സാമൂഹിക മാധ്യങ്ങൾ പലപ്പോഴും പല കാരണങ്ങൾകൊണ്ട് പലരെയും ഉടനടി സെലിബ്രിറ്റിയാക്കും. രണ്ടു മൂന്നാഴ്ച്ചകൊണ്ട് പതിനായിരക്കണക്കിന് ഫോളോവേഴ്സ്. പിന്നെ അടിക്കടി ഷെയർ. പെട്ടന്നു തന്നെ പലർക്കും അവരൊരു സംഭവമാണ് എന്ന് തോന്നി തുടങ്ങും.. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഒരു ഇമേജ് പ്രൊജക്ഷന്റെ ഇടമാണ്. അതിന് ഒരു പുരോഗമന ഇടതുപക്ഷ ടോണും അങ്ങനെ.ഇമേജുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുകൂല നിലപാടും നേതാക്കന്മാർക്ക് വിദഗ്ദ്ധമായി സ്തുതി വചനങ്ങൾ വാക്ചാതുരിയോടെ ഇടക്കിടക്കിടെ പറഞ്ഞാൽ പിന്നെ അടിച്ചു മേലോട്ട് കയറ്റും. മുകളിലോട്ട് കൂടുതൽ കയറുന്നത് അനുസരിച്ചു കാലു തെന്നിയാൽ താഴെ വീഴും എന്ന് പലരുമോർക്കില്ല.
കേരളത്തിൽ രണ്ടു പുസ്തകവും, പത്തു പ്രസംഗവും, ഒരു വാരികയിൽ ഒരു മുഖാ മുഖവുമൊക്കെ വന്ന് മേല്ക്കോയ്മ നെറ്റ്വർക്കിന്റ അനുഗ്രഹാശിസും ഉണ്ടെങ്കിൽ ഒരു ബുജി സെലിബ്രിറ്റിയാകാം. അത് സാമൂഹിക മാധ്യമങ്ങളിൽ ഊതി വീർപ്പിക്കാം.. Many who strive to achieve such instant celebrity status often get carried away by their projected image and begin to have an exaggerated sense of self. പെട്ടന്ന് കെട്ടിപ്പൊക്കിയത് പലപ്പോഴും പെട്ടന്ന് താഴെ വീഴും.
ഒരു കവിതയല്ല ഇവിടെ പ്രശനം. ഇവിടെ പ്രശനം ഒരു ജീവിത സമീപനമാണ്. കവിതയും കഥയുമൊക്കെ സ്വല്പം ഭാഷയും അൽപ്പം ഭാവനയുമുണ്ടെങ്കിൽ എഴുതാൻ പറ്റുന്ന കാര്യങ്ങളാണ്. അത് ഭൂലോക സംഭവമൊന്നുമല്ല. മനുഷ്യൻ ഉണ്ടായത് മുതൽ ഭാഷയും ഭാവനയും കഥയും പാട്ടുമൊക്കെയുണ്ട്. മനുഷ്യനുള്ളടത്തോളം അത് തുടരും. പേപ്പറും അച്ചടിയുമൊക്ക വന്നപ്പോൾ അത് ഇപ്പോൾ പേരൊക്കെ വച്ച് അച്ചടിക്കുന്നു. നമ്മുടെ ശ്രീധരൻ പിള്ള ചേട്ടനൊക്കെ ദോശ ചുടുന്നത് പോലെ അല്ലെ പുസ്തകം അടിച്ചിറക്കുന്നത്. വായിച്ചാൽ എന്താ, വായിച്ചില്ലെങ്കിൽ എന്താ അദ്ദേഹം പുസ്തക അച്ചടിച്ചു വച്ചടി വച്ചടി കേറ്റമാണ്.
സാമൂഹിക മാധ്യമത്തിൽ പോയ്ക്കാലിൽ നടന്നുയർന്നയൊരാൾ വേറൊരാളുടെ കവിത അടിച്ചു മാറ്റിയത് അടിസ്ഥാന സത്യ സന്ധതയുടെ പ്രശ്നമാണ്. അത് കൊണ്ടാണ് പൊയ്ക്കലോടിഞ്ഞു താഴെ വീണപ്പോൾ, വീണത് വിദ്യയായി ഉരുണ്ടത്.
ഒരു ഫാൾസ് ഇമേജിനെ നില നിർത്താൻ എത്രയോ മഹാൻമാരും മഹതികളും ഗോസ്റ്റ്കളെ കൊണ്ടേഴുതിക്കുന്നു. ഗോസ്റ്റ് പുസ്തകങ്ങൾ മലയാളത്തിലുമുണ്ടെന്നാണ് അറിവ് ഗോസ്റ്റുകളാണ് മിക്ക 'മഹാന്മാരുടെയും ', മഹതികളുടെയും പ്രസംഗം എഴുതുന്നത്. കുറെ നാൾ എന്റെ പണിയുടെ ഭാഗം തന്നെ ഗോസ്റ്റ് പ്രസംഗം എഴുത്തായിരുന്നു. യു എന്നിൽ വൻകിട പാർട്ടികൾ ചെയ്യുന്ന പല പ്രസംഗങ്ങളും ഗോസ്റ്റുകളാണ് എഴുതുന്നത്. ഞാനെഴുതിയ പ്രസംഗം മറ്റ് മഹാൻമാരുടെ വായിൽ നിന്ന് കേട്ട് കേൾവി ക്കാരുടെ കൂടെ ഇരുന്ന് കയ്യടി കേൾക്കുമ്പോൾ ഒരു അത് ഒരു അനുഭവം തന്നെയാണ്
ഇന്ന് രാഷ്ട്രീയവും സാഹിത്യ സാംസ്കാരിക പ്രവർത്തനവും മറ്റ് പലതും കാശു കൊടുത്തും അല്ലാതെയും നടത്തുന്ന ഫാൾസ് ഇമേജ് ബിൽഡിങ് ഇൻഡസ്ട്രിയുടെ ഭാഗമാണ്. ഇന്ന് പുസ്തകം എഴുതികൊടുക്കുവാനും പത്ര വാർത്ത ഉണ്ടാക്കിയെടുക്കാനും അവാർഡുകൾ സംഘടിപ്പിക്കുവാനും വരെ പി ആർ എജെന്സികളുണ്ട്. നമ്മുടെ പ്രധാനമന്ത്രി തന്നെ ഫാൾസ് ഇമേജ് നിർമ്മാണ കാര്യത്തിൽ പ്രഗല്ഭനാണ്. ഇന്ന് ഫേക് ന്യൂസിന്റ് പ്രധാന പ്രസരണ വേദി സാമൂഹിക മാധ്യമങ്ങളാണെന്നത് പോലെ ഫാൾസ് ഇമേജ് നിർമ്മാണത്തിന്റെയും പ്രസരണ വേദികളാണ് സാമൂഹിക മാധ്യമങ്ങൾ.
എല്ലാ മനുഷ്യരിലും ഒരു പരിധി വരെ നാർസിസം ചെറിയ അളവിലും വലിയ അളവിലുമുണ്ട്. അത് പല അളവിലും നമ്മൾ പ്രകടിപ്പിക്കാറുമുണ്ട്. ഞാനുൾപ്പെടെ. അതിനുള്ള ഒരു വേദിയായി പരിണമിക്കുന്നത് കൊണ്ടാണ് സാമൂഹിക മാധ്യമങ്ങൾ ഇത്ര മാത്രം ജനകീയമായത്. കാരണം മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ല മറ്റ് ആളുകളുടെ ലെജിറ്റിമേഷൻ പ്രക്രിയയിൽ കൂടെയാണ് മനുഷ്യൻ സാമൂഹിക ജീവിയായി അംഗീകരിക്കപ്പെടുന്നത്.
അതാത് കാലത്ത് ഈ ലെജിറ്റിമേഷൻ പലതിനെയും ആശ്രയിച്ചിരിക്കും. ഏത് കാലത്തും ഇങ്ങനെയുള്ള സാമൂഹിക സാധൂകരണം നടത്തുന്നത് അധികാര മേൽകോയ്മ നെറ്റ്വർക്കുകളാണ്. അവിടെയാണ് വാർപ്പ് മാതൃകകൾ സൃഷ്ടിക്കപ്പെടുന്നത്. അതിന് പുറത്തുള്ളവരെ അടിച്ചു ഒതുക്കുകയോ ക്രൂശിക്കുകയോ ചെയ്യും. അത് കൊണ്ടാണ് ആദ്യ മലയാള സിനിമയിലെ നായികയായ റോസിയെ ജാതി മേൽക്കോയ്മക്കാർ അടിച്ചോടിച്ചത്. പിന്നീട് സിനിമ നടന്മാരും നടികളും സെലിബ്രിറ്റികളായി. ടെലി വിഷൻ വന്നതോട് കൂടി പല പത്ര പ്രവർത്തകരും സെലിബ്രിറ്റികളായി.
ഈ സെലിബ്രിറ്റി സിൻഡ്രോം പലപ്പോഴും ഒരു പൊയ്ക്കാലാണ്. ഒരു ഫാൾസ് ഇമേജ് പ്രൊജക്ഷനാണ്. അതിന്റ ഒരു പ്രശ്നം ചിലർ അവരുടെ ഉൾക്കരുത്തിനേക്കാൾ കൂടുതൽ പ്രസരിക്കപ്പെടുന്ന ഇമേജിൽ വിശ്വസിച്ചു അഭിരമിക്കുകവാനും ചിലപ്പോൾ അര്മാദിക്കുവാനും തുടങ്ങും. അത് ഒരു നാർസിസിറ്റ് തീവ്ര രോഗമാകുമ്പോൾ അത് ആൽക്കഹോളിസം പോലെ ഒരു മാരക അവസ്ഥയായി മാറും. ഒരു ദിവസം മാധ്യമങ്ങളിൽ വാർത്തയും പടവും വന്നില്ലെങ്കിൽ അസ്വസ്‌തരാകുന്ന നേതാക്കളുണ്ട്.
കേരളത്തിൽ ഒരു സാംസ്ക്കാരിക സെലിബ്രിറ്റിയാകണമെങ്കിൽ കഥയെഴുത്തും കവിതഎഴുത്തും വേണം. പിന്നെ പത്ര മാധ്യമ നെറ്റ് വർക്കിന്റ സാമൂഹിക സാധൂകരണം പിന്നെ അവാർഡുകൾ. ഇത്രയുമൊക്കെ അയാൽ പിന്നെ പ്രസംഗത്തിനും ഫ്ലെക്സിനും പോസ്റ്ററിനും പഞ്ഞമില്ല. ഇത്രയുമൊക്കെയാൽ പലരു ഈ ഇമേജിൽ അഭിരമിച്ചു അവർ തന്നെ ഒരു വലിയ സംഭവമാണ് എന്ന് കരുതി തുടങ്ങും. പിന്നെ പിടിച്ചാൽ കിട്ടുകയില്ല. ചിലർ അഹങ്കാരത്തിന്റ ആൾരൂപങ്ങളാകും. ചിലർ അധികാര ഭരണ സ്വരൂപങ്ങളുടെ ഒഴുക്കിനൊത്തു നീങ്ങി പട്ടും വളയും സ്ഥാന മാനങ്ങളും നേടും.
പക്ഷെ ഇതെല്ലം നമ്മൾ മനുഷ്യരും സമൂഹവും ഉണ്ടാക്കിയെടുക്കുന്ന പോയ്ക്കാലുകളും വെറും ധാരണകളുമാണെന്ന് മനസ്സിലാക്കാൻ തുടങ്ങിയാൽ നമ്മൾ വെറും മനുഷ്യരാകും. ശാപ്പാട് അടിച്ചു ഉറങ്ങി എണീറ്റ് അപ്പിയിട്ട് പല്ലു തേച്ചു വീണ്ടും ശാപ്പിട്ട് ഇടക്കിടെ ഊച്ചും വളിയുമൊക്കെ വിട്ട് ജീവിച്ചു ഒരു നാളിൽ തട്ടിപ്പോകുന്ന സാധാരണ മനുഷ്യർ. നമ്മൾ ഒന്നും വലിയ സംഭവം ഒന്നു മല്ല എന്ന് തോന്നുമ്പോൾ സെലിബ്രിറ്റി വേഷമോ അല്ലെങ്കിൽ കവിതയോ കഥയോ ഒക്കെ അടിച്ചു മാറ്റി അച്ചടിക്കണമോ എന്നൊന്നും തോന്നില്ല. പലപ്പോഴും നമ്മുടെ മാനസിക രോഗാതുര അവസ്ഥയിലാണ് ഇല്ലാത്ത കാര്യങ്ങളിൽ അഭിരമിച്ചു നമ്മൾ നിലത്തു തെന്നി വീഴുന്നത്.
അന്യന്റെ കണ്ണിലെ കരട് തേടുന്ന നമ്മൾ ഇടക്കിടെ നമ്മുടെ കണ്ണിലെ കോലും നോക്കുന്നത് നല്ലതാണ്.
നമ്മൾ ഒന്നും ഒരു സംഭവമൊന്നുമല്ല. ഒരു നാൾ കാറ്റു പോകുന്ന വെറും മനുഷ്യർ. ബാക്കിയെല്ലാം വെറും ഡെക്കറേഷനാണ് എന്നറിയുക.
നമ്മൾ ഒന്നും ഒരു സംഭവമൊന്നുമല്ല. ഒരു നാൾ കാറ്റു പോകുന്ന വെറും മനുഷ്യർ. ബാക്കിയെല്ലാം വെറും ഡെക്കറേഷനാണ് എന്നറിയുക.
ജെ എസ് അടൂർ
No comments:
Post a Comment