Saturday, December 28, 2019

മലയാളി ഇരട്ടത്താപ്പുകളും പൗരത്വ രജിസ്റ്റർ എന്ന അമിട്ട് നഞ്ചു രാഷ്ട്രീയവും


കഴിഞ്ഞ ചില ദിവസങ്ങളായി കേരളത്തിൽ വീട് വീടാന്തരം കയറി ചിലർ നുണ പ്രചാരണങ്ങളിലാണ്. അത് പല പ്രാദേശിക വാട്സ് ആപ്പ് നുണ നെറ്റ്വർക്കുകളിലൂടെ പരത്തുകയാണ്.
എന്താണ് കാര്യം? കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ പശ്ചിമ ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും വടക്ക് കിഴക്കേ ഇന്ത്യയിൽനിന്നും നിന്നുമുള്ളവർ ബഹുഭൂരിപക്ഷവും ബംഗ്ലാദേശികളാണ്. അല്ലെങ്കിൽ മിയാൻമാറുകാർ. അവർ കൂടുതലും മുസ്ലീങ്ങളാണ്. അവരിവിടെ പെറ്റു പെരുകും. അങ്ങനെ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകും എന്ന തരത്തിലുള്ള സെൻകുമാർ ടൈപ്പ് വിഷ -നുണകൾ വീട് വീടാന്തരം കയറിപരത്തുകയാണ്. അത് കൊണ്ടു എൻ ആർ സി കേരളത്തിന്‌ നല്ലതാണ്. കാരണം അത് കേരളത്തിൽ വന്നു ജോലി ചെയ്യുന്ന 'വരുത്തരെ ' പുറത്താക്കും. എന്ത് ലോജിക്ക് !!! അതെ ലോജിക് കേരളത്തിന്‌ പുറത്തും ഇന്ത്യക്ക് പുറത്തും ജീവിച്ചു ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് മലയാളികളുടെ നേരെ ഉപയോഗിച്ചാൽ എങ്ങനെ ഇരിക്കും?
കുറെ വര്ഷങ്ങളായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് എതിരായി കേരളത്തിൽ ഒരു പൊതു മനസ്ഥിതി വളർത്തുവാൻ ചില സാംസ്‌കാരിക 'നായകർ ' ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നുണ്ട്. തിരുവന്തപുരത്തെ വന്ദ്യവയോധിക കവിശ്രേഷ്ഠ ഇതര സംസ്ഥാന തൊഴിലകൾ നമ്മുടെ 'തനതായ ' കേരള 'സംസ്കാരത്തെ '(അതായത് സവർണ്ണ സംസ്കാരത്തെ )കളങ്കപ്പെടുത്തുമെന്നു പ്രസംഗിച്ചു. അങ്ങനെയുള്ള മനസ്ഥിതി കടുത്ത ജാതി മത ബോധം മാത്രമല്ല മനുഷ്യന്റെ ആത്മ അഭിമാനത്തെയും തുല്യ അവകാശങ്ങളെയും നിരാകരിക്കുന്ന ഒരു മേൽ ജാതി ധാരണകളുടെ ഭാഗമാണ്.
ഇതര സംസ്ഥാന തൊഴിലാളികൾ എല്ലാവർഷവും അഞ്ചും ആറും മാസം കേരളത്തിൽ വന്നു രാപ്പകൽ പണിഎടുത്തു ആ പൈസ വീട്ടിൽ അയച്ചു കൊടുത്തു വീട് പണിയുന്നവരും കുട്ടികളെ സ്കൂളിൽ പഠിപ്പിക്കുന്നവരുമൊക്കെ. അവർക്ക് കേരള തൊഴിൽവകുപ്പ് വർഷങ്ങളായി രജിസ്‌ട്രേഷനും ഐഡന്റിറ്റി കാർഡും നൽകുന്നുണ്ട്. അവരിൽ ബഹു ഭൂരിപക്ഷവും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹികമായും സാമ്പത്തികമായും ജാതിപരമായും പാർശ്വവൽക്കരിക്കപെട്ടവരാണ്.
അവർ ഇവിടെ വന്നു രാപ്പാകൽ ജോലിചെയ്യുന്നത് പോലെയാണ് വിവിധ ജാതി മതങ്ങളിലുള്ള മലയാളികൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നത്. ഇവിടെ വന്നു ജോലി ചെയ്യുന്നവരെകാട്ടിൽ മുന്ന് മടങ്ങു മലയാളികൾ കേരളത്തിന്‌ പുറത്ത് ഇന്ത്യയിലും വിദേശത്തും ജോലി ചെയ്തു അയച്ച കാശു കൊണ്ടാണ് കേരളം ഈ കാണുന്ന തരത്തിൽ വളർന്നത്.
കേരളത്തിൽ നിന്നുള്ളവരെകുറിച്ചും ഇരുണ്ട നിറമുള്ള എല്ലാ തെക്കേ ഇന്ത്യക്കാരെയും 'മദ്രാസികൾ ' എന്ന പുശ്ച രസത്തോടെയാണ് ഉത്തരേന്ത്യയിലെ സവർണ്ണ മേൽജാതികളും മറ്റുമുള്ളവരും കണ്ടത്. അത് മൂത്താണ് ഇന്നു മുംബൈ എന്നറിയപ്പെടുന്ന ബോംബയിൽ നിന്ന് മലയാളികൾ അടക്കം ഉള്ളവരെ അടിച്ചോടിച്ചത്. 1980 കളിൽ പൂനയൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്യാൻപോയ എന്നോട് ചോദിച്ചത് ' തൂ കേരള ലോഗ് ഇതെർ ക്യോം ആത്തേഹേ? :എന്നാണ്.
കേരളത്തിൽ മലയാളികൾക്ക് ജോലി സാധ്യത ഇല്ല. അത് കൊണ്ടു നമ്മൾ ജയന്തി ജനതയിലും കേരള എക്സ്പ്രെസ്സിലും മദ്രാസ് മെയിലുമൊക്കെ തൊഴിൽ തേടി നാട് വിട്ടു. അതിലധികവും സാമ്പത്തിക അഭയാർത്ഥികളായിരുന്നു. ബോംബെയിലും കൽകട്ടയിലും ഡൽഹിയിലും ഒരു മുറി ഫ്ലാറ്റിൽ പത്തുപേർ താമസിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ തുടങ്ങിയവരിൽ പലരും ഇന്ന് ഇതര സംസ്ഥാന തൊഴിലകളുടെ ജാതിയും മതവും പറഞ്ഞു ഭീതി പടർത്തി ഭിന്നിപ്പിക്കുന്ന ഇരട്ടത്താപ്പ് കാണിക്കുകയാണ്.
കേരളത്തിൽ സർക്കാർ ജോലിയുള്ളവർ അഞ്ചു ശതമാനം പോലും വരികയില്ല. കേരളത്തിനു വെളിയിൽ നിന്ന് വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമുള്ള വരുമാനകാരണം നേരിട്ടും അല്ലാതെ പരോക്ഷമായും കേരളത്തിൽ അമ്പത് ശതമാനത്തിലധികം ആളുകൾ ജീവിക്കുന്നത്.
ഇവിടെ ജോലിയും വേലയും കൂലിയും കിട്ടാൻ ഇടയില്ലാത്തവർ ഗൾഫിൽപോയി പത്തു പുത്തൻ ഉണ്ടാക്കിയപ്പോൾ പലർക്കും പഴയകുടുംബ മഹിമയും 'തറവാടിത്തവും ' മേൽജാതി വിചാരങ്ങളും ഉഷാറായി സടകുടഞ്ഞെഴുന്നേറ്റു. മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽപോയി ജോലി ചെയ്തു കാശുണ്ടാക്കിയ മലയാളിയാണ് ഇന്നും മുസ്ലിം വിരുദ്ധത നുണകൾ പരത്തുന്നവരിൽ ഒരു വിഭാഗമെന്നതിലാണ് വിരോധാഭാസം.
വിദേശപ്പണം കൊണ്ടോടുന്ന കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ രണ്ടാംതരം മനുഷ്യരായികണ്ടു അവരുടെ പൗരത്വത്തേ ജാതി മത വംശീയ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നത്.
കേരളത്തിനു വെളിയിൽപ്പോയി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന എത്രപേർക്ക് പൗരത്വം തെളിയിക്കാനുള്ള രേഖയുണ്ട്? കേരളത്തിൽ ഭൂമി വിറ്റ് ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഫ്ലാറ്റ് വാങ്ങാതെയും അല്ലാതെയും ജീവിക്കുന്നവർക്ക് ഏത്ര മാത്രം ഡോക്കുമെന്റുകളുണ്ട്? കേരളത്തിൽ ഒരു തുണ്ട്‌ ഭൂമിയില്ലാതെ കേരളത്തിന്‌ വെളിയിൽ വാടകക്ക് താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട്. അപ്പോൾ അവരുടെ പൗരത്വം എങ്ങനെ തെളിയിക്കും?
ഇപ്പാൾ അമിട്ട് ഷാജി പറയുന്നത് ആധാറും വോട്ടർ ഐഡിയും പാസ്സ്പോര്ട്ടും ഒന്നും പോരെന്നാണ്.പാസ്സ്പോർട്ട് ഇന്ത്യൻ പൗരൻ ആണ്‌ എന്നുള്ളത്തിന്റ തെളിവാണ്. അതെല്ലങ്കിൽ പിന്നെ എന്താണ്? തിരെഞ്ഞെടുപ്പ് കാർഡ് സാധുവല്ലെങ്കിൽ പിന്നെ ഷാജി സാറിന്റെയും മോഡി സാറിന്റെയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെയും സാധുത എന്താണ്? ആധാറിന് സാധുത ഇല്ലെങ്കിൽ പിന്നെ അത് എന്തിനാണ് അടിച്ചേൽപ്പിച്ചത്? എന്തിനാണ് സാധുത?
സ്വാതന്ത്ര്യതിന്നു മുമ്പ് ജനിച്ച എന്റെ അമ്മക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ല. എനിക്കും അത് ഉണ്ടോയെന്നു സംശയമാണ്? അപ്പോൾ അതില്ലെങ്കിൽ പൗരത്വം ഇല്ലെന്ന് പറഞ്ഞാൽ കോടിക്കണക്കിന് ഇന്ത്യൻ പൗരൻമാർ അത് ഇല്ലാത്തവരാകും. ഈ പറയുന്ന അമിട്ട് ഷാജിയുടെ കുടുംബം ഇന്ത്യയിൽ വരുന്നതിന് മുമ്പ് ഇവിടെ ജീവിച്ചവരാണ് കോടികണക്കിന് ഇന്ത്യൻ കുടുംബങ്ങൾ .
ഇനിയും ഇപ്പോഴത്തെ പൗരത്വ അമേൻഡ്മെന്റ് ലോജിക് പൗരത്വ രജിസ്റ്ററിൽ ഉപയോഗിച്ചാലെത്തെ സ്ഥിതി എന്തായിരിക്കും?
ഇത്ര നിരുത്തരവാദിത്തപരമായ ഒരു പ്രധാനമന്ത്രി -ആഭ്യന്തര മന്ത്രി ടീം ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. രണ്ടു പേരും ഗുജറാത്തിൽ ന്യൂനപക്ഷ വിരുദ്ധതിയിൽ ജനിച്ചു വളർന്ന പരിപൂർണ്ണ സന്ഘികൾ. കാര്യമായ വിദ്യാഭ്യാസമുള്ളതിന് ഇതുവരെ തെളിവ് ഒന്നും ഇല്ല. ഒരാൾ തന്നെ ഭരണപാർട്ടിയുടെ തലവനും ആഭ്യന്തര മന്ത്രിയും നുണ ഫാക്ടറിയുടെ ഉപജ്ഞാതാവും. പ്രതിഷേധിക്കുന്നവരെ എല്ലാവരെയും അടിച്ചു ഒതുക്കി ജയിലിലാക്കി അച്ചടക്കം നടത്തുന്നു എന്ന ഭരണ അഹങ്കാരം അടിയന്തര അവസ്ഥക്ക് ശേഷം കണ്ടിട്ടില്ല.
ഇരുപത്തഞ്ചോളം ചെറുപ്പക്കാരെയാണ് മോഡി പോലീസ് വെടി വച്ചു കൊന്നത്. അടിയന്തരാവസ്‌ഥ സമയത്തുപോലും പത്തു ദിവസത്തിനുള്ളിൽ ഇത്രയും പേരെ കൊന്നിട്ടില്ല. ലോകത്തു ഒരു രാജ്യത്തും ഇത്രമാത്രം ഇന്റർനെറ്റും മൊബൈൽ ഫോണും അടച്ചു പ്രതിഷേധത്തിനെ അടിച്ചമർത്തിയിട്ടില്ല. ചൈനയിൽപ്പോലും നടക്കാത്തത്. കാശ്മീരിൽ മാസങ്ങളായി അവസ്ഥ അതാണ്. മുൻ മുഖ്യമന്ത്രിമാരടക്കം എംപി മാരടക്കം എല്ലാ രാഷ്ട്രീയ നേതാക്കളും വീട്ടു തടങ്കലിലാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിടത്താണ് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഒരു നുണയെ മറ്റൊരു നുണ കൊണ്ടു അടച്ചു ഇരുട്ട് കൊണ്ടു ഓട്ട അടക്കുന്ന രാജാവിന് ഉടുതുണിയില്ലന്ന് കോർപ്പറേറ്റ് ഹോശന്നക്കാർ പറയില്ല. പറയുന്നവരെ ജയിലിൽ അടക്കും.
ഇന്നലെ കോവളത്തു പോയി. ഒരൊറ്റ ടൂറിസ്റ്റില്ല. ബീച്ച് കാലി. അവിടെയുള്ള കച്ചവടക്കാർക്ക് വലിയ പ്രശ്നമാണ്. കച്ചവടം പൂജ്യം. ആരും ഒന്നും വാങ്ങാനില്ല. ഇത്ര മോശമായ ഒരു ടൂറിസ്റ്റ് സീസൺ ഇന്ത്യയിൽ ഈ അടുത്തകാലത്തുണ്ടായിട്ടില്ല.
അതിനു ഒരു കാരണം പല രാജ്യങ്ങളും ഇന്ത്യയിലേക്ക് ആളുകൾ യാത്ര ചെയ്യുന്നതിനെ വിലക്കിയിരിക്കയാണ്. കൂനിന്മേൽ കുരു എന്ന അവസ്ഥ. ഇടിവെട്ടിയോനെ പാമ്പ് കടിച്ച അവസ്ഥ.
പണ്ട് സൌത്ത് ആഫ്രിക്കയിൽ പോയി തിരിച്ചു വന്ന മോഹൻദാസ് കരൻചന്ദ് ഗാന്ധി ഇൻഡ്യാക്കാരനല്ല എന്നു പറഞ്ഞു സൌത്ത് ആഫ്രിക്കയിലേക്ക് ബ്രിട്ടീഷ്കാർ വീണ്ടും നാട് കടത്തിയാൽ എങ്ങനെ ഇരിക്കും? വിദേശ പൗരത്വമുള്ള അമ്മക്ക് ജനിച്ച കുട്ടികൾ ഇന്ത്യൻ പൗരന്മാരല്ല എന്ന് അമിട്ട് ഷാജി പറഞ്ഞാൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ത്യൻ പൗരന്മാരല്ലാതാകും.? ഇന്ത്യയിൽ ജനന സർട്ടിഫികറ്റു ഇല്ല എന്നു പറഞ്ഞു സോണിയ ഗാന്ധിക്ക് പൗരത്വം ഇല്ലന്നും അമിട്ടും കൂട്ടരും പറയും? !!!
പൗരത്വ രജിസ്ട്രർ ഡെമോക്ളസ്ന്റെ വാള്പൊലെ മേളിൽ തൂക്കിഇട്ട് രാജ്യത്തു ഭീതിയുടെ വിഷലിപ്‌ത വർഗീയ അശ്ലീല രാഷ്ട്രീയം കളിക്കുകയാണ് മോഡി -ഷാ അധികാര അഹങ്കാര അച്ചുതണ്ട്.
ഭരണഘടനയിലെ തുല്യ അവകാശങ്ങൾ ഹനിക്കാൻ ഏറ്റവും പറ്റിയ മാർഗം നിങ്ങൾ ഇന്ത്യൻ പൗരൻപോലുമല്ലന്നു സ്ഥാപിക്കുകയെന്നതാണ്. മുൻ പ്രസിഡണ്ട്‌ ഫക്രൂദീൻഅലി അഹമ്മഫിന്റെ കുടംബങ്ങൾ പോലും എൻ ആർ സി ക്ക് വെളിയിൽ. എ എൻ ആർ സി ക്ക് വെളിയിൽ ഉള്ളവർക്ക് വോട്ടില്ല നികുതി കൊടുത്തു ഇവിടെ രണ്ടാംതരം പുരന്മാരായി ജീവിക്കണം എന്ന് വന്നാൽ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ അവസ്ഥയെന്താണ്?
ലോകത്തു ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ ഇന്ത്യക്കാരാണ്. അവർ പോകാത്ത നാടുകളില്ല. ഏതാണ്ട് രണ്ടു കൊടിയിലധികമാണ് ഔദ്യോഗിക കണക്കു.അത് കൂടാതെ വിദേശത്ത് കോടികണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. മോഡി ചെല്ലുമ്പോൾ സ്തുതി ഗീതങ്ങൾ പാടി കൈയ്യടില്ലുന്നവർ ഉൾപ്പെടെ
.ഏറ്റവും കൂടുതൽ ഇന്ത്യൻ ജോലിക്കാരുള്ളത് മുസ്ലിം ഭൂരിപക്ഷമുള്ള ഗൾഫ് നാടുകളിലാണ്. അവിടെ ഉള്ളവരോട് ഇവിടുത്തെ അമിട്ട് മോഡൽ കാണിച്ചാൽ എന്തായിരിക്കും സ്ഥിതി?
ശ്രീ ലങ്കയിൽ തമിഴ് വംശജരെ സിംഹള ഭൂരിപക്ഷ രാഷ്ട്രീയം 1954ഇൽ രണ്ടാംതരം പൗന്മാരാക്കിയതിന്റ പ്രത്യാഖ്യാതം ചരിത്രത്തിൽ ഉണ്ട്. ഇന്നും. മിയാന്മാർ പട്ടാള ഭരണകൂടം 1982 ഇൽ രോഹിങ്ക്യകളെ പൗരന്മാർ പോലും അല്ലാതാക്കി. ബാക്കി നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ രാഷ്ട്രീയത്തിൽ നഞ്ചു കലക്കി ആളുകളെ വിഘടിപ്പിച്ചു ഭരിക്കാൻ ശ്രമിച്ചാൽ അത് ഇവിടെ നടപ്പില്ല. കാരണം ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്. ഏതാണ്ട് നൂറു കൊല്ലം ബ്രിട്ടിഷുകാരോട് പൊരുതി സ്വാതന്ത്ര്യം നേടിയ ഞങ്ങളുടെ രാജ്യമാണ്. ആ സ്വാതന്ത്ര്യത്തേ സ്വാഭിമാനത്തെ അവകാശങ്ങളെ രാജ്യസ്നേഹത്തെ കൂച്ചു വിലങ്ങിടാൻ സമ്മതിക്കില്ല.
ജെ എസ് അടൂർ

No comments: