Friday, December 14, 2018

ജനായത്ത മൂല്യങ്ങൾ

നമ്മുടെ രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളും ഇപ്പോഴും തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം ഉള്ള ഒരു ജനായത്ത ബോധത്തിലേക്ക് വന്നുവോ എന്നു സംശയമാണ് . തിരഞ്ഞെടുക്കപെട്ട സർക്കാർ ജാതി മത പാർട്ടി വ്യത്യസമില്ലാതെ എല്ലാ പൗരന്മാരുടേതുമാണെന്നാണ് ഭരണ ഘടന പറയുന്നത് .ഭരണ ഘടനയിൽ പിടിച്ചു ആണയിട്ട് ആണ്‌ എല്ലാ മന്ത്രിമാരും എം എൽ എ മാരും ആ സ്ഥാനത്തേക്ക് സത്യ പ്രതിജ്ഞ ചെയ്തു കയറുന്നത് .
എന്നാൽ പലരും തിരഞ്ഞെടുപ്പ് പാലം കടക്കുവോളം ജനങ്ങളോട് വോട്ടിനു വേണ്ടി നാരായണ നാരായണ . പാലം കടന്നാൽ കൂരായണ , കൂരായണ എന്ന മട്ടാണ്‌ ..സ്റ്റേറ്റ് കാറിൽ കയറി പോലീസ് അകമ്പടിയോടെ ഹോണടിച്ചു ചീറിപായുമ്പോൾ തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ വിനീത ദാസാരായവർ പെട്ടന്ന് മാടമ്പി അധികാരികളാകും . പിന്നെ പ്രോട്ടോക്കാളായി . അഹങ്കാരമായി . സാറുന്മാരായി . സർക്കാരായി .മാടമ്പികളെ പ്പോലെ കുടിപ്പകയാകും .അവർക്ക് സ്തുതി പാട്ട് പാടി ന്യായീകരിക്കാൻ ആശ്രിതന്മാരും , കൊട്ടാര വാസികളും , സ്ഥാനം -മാന മോഹികളും , അനുചര വൃന്ദവും കൂടും . ഭരണം കൈയ്യിൽ കിട്ടിയാൽ ഇത് പാർട്ടി ഭേദമന്യേ കാലകാലങ്ങളായി നടക്കുന്ന പരിപാടിയാണ് ഇന്ത്യ മഹാരാജ്യത്തു .
ജനായത്ത ഭരണവും സ്വഭാവവും സമൂഹവും ഇൻക്ലൂസിവ് ആയിരിക്കും . വിയോജിപ്പിലും ഗ്രെയ്‌സ്‌ഫുൾ ആയിരിക്കും .ജനാധിപത്യ വ്യവസ്‌ഥ ഉൾക്കൊള്ളലിന്റെയും പങ്കാളിത്തത്തിന്റെയും പക്വതയുടെയും പരസ്പര ബഹുമാനത്തിന്റെയും പ്രതിപക്ഷ ബഹുമാനത്തിന്റെയും രാഷ്‌ടീയമാണ് .
ഈ എയർപ്പോർട്ടും മെട്രോയും സർക്കാർ ബിൽഡിങ്ങും ഒന്നും അത് ഉത്ഘാടനം ചെയ്യുന്ന മന്ത്രി ശ്രേഷ്രട്ടരുടെയോ അവിടെ കല്ലിൽ പേരെഴുതി വയ്ക്കുന്ന സർക്കാർ അധികാരികളയുടേതോ അല്ലന്ന് തിരിച്ചറിയുക . ജനങ്ങളുടെ പേരിൽ കടമെടുത്തും നികുതി പിഴിഞ്ഞും പത്തും പതിനഞ്ചും കൊല്ലം എടുത്തുണ്ടാക്കുന്നതിന്റെ പേരിൽ ഓരോരുത്തരും മാടമ്പി എട്ടുകാലി മമ്മൂഞ്ഞു മാരായി ' ഇത് ഞമ്മന്റെയാണ് ' എന്ന് പറയുന്നത് തന്നെ ജനാധിപത്യ വ്യവസ്ഥയെ പരിഹസിക്കലാണ് .
പിന്നെ ഈ ഉത്ഘാടന മഹാ മഹങ്ങൾ തന്നെ ജനങ്ങളുടെ കാശ് ചിലവാക്കി ഭരണത്തിൽ ഉള്ളവരുടെ പി ആർ പണിയാണ് . യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും മന്ത്രിമാർ ഓഫീസിൽ ഇരുന്ന് കൃത്യമായി പണി ചെയ്യും. ഉത്ഘാടന മഹാമഹങ്ങൾ കുറവാണ് . അവിടെയൊന്നും റോഡും പാലവും കലുങ്കും അംഗൻ വാടിയോ ഉത്ഘാടനം ചെയ്യാൻ മന്ത്രിമാർ ഓടിപ്പോകുന്നത് കണ്ടിട്ടില്ല . അങ്ങനെയുണ്ടെങ്കിലും ഗ്രെയ്‌സ്ഫുൾ ആയിരിക്കും . വീമ്പിളക്കില്ല . ഹുമിലിറ്റി പലപ്പോഴും ഉള്ളിലുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് . അങ്ങനെ ഗ്രേയ്സ്ഫുൾ ആകുമ്പോഴാണ് സാദാ നേതാക്കൾ ജനാധിപത്യ സ്റ്റേറ്റ്‌സ്മാൻഷിപ്പിലേക്ക് ഉയരുന്നത് .
ഏറ്റവും പ്രതിപക്ഷ ബഹുമാനമുള്ള , ഗ്രെയ്‌സ്‌ഫുൾ ആയ ജനാധിപത്യ നേതൃത്വ ഗുണമുള്ള നേതാവ് ആയിരുന്നു ജവഹർലാൽ നെഹ്‌റു .അത് കൊണ്ടു തന്നെയാണ് നെഹ്‌റു ഇന്ത്യയും ലോകവും ബഹുമാനിക്കുന്നു ഒരു സ്റ്റേറ്റ്‌സ്മാൻ ലീഡർ ആയതു. അതിന് കടക വിരുദ്ധമാണ് മോഡിജി .അതാണ് പലയിടത്തും ഇന്നത്തെ രാഷ്ട്രീയ വ്യവഹാരത്തിന്റ ജനായത്ത പാപ്പരത്തവും ഗതികേടും .ഭരണ കിട്ടിയാൽ പലരും കുടിപ്പകയുള്ള മാടമ്പിനേതാക്കളെപ്പോലെ പെരുമാറും . അതാണ് തിരെഞ്ഞെടുപ്പ് ജനാധിപത്യത്തിന്റ ഗതികേട് . കാരണം ജനങ്ങളുടെ മേൽ ആധിപത്യം ഉണ്ടെന്ന് വിചാരിക്കുന്ന സർക്കാർ അധികാരികൾ ഇന്ത്യയിൽ കൂടി കൂടി വരുന്നു .
വ്യക്തി നേതാക്കൾക്കും അന്ധമായ ലോയൽറ്റികൾക്കുമപ്പുറം ജനാധിപത്യ പ്രക്രിയയെ തിരിച്ചറിയാൻ വയ്യാത്തവിധം തിമിരം ബാധിക്കുമ്പോഴാണ് നിങ്ങൾ ഞങ്ങൾക്ക് സിന്ദാബാദ്‌ വിളിച്ചില്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ എതിർ പക്ഷത്താണ് എന്ന ഒരു ലെൻസിൽ കൂടെ രാഷ്ട്രീയം കാണുന്നത് . എത്ര വലിയ നേതാക്കളായാളും അൽപായുസ്സുക്കളായ വെറും മനുഷ്യരാണ് .ജനായത്ത മൂല്യങ്ങൾ നേതാക്കൾക്കുമപ്പുറത്തു സമൂഹത്തിൽ നിലകൊള്ളണ്ട മര്യാദകളും മാന്യതയും മനുഷ്യ അവകാശങ്ങളും രാഷ്ട്രീയ സാമൂഹിക ധാർമ്മികതയുമാണ് 

No comments: