Saturday, December 28, 2019

എന്ത് കൊണ്ടാണ് മനുഷ്യഅവകാശങ്ങൾ എല്ലാം മനുഷ്യർക്കും ഉള്ളത്?


ഇന്ന് ലോക മനുഷ്യ അവകാശ ദിനമാണ്. 1948 December 10 ന്നാണ് യൂണിവേഴ്സൽ ഡിക്ലറേഷൻ ഓൺ ഹ്യൂമൻ റൈറ്സ് ഐക്യ രാഷ്ട്ര സഭ പാസ്സാക്കിയത്. ലോകത്തു എല്ലാ മനുഷ്യർക്കും എല്ലായിടത്തും സ്വാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും (dignity )ജീവിക്കുവാനുള്ള അവകാശമാണ് മനുഷ്യ അവകാശത്തിന്റെ കാതൽ. അതു കൊണ്ടു തന്നെ അത് എല്ലാവിധ വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കും അനീതികൾക്കും എതിരാണ്.
പലപ്പോഴും പലർക്കും കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. ഇന്ത്യയിൽ താരതമ്യേന സ്വാതന്ത്ര്യവും എല്ലാവർക്കും വോട്ട് അവകാശവുമൊക്കെഉള്ളത് ഇന്ത്യൻ ഭരണഘടന തുടങ്ങുന്നത് ' we the people ' ലും ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞ മൂല്യങ്ങളും എല്ലാ മനുഷ്യ അവകാശങ്ങളും ഭരണഘടനയിൽ ആർട്ടിക്കിൾ 14 മുതലുള്ള മൗലീക അവകാശങ്ങളിലുണ്ട്. അത് കൊണ്ടു തന്നെ മനുഷ്യ അവകാശ സമരങ്ങൾ ഇന്ത്യയിൽ തുടങ്ങിയത് ഇരുപതാം നോറ്റാണ്ടിന്റ തുടക്കം മുതൽ ജനകീയമായികൊണ്ടിരുന്ന സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ചാണ്.
കാരണം സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വില അറിയുന്നത്. വിവേചനം അനുഭവിക്കുമ്പോഴാണ് സ്വാഭിമാനത്തിന്റെ വില അറിയുന്നത്. എന്തിനും ഏതിനും ആരെയും ജയിലിൽ അടക്കുകയോ കൊല്ലുകയോ ചെയ്യാം എന്ന് വരുമ്പോഴാണ് നീതി ന്യായ വ്യവസ്ഥയും നിയമ വാഴ്ച്ചയും നിയമ പരിപാലനവും എല്ലാവർക്കും വേണം എന്ന് തോന്നുന്നത്.
ഇതെല്ലാം ഇന്ത്യക്കാർക്ക് നിഷേധിക്കപ്പെട്ടത് കൊണ്ടാണ് സ്വാതന്ത്ര്യ സമരം ഉണ്ടായത്. ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് 1926 ഇത് മോത്തിലാൽ നെഹ്‌റു കമ്മറ്റിയെ മനുഷ്യ അവകാശങ്ങളുടെ രൂപ രേഖയുണ്ടാക്കുവാൻ അവശ്യപ്പെട്ടു. 1931 ലെ എ ഐ സി സി സമ്മേളനത്തിൽ എല്ലാ ഇന്ത്യക്കാർക്കും വേണ്ട മൗലീക അവകാശങ്ങൾ അംഗീകരിച്ചു. അതു കഴിഞ്ഞു വളരെ ചർച്ചകൾക്ക് ശേഷം കോൺസ്റ്റീന്റ് അസംബ്ലിയിലെ വിശദ ചർച്ചക്ക് ശേഷം ഉരുത്തിരിഞ്ഞതാണ് ഭരണഘടന നൽകുന്ന മൗലിക മനുഷ്യ അവകാശങ്ങൾ. മഹാനായ അംബേദ്ക്കറും നെഹ്രുവും പട്ടേലും ഗാന്ധിയും എല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് എല്ലാ ഇന്ത്യക്കാർക്കും ഇവിടെ സ്വാഭിമാനത്തോടും സുരക്ഷയോടും സ്വാതന്ത്ര്യത്തോടും നീതി ന്യായ വ്യവസ്ഥയോടും ജീവിക്കുവാനുള്ള ജനായത്ത അവകാശങ്ങള്ക്കാണ്.ചുരുക്കം പറഞ്ഞാൽ ഇന്ത്യയിൽ മനുഷ്യ മൗലീക അവകാശ ചർച്ചകളും അവകാശങ്ങളും ഉണ്ടായത് 1948 ഡിസംബറിൽ ഐക്യം രാഷ്ട്ര സഭ യൂണിവേഴ്സൽ ഡിക്ക്ളറേഷൻ പാസാക്കുന്നതിന് വളരെ മുമ്പാണ്.
ആർ എസ് എസ് ഇന്റെ കോർ ഐഡിയോളജി ജാതി മത വിവേചനത്തിലാണ്. അത് കൊണ്ടാണ് അവർ മനുഷ്യ അവകാശങ്ങൾ പറയുന്നവരെ ഊശിയാക്കുന്നത്. അത് കൊണ്ടാണ് അവർ മനുഷ്യ അവകാശങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് എന്ന കള്ളം പറഞ്ഞു പരത്തുന്നത്. കാരണം അവർക്കു മനുഷ്യ അവകാശത്തെക്കാൾ പ്രധാനം മനുസ്മൃതി ബ്രഹ്മണ്യമാണ്. അവരുടെ രാഷ്ട്രീയ ഫിലോസഫി പേഷ്വാ ബ്രമ്മിണിക്കൽ അധിനിവേശ അധികാരമാണ്. അവർ സ്ത്രീ പുരുഷ തുല്യതയിൽ വിശ്വസിക്കുന്നില്ല. അത് കൊണ്ടു തന്നെ ഇന്ത്യൻ ഭരണ ഘടന ഉറപ്പ്‌ നൽകുന്ന തുല്യ മൗലീക അവകാശങ്ങളിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ വിശ്വാസം ഇല്ല.
1948 ഇൽ മനുഷ്യ അവകാശ ചാർട്ടറിനെ എതിർത്തത് വിവേചനം സർക്കാർ പോളിസിയാക്കിയ പഴയ സൌത്ത് ആഫ്രിക്കയും സ്ത്രീ പുരുഷ തുല്യതയിൽ വിശ്വാസമില്ലാത്ത സൗദി അറേബ്യയൂമായിരുന്നു.
കഴിഞ്ഞ ആഴ്‌ച്ച വിദ്യാഭ്യാസം ഉള്ളവർ പോലും പറഞ്ഞത് ഇരക്ക് ഇല്ലാത്ത മനുഷ്യവകാശം എന്തിനാണ് കൊന്നവർക്കുള്ളത് എന്നാണ്. ഇതു പറയാൻ ഒരു കാരണം അവർക്കു മനുഷ്യ അവകാശങ്ങളെകുറിച്ച് ധാരണയില്ലാത്തതിനാലാണ്. ആദ്യമായി മനസ്സിലാക്കണ്ടത് മനുഷ്യ അവകാശങ്ങൾ ഉറപ്പാക്കേണ്ട ബാധ്യത ആർക്കെന്നതാണ്? മനുഷ്യ അവകാശങ്ങൾ അന്തർദേശീയ നിയമങ്ങളാണ്. അതിൽ ഒപ്പ് വയ്ക്കുന്ന രാജ്യങ്ങളിൽ അത് സംരക്ഷിക്കുവാൻ ബാധ്യസ്ഥരാണ്.
ഇന്ത്യയിൽ ഭരണ ഘടന സംരക്ഷിക്കുവാനും പാലിക്കുവാനും എല്ലാ സർക്കാർ ഘടകങ്ങളും ഉദ്യോഗസ്ഥരും തിരെഞ്ഞെടുക്കപെട്ടവരും ബാധ്യസ്ഥരാണ്. അത് കൊണ്ടാണ് അവർ ഭരണ ഘടന സംരക്ഷിക്കും എന്നതിന്റെ പേരിൽ സത്യ പ്രതിജ്ഞ ചെയ്യുന്നത് സർക്കാർ ജോലി കരസ്തമാക്കുന്നത്. ചുരുക്കത്തിൽ it is the obligation of the state to respect, protect and fulfill human rights for all. അത് ആണ് മനുഷ്യ അവകാശത്തിന്റ പ്രധാന വശം.
ഇതു എന്ത് കൊണ്ടാണ്? കാരണം ഒരു രാജ്യത്തു ഏറ്റവും കൂടുതൽ ആയുധ ബലത്തിന്റ മോണോപ്പളി ഉള്ളത് സർക്കാരിനാണ്. പോലീസും പട്ടാളവും തോക്കും ജയിലും സർക്കാർ ഭരണ അധികാരങ്ങളുടെ കീഴലാണ്. അത് കൊണ്ടു തന്നെ അത് ദുരുപയോഗപ്പെടുത്തുവാൻ സാധ്യത കൂടുതലാണ്. അത് 1857 ലെ അടിച്ചമർത്തലും ബ്രിട്ടീഷ് പോലീസ് നടത്തിയ നിരവധി കൊലപാതകങ്ങളിലും ജാലിയൻവാല ബാഗ്‌ കൂട്ട കൊലയിലും ആരെയും പിടിച്ചു ജയിലിൽ ഇടാമെന്ന അവസ്ഥയലായിരുന്നു. അത് ഹിട്ലരുടെ പൊലീസിന് യഹൂദന്മാരെ തടാങ്കിലാക്കി ഗ്യാസ് ചേമ്പറിൽ ഇട്ടു ലക്ഷക്കണക്കിന് ആളുകളെ കൊല്ലുവാൻ ഇട നൽകി. അത് പൊലെ മുസ്സോളിനിക്ക് ആരെയും ജയിലിൽ അറ്റാക്കുകയോ കൊല്ലുകയോ ചെയ്യാം എന്ന നിലയിലായി. സ്റ്റാലിൻ എതിരാളികളെയും ചോദ്യം ചെയ്യന്നവരെയും എതിർക്കുന്നവരെയും സൈബീരിയിലെ ജയിലുകളിൽ തള്ളുകയോ കൊല്ലുകയോ ചെയ്തു. പോൾപൊട്ട് പതിനായിരങ്ങളെ കൊന്നു തള്ളി.
അടിയന്തര അവസ്ഥ കാലത്താണ് ഞാൻ മനുഷ്യ അവകാശങ്ങയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. കാരണം അറിയാവുന്ന പലരെയും പോലീസ് ജയിലിൽ അടച്ചു ക്രൂരമായി പീഡിപ്പിച്ചു. രാജനെ ഉരുട്ടി കൊന്നും. അന്ന് പീപ്പിൾ യൂണിയൻ ഓഫ് സിവിൽ ലിബേർറ്റീസ് എന്ന PUCL നെ പിന്തുണച്ചാണ് ആദ്യം മനുഷ്യ അവകാശ പ്രവർത്തകനായത് . അത് കഴിഞ്ഞാണ് ഇന്ത്യൻ ഭരണഘടനയും മനുഷ്യ അവകാശങ്ങളും പഠിച്ചത്. അത് കഴിഞ്ഞു ഗുജറാത്തിൽ അടക്കമുള്ള മനുഷ്യ അവകാശ ധ്വസനങ്ങളുടെ അന്വേഷണത്തിൽ പങ്കാളിയായി. പല രാജ്യങ്ങളിലെ എക്സ്ട്രാ ജുഡീഷ്യൽ കില്ലിങിനെകുറിച്ച് അന്വേഷണം നടത്തി. അത് കൊണ്ടു തന്നെയാണ് ആരൊക്കെ കൈയടിച്ചാലും പോലീസ് കഥ അപ്പാടെ വിഴുങ്ങി എക്സ്ട്രാ ജുഡീഷ്യൽ കില്ലിങിനെ പിന്താങ്ങാത്തത്.
കാരണം അങ്ങനെയുള്ള എക്സ്ട്രാ ജുഡീഷ്യൽ കില്ലിങിനെ മാധ്യമങ്ങളുടെ സഹായത്തോടെ കൈയടിപ്പിച്ചു പ്രോൽത്സാഹിപ്പിച്ചാണ് പല രാജ്യത്തു ഫാസിസവും പട്ടാള ഭരണവും ഏകാധിപത്യവും വന്നത്. എക്സ്ട്രാ ജുഡീഷ്യൽ കില്ലിങിനെ പിന്താങ്ങാത്തത് അത് ചെയ്യുന്നവർ സ്ലോ പോയിസണിൽ കൂടി ഭരണഘടന മൂല്യങ്ങളും മനുഷ്യ അവകാശങ്ങളും എല്ലാ മനുഷ്യർക്കും തുല്യ അവകാശങ്ങളും ഹനിക്കാൻ വെമ്പന്ന ഭരണ അധികാരത്തിന്റെ ആൾകൂട്ടങ്ങളാണ് എന്ന രാഷ്ട്രീയ ബോധ്യങ്ങൾ ഉള്ളതിനാലാണ്.
Human Rights are inalienable , universal and indivisible .Hence human rights for all human beings , irrespective of gender , class , colure, creed , caste , nationality , religion, age , language , ethnicity or geography .
ജെ എസ് അടൂർ

No comments: