ ബോധം. അതിന് ജാതി -മത സബ് ടെക്റ്റൊ, അല്ലെങ്കിൽ കോളേജ് സാമൂഹിക വൽക്കരണമൊ ആകാം. അച്ഛൻ കൊണ്ഗ്രെസ്സ് ഞാനും. പാർട്ടി കുടുംബം അതിനു അപ്പുറം ഒന്നും ഇല്ല.
സംഘബല സത്വ ബോധ രാഷ്ട്രീയത്തിനു അപ്പുറം കാണാനാകാത്ത തിമിരം. നിങ്ങൾ ഞങ്ങൾക്ക് ഒപ്പം അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ ശത്രുവെന്ന ഹേഡ് അല്പ യുക്തി.
ചുരുക്കത്തിൽ ഇന്ന് ആദർശങ്ങൾ ആവിയായി സർക്കാർ അധികാര മോഹവും അധികാരത്തോടും അധികാരികളോടുമുള്ള പൂർണ വിധയത്തമായിരിക്കുന്നു ഐഡിയോളേജി. പാർട്ടി ഏതായാലും മതി അധികാരമാണ് കാര്യം എന്ന നിലയിലായി.
അബ്ദുള്ള കുട്ടി തൊണ്ണൂറുകളിലെ അധികാര രാഷ്ട്രീയ കരിയർ മോഹങ്ങളുടെ നേർപതിപ്പാണ്. കുഷ്ബു വിനെ അധികാരത്തിന്റെ അപ്പവും വീഞ്ഞ്മാണ് വേണ്ടത്. അവരൊക്കെ മീഡിയ മസാലയിലെ സഹ നടന്മാർ മാത്രം. തട്ടിപോയാൽ ചരിത്രത്തിൽ നിന്നും അപ്പോഴേ ആവിയാവുന്നവർ.
അവരുടെ രാഷ്ട്രീയം തുടങ്ങുന്നതും അവസാനിക്കുന്നതും അവരിലാണ്. അധികാരത്തിന് അടുത്തെത്താൻ ഏത് പാർട്ടിയായാലും പ്രശ്നം അല്ല. അവനവിനിസം ഇന്ന് മിക്കവാറും എല്ലാ പാർട്ടികളിലുമുള്ള മുഖ്യധാര സമീപനമായിരിക്കുന്നു.
അധികാര രാഷ്ട്രീയം ഒരു സിനിക്കൽ ബിസിനസ് സംരഭമായി മാറി . ഇന്ത്യയിൽ നിലവിലുള്ള ഫ്യൂഡൽ പാരമ്പര്യവും അധികാര മോഹത്തിന്റെ ലഹരിയും മാത്രമാണ് കാര്യം. അത് കൊണ്ടാണ് അപ്പന്റെ കല്ലറ രാഷ്ട്രീയ മെറ്റഫർ ആകുന്നത്.
കേരളത്തിൽ നവോത്‌ഥാനം, പുരോഗമനം പ്രത്യയശാസ്ത്രം എല്ലാം വെറും വായ്താരീകളാണ്. ഇന്ന് അധികാരത്തിന്റെ അകത്തളങ്ങളിൽ എല്ലാം ജാതി -മത പരിഗണനകൾ മാത്രം. എല്ലാ രാഷ്ട്രീയ പാർട്ടികളും സീറ്റ് നിശ്ചയിക്കുന്നത് പോലും ജാതി -മത -ഉപജാതി നോക്കിയാണ്.
ജോസ് മോനോടുള്ള സ്നേഹാദരങ്ങൾ ഒന്നും അല്ല. ഗസ്റ്റ് അപ്പിയേറെൻസിന് നസ്രാണികളുടെ കുറവു കൂടി നികത്തിയാൽ എണ്ണം ഒപ്പിക്കാമോ എന്ന ഒരു സിനിക്കൽ ബിസിനസ് പരീക്ഷണമാണ് അതിന് കാരണം 2019 മെയിലെ ഞെട്ടിച്ച വോട്ടു നഷ്ട്ടം എന്ന് അറിയാൻ പാലാ വരെ പോകേണ്ട.
പൂന്താനം ഇത് നേരത്തെ പറഞ്ഞതാണ് :
സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
ജേ എസ് അടൂർ
Jayasankar Peethambaran, Nissam Syed and 231 others
29 comments
25 shares
Like
Comment
Share

No comments: