വിയോജിപ്പുകളോട് എങ്ങനെ പ്രതികരിക്കും?
ബഹുജനം പല വിധമാണ്. എല്ലാവരും എന്നെപ്പോലെ/നമ്മളെപ്പോലെ പ്രതികരിക്കണം എന്ന നിർബന്ധം ഇല്ലങ്കിൽ തീരുവുന്ന പ്രശ്നങ്ങളെയുള്ളൂ
വീട്ടിലും നാട്ടിലും വ്യത്യസ്ത നിലപാടുകൾ ഉള്ളവർ കാണും. വ്യത്യസ്ത മത, രാഷ്ട്രീയ, സാമൂഹിക വിശ്വാസങ്ങൾ ഉള്ളവരാണ് മനുഷ്യർ എല്ലായിടത്തും. നമ്മുടെതിൽ നിന്നും കടക വിരുദ്ധമായ വ്യക്തി സമീപനങ്ങളും പ്രതികരണങ്ങളും രാഷ്ട്രീയ നിലപാടുമൊക്കെയുള്ളവരും ഒരുപാടു പേർ ലോകത്തു എല്ലായിടത്തുമുണ്ട്
അങ്ങനെയുള്ളവരോട് എങ്ങനെ ഇടപെടുന്നു എന്നത് ഒരു വ്യക്തിയുടെയും അതുപോലെ സംഘടനയുടെയുമൊക്കെ സമീപനം അനുസരിച്ചു ഇരിക്കും
എല്ലാവരും ഒരേ ജാതി -മതമോ, ഒരേ പാർട്ടിക്കാരോ ഒരുപോലെ ചിന്തിക്കുന്നവരോ ആയാൽ ജൈവ വൈവിധ്യമില്ലാത്ത ഒരു അക്കെഷ്യ മര സമൂഹം പോലെ വിരസമായിരിക്കും
ഒരു അഭിപ്രായത്തോടെ ഒറ്റവാക്കിൽ ' വിയോജിക്കുന്നു ' എന്ന് പറഞ്ഞാൽ ഒരു പ്രശ്നവും ഇല്ല.
പക്ഷെ അഭിപ്രായത്തോട് വിയോജിക്കുന്നതിന് പകരം വ്യത്യസ്ത അഭിപ്രായമുള്ള ആളെ വളഞ്ഞിട്ട് വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് അരക്ഷിതത്വത്തിൽ നിന്നുള്ള അസഹിഷ്ണുത കൊണ്ടാണ്.
ആദ്യമായി മനസ്സിലാക്കണ്ടത് ഒരു അഭിപ്രായമുള്ള മനുഷ്യനെ ചുറ്റും നിന്നും കൂക്കിയാലോ, ട്രോൾ ചെയ്താലോ, വ്യക്തിപര മായി അധിക്ഷേപിച്ചാലോ ആ വ്യക്തിയുടെ അഭിപ്രായം മാറില്ല. മറിച്ചു അതു കൂടുതൽ കടുത്തതാകും. കൂകി ഒരാളെ നിശബ്ദമാക്കമെന്നത് മിഥ്യ ധാരണയാണ്.
വെറുപ്പും അസഹിഷ്ണുതയും കൂടി ഒരാൾ പ്രതികരിച്ചാൽ അയാളുടെ മനസ്ഥിതിയെയാണ് കാണിക്കുന്നത്.
കേരളത്തിൽ പലപ്പോഴും രാഷ്ട്രീയ പാർട്ടി തിമിരം കൂടി അതു വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമായി വിഷലിപ്‌തമാകുന്നു. പലപ്പോഴും ഹിംസ വിചാരം തുടങ്ങുന്നത് മനസ്സിലാണ്. അതു വാക്കുകളിലൂടെ പുറത്തു വരുന്നു. വാക്കുകളിലും മനസ്സിലും അക്രമം കൂടുമ്പോൾ അതു ശരീര ആക്രമണത്തിലേക്ക് പോകുന്നു
ആശയങ്ങളോടും അഭിപ്രായങ്ങളോടും പ്രതികരിക്കുവാൻ കാമ്പില്ലാത്തവരാനാണ് മറ്റു മനുഷ്യരെ തെറി വിളിക്കുന്നതും ഊശിയാക്കുന്നതും എടാ പോടാ എന്ന് രീതിയിൽ നേരിടുന്നതും .
സ്വയം ബഹുമാനവും സ്വാഭിമാനവുമുണ്ടെങ്കിലെ മറ്റുള്ളവരെ ബഹുമാനിക്കാനും അവരോട് സഭ്യമായി പ്രതികരിക്കുവാനും സാധിക്കുക യുള്ളൂ
സമൂഹമാധ്യമങ്ങളിൽ കൂടെ ആരെയും ആർക്കും മാറ്റുവാൻ സാധിക്കില്ല. സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് ആരെയും മാറ്റാൻ സാധിക്കില്ലെങ്കിലും നമുക്ക് മാറുവാൻ സാധിക്കും
അതു കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ ഓരോരുത്തർക്കും അവരുടെ സമീപനങ്ങളെ മാത്രമെ മാറ്റുവാൻ സാധിക്കുകയുള്ളൂ
ഞാൻ സാധാരണ പാലിക്കുന്ന ചില മര്യാദകളാണ് താഴെ.
1). ഒരു വ്യക്തിയെയും മാനസികമായോ വാക്കുകൾകൊണ്ടോ ഇകഴ്ത്തി സംസാരിക്കാതിരിക്കുക
2)നേരിട്ട് അറിയാത്ത ഒരു വ്യക്തിയെകുറിച്ച് വ്യക്തിപരമായ മുൻവിധികളും വ്യക്തിപരമായ ആക്ഷേപങ്ങളും ഒഴിവാക്കുക.
3വേറെ ഒരാളുടെ ത്രെഡിലോ ടൈം ലൈനിലോ പോയി മനപ്പൂർവം അയാളെ ചൊറിയതെ ഇരിക്കുക. നല്ല കാര്യങ്ങൾ പൊതുവെ വിയോജിപ്പ് ഉള്ള ആളാണെങ്കിലും അഭിനന്ദിക്കുക.
4)തികച്ചും വിയോജിപ്പ് ഉണ്ടെങ്കിൽ ഒന്നുകിൽ വായിക്കാതിരിക്കു. അടുത്ത സുഹൃത്ത് ആണെങ്കിൽ വിയോജിക്കുന്നു എന്ന് പറയും
5)ഒരാൾ അയാളുടെ ടൈമ് ലൈൻ ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രോപഗണ്ട /കട്ട് ആൻഡ് പേസ്റ്റ് പ്രോപഗണ്ട മാത്രമാണ് ഉപയോഗിക്കുന്നുവെങ്കിൽ അവരെ കഴിയുന്നതും അവഗണിക്കുക.
ക്യാപ്‌സൂൽ വിതരണക്കാരെയും ഏതെങ്കിലും പാർട്ടി /സർക്കാർ പ്രൊഫൈൽ ഫോട്ടോയിട്ട് പ്രചരണം നടത്തുന്നത് അവഗണിക്കുക.
എന്നാൽ അവർ എന്തെങ്കിലും നല്ല പോസ്റ്റുകൾ എഴുതിയാൽ വായിക്കും. വേണമെങ്കിൽ പോസിറ്റീവ് ആയി പ്രതികരിക്കും.
6)ഞാൻ എഴുതുന്നത് മിക്കവാറും ഒന്നും വായിക്കാതെ സ്ഥിരം ചൊറിയാൻ മാത്രം വരുന്നവരെ ഒഴിവാക്കും. ഒന്നുകിൽ ഡിലീറ്റ് ചെയ്യും അല്ലെങ്കിൽ ഒഴിവാക്കും.
കാരണം അവരോട് വാദിച്ചു കളയാൻ സമയം ഇല്ല.. മാത്രം അല്ല മിക്കവാറും പേർ മുൻവിധി യോടെ വരുമ്പോൾ അവരോട് പ്രതികരിചിട്ട് കാര്യം ഇല്ല.
7)ആരെയെങ്കിലും എവിടെ എങ്കിലും തെറി പറയുന്നവരെയൊ, ഫേക്ക് ഐഡി ഉപയോഗിച്ചു മറഞ്ഞിരുന്നു കല്ലെറിഞ്ഞു ചൊറിയാൻ മാത്രം വരുന്നവരെയും വെട്ടികിളികളെയും ബ്ലോക്ക് ചെയ്യും . കാരണം അവരുടെ ഏക ഉദ്ദേശം ആക്രമണം മാത്രമാണ്
8)ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകൾ കാണും. അതു അവരവരുടെ സ്വാതന്ത്ര്യമാണ്. നിലപാടുകളുടെ വൈവിദ്ധ്യമാണ് ഒരു സമൂഹത്തെ ജനായത്തമാക്കുന്നത്. എല്ലാവരും എന്റെ നിലപാടുകളോട് യോജിക്കണമെന്ന് ഒരു നിർബന്ധവും ഇല്ല.
9)എന്റെ സുഹൃത്തുക്കളിൽ പലരും പല രാഷ്ട്രീയ, സമൂഹിക, സാമ്പത്തിക നിലപാട് ഉള്ളവരും പല രാഷ്ട്രീയ പാർട്ടി അനുഭാവികളുമാണ്. അവർ വെറുപ്പും അസഭ്യവും വിഷലിപ്‌ത രാഷ്ട്രീയവും വിളമ്പാത്തിടത്തോളം കാലം അവർ ഫ്രണ്ട് ലിസ്റ്റിൽ കാണും
10) കേന്ദ്ര സർക്കാർ നയങ്ങളെയും കേരള സർക്കാർ നയങ്ങളെയൊ അതിന്റ വക്താക്കളെയൊ വിമർശനാത്മമായി വിലയിരുത്തുന്നത് സർക്കാർ എല്ലാ ജനങ്ങളുടേതുമായത് കൊണ്ടും സർക്കാർ ചിലവ് വഹിക്കുന്നത് എല്ലാ പൗരൻമാരുടെ നികുതികൊണ്ടായതുകൊണ്ടുമാണ്
ആര് ഭരിച്ചാലും സർക്കാർ ഏതെങ്കിലും ഒരു പാർട്ടിയുടെതോ മന്ത്രി യുടേതോ അല്ല. അതു കൊണ്ട് തന്നെ സർക്കാരിനെ വിമർശിക്കുമ്പോൾ അസഹിഷ്ണുതയയും വെറുപ്പും കാണിക്കുന്നവരിൽ പലരും സർക്കാർ ഭരണ പാർട്ടി അധികാരത്തിന്റെ ആശ്രയ -ഗുണഭോക്ത വൃന്ദമായിരിക്കും. പൊതുവെ അങ്ങനെയുള്ളരോട് വാദിച്ചു സമയം കളയില്ല.
സാധാരണ നെഗറ്റിവിറ്റി മാത്രം സമീപനമാക്കുന്നയാളുകളെ ജീവിതത്തിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കും
എന്നാൽ പോസറ്റീവ് എനർജി പരത്തുന്നവരോട് ഏതെങ്കിലും കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടെങ്കിലും സഹകരിക്കും
സാധാരണ ഞാൻ വ്യക്തികളെയൊ ഒരു പ്രതേക പാർട്ടിയെയൊ വിമർശിക്കാറില്ല.
എന്റെ സുഹൃത്തുക്കളിൽ എല്ലാ പാർട്ടിക്കാരും അവരുടെ അനുഭാവികളുമുണ്ട്. അവരുടെ വിശ്വാസ-അനുഭാവ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു.
ജെ എസ് അടൂർ
No comments:
Post a Comment