ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ബലാത്സംഗവും ബലാൽസംഗ കൊലപാതകവും. ഏറ്റവും കൂടുതൽ ശിക്ഷ കിട്ടേണ്ട കുറ്റകൃത്യമാണ് എന്നതിന് സംശയമില്ല. ഇന്ത്യയിൽ പ്രതിവർഷം ഏതാണ്ട് 25000 ബലാൽസംഗങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിൽ തന്നെ ബഹു ഭൂരിപക്ഷത്തിലേയും പ്രതികൾ അടുത്ത ബന്ധുക്കളാണ്. ഇതിൽ തന്നെ നാലിൽ ഒന്നു പേർക്കെ ശിക്ഷ കിട്ടുന്നു എന്നുള്ളത് നമ്മളിൽ കോപമുണ്ടാക്കുന്ന വിഷയമാണ്.
2012 ലെ നിർഭയ കേസും സൗമ്യയുടെ കേസും ഇപ്പോൾ ഹൈദരാബാദിൽ പ്രിയങ്ക റെഡ്ഢിയെ നിഷ്ടൂരമായി ബലാൽസംഗം ചെയ്തു കൊന്നു കരിച്ചത് നമ്മുടെ മനസാക്ഷിയെ നടുക്കി. അത് കൊണ്ട് തന്നെ വൈകാരിക തലത്തിൽ ബലാൽസംഗം നടത്തി എന്നു കരുതുന്ന കശ്മലൻമാരെ രാത്രി മൂന്നരക്ക് പോലീസ് വെടിവച്ചു ഉടനടി നീതി (instant justice ) നടപ്പാക്കിയതിൽ പലരും പോലീസിനെ അനുമോദിക്കുന്നു.
എന്നാൽ വൈകാരിക പ്രതീകരണത്തിന് അപ്പുറം ചിന്തിച്ചാൽ ഇതിന്റ അപകടം മനസ്സിലാക്കാം. ഒന്നാമത്തെ ചോദ്യം പോലീസ് അറസ്റ്റ് ചെയ്തവരാണ് കുറ്റവാളികൾ എന്ന് എങ്ങനെ അറിയാം?. ഇങ്ങനെ പല കേസുകളിലും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ പോലീസ് വേറൊരാളെ തട്ടി കേസ് ക്ളോസ് ചെയ്ത ചരിത്രമുണ്ട്.
സാധാരണ ജനത്തിന് ബലാത്സംഗ കശ്മലൻമാരോടുള്ളത് പോലെ ചിലർക്ക് 'തീവ്ര വാദിക' ളോടും മറ്റു ചിലർക്ക് 'രാജ്യദ്രോഹികളോടും ' മറ്റു ചിലർക്ക്' ' ബീഫ് ' കഴിക്കുന്നവരോടുമൊക്കെ അസഹിഷ്ണുതയും വിദ്വെഷവും പകയും വെറുപ്പും തോന്നും. അവരെയൊക്കെ ഉടൻ തീർക്കണം എന്ന് തോന്നും. അങ്ങനെയാണ് അവരെ കല്ലെറിയുക. ക്രൂശിക്കുക എന്ന് ജനം ആർത്തു വിളിക്കുന്നത്. അങ്ങനെ 'ഉടനടി നീതി ' നടപ്പാക്കി അടിച്ചു കൊല്ലും. അതിനെയാണ് മൊബ് ലിഞ്ചിങ് എന്ന് പറയുന്നത്. അതെ മനോഭാവമാണ് പോലീസ് കുറ്റവാളികൾ എന്ന് പൊതുവെ കരുതുന്നവരെ 'ഉടനടി നീതി ''നടപ്പാക്കി രാത്രിയിൽ വെടി വച്ചു കൊല്ലുന്നതിനെ ന്യായീകരിക്കുന്നത്
ഉടനടി നീതി നടത്താൻ കുറ്റവാളി എന്ന് സംശയിക്കുന്നവരെ പൊലീസിന് വെടിവച്ചു കൊല്ലാം എന്നു വന്നാൽ രാജൻ കൊലപാതകം മുതൽ എല്ലാ പോലീസ് അതി ക്രമങ്ങളും കൊലയും ന്യായീകരിക്കാം. നമ്പീ നാരായണനെ 'ദേശ ദ്രോഹി ' എന്നാണ് പോലീസ് വിളിച്ചത്. അങ്ങനെ 'രാജ്യദ്രോഹികളെയും ''തീവ്ര വാദികളെയും ' എല്ലാം പോലീസ് വെടിവച്ചു കൊന്നാൽ പിന്നെ ഇവിടെ കോടതിയും നിയമവും നിയമ വ്യവസ്ഥക്കും എന്തെങ്കിലും കാര്യമുണ്ടോ?
കൂടത്തായി തൊട്ട് എല്ലാം കൊലക്കേസും ഒറ്റ രാത്രി കൊണ്ട് മൂന്ന് ബുള്ളറ്റിൽ പരിഹരിക്കാം.
ഇന്ത്യയിൽ 2016 ഇൽ 42, 678 പേർ കൊലപാതകം ചെയ്യപെട്ടു എന്നാണ് കണക്ക്. ഇതിൽ പെട്ട പ്രതികളെ പിടിച്ചു അപ്പോൾ തന്നെ എൻകൗണ്ടർ നടത്തി കൊന്നാൽ പിന്നെ ഇന്ത്യയിൽ ജുഡീഷ്യറിയുടെയും ഭരണഘടനയും നിയമ വ്യവസ്ഥയും ഒന്നും ആവശ്യമില്ലല്ലോ?
ഇന്ത്യയിൽ നടക്കുന്ന സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും ബലാത്സംഗ കൊലകളും നമ്മളെ അത്യന്തം കോപാകുലരാക്കും. അതിനെതീരെ നമ്മളുടെ രക്തം തിളക്കും. ചില സിനിമ കഥകളിലെ പോലീസ് ഹീറോകളെപ്പോലെ ഉടനടി നീതി നടപ്പാക്കാൻ പ്രതികളെ വെടിവച്ചു കൊല്ലണം എന്ന് തോന്നും.
നീചവും നിഷ്ടൂരവവുമായ കുറ്റകൃത്യങ്ങളെ സമയ ബന്ധിതമായി അതി വേഗം വിചാരണ ചെയ്യുവാൻ പ്രത്യക കോടതികളുണ്ടാകണം. കുറ്റവാളികൾക്ക് ഏറ്റവും കഠിന ശിക്ഷയുണ്ടാകണം. ഇന്ന് കോടതി വ്യവഹാരങ്ങളുടെ മെല്ലെപൊക്കും നീതി നടപ്പാക്കുന്നതിലുള്ള കാല താമസവും പണവും രാഷ്ട്രീയ സ്വാധീനവുമുള്ള കുറ്റവാളികൾ രക്ഷപ്പെടുന്നതും ജനങ്ങൾക്കു പലപ്പോഴും നീതി ന്യായ സംവിധാനത്തിൽ വിശ്വാസ്യത കുറച്ചിട്ടുണ്ട്. പലപ്പോഴും കുറ്റവാളികളും അവരുടെ രാഷ്ട്രീയ സ്പോൺസർമാരും തിരിഞുപ്പിൽ വിജയിച്ചു ഭരണ അധികാരികളാകുന്നതും ഒരുപാടു പേരെ അസ്വസ്ഥരാക്കുന്നുണ്ട്. പാവപ്പെട്ടവന് ഒരു നീതി. ഐ എ എസ്സ് കാരന് വേറൊന്ന് എന്നതും സാധാരണ ജനങ്ങളുടെ ഭരണ -നിയമ നിർവഹണ സംവിധാനത്തിലുള്ള വിശ്വാസ്യത കുറച്ചിട്ടുണ്ട്. പക്ഷെ എലിയെ തോൽപ്പിച്ചു ഇല്ലം ചുടുന്നത് പോലെയാണ് കുറ്റാരോപിതരെ പോലീസ് ഭാഷ്യമായ 'എൻകൗണ്ടർ കില്ലിംഗ് ' നടത്തുന്നതിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്.
കാരണം മസാല ക്രൈം ത്രില്ലർ സിനിമ കഥയല്ല ജനാധിപത്യ സംവിധാനം.. അതിന്റ ഏറ്റവും പ്രധാന ഘടകമാണ് നീതി ന്യായ വ്യവസ്ഥ. അതില്ലെങ്കിൽ കൈയൂക്ക് ഉള്ളവർ കാര്യക്കാരായി ആരെയും കൊല്ലാം എന്ന സ്ഥിതി വരും.
പോലീസ് നിയമ പാലകരാണ്. അല്ലതെ നിയമം കൈയിലെടുത്തു ഉടനടി ആയുധം കൊണ്ട് ആളെ കൊല്ലുന്നത് അവരുടെ 'ഉടനടി നീതി നിർവഹണം ' എന്ന് കരുതി തോക്കിന്റെ മുനയിൽ 'ഉടനടി നീതി ' നടപ്പാക്കാം എന്നു വന്നാൽ പിന്നെ ഇന്ത്യൻ ഭരണഘടനക്കും നിയമ വ്യവസ്ഥയ്ക്ക് അത് ഉറപ്പാക്കുന്ന ജനാധിപത്യ സംവിധാനത്തിനും മനുഷ്യ അവകാശങ്ങൾക്കും വിലയില്ലാതാകും.
നിങ്ങൾ 'ഉടനടി നീതി 'നടപ്പാക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും അത് പോലെ കുറ്റാരോപിതരേ വെടി വച്ചു കൊല്ലുന്നതിനെ അംഗീകരിക്കുന്നുവോ?
അങ്ങനെഎങ്കിൽ നിങ്ങൾ ഇന്ത്യൻ ഭരണഘടനയിലും നീതി ന്യായ വ്യവസ്ഥയിലും ജനാധിപത്യ സംവിധാനത്തിലും വിശ്വസിക്കുവാനുള്ള സാധ്യത കുറവാണ്.
അങ്ങനെയുള്ള ആളുകൾ കൂടുമ്പോഴാണ് ഏകാധിപത്യ ഭരണകൂടങ്ങളുണ്ടാകുന്നത്.
ജെ എസ് അടൂർ
No comments:
Post a Comment