Saturday, December 28, 2019

കേരളത്തിന് ഫിൻലന്റിനെപ്പോലെയാകാൻ പറ്റാത്തത് എന്ത് കൊണ്ട് ?


ഇവിടെ ചിലർ പറയാറുണ്ട് കേരളത്തിന് എന്ത് കൊണ്ട് ഫിൻലന്റിനെയും നോർവെയും പോലെയായിക്കൂടാ ? .അവിടെ സ്‌കൂളിൽ കൊമ്പറ്റീഷൻ ഇല്ല . നല്ല വിദ്യാഭ്യസം നല്ല ആരോഗ്യം .ഹാപ്പിനെസ്സ് ഇൻഡക്സിൽ മുന്നിൽ . ദൂരെകാഴ്ച്ചയിൽ മനോഹരം .പിന്നെ നമ്മൾക്ക് എന്ത് കൊണ്ട് നോർവെയും ഫിൻലന്റും പോലെ ആയിക്കൂടാ എന്ന ചോദ്യം ന്യായമായി ഒറ്റകാഴ്ചയിൽ തോന്നും . കാരണം നമ്മുടെ നാട്ടിൽ ഒരുപാട് കാര്യം മെച്ചപ്പെടണമെന്ന് ആഗ്രഹമുള്ള ഒരുപാട് മലയാളികൾ സ്വദേശത്തും വിദേശത്തുമുണ്ട് .
എന്നാൽ ചില വസ്‌തുതകൾ പരിശോധിച്ചാൽ കേരളവും നോർഡിക് രാജ്യങ്ങളുമായുള്ള വെത്യാസം മനസ്സിലാക്കാം .
കേരളത്തിൽ ജനസാന്ദ്രത 859. ഫിൻലന്റിൽ 18. നോർവേയിൽ 15
നോർവെയുടെ പ്രതിശീർഷ വരുമാനം ഏകദേശം 93000 USD. ഫിൻലണ്ടിന്റേത് ഏകദേശം 50, 000 USD .ഇന്ത്യയുടേത് ഏകദേശം 1650 .USD.കേരളത്തിലേത് 2900 USD
എന്തെളുപ്പമാണ് ചോദിക്കാൻ ! കേരളത്തിന് ഫിൻലാൻഡിനെയും നോർവെയും പോലെ ആയിക്കൂടെയെന്ന് !!
ഫിൻലണ്ടിലെ പുതിയ പ്രധാനമന്ത്രി 34 വയസ്സുള്ള സന്നാ മറീനും കൂട്ട് മന്ത്രി സഭയും ചെറുപ്പക്കാരായ മന്ത്രിമാരും പുതിയ രാഷ്ട്രീയം എന്നെങ്കിലും വരുമെന്ന് ആശക്ക് വക നൽകുന്നുണ്ട്. ന്യൂസിലൻഡിലെ ജസീന്തയാണ് ഏറ്റവും ഇൻസ്പയറിങ് ആയ പ്രധാനമന്ത്രി . കൂടുതൽ സ്വാതന്ത്ര്യ ചിന്തയുള്ള സ്ത്രീകൾ കേരളത്തിലും ഇന്ത്യയിലും നേത്രത്വത്തിൽ വരണമെന്നാണാഗ്രഹം . കേരളത്തിൽ നിയമ സഭയിലുള്ള സ്ത്രീകളെ വിരലിൽ എണ്ണാൻ കഴിയും.
നോർഡിക് രാജ്യങ്ങളിൽ നിന്ന് ജനാധിപത്യ സാമൂഹികവൽക്കരണത്തെകുറിച്ചും ലിംഗ സമത്വത്തെകുറിച്ചും പരിസ്ഥിതി സംരക്ഷണത്തെകുറിച്ചും ആരോഗ്യ വിദ്യാഭ്യാസകാര്യങ്ങളെകുറിച്ചും പഠിക്കാനുണ്ട് .അതുപോലെ പല രാജ്യങ്ങളിൽ നിന്നും പലതും പഠിക്കാനുണ്ട് .
പക്ഷെ നോർഡിക് രാജ്യങ്ങളെ കേരളവുമായി സാമ്പത്തികവും സാമൂഹികമായും താരതമ്യപെടുത്താനാവില്ല . കേരളത്തിന്റെ അവസ്ഥയും ചരിത്രവും തികച്ചും വ്യത്യസ്തമാണ് .
സത്യത്തിൽ ജനസാന്ദ്രത വച്ച് കണക്കാക്കിയാൽ കേരളത്തിന്റെ സോഷ്യൽ ഇക്കോണമിക് ഡവലപ്പ്മെന്റ് ലോക നിലവാരത്തിൽ മതിപ്പുണ്ടാക്കുന്നതാണ് .കേരളം പോക്കാണ് എന്ന മനോഭാവം മാറണം .നോർവെയും ഫിൻലണ്ടിനെയും ഒന്നും താരതമ്യം ചെയ്യാതെ നമ്മുടെ സാഹചര്യത്തിന് അനുസരിച്ചുള്ള മാറ്റമാണ് കേരളത്തിൽ വേണ്ടത്
കേരളത്തിന്റ എട്ട് ഇരട്ടിയുള്ള നോർവേയിൽ 50 ലക്ഷത്തിൽ താഴെ ജനങ്ങൾ .യൂറോപ്പിൽ ഏറ്റവും കൂടുതൽ എണ്ണയും അതുപോലെ ഹൈഡ്രോ ഇലട്രിക് പവർ ഉൽപ്പാദിപ്പിക്കുന്ന രാജ്യം .കേരളത്തിന്റ പത്തിരട്ടിയുള്ള ഫിൻലണ്ടിൽ ഉള്ളത് ഏതാണ്ട് 50 ലക്ഷം ആളുകൾ . ഇത് രണ്ടും സ്വതന്ത്ര രാജ്യങ്ങളാണ് .കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രം . സ്വന്തമായി ടാക്സ് പിരിക്കാനുള്ള സാധ്യതപോലും GST വന്നതിന് ശേഷം കുറവ് . മുക്കാലും മുച്ചൂടും കടംവാങ്ങി ജീവിച്ചു പോകുന്ന സർക്കാർ .!ചിലർ ചോദിക്കും കേരളത്തിന് എന്ത് കൊണ്ട് സിംഗപ്പൂരായിക്കൂടാ ? അല്ലെങ്കിൽ ജപ്പാനെപ്പോലെയായിക്കൂടാ ?
കടലും കടലാടിയും ഒന്നല്ലന്നറിയുക .ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനവും വളരെ ജന സാന്ദ്രത കുറഞ്ഞ ഒരു രാജ്യവും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല . ഇവിടെയും ചെറുപ്പക്കാർ മന്ത്രിമാരും മുഖ്യമന്ത്രി മാരുമായിട്ടുണ്ട് . പ്രായത്തിന്റ കാര്യം പറയുകയാണെങ്കിൽ 37 വയസ്സിൽ എ കെ ആന്റണി മുഖ്യ മന്ത്രിയായി .29 വയസ്സിൽ രമേശ് ചെന്നിത്തല മന്ത്രി .അത് പോലെ ഉദാഹരണങ്ങൾ പലതും ഇന്ത്യയിലും ഉണ്ട് . രാജീവ് ഗാന്ധി 40 വയസ്സിൽ പ്രധാനമന്ത്രി . പ്രായം വച്ച് മാത്രം ഡെമോക്രസിയെ അളക്കാനൊക്കില്ല .നോർഡിക് രാജ്യങ്ങളിലും തീവ്ര വലതുപക്ഷം വളരുകയാണ് എന്നതാണ് അവസ്‌ഥ.
നോർഡിക് രാജ്യങ്ങളും ഇന്ത്യയും കേരളവുമായി ഒരുപാട് അന്തരമുണ്ട് .ഞാൻ അവിടെ താമസിക്കുകയും ജോലി ചെയ്യുകയും കഴിഞ്ഞ 25കൊല്ലമായി സ്ഥിരമായി പോയിട്ടും പഠിച്ചിട്ടുമുള്ള രാജ്യങ്ങളാണ് .അവരിൽ ബഹു ഭൂരി പക്ഷം ഒരേ ഭാഷ ഒരേ മതം ഒരേ എത്നിസിറ്റി എന്ന നാഷണൽ കോൺഷ്യസ് ഉള്ളവരാണ് . ജീവിക്കാനാവശ്യമായ ജോലി പഠിച്ച ഉടനെകിട്ടുന്നു .ടാക്സ് കൂടുതലും ജനസംഖ്യ കുറവും ആയതിനാൽ രണ്ടു വയസ്സ് മുതൽ വിദ്യാഭ്യസവും ആരോഗ്യവും സർക്കാരിൻറെ ഉത്തരവാദിത്തമാണ് .മരിക്കുന്നത് വരെ .67 വയസ്സ് വരെ ജോലി ചെയ്താൽ ശമ്പളത്തിന് തുല്യമായ പെൻഷൻ .പിന്നെ എന്തിന് കോംപെറ്റീഷൻ .? ഇന്ത്യയിലെ സ്ഥിതി അതല്ല .
മലയാളിക്ക് കേരളത്തിൽ ജോലി കിട്ടാത്തത് കൊണ്ടാണ് വെളിയിൽ പോയി ജോലി ചെയ്യുന്നത് .അതിന് കാരണം നമ്മുടെ ജനസാന്ദ്രത ഇതേ രാജ്യങ്ങളുടെ അമ്പത് ഇരട്ടിയോളമാണ് .ജോലി സാധ്യത കുറവും ജനങ്ങൾ കൂടുതലുമായാൽ കോംപറ്റീഷൻ എവിടെയും കൂടും .
കേരളത്തിൽ 20 ലക്ഷം ജനങ്ങളെ ഉണ്ടായിരുന്നുവെങ്കിൽ കേരളം ഫിൻലാൻഡിനെക്കാളിൽ ഭേദമാകും .എന്നാലും അത് പ്രയാസമാകുമെന്നതിന്റെ ഒരു കാരണം ഫിൻലണ്ടിലും നോർഡിക് രാജ്യങ്ങളിലും ഇല്ലാത്ത ജാതി മത വേർതിരുവുകൾ ഇവിടെ ജനനം മുതൽ മരണം വരെയുണ്ടെന്നതാണ് .അതാണ് ഇന്ത്യയുടെ ചരിത്രവും സമൂഹവും സാമ്പത്തികവും രാഷ്ട്രീയവും ഒരു വലിയ പരിധിവരെ നിയന്ത്രിക്കുന്നത് .
ഇന്ത്യപോലെ വൈവിധ്യങ്ങളും ജന സംഖ്യയും ഉള്ള രാജ്യം ഇന്ത്യ മാത്രമാണ് .കേരളത്തെപ്പോലെ കേരളവും .അത് കൊണ്ട് ഗാന്ധിജി പറഞ്ഞതാണ് നിലപാട് .
I want the cultures of all lands to be blown about my house as freely as possible. But I refuse to be blown off my feet by any.
ജെ എസ് അടൂർ

No comments: